പൊതു വിഭാഗം

ആന വണ്ടി – എയർ മൈലിൽ നിന്നും ലാൻഡ് മൈലിലേക്ക്

ഇത്തവണ തിരുവനന്തപുരത്ത് സിദ്ധാർത്ഥിന്റെ എക്സിബിഷൻ നടക്കുന്പോൾ കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ കുറച്ചു തൊഴിലാളികൾ അവിടെ വന്നു. “സാറിനെ കാണാൻ കൂടിയാണ് വന്നത്.”

“ഇത് ഞങ്ങളുടെ മാസികയാണ്” ആന വണ്ടി എന്ന് പേരുള്ള അവർ അവരുടെ പ്രസിദ്ധീകരണം എനിക്ക് നൽകി. “സാർ വല്ലപ്പോഴും ഞങ്ങളെ പറ്റി കൂടി എഴുതണം.” “ശരി.” എന്ന് ഞാൻ പറഞ്ഞു.

ഞാൻ കെ.എസ്.ആർ.ടി.സി. യെപ്പറ്റി അധികം എഴുതിയിട്ടില്ല. അത് മനഃപൂർവ്വമാണ്. സത്യം പറഞ്ഞാൽ എനിക്ക് ഈ ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവർമാരോട് അല്പം ചൊരുക്കുണ്ട്.

വെങ്ങോല “പ്രൈവറ്റ്” റൂട്ട് ആണ്. ചെറുപ്പകാലത്ത് അധികം ബസുകൾ ഒന്നുമില്ല. അവർ സമയത്തിന് വരും, വന്നാൽ സ്റ്റോപ്പിൽ നിറുത്തും, അവിടെ നിൽക്കുന്ന എല്ലാവരേയും വണ്ടിക്കുള്ളിൽ “പന്തുകളിക്കാനുള്ള” സ്ഥലം ഉണ്ടെന്നൊക്കെ പറഞ്ഞു തള്ളിക്കേറ്റും.

അക്കാലത്ത് അവിടെ ട്രാൻസ്‌പോർട്ട് ബസ് ഉണ്ടായിരുന്നോ എന്നറിയില്ല. കണ്ട ഓർമ്മയില്ല.

ഞാൻ ഒന്പതാം ക്ലാസിൽ പഠിക്കുന്പോൾ ചേച്ചിയുടെ കല്യാണം കഴിഞ്ഞു. അളിയന്റെ വീട് പുല്ലുവഴിയിൽ, എം. സി. റോഡിൽ ആണ്. ആ പ്രദേശം ട്രാൻസ്‌പോർട്ട് റൂട്ട് ആണ്.

മൂവാറ്റുപുഴ നിന്നും പെരുന്പാവൂർക്ക് എപ്പോഴും ബസ് ഉണ്ട്. ഓർഡിനറിയും ഫാസ്റ്റും ഉൾപ്പെടെ. മിക്കവാറും മുഴുവൻ ഇരിക്കാനുള്ള ആൾ പോലും ഉണ്ടാകില്ല. എന്നാലും യാത്രക്കാർ കാത്തുനിൽക്കുന്നതു കണ്ടാൽ വണ്ടി നിർത്തില്ല. ഇനി അഥവാ നിർത്തിയാലോ സ്റ്റോപ്പിൽ നിർത്തില്ല. ഞങ്ങൾ  പിതൃസ്മരണ ചെയ്യും.

അക്കാലത്ത് ശ്രീ. പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിന് ശേഷം പുല്ലുവഴിയിൽ ഉണ്ട്. പലപ്പോഴും സ്റ്റോപ്പിന് തൊട്ടുള്ള പി.എൻ.എസ്. എന്ന് വിളിക്കുന്ന ശങ്കരൻ നായരുടെ വീട്ടിൽ കാണും. അന്പത്താറ് കളിയാണ് പ്രധാനം.

