പൊതു വിഭാഗം

ഉന്നത വിദ്യാഭ്യാസത്തിന് കുറച്ചു നിർദ്ദേശങ്ങൾ 2

ഉന്നത വിദ്യഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്താൻ കുറച്ചു നിർദ്ദേശങ്ങൾ ഇന്നലെ എഴുതിയിരുന്നു. പ്രതീക്ഷിച്ച പ്രതികരണം ഒന്നും ഉണ്ടായില്ല. “ഇവിടെ ഒന്നും നടക്കില്ല” എന്നൊരു പൊതുബോധം ഇപ്പോൾ കേരളത്തിൽ ഉണ്ട്. അതിൽ വളരെ ശരിയുള്ളതിനാൽ എതിർക്കാനും ബുദ്ധിമുട്ടാണ്.

എന്നാലും ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി Dr. R. Binduപോസ്റ്റ് ശ്രദ്ധിക്കുകയും കമന്റ് ചെയ്യുകയും ചെയ്തത് അല്പം ആശ്വാസമായി. ചുരുങ്ങിയത് എന്തെങ്കിലും ചെയ്യാൻ അധികാരമുള്ളവർ ശ്രദ്ധിക്കുന്നെങ്കിലും ഉണ്ടല്ലോ.

ഇന്നലെ യൂണിവേഴ്സിറ്റി ഡിഗ്രി സർട്ടിഫിക്കറ്റിന് വേണ്ടി ഒരേ സർട്ടിഫിക്കറ്റുകൾ, അതും അതേ യൂണിവേഴ്സിറ്റി നൽകിയത് ഉൾപ്പടെ വീണ്ടും വീണ്ടും അയച്ചു കൊടുക്കേണ്ട അർത്ഥശൂന്യമായ നടപടിയെപ്പറ്റി എഴുതിയിരുന്നല്ലോ. അതിന് പ്രതികരണമായി വന്ന കമന്റുകൾ അന്പരപ്പിച്ചു.

1. ചില യൂണിവേഴ്സിറ്റികളിൽ ഇതൊക്കെ ഓൺലൈൻ ആയി അയച്ചതിന് ശേഷം പോസ്റ്റിൽ വീണ്ടും അയക്കണം!
2. ചില യൂണിവേഴ്സിറ്റികളിൽ ഓൺലൈൻ സംവിധാനം തന്നെ ഇല്ല.
3. ഡിഗ്രി സർട്ടിഫിക്കറ്റിനായി മാസങ്ങൾ, ചിലപ്പോൾ വർഷങ്ങൾ തന്നെ കാത്തിരിക്കുന്നവർ ഉണ്ട്.
4. മൂന്നു വർഷം കാത്തിരുന്നതിന് ശേഷം വേണ്ടെന്ന് വെച്ചവർ ഉണ്ട്.
5. ഈ ബുദ്ധിമുട്ടൊക്കെ കാരണം ഡിഗ്രി സർട്ടിഫിക്കറ്റ് തന്നെ വേണ്ടെന്ന് വെച്ചവർ ഉണ്ട്.

മൂന്നോ നാലോ വർഷം ഒരു യൂണിവേഴ്സിറ്റിയിൽ പഠിച്ച് മുപ്പതോ നാല്പതോ വിഷയങ്ങളിൽ പരീക്ഷ എഴുതിയവരാണ് അവർക്ക് അർഹമായ ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ “അപേക്ഷിച്ചു” നടക്കേണ്ടി വരുന്നത്. അവസാനം മടുത്ത്. വേണ്ട എന്ന് വെക്കുന്നത്.

2022 ലെ കാര്യം ആണ്.

എല്ലാ പാർട്ടികൾക്കും ശക്തമായ വിദ്യാർത്ഥി യൂണിയനുകളും യുവജന സംഘടങ്ങകളും ഒക്കെയുള്ള നാടല്ലേ ഇത്. എന്തുകൊണ്ടാണ് ഇതൊന്നും ഒരു സമരത്തിന് പോയിട്ട് ചർച്ചക്ക് പോലും വിഷയമാവാത്തത്?

“ഇവിടെ ഇങ്ങനെ യാണ് ഭായി” എന്ന ചിന്തയിൽ അവരും പെട്ട് പോയോ?

എന്നാൽ ഇനി ഒരു കാര്യം പറയാം

8610319
1986 ൽ ഐ.ഐ.ടി.യിൽ ജോയിൻ ചെയ്‌ത അന്ന് ലഭിച്ച നന്പർ ആണ്. ഐ.ഐ.ടി.യിൽ എന്തിനും ഈ നന്പർ ആണ് ഉപയോഗിക്കുന്നത്, പരീക്ഷക്കും മാർക്ക് ലിസ്റ്റിനും ആശുപത്രിയിലും കാന്റീനിലും.

