പൊതു വിഭാഗം

ഇന്ന് സിദ്ധാർത്ഥിന്റെ ജന്മ ദിനമാണ് .

എൻറെ ജീവിത വീക്ഷണങ്ങളെ, മുൻഗണനാക്രമങ്ങളെ, സമൂഹത്തിൽ നിന്നുള്ള പ്രതീക്ഷയെ, സമൂഹത്തോടുള്ള പ്രതിബദ്ധതയെ ഒക്കെ മാറ്റിമറിച്ചത് സിദ്ധാർഥ് ആണ്. മസ്‌കറ്റിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിൽ രണ്ടായിരത്തി ഒന്ന് ആഗസ്റ്റ് ഇരുപത്തി മൂന്നാം തിയതി വ്യാഴാഴ്ച അൻപത് സെന്റിമീറ്റർ നീളവും മൂന്നു കിലോ തൂക്കവും ഉണ്ടായിരുന്ന കുട്ടിയിൽ നിന്നും, കുട്ടിത്തം വിട്ട് അവൻ അച്ഛനോടൊപ്പം വലിയ ആളാകുന്നത് ഏതൊരച്ഛനെയും പോലെ അഭിമാനത്തോടെ ഞാനും നോക്കി നിൽക്കുന്നു.
 
ലോകത്തെവിടെയും ഏത് യുദ്ധത്തിന്റെയും ദുരന്തത്തിന്റെയും നടുവിൽ കുട്ടികളെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് സിദ്ധാർത്ഥിനെയാണ്. കേരളത്തിലുള്ള ഏത് വിഷയത്തിലും എപ്പോഴും ഇടപെടാൻ എനിക്ക് താല്പര്യം ഉണ്ടാക്കുന്നത് സിദ്ധാർഥിനെ ഓർത്തിട്ടാണ്. എല്ലാ കുട്ടികൾക്കും സുരക്ഷിതമായ ഒരു ലോകം ഉണ്ടാകണമെന്നാണ് എൻറെ ആഗ്രഹം. യുദ്ധങ്ങൾ ഇല്ലാത്ത, ദുരന്തങ്ങൾ ഇല്ലാത്ത ഒരു ലോകവും കേരളവും നമ്മൾ സൃഷ്ടിച്ചില്ലെങ്കിൽ, എത്ര പണവും ഭൂമിയും വീടുകളും നമ്മുടെ കുട്ടികൾക്ക് നാം വെച്ചിട്ട് പോയാലും എന്ത് കാര്യം ?
 
തിരുവനന്തപുറത്തു നിന്നും രാവിലെ തന്നെ എത്തി. ഇന്ന് മുഴുവൻ മോന്റെ കൂടെ കാണും. പതിവ് പോലെ മാധ്യമങ്ങൾ ഉൾപ്പടെ ഏറെ ആളുകൾ ഇന്നും വിളിക്കുന്നുണ്ട്. പക്ഷെ അത്യാവശ്യം ഒഴിച്ചുള്ള കോളുകൾ ഒന്നും എടുക്കുന്നില്ല. ഇന്ന് അധികം എഴുത്തും ഉണ്ടാവില്ല. വെങ്ങോലയിൽ ഇന്റർനെറ്റ് ഉണ്ടെങ്കിൽ ഒരു ഫേസ്ബുക്ക് ലൈവ് വരാം, ഇല്ലെങ്കിൽ നാളെ രാവിലെ മുതൽ സജീവമായി എറണാകുളത്തും ചുറ്റുവട്ടത്തും ഉണ്ടാകും.
 
സിദ്ധാർത്ഥിന് ജന്മദിനാശംസകൾ. എന്നും, എപ്പോഴും അച്ഛന് മോനെപ്പറ്റി സ്നേഹവും അഭിമാനവും മാത്രം.
 
മുരളി തുമ്മാരുകുടി

3 Comments

Leave a Comment