പൊതു വിഭാഗം

ആരാണ് കുട്ടികളെ രാഷ്ട്രീയം പഠിപ്പിക്കേണ്ടത്?

നമുക്ക് വേണ്ടിയുള്ള മതപരമായ ആചാരാനുഷ്ടാനങ്ങൾ നാം ജനിക്കുന്നതിനു മുൻപേ തുടങ്ങുന്നതാണ്. നായർ സമുദായ ആചാരത്തിൽ സ്ത്രീ ഗർഭിണിയായാൽ ഏഴാം മാസം പുളികുടി എന്ന ചടങ്ങുണ്ട്. പിന്നെ കുട്ടിയുണ്ടായിക്കഴിഞ്ഞാൽ ഇരുപത്തിയെട്ടുകെട്ട്, ചോറൂണ്, എഴുത്തിനിരുത്തൽ, എന്നിങ്ങനെ മതവുമായി ബന്ധപ്പെട്ട ആചാരങ്ങൾ അനവധിയാണ്. മറ്റു ജാതിയിലും മതങ്ങളിലും ഇതുപോലെ ചടങ്ങുകൾ പലതുണ്ടല്ലോ.

അതുപോലെ തന്നെയാണ് മതവുമായി ബന്ധപ്പെട്ട് പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതും. ചോറൂണിനു മുൻപ് തന്നെ ആദ്യത്തെ ക്ഷേത്രദർശനം കഴിഞ്ഞാൽ പോലും ചോറൂണിന്റെ ഒരു ചടങ്ങെങ്കിലും ക്ഷേത്രത്തിൽ വെച്ച് നടത്തും. പിന്നീടങ്ങോട്ട് എത്രയോ ക്ഷേത്രദർശനങ്ങൾ, കെട്ടുനിറക്കലുകൾ, ഉത്സവം, ദേശവിളക്ക് എന്നിങ്ങനെ ഓർമ്മ വെക്കുന്ന കാലം മുതൽ മാതാപിതാക്കൾ നമ്മെ മതാചാരങ്ങളുമായി പരിചയപ്പെടുത്തുകയാണ്. മറ്റു മതവിഭാഗങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

എന്നാൽ രാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോൾ സ്ഥിതി ഇങ്ങനെയല്ല. ജാഥ മുതൽ തിരഞ്ഞെടുപ്പ് വരെയുളള ആചാരങ്ങളും, പാർട്ടി ഓഫീസ് മുതൽ പാർലമെൻറ്റ് വരെയുള്ള സ്ഥാപനങ്ങളും ഉണ്ടെങ്കിലും കുട്ടികളെ ഇതുമായി പരിചയപ്പെടുത്താൻ ആളുകൾക്കത്ര താല്പര്യമില്ല. കുറച്ചൊക്കെ രാഷ്ട്രീയമുള്ള അച്ഛന്മാർ പോലും കുട്ടികളെ രാഷ്ട്രീയത്തിൽ നിന്നും അകറ്റിനിർത്താൻ ശ്രമിക്കും. മന്ത്രിമാരുടെ ഭാര്യമാരൊക്കെ അഭിമുഖത്തിൽ പറഞ്ഞുകേട്ടിട്ടില്ലേ, അവർ വീട്ടിലെത്തിയാൽ രാഷ്ട്രീയം പറയാറേയില്ല എന്ന്. കുറെയൊക്കെ സത്യമായിരിക്കാം, നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ മക്കളെ ജാഥയുടെ മുൻപിലൊന്നും അധികം കാണാറില്ലല്ലോ.
പണ്ടൊക്കെ സ്‌കൂളുകളിൽ തന്നെ രാഷ്ട്രീയം ഉണ്ടായിരുന്നു. ശാലേം സ്‌കൂളിൽ ആറാം ക്ലാസ്സ് മുതൽ കെ എസ് യു വും എസ് എഫ് ഐ യും ചേരി തിരിഞ്ഞാണ് മത്സരങ്ങൾ നടത്തിയിരുന്നത്. മത്സരിച്ച് ജയിക്കുന്നവരുടെ സ്‌കൂൾ പാർലമെന്റ് ഒക്കെ ഉണ്ടാക്കും. അപ്പോൾ അക്കാലത്ത് വീട്ടിൽ രാഷ്ട്രീയം പറഞ്ഞില്ലെങ്കിലും സ്‌കൂളിൽ വെച്ച് തന്നെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനപാഠങ്ങൾ കുട്ടികൾ പഠിക്കും. ‘കോലം കത്തിക്കൽ’ എന്ന ആചാരം ഞാൻ രണ്ടാം ക്ലാസിൽ തന്നെ കണ്ടതാണ്.