ഒരു മണിക്കൂർ ആയിട്ടും ഒരു ബസും നിർത്തുന്നില്ലെങ്കിൽ അവിടെ ഉള്ള ചായക്കടക്കാരൻ അവരോട് പറയും, “വാസുച്ചേട്ടൻ ആ വീട്ടിൽ ഉണ്ട്, ഒന്ന് പറഞ്ഞാൽ അദ്ദേഹം വന്നു കൈ കാണിക്കും.

നിസ്സാര കാര്യമാണ്, ഒരു മുൻ മുഖ്യമന്ത്രിയോട് പറയേണ്ട കാര്യമൊന്നുമല്ല. പക്ഷെ വേറെ മാർഗ്ഗമില്ല. ആളുകൾ വീട്ടിൽ പോയി അദ്ദേഹത്തോട് പറയും. “ചേട്ടൻ ഒന്ന് വന്നു കൈ കാണിക്കണം.” “എടാ ഞാൻ കാണിച്ചാലൊന്നും അവർ നിർത്തില്ല” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം റോഡിലേക്ക് വരും. കൈ കാണിക്കും.

ഇത് ഞാൻ നേരിൽ കണ്ടിട്ടുള്ള കാഴ്ചയാണ്. ആ ദിവസം ഡ്രൈവർ വണ്ടി നിർത്തി!, ഭാഗ്യം.

അന്ന് തുടങ്ങിയ കലിപ്പാണ് ! പിന്നീട് കാലടി കോളേജിൽ പഠിക്കാൻ വന്നപ്പോൾ അത് കൂടി.

കാരണം മറ്റൂർ – പെരുന്പാവൂർ എം.സി. റോഡ് ആണ്. അതിലൂടെ ധാരാളം  ട്രാൻസ്‌പോർട്ട് ബസ് ഉണ്ട്. പ്രൈവറ്റ് ബസിൽ വലിയ തിരക്കാണ്. ഒട്ടും തിരക്കില്ലാതെ ട്രാൻസ്‌പോർട്ട് ബസ് ഉണ്ട്, പക്ഷെ പ്രൈവറ്റ് ബസ് ഉള്ളതിനാൽ അവിടെ കൺസഷൻ തരില്ല.

ഇനി കൺസഷൻ വേണ്ട, ഫുൾ ചാർജ്ജ് കൊടുത്ത് യാത്ര ചെയ്യാം എന്ന് കരുതിയാലോ കുട്ടികൾ കൂടി നിൽക്കുന്ന സ്റ്റോപ്പിൽ അവർ ബസ് നിർത്തില്ല, ഓടിച്ച് നൂറു മീറ്റർ ദൂരെ നിർത്തും. നമ്മൾ ഓടിച്ചെല്ലുന്പോഴേക്കും ബസ് വിടും. അതൊരു കാലം, ധാരാളം സ്മരണ ചെയ്ത കാലം.

ഇന്ന് കാലം മാറി. കെ.എസ്.ആർ.ടി.സി. യുടെ പ്രതാപ കാലം ഏതാണ്ട് കഴിഞ്ഞു. ആനവണ്ടിയുടെ ചക്രം എത്രയോ വീണ്ടും കറങ്ങിക്കാണും. അന്ന് സ്റ്റോപ്പിൽ നിർത്താതെ നാട്ടുകാരെ വട്ടം കറക്കിയവരെല്ലാം പെൻഷൻ ആയി. കാലത്തിന്റെ നീതി പോലെ ആളുകളെ നെട്ടോട്ടം ഓടിച്ചവർ പെൻഷൻ വാങ്ങാൻ നെട്ടോട്ടമോടുന്ന കാലം വന്നു.

കെ.എസ്.ഇ.ബി. പോലുള്ള മറ്റു സർക്കാർ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് അവരുടെ തൊഴിലാളികളോട് “കാലത്തിനൊത്ത് മാറിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സി. ക്കാരുടെ ഗതി വരും” എന്നൊക്കെ പറഞ്ഞു തുടങ്ങി. ഞാൻ തന്നെ സർക്കാർ ഉദ്യോഗസ്ഥരോട് ആ ഉദാഹരണം പറയാറുണ്ട്. മാറ്റം ആന വണ്ടിയിലും വന്നു എന്നാണ് അനവധി വാർത്തകൾ പറയുന്നത്.

