പൊതു വിഭാഗം

ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപ്ലവത്തിന്റെ കാലം…

രണ്ടാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു വനിതയാണ്. ഡോക്ടർ ആർ. ബിന്ദു.

ഐക്യ കേരളം ഉണ്ടായിട്ട് 65 വർഷമാകുന്നു. ഇത് ഇരുപത്തി മൂന്നാമത്തെ മന്ത്രി സഭയാണ്.

അതിൽ ആദ്യമായാണ് ഒരു വനിത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വകുപ്പിൽ മന്ത്രിയാകുന്നത്. അതിൽ അതിയായ സന്തോഷമുണ്ട്.

ഇത്തവണ നാട്ടിൽ വരുന്പോൾ കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന മന്ത്രിയും മറ്റൊരാളല്ല.  

കേരളത്തിലും പുറത്തും വിദ്യാഭ്യാസം ചെയ്ത, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള ഒരാളാണ്.

തൃശൂരിൽ കോർപറേഷൻ കോൺസിലറും മേയറുമായി പ്രവർത്തിച്ച ഭരണ പരിചയവുമുണ്ട്.

ലോകമെന്പാടും കൊറോണ ഉണ്ടാക്കിയ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ പൊളിച്ചെഴുതാൻ പോകുന്ന ഒരു കാലഘട്ടത്തിലാണ് ഡോക്ടർ ബിന്ദു കേരളത്തിൽ മന്ത്രിയായിരിക്കുന്നത്.

ഇന്ത്യയിൽ പുതിയ വിദ്യാഭ്യാസ നയം യു. ജി. സി. ഉൾപ്പെടെയുള്ള പഴയ സംവിധാനങ്ങൾ ഇല്ലാതാക്കുകയും, പഴയ തരത്തിലുള്ള യൂണിവേഴ്സിറ്റി സംവിധാനത്തെ അപ്രസക്തമാക്കുകയും ചെയ്യാൻ പോവുകയാണ്.

ബ്ലെൻഡഡ്‌ ലേർണിംഗിനെ പറ്റിയുള്ള പുതിയ നിർദ്ദേശം ലോകോത്തരമായ ഒരു സിലബസിലേക്ക് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ എത്തിക്കാനുള്ള സാധ്യത ഉണ്ടാക്കിയിരിക്കയാണ്.

മൊത്തത്തിൽ ഒരു ഡിസ്രപ്‌ഷന്റെ കാലമായിരിക്കും അടുത്ത അഞ്ചു വർഷം.

നമ്മുടെ അധ്യാപക സമൂഹം ഇതത്ര ഇഷ്ടപ്പെടാൻ വഴിയില്ല. അവരുടെ തൊഴിലിന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്കയും ഉണ്ടാകാം.

നമ്മുടെ യൂണിവേഴ്സിറ്റികളെ പൊതുവെ ഭരിക്കുന്ന സെനറ്റ് സിൻഡിക്കേറ്റ് സംവിധാനത്തിനും ഈ മാറ്റം തീരെ ഇഷ്ടപ്പെടില്ല. അവരൊക്കെ ഇനി ചരിത്രത്തിന്റെ ഭാഗമാകാൻ പോവുകയാണ്.

ഏതു യൂണിവേഴ്സിറ്റിയിലും ഏതു കോളേജിലും വിദ്യാർത്ഥികൾക്ക് പഠിക്കാമെന്നും എവിടെ പഠിച്ചാലും ഡിഗ്രി നേടാമെന്നും വരുന്പോൾ യൂണിവേഴ്സിറ്റിയുടെ എണ്ണം സ്വാഭാവികമായി കുറയും. ആകെ യൂണിവേഴ്സിറ്റികൾ ഇരുപതിൽ നിന്ന് അഞ്ചിൽ താഴെ ആകും. ഉദ്യോഗസ്ഥരുടെ എണ്ണവും അതനുസരിച്ച് കുറക്കേണ്ടി വരും.

എതിർപ്പുകൾ ഉണ്ടാകും, കോളേജ് തുറന്നാൽ സമരങ്ങളും.

എന്നാൽ മാറ്റങ്ങൾ അനിവാര്യമാണ്, അത് കേരളത്തിൽ തുടങ്ങിയതോ കേരളത്തിന് തടുത്ത് നിർത്താവുന്നതോ അല്ല.

എങ്ങനെയാണ് വരാനിരിക്കുന്ന മാറ്റങ്ങൾ നമ്മുടെ വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഏറ്റവും ഗുണകരമായി മാറ്റുന്നത്?

എങ്ങനെയാണ് ആസന്നമായിരിക്കുന്ന മാറ്റങ്ങൾക്കായി നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും തയ്യാറെടുക്കേണ്ടത്?

എങ്ങനെയാണ് നമ്മുടെ കോളേജ്, യൂണിവേഴ്സിറ്റി സംവിധാനങ്ങൾ കാലാനുസൃതമായി അഴിച്ചു പണിയേണ്ടത്?

കാലാകാലമായി കോളേജിൽ ഡിപ്പാർട്ട്മെന്റ് ഉള്ളത് കൊണ്ട് മാത്രം നടത്തി വരുന്ന ബിരുദ വിഷയങ്ങൾ, വിദ്യാർത്ഥികൾക്കോ, സമൂഹത്തിനോ, ഈ നൂറ്റാണ്ടിനോ പ്രയോജനമുള്ളതാണോ എന്ന് ചിന്തിക്കാനുള്ള അവസരമാണ്.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം തൊഴിൽ ചെയ്ത് ജീവിക്കുന്നത് ഒരു സംസ്കാരമാക്കി മാറ്റേണ്ട സമയമാണ്.

ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന പെൺകുട്ടികൾ തൊഴിൽ രംഗത്തേക്ക് വരാതിരിക്കുകയും വരുന്നവർ പിന്തള്ളപ്പെട്ടു പോവുകയും ചെയ്യുന്നത് ഒഴിവാക്കേണ്ട കാലമാണ്.

ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം കിട്ടുന്ന ഒരവസരമാണിത്.

എങ്ങനെയാണ് ഈ വിഷയങ്ങളെ മന്ത്രി കൈകാര്യം ചെയ്യുന്നത് എന്നതനുസരിച്ചിരിക്കും നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി. മന്ത്രിയെ കാലം എങ്ങനെ വിലയിരുത്തും എന്നതും ഇക്കാര്യങ്ങളെ ആശ്രയിച്ചിരിക്കും.

കുറച്ച് അമിത പ്രതീക്ഷ ആകാം. ജവഹർലാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉന്നത വിദ്യാഭ്യാസവും വളരെക്കാലത്തെ രാഷ്ട്രീയ ഭരണ അധ്യാപന പാരന്പര്യവുമുള്ള ഒരാൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇരിക്കുന്പോൾ മാറ്റങ്ങൾ സാധ്യമാകും എന്ന് തന്നെയാണ് എൻറെ വിശ്വാസം.

ഒരു കാര്യം കൂടി പറയണം.

2015 ൽ കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ Gender Justice എന്ന വിഷയത്തിൽ ഒരു റിപ്പോർട്ട് തയ്യാറാക്കി. ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിലെ പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫസർ മീനാക്ഷി ഗോപിനാഥ് ആയിരുന്നു റിപ്പോർട്ട് ഉണ്ടാക്കിയ കമ്മിറ്റിയുടെ തലപ്പത്ത്. അതിൽ നമ്മുടെ കാന്പസുകളിൽ ജൻഡർ സെൻസിറ്റിവിറ്റി ഇല്ല, സ്ത്രീകൾക്ക് കാന്പസിലും ലൈബ്രറിയിലും ഹോസ്റ്റലിലും അനാവശ്യ നിയന്ത്രണങ്ങളുണ്ട്. വസ്ത്ര ധാരണത്തിൽ വരെ കപടസദാചാര വിലക്കുകളുണ്ട് എന്നെല്ലാം എണ്ണമിട്ട് പറഞ്ഞിട്ടുണ്ട്. പോരാത്തതിന് “Forms of Harassment” എന്നതിന് മാത്രമായി അഞ്ചു പേജുകളാണ് മാറ്റിവെച്ചിരിക്കുന്നത് (24 മുതൽ 28 വരെ). വായിച്ചാൽ സാക്ഷര കേരളം എന്നതിന് അപമാനവും എന്നാൽ കോളേജിൽ പോയിട്ടുള്ളവർക്ക് ഒട്ടും അതിശയം തോന്നാത്തതുമായ കാര്യമാണ്. ഒരു സാന്പിൾ താഴെ കൊടുത്തിട്ടുണ്ട്. മൊത്തം റിപ്പോർട്ട് ഒന്നാമത്തെ പേജിലും.

ഈ വിഷയം ഞാൻ പല പ്രാവശ്യം എഴുതിയിട്ടുണ്ട്. കേരളത്തിൽ വനിതകൾ വൈസ് ചാൻസലർമാർ ആയപ്പോൾ അവരുടെ യൂണിവേഴ്സിറ്റികളിലെങ്കിലും ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കണമെന്ന് പറഞ്ഞിട്ടുമുണ്ട്. കേരളത്തിൽ പ്രേമത്തിന്റെ പേരിൽ പെൺകുട്ടികളെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും പിച്ചാത്തിക്ക് കുത്തിക്കൊല്ലുകയും ചെയ്യുന്ന വാർത്തകൾ വരുന്പോൾ പൊട്ടിത്തെറിക്കുകയും ഇപ്പൊ ശരിയാക്കി തരാം എന്ന് പറയുകയും ചെയ്യുന്ന വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളോടൊക്കെ ഞാൻ ഇക്കാര്യം പലവട്ടം പറഞ്ഞിട്ടുള്ളതാണ്.

കാര്യങ്ങൾക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല. ഇപ്പോൾ ചരിത്രത്തിൽ ആദ്യമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു വനിത, അതും ഉന്നത വിദ്യാഭ്യാസ രംഗത്തെ നേരിട്ടറിയാവുന്ന ഒരാൾ, മന്ത്രിയാകുന്പോൾ നമ്മുടെ കാന്പസുകൾ നമ്മുടെ പെൺകുട്ടികൾക്ക് സുരക്ഷിതമാക്കാനും അവിടെ ഉണ്ടാക്കിയിട്ടുള്ള എല്ലാ ജൻഡർ വിവേചനങ്ങളും ഒഴിവാക്കാൻ ശ്രമിക്കുമെന്നും പെൺകുട്ടികൾക്ക് കാന്പസ് വിട്ടാലും സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസം ഉണ്ടാക്കുമെന്നും ഞാൻ ആഗ്രഹിക്കുന്നത് അമിതമായ പ്രതീക്ഷയല്ല, അതിയായ ആഗ്രഹം മാത്രമാണ്.

മുരളി തുമ്മാരുകുടി

May be an image of Bincy Joshy, standing and text that says "MAKERS INDIA"May be an image of text

Leave a Comment