ഈ നന്പർ ആണ് എന്റേത്. ഇത് വെറും ഒരു നന്പർ അല്ല.

86 എന്നത് 1986 ൽ ജോയിൻ ചെയ്തതാണ് എന്ന് സൂചിപ്പിക്കുന്നു
10 എന്നത് ജൂലൈ അഡ്മിഷൻ ആണെന്നാണ്, ഡിസംബറിൽ അഡ്മിഷൻ എടുക്കുന്നവർക്ക് 20 ആണ് നന്പറിൽ.
3, സിവിൽ ഡിപ്പാർട്ട്മെന്റ് ആണ്. (1 കംപ്യൂട്ടർ സയൻസ്, 2 കെമിസ്‌ട്രി എന്നൊക്കെ ആയിരുന്നു എന്ന് തോന്നുന്നു).
19 ആ വർഷം സിവിൽ വിഭാഗത്തിൽ ചേർന്നവരിൽ എൻറെ സീരിയൽ നന്പർ ആണ്.

നോക്കൂ, ഒരു നന്പർ കാണുന്പോൾ ആളുകൾക്ക് എത്രമാത്രം കാര്യങ്ങൾ മനസിലാക്കാം.

ഇന്നും എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ നന്പർ അയച്ചു കൊടുത്താൽ ഒരാഴ്ചക്കകം ഡിഗ്രി സർട്ടിഫിക്കറ്റിന്റെ കോപ്പിയോ ട്രാൻസ്‌ക്രിപ്റ്റോ കിട്ടും.

അപ്പോൾ വേണമെങ്കിൽ ഇതൊക്കെ എവിടെയും നടക്കും.

1986 ഓൺലൈനിനും ഓ.ടി.പി.ക്കും മുൻപുള്ള കാലമാണ്. ഇന്നിപ്പോൾ ഒരാൾക്ക് കൃത്യമായി ഒരു യൂണിക്‌ ഐഡന്റിറ്റി നന്പർ ഉണ്ടാക്കാനും ഓ.ടി.പി. വഴി വെരിഫൈ ചെയ്യാനും എന്ത് എളുപ്പമാണ്.

എന്തിന്, 1890 ൽ ലഞ്ച് സപ്ലൈ ചെയ്യാൻ മുംബൈയിലെ ഡബ്ബ വാലകൾ യൂണിക്‌ കോഡിങ്ങ് ഉണ്ടാക്കിയ നാടാണ്. അതൊക്കെ ഹാർവാർഡിൽ പോലും ചർച്ചയായത് കേട്ടിട്ടില്ലേ?

എന്നിട്ടും ഇതൊന്നും നമ്മുടെ യൂണിവേഴ്സിറ്റികൾക്ക് ചെയ്യാൻ തോന്നാത്തതെന്താണ് ? (ചില തുടക്കങ്ങൾ ഉണ്ടെന്ന് പറയുന്നു, ചില യൂണിവേഴ്സിറ്റികൾ മറ്റുള്ളവരെക്കാൾ മെച്ചമാണെന്നും. നല്ലത്).

നിർദ്ദേശം നാല് – നമ്മുടെ യൂണിവേഴ്സിറ്റികളിൽ എത്തുന്ന ഓരോ വിദ്യാർത്ഥിക്കും ഒരു യൂണിക്‌ ഐഡന്റിറ്റി നന്പർ വേണം. അത് കുട്ടികൾ യൂണിവേഴ്സിറ്റികൾക്ക് നൽകുന്നതും യൂണിവേഴ്സിറ്റി കുട്ടികൾക്ക് നൽകുന്നതുമായ എല്ലാ സർട്ടിഫിക്കറ്റുകളും, ഫീ വിവരങ്ങളും ശേഖരിച്ചു വക്കുന്ന ഒരു ഡിജിറ്റൽ ലോക്കറുമായി ബന്ധപ്പെടുത്തണം. ഒരു പേപ്പർ രണ്ടു പ്രാവശ്യം ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.