എന്റെ സുഹൃത്ത് ബിനോയ് കഴിഞ്ഞ ദിവസം എന്നെ കാണാൻ വന്നു. “എടാ ഞാൻ ഇപ്പോൾ എല്ലാ മാസത്തിലും കെ.എസ്.ആർ.ടി.സി.യുടെ കൂടെ ടൂറിസ്റ്റ് സ്ഥലങ്ങൾ കാണാൻ പോവുകയാണ്. അതിലെ കണ്ടക്ടർമാരുടെ പെരുമാറ്റം കണ്ടാൽ നീ അന്തം വിട്ടു പോകും. യാത്രക്കാരുടെ കൂടെ ആടിയും പാടിയും ആണ് അവർ പോകുന്നത്. യാത്ര വളരെ ചീപ്പ് ആണ്, ഓരോ യാത്രയിലും പുതിയ ആളുകളെ പരിചയപ്പെടാം. നീ അടുത്ത തവണ വരുന്പോൾ നമുക്ക് ഒരുമിച്ച് പോകാം.” ശരി എന്ന് ഞാൻ സമ്മതിച്ചു. അപ്പോഴാണ് തിരുവനന്തപുരത്ത് ഈ കൂടിക്കാഴ്ച.

കാലം എല്ലാവരിലും മാറ്റം വരുത്തുകയല്ലേ, പഴയ ചൊരുക്കും വച്ചിരിക്കുന്നത് ശരിയല്ലല്ലോ ! അതുകൊണ്ട് ഇന്ന് കെ.എസ്.ആർ.ടി.സി. യെ പറ്റി എഴുതാം എന്ന് വിചാരിച്ചു. കെ.എസ്.ആർ.ടി.സി. “നഷ്ടത്തിലാണ്” എന്ന് നാം പലപ്പോഴും കേൾക്കുന്ന കാര്യമാണ്.

പൊതുഗതാഗത സംവിധാനങ്ങൾ “ലാഭത്തിൽ” ആയിരിക്കണം എന്ന് എനിക്ക് അഭിപ്രായം ഇല്ല. ലോകത്തെ മിക്കവാറും പൊതുഗതാഗത സംവിധാനങ്ങൾ ഒന്നും ലാഭത്തിൽ ഉള്ളതോ ലാഭത്തിന് വേണ്ടി ഉള്ളതോ അല്ല. അപ്പോൾ കെ.എസ്.ആർ.ടി.സി. ലാഭം ഉണ്ടാക്കുന്നില്ല എന്നത് എനിക്ക് വലിയ വിഷയം ആയി തോന്നിയിട്ടില്ല.

എന്നാൽ ആറായിരം വാഹനങ്ങളും ധാരാളം  ഡിപ്പോകളും ഓപ്പറേറ്റിങ് സെന്ററുകളും ഉള്ള കെ.എസ്.ആർ.ടി.സി. ഇതിനേക്കാൾ കൂടുതൽ വരുമാനം ഉണ്ടാക്കേണ്ടതാണെന്നും, ഉണ്ടാക്കാൻ സാധിക്കുന്നതാണെന്നും എനിക്ക് തോന്നിയിട്ടുണ്ട്.