പക്ഷെ, കേരളത്തിൽ ഇപ്പോൾ അതും മാറുകയാണ്. മുപ്പതോ മുപ്പത്തിയഞ്ചോ വയസ്സ് പ്രായമുള്ള അച്ഛനമ്മമാർക്ക് പോലും ഫേസ്ബുക്കിൽ അല്ലാതെ യഥാർത്ഥ രാഷ്ട്രീയ അവബോധവും ഇടപെടലും വളരെ കുറവാണ്. അവരുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലും രാഷ്ട്രീയമില്ല. കോളേജ് കാമ്പസുകളിൽ രഷ്ട്രീയം ഒഴിവാക്കാനുള്ള ശ്രമം ഏറെ സ്ഥലങ്ങളിൽ വിജയിച്ചിരിക്കുന്നു. അതിനാൽ രാഷ്ട്രീയബോധം മാത്രമല്ല രാഷ്ട്രീയത്തിന്റെ രീതികൾ പോലും അറിയാത്ത ഒരു പുതുതലമുറയാണ് വളർന്നുവരുന്നത്.

ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നമുള്ളതായി പ്രഥമദൃഷ്ട്യാ തോന്നുകയില്ല. രാഷ്ട്രീയം എന്നാൽ മോശമായിട്ടുള്ള ഒന്നായാണല്ലോ ‘പൊതുബോധം’. എന്നാൽ അടുത്തെയിടെ ലോകത്ത് നടന്ന പല തെരഞ്ഞെടുപ്പുകൾ, പ്രത്യേകിച്ചും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു വരുന്നതിനെപ്പറ്റി നടന്ന അഭിപ്രായ വോട്ടെടുപ്പ് പുതിയ തലമുറയെ രാഷ്ട്രീയത്തിൽ എത്തിക്കാത്തതിന്റെ ഭവിഷ്യത്തുകൾ വെളിവാക്കുന്ന ഒന്നായിരുന്നു. ബ്രിട്ടന്റെ ഭാവിയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഈ വോട്ടെടുപ്പിൽ ഇരുപത്തിയഞ്ചു വയസ്സിൽ താഴെയുള്ള വോട്ടർമാരിൽ വെറും മുപ്പത്തിമൂന്നു ശതമാനം പേരാണ് വോട്ട് ചെയ്തത്. അതേസമയം നാല്പത്തിയഞ്ചു വയസ്സിന് മുകളിലുള്ളവർ എഴുപത്തിയഞ്ച് ശതമാനവും വോട്ട് ചെയ്യാനെത്തി. ഈ ബ്രെക്സിറ്റ്‌ എന്ന തീരുമാനം ഏറ്റവും ബാധിക്കുന്നതും അതുമായി ഏറെ നാൾ ജീവിച്ചു പോകേണ്ടതും പുതിയ തലമുറയാണ്. അതുകൊണ്ടുതന്നെ പതിനെട്ടിനും ഇരുപത്തി അഞ്ചിനും ഇടക്ക് പ്രായമുള്ള വോട്ട് ചെയ്തവരിൽ എഴുപത്തിയഞ്ച് ശതമാനവും ബ്രെക്സിറ്റിന് എതിരായിട്ടാണ് വോട്ട് ചെയ്തത്. അൻപത്തി ഒന്ന് ശതമാനം വോട്ട് നേടിയാണ് ബ്രെക്സിറ്റുകാർ ഭൂരിപക്ഷം നേടിയത്. അപ്പോൾ പ്രായമായവരെ പോലെ ചെറുപ്പക്കാരും പോളിങ് ബൂത്തിൽ എത്തിയിരുന്നെങ്കിൽ ബ്രെക്സിറ്റിന്റെ റിസൾട്ട് മറ്റൊന്നായേനേ. ബ്രെക്സിറ്റ്‌ ഫലം വന്നതിന്റെ പിറ്റേന്ന് യു കെ യിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്തത് “what is EU” എന്നായിരുന്നുവത്രെ !.

യൂറോപ്പിലും അമേരിക്കയിലുമെല്ലാം വോട്ടു ചെയ്യുന്നവരുടെ എണ്ണം പൊതുവെ കുറഞ്ഞു വരികയാണ്, അതിൽ തന്നെ പുതിയ വോട്ടർമാരാണ് ഏറ്റവും കുറവ്. ഇത് ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുന്നവരെ വ്യാകുലപ്പെടുത്തുന്നു. പുതിയ വോട്ടർമാരെ എങ്ങനെ പോളിങ് ബൂത്തിൽ എത്തിക്കാം എന്നാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ബാലറ്റ് പേപ്പറും വോട്ടിംഗ് ബൂത്തും ഒക്കെ മാറ്റി ന്യൂ ജനറേഷനായി ഓൺലൈൻ വോട്ടിംഗ് നടത്തി നോക്കിയിട്ടും, ഇലക്ഷന് വോട്ടു ചെയ്യാൻ ഒരു മാസം വരെ സമയം കൊടുത്തിട്ടും ഇക്കാര്യത്തിൽ മാറ്റമൊന്നും കാണുന്നില്ല.

പൊതുവായി ഉരുത്തിരിഞ്ഞു വരുന്ന ഒരഭിപ്രായം രാഷ്ട്രീയവും വോട്ടിങ്ങും എല്ലാം കുട്ടികൾ വീട്ടിൽ നിന്നും പഠിക്കേണ്ടതാണ് എന്നതാണ്. രാഷ്ട്രീയ വിഷയങ്ങൾ വീട്ടിൽ ചർച്ച ചെയ്യണമെന്നും അതിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം എന്നുമാണ് ഒരു ചിന്ത. യൂറോപ്പിൽ പതിനെട്ടു വയസ്സാകുമ്പോഴേക്ക് കുട്ടികൾ വീടുവിട്ട് മാറിത്താമസിക്കുന്നതിനാൽ വോട്ടിംഗ് പ്രായം പതിനെട്ടിൽ നിന്നും പതിനാറാക്കി കുറക്കണമെന്നും, തെരഞ്ഞെടുപ്പ് സമയത്ത് മാതാപിതാക്കൾ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ മനസ്സിലാക്കി വോട്ടു ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കണം എന്നുമാണ് മറ്റൊരു നിർദ്ദേശം. ഒരിക്കൽ രാഷ്ട്രീയത്തിൽ താല്പര്യം ഉണ്ടാകുകയും വോട്ട് ചെയ്യുകയുമൊക്കെ ചെയ്താൽ പിന്നീട്ട് ഇതൊരു പതിവായിക്കൊള്ളും എന്നാണവരുടെ വിശ്വാസം
കുട്ടികൾക്ക് സ്വയം തിരിച്ചറിവാകുന്നത് വരെ അവരിലേക്ക് മതവിശ്വാസങ്ങളും ആചാരങ്ങളും അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന അഭിപ്രായക്കാരനാണ് ഞാൻ. അതേസമയം രാഷ്ട്രീയം എന്നത് മോശമായ ഒരു കാര്യമായി കണക്കാക്കി കുട്ടികളെ അതിൽ നിന്നും അകറ്റി നിർത്തരുത്. മാതാപിതാക്കൾ മക്കളെ സ്വന്തം മതം പഠിപ്പിക്കുന്നതു പോലെ ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയ ശാസ്ത്രം പഠിപ്പിക്കുകയല്ല ചെയ്യേണ്ടത്, മറിച്ച് രാഷ്ട്രീയം എന്നാൽ എന്താണ്, അതെങ്ങനെയാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്, എന്താണ് ജനാധിപത്യത്തിന്റെ പ്രാധാന്യം, ജനാധിപത്യത്തിന്റെ രീതികൾ, സ്ഥാപനങ്ങൾ ഇതൊക്കെ കുട്ടികൾക്ക് മാതാപിതാക്കൾ പറഞ്ഞുകൊടുക്കുണം. കുട്ടികളെ വേഷം കെട്ടിച്ച് ശോഭായാത്രക്ക് കൊണ്ടുപോകുന്നതുപോലെ പാർട്ടി ജാഥക്ക് കൊണ്ടുപോയില്ലെങ്കിലും, അവരെ ക്ഷേത്രദർശനത്തിന് കൊണ്ടുപോകുന്നതു പോലെ വോട്ടു ചെയ്യുന്നതും പഞ്ചായത്ത് കമ്മിറ്റി കൂടുന്നതും ഒക്കെ കാണിക്കാൻ കൊണ്ടുപോകാമല്ലോ. കന്നി അയ്യപ്പൻറെ കെട്ടുനിറക്കുള്ളത്ര ആചാരവും ആഘോഷവുമൊന്നുമില്ലെങ്കിലും പതിനെട്ടു വയസ്സ് കഴിഞ്ഞ് ആദ്യം വോട്ട് ചെയ്യാൻ പോകുന്നത് അല്പം ആഘോഷമാക്കുന്നതിൽ തെറ്റൊന്നുമില്ല.

Leave a Comment