24/7 ഹെല്പ് ഡെസ്ക്

നമ്മുടെ വിദ്യാർഥികൾ മൊത്തമായി നാടുവിടാൻ ശ്രമിക്കുകയാണെന്ന് ഇപ്പോൾ വ്യക്തമാണല്ലോ. 2019 ൽ ഇത് മുപ്പതിനായിരം ആയിരുന്നു. 2020 ലും 2021 ലും കോവിഡ് മൂലം ഇത് കുറഞ്ഞു. എന്നാൽ ഈ വർഷം വലിയ കുതിപ്പാണ്, അൻപതിനായിരം കടക്കും എന്നാണ് എൻറെ ഊഹം. അഞ്ചു വർഷത്തിനകം ഇത് ഒരു ലക്ഷത്തിന് മുകളിൽ ആകും, നമ്മുടെ ഉന്നത വിദ്യഭ്യാസത്തിന് പോകുന്നവരുടെ പകുതിയോളം ആകും.

ഇതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ട് എങ്കിലും ഒരു ജനാധിപത്യ സംവിധാനത്തിൽ ഇതിനെ തടഞ്ഞു നിർത്താൻ ആവില്ല. അപ്പോൾ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് വേണ്ടി എങ്ങനെ ഇതിനെ കൈകാര്യം ചെയ്യാം എന്നേ ചിന്തിക്കാനുള്ളൂ.

1970 കളിൽ മുതൽ കേരളത്തിലെ പ്രധാന കുടിയേറ്റം ഗൾഫിലേക്കായിരുന്നു. അവിടെ എത്ര നാൾ താമസിച്ചാലും പൗരത്വം ഒന്നും ലഭിക്കില്ല എന്നതുകൊണ്ട് പരമാവധി കുറച്ചു പണം അവിടെ ചിലവാക്കി കൂടുതൽ നാട്ടിലേക്ക് എത്തിക്കുക എന്നതായിരുന്നു ആദ്യകാലത്തെ രീതി. ഇപ്പോൾ അവിടെ വീട് വാങ്ങാം എന്നൊക്കെ ആയിട്ടുണ്ട്, വളരെപ്പേർ ഗൾഫിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട്. കുറേപ്പേരെങ്കിലും നാട്ടിൽ രണ്ടാമത്തെ വീട് വെക്കുന്നതിന് പകരം അല്പം ലോക സഞ്ചാരം നടത്താം എന്ന ചിന്തയിലേക്ക് വന്നിട്ടുണ്ട്.

പുതിയ കുടിയേറ്റം പക്ഷെ അങ്ങനെയല്ല. സ്ഥിരമായി കുടിയേറാൻ സാധ്യതയുള്ള പാശ്ചാത്യ രാജ്യങ്ങൾ ആണ് കുട്ടികൾ ആഗ്രഹിക്കുന്നത്. ഡിഗ്നിറ്റി ഓഫ് ലേബർ, സാമൂഹ്യമായ നിയന്ത്രണങ്ങളുടെ അഭാവം, നാട്ടിലെ വിവാഹ കന്പോളത്തിലെ സ്വീകാര്യത, നാട്ടിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളെ പറ്റിയുള്ള മടുപ്പ്, മനുഷ്യാവകാശത്തിന്റെ നിയമപരമായ സംരക്ഷണം എന്നിങ്ങനെ പല കാര്യങ്ങൾ ഈ മാറ്റത്തിന്റെ പിന്നിലുണ്ട്. അതല്ല ഇന്നത്തെ വിഷയം.

ഇങ്ങനെ ആളുകൾ ഫിൻലന്റിലേക്കോ അമേരിക്കയിലേക്കോ ജപ്പാനിലേക്കോ പോകുന്നു. അവരെ എങ്ങനെ കേരളവുമായി ഇമോഷണലായും സാന്പത്തികമായും ബന്ധിച്ചു നിർത്താം എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ അടുത്ത ഇരുപത് വർഷത്തെ ഭാവി ഇരിക്കുന്നത്.

അവരെ മടുപ്പിച്ചു വിട്ടാൽ കേരളവുമായുള്ള എല്ലാ ബന്ധവും അവർ ഏറ്റവും വേഗത്തിൽ ഉപേക്ഷിക്കും. നമ്മുടെ റെമിറ്റൻസ് കൂടുതൽ വേഗത്തിൽ കുറയും, ഇന്ന് നമുക്ക് ലഭ്യമായ ജീവിത ശൈലി അടുത്ത പത്തു വർഷത്തിനകം ഇല്ലാതാകും. ഇതൊക്കെ സംഭവിക്കുമോ എന്നൊക്കെ സംശയം ഉള്ളവർ ലെബനനിലേക്കോക്കെ ഒന്ന് നോക്കിയാൽ മതി (പ്രവാസം, രാഷ്ട്രീയം, സാന്പത്തികം എന്നുള്ള കാര്യങ്ങളിൽ കേരളവും ലെബനനും തമ്മിലുള്ള താരതമ്യം പിന്നീടൊരിക്കൽ എഴുതാം).