  1. ഏറ്റവും ആദ്യം കെ.എസ്.ആർ.ടി.സി. ചെയ്യേണ്ടത് അവരുടെ കസ്റ്റമറെ അറിയുക എന്നതാണ്. കോവിഡിന് മുൻപ് ഒരു ദിവസം 35 ലക്ഷം യാത്രക്കാരാണത്രെ ആനവണ്ടിയിൽ യാത്ര ചെയ്തിരുന്നത്. കൺസഷൻ കാർഡോക്കെയുള്ള ഒരു ശതമാനം ആളുകൾ ഒഴിച്ചാൽ മറ്റുള്ളവർ ആരാണെന്നതിനെ പറ്റി കെ.എസ്.ആർ.ടി.സി.ക്ക് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉണ്ടോ എന്നെനിക്കറിയില്ല. ഉണ്ടാകണം.
  2. നിർമ്മിതബുദ്ധിയുടെ കാലഘട്ടത്തിൽ ഡേറ്റ ആണ് ഏറ്റവും മൂല്യമുള്ള വസ്തു. കെ.എസ്.ആർ.ടി.സി. യിൽ ബിഗ് ഡേറ്റ അനാലിസിസിന് സംവിധാനം ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യാനുള്ളത്. വ്യക്തികളുടെ വിവരങ്ങൾ അല്ല, യാത്രയുടെ വിവരങ്ങൾ ആണ് ഉപയോഗിക്കുന്നത്. അതിനായി എല്ലാ യാത്രയും സ്മാർട്ട് കാർഡ് വഴി ആക്കുക. സ്മാർട്ട് കാർഡ് വാങ്ങുന്പോൾ പേരും മൊബൈൽ നന്പറും ഉൾപ്പെടുത്തി ഒരു ലോയൽറ്റി പ്രോഗ്രാമിൽ ഉൾപ്പെടുത്തുക. ഇത് മതി നമുക്ക് നമ്മുടെ യാത്രക്കാരുടെ യാത്രയുടെ രീതികൾ മൊത്തം അറിയാൻ. ഈ ഡേറ്റക്കൊക്കെ വലിയ മൂല്യം ഉണ്ട്. സ്മാർട്ട് കാർഡുകൾ ആക്കിയാൽ കുറച്ചു നാൾ കഴിയുന്പോൾ വാഹനത്തിൽ കണ്ടക്ടർമാരുടെ ആവശ്യം പോലും ഉണ്ടാകില്ല. ഡോറിലൂടെ അകത്ത് കടക്കുന്പോൾ തന്നെ ഓട്ടോമാറ്റിക്ക് ആയി ടിക്കറ്റിന്റെ കാശു പിടിക്കുന്ന സംവിധാനം ഉണ്ടാക്കാം.
  3. നല്ലൊരു ലോയൽറ്റി പരിപാടി പ്രഖ്യാപിച്ചാൽ ഈ പണി എളുപ്പമാകും. ഉദാഹരണത്തിന് എയർ മൈൽ പോലെ ഒരു ലാൻഡ് മൈൽ പ്രോഗ്രാം ആകാം. ഏറ്റവും കൂടുതൽ യാത്ര ചെയ്തവർക്ക് ഒരു അവാർഡ് കൊടുക്കാം. പല വർഷങ്ങൾ ആയി വർഷത്തിൽ അന്പതിനായിരം കിലോമീറ്റർ കൂടുതൽ യാത്ര ചെയ്യുന്നവർക്ക് ഒരു ഗോൾഡ് കാർഡ് കൊടുക്കാം. എയർലൈൻ ലോയൽറ്റി പ്രോഗ്രാമിൽ നിന്നും ഏറെ പഠിക്കാനുണ്ട്. ലോയൽറ്റി കാർഡ് ഉള്ളവർക്ക് വഴിയോര ഹോട്ടലുകളിൽ പത്തു ശതമാനം ഡിസ്‌കൗണ്ടും ഡെസ്റ്റിനേഷൻ ഹോട്ടലുകളിൽ പത്തോ പതിനഞ്ചോ ശതമാനം ഡിസ്‌കൗണ്ടും എണ്ണം വച്ച് നെഗോഷ്യേറ്റ് ചെയ്തെടുക്കാം.
  4. യാത്ര ചെയ്യുന്ന വ്യക്തികളുടെ മാത്രമല്ല കേരളത്തിലെ ