പൊതു വിഭാഗം

എഞ്ചിനീയറിങ്ങ് കോളേജിലെ യൂണിഫോം!

“കേരളത്തിലെ ഐ എച്ച് ആർ ഡി എഞ്ചിനീയറിങ്ങ് കോളേജുകളിൽ ഇനി ജൻഡർ ന്യൂട്രൽ യൂണിഫോം.” സംസ്ഥാനതല ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ഇന്ന് കണ്ട വാർത്തയാണ്. സത്യമാണോ എന്നറിയില്ല. വന്നുവന്ന് ഇപ്പോൾ ഒരു വാർത്ത കാണുന്പോൾ ഫേക്ക് ന്യൂസ് ആണെന്നാണ് ആദ്യചിന്ത.

എന്നാണ് എഞ്ചിനീയറിങ്ങ് കോളേജിൽ യൂണിഫോം ഉണ്ടായത്? 1981 മുതൽ 1986 വരെയാണ് ഞാൻ എഞ്ചിനീയറിങ്ങ് കോളേജിൽ പഠിച്ചത്. അന്നൊക്കെ ഒന്നാം സെമസ്റ്ററിലെ വർക്ക് ഷോപ്പിൽ നീല നിറമുള്ള പാന്റും ഷർട്ടും (എല്ലാവർക്കും ഒരുപോലെ) എന്നതൊഴിച്ചാൽ യൂണിഫോമിന്റെ പരിപാടി ഉണ്ടായിരുന്നില്ല.

ലാബുകളിൽ സുരക്ഷാകാരണങ്ങളാൽ വസ്ത്രത്തിനും വസ്ത്രങ്ങൾ ഉണ്ടാക്കുന്ന വസ്തുക്കൾക്കും ചെരുപ്പിനും കണ്ണടക്കും ഒക്കെ നിയന്ത്രണങ്ങൾ ഉണ്ടാകുന്നത് ശരിയാണ്, സാധാരണവും. തീ പിടിക്കാൻ സാധ്യതയില്ലാത്ത തുണികൊണ്ടുണ്ടാക്കിയ കവറോൾ ആണ് അവിടെ ധരിക്കേണ്ടത്.

ലാബ് അല്ലാത്ത സമയത്ത് മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ കോളേജിൽ പോയിരുന്നത്. എഞ്ചിനീയറിങ്ങ് മാത്തമാറ്റിക്സോ മെക്കാനിക്‌സോ മെറ്റീരിയൽസോ ഡിസൈനോ ഒന്നും പഠിക്കാൻ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും മുണ്ടുടുക്കുന്നതും ഒരു ബുദ്ധിമുട്ടായിരുന്നില്ല. അധ്യാപകർ അതിനെ പറ്റി അന്വേഷിച്ചുമില്ല.

പിന്നെപ്പോഴോ യൂണിഫോം വന്നു. ഇന്നിപ്പോൾ ആ യൂണിഫോം ഒരുപോലെ ആക്കുന്നത് മന്ത്രി പങ്കെടുക്കുന്ന ആഘോഷമാകുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്! എന്തൊരു നാടാണ്?

ഈ പരിപാടി നടത്തുന്നതിന് മുൻപ് ആ കുട്ടികളോട് ആരെങ്കിലും ചോദിച്ചോ എന്ത് വേഷമാണ് അവർ കോളേജിൽ ധരിക്കാൻ ആഗ്രഹിക്കുന്നത് എന്ന്? മന്ത്രിമാർക്ക് എന്തുകൊണ്ടാണ് യൂണിഫോം ഇല്ലാത്തത്, ഒരു ജൻഡർ ന്യൂട്രൽ യൂണിഫോം ആക്കിക്കൂടെ എന്ന് അവർ തിരിച്ചു ചോദിച്ചാൽ എന്ത് ഉത്തരമാണ് നമുക്കുള്ളത്?

ലോകത്ത് അന്പത് രാജ്യങ്ങളിൽ എങ്കിലും എഞ്ചിനീയറിങ്ങ് യൂണിവേഴ്സിറ്റികളിൽ ഞാൻ പോയിട്ടുണ്ട്. ലോകത്തെ ഏറ്റവും മിടുക്കരായ എൻജിനീയർമാരെ പഠിപ്പിക്കുന്ന സ്ഥലങ്ങളിൽ. അവിടെ ഒന്നും ഒരു യൂണിഫോമും കണ്ടിട്ടില്ല.

എന്തിന്, ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക സ്ഥാപനങ്ങൾ ആയ ഐ ഐ ടി യിലും എൻ ഐ ടിയിലും യൂണിഫോം ഉണ്ടോ? നമ്മുടെ ഏറ്റവും നല്ല എൻജിനീയർമാർ ജോലി ചെയ്യുന്ന ഐ എസ് ആർ ഓ യിൽ കൺട്രോൾ റൂമിലെ ചിത്രങ്ങൾ നമ്മൾ കണ്ടു. അത് ലോകം മുഴുവൻ ചർച്ചയായി. വനിത എഞ്ചിനീയർമാർ ധരിച്ചത് പാന്റും ഷർട്ടും ആയിരുന്നോ?

നമ്മുടെ വിദ്യാഭ്യാസ രംഗത്ത് മാറേണ്ടത് എന്തൊക്കെയാണ്?

ഒന്നാമതായി യൂണിവേഴ്സിറ്റികളെയും കോളേജുകളെയുമെല്ലാം എഞ്ചിനീയറിങ്ങ്, മെഡിസിൻ, ഫിഷറീസ്, അഗ്രിക്കൾച്ചർ എന്നൊക്കെ വേലികെട്ടി തിരിക്കുന്ന പരിപാടി നമുക്ക് നിർത്താം. നമുക്ക് ഒറ്റ യൂണിവേഴ്സിറ്റി മതി. എഞ്ചിനീയറിങ്ങ് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ഫിലോസഫിയോ സംഗീതമോ പഠിക്കാനും മെഡിസിൻ പഠിക്കുന്നവർക്ക് നിർമ്മിതബുദ്ധിയോ റോബോട്ടിക്‌സോ പഠിക്കാനോ സാധിക്കുംവിധം കരിക്കുലത്തിന്റെ മതിലുകൾ പൊളിച്ചു പണിയാം.

“സമഭാവനയുടെ കലാലയങ്ങൾ” എന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. കേരളത്തിലെ കലാലയങ്ങളിൽ സമഭാവന കൊണ്ടുവരാൻ സത്യത്തിൽ ആഗ്രഹം ഉണ്ടെങ്കിൽ “എളുപ്പവഴിയിൽ ക്രിയ” ചെയ്യരുത്. മറിച്ച് ഹയർ എജുക്കേഷൻ കൗൺസിലിൽ എവിടെയോ പൊടിപിടിച്ചിരിക്കുന്ന ഒരു റിപ്പോർട്ട് ഉണ്ട്. “Gender Justice in Campuses” എന്നാണ് അതിന്റെ പേര്. പ്രൊഫസർ മീനാക്ഷി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയതാണ്.

കേരളത്തിലെ കാന്പസുകളിൽ സ്ത്രീകൾ (വിദ്യാർത്ഥിനികൾ മാത്രമല്ല വനിത സ്റ്റാഫ്, അധ്യാപകർ എല്ലാം) സ്ഥിരമായി ഹരാസ്സ് ചെയ്യപ്പെടുന്നു. സഹ വിദ്യാർഥികൾ മാത്രമല്ല സെക്യൂരിറ്റി ഗാർഡുകൾ വരെ ഇതിന് ഉത്തരവാദികൾ ആണ് എന്നൊക്കെയാണ് റിപ്പോർട്ട് പറഞ്ഞത്. ആ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്പോൾ ആണ് സമഭാവനയുടെ കലാലയങ്ങൾ ഉണ്ടാകുന്നത്. പെൺകുട്ടികൾ പാന്റും ഷർട്ടും ഇട്ടു നടക്കുന്പോൾ അല്ല.

അതിനൊക്കെയാണ് നമ്മൾ ശ്രദ്ധ ചെലുത്തേണ്ടത്. കുട്ടികളുടെ വസ്ത്രത്തിന് പിന്നാലെ പോകുന്നത് സമയം കളയുന്ന പരിപാടിയാണ്.

മുരളി തുമ്മാരുകുടി

May be an image of 7 people, slow loris, hospital and textMay be an image of 8 people, hospital and text that says "AFP"May be an image of 2 people and text that says "There is a form of apartheid existing in campuses which denies women social equality and dignity; Committee on Gender Justice in Campuses, Kerala [Read Report] Apoorva Mandhani 27Nov20158:15AM 2015 8:15 27 Nov w Dr. Meenakshi Gopinath Dr. Sheena Shukkur"

Leave a Comment