അപ്പോൾ വേണ്ടത് പുറത്തേക്ക് പോകുന്നവർക്ക് വേണ്ട സഹായം ചെയ്യുകയും അവരെ നമ്മളുമായി ബന്ധിപ്പിച്ചു നിർത്തുകയുമാണ്.

ഉദാഹരണത്തിന് പഠിക്കാൻ പോകുന്നവർക്ക് ഇവിടുത്തെ യൂണിവേഴ്സിറ്റിയിൽ നിന്നും പല പേപ്പറുകളും വേണ്ടി വരും.

അതൊക്കെ കൃത്യ സമയത്ത് കൊടുക്കാൻ ഒരു സംവിധാനം എല്ലാ യൂണിവേഴ്സിറ്റിയിലും ഉണ്ടാകണം. അത് അവർക്ക് വേണ്ട സമയത്ത് ചെയ്ത് കൊടുക്കണം. അമേരിക്കയിൽ ഇരിക്കുന്നവർക്ക് നാട്ടിൽ നേരം വെളുക്കാൻ നോക്കിയിരിക്കേണ്ട ആവശ്യം ഉണ്ടാകരുത്.

വിദേശത്ത് പോകാൻ ഉള്ളവർക്കും വിദേശത്ത് ഉള്ളവർക്കും വേണ്ടി ഓരോ യൂണിവേഴ്സിറ്റിയിലും നമുക്ക് ഒരു പ്രത്യേക സെൽ തുടങ്ങണം. പണം വേണമെങ്കിൽ നോർക്കയിൽ നിന്നും സംഘടിപ്പിക്കണം.

ആവശ്യങ്ങൾ എന്താണെന്ന് ഓൺലൈൻ ആയി അപേക്ഷിച്ചു കഴിഞ്ഞാൽ ഒരാഴ്ചക്കകം അത് റിസോൾവ് ചെയ്യാൻ ഉള്ള സംവിധാനം വേണം.

കാര്യങ്ങൾ എവിടെ വരെ ആയി എന്നറിയാൻ അവർക്ക് 24/ 7 ഹെല്പ് ഡെസ്ക് വേണം.

ഇതിനൊക്കെ വേണമെങ്കിൽ ഡോളറിലോ പൗണ്ടിലോ പണം വാങ്ങിക്കോളൂ, പക്ഷെ കാര്യം നടക്കണം.

എൻറെ ഒരു സുഹൃത്തിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. കഴിഞ്ഞ ആറുമാസമായി അവരും അവരുടെ നാട്ടിലുള്ള ബന്ധുക്കളും അതിന് പിന്നാലെ നടക്കുകയാണ്. എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായ നിർദ്ദേശം ഇല്ല, എപ്പോൾ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. ഇത്തരം കാര്യങ്ങൾ യൂണിവേഴ്സിറ്റിയെയും നാടിനെയും മടുപ്പിക്കുന്നു. ഇനി ഈ നാട്ടിലേക്കില്ലെന്ന് ചിന്തിപ്പിക്കുന്നു.

അത് വേണ്ട.

ഞാൻ ആദ്യം പറഞ്ഞ പോലെ നമ്മുടെ പ്രവാസികളെ നമ്മളുമായി ബന്ധിപ്പിച്ചില്ലെങ്കിൽ സാന്പത്തിക ഭാവി ശോഭനമല്ല. യൂണിവേഴ്സിറ്റികൾ പൂട്ടേണ്ടി വരും, ജീവനക്കാർ പെൻഷന് വേണ്ടി കെ.എസ്.ആർ.ടി.സി. ജീവനക്കാരെപ്പോലെ അലയേണ്ടി വരും.

അന്ന് ഒരു നല്ലവാക്ക് പറയാൻ ആരും ഉണ്ടാവില്ല.

നിർദ്ദേശം അഞ്ച്: വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും വിദേശത്ത് ഉള്ളവർക്കും സഹായം നല്കാൻ ഓരോ യൂണിവേഴ്സിറ്റിയിലും ഒരു സെൽ വേണം. അതിന് 24/7 ഹെൽപ്ഡ് ഡെസ്ക് വേണം. ഏതൊരു വിഷയത്തിനും അഞ്ചു പ്രവർത്തി ദിവസത്തിനുള്ളിൽ പരിഹാരം ഉണ്ടാകണം.

തുടരും…

മുരളി തുമ്മാരുകുടി

May be an image of 5 people, people standing and outdoors

Leave a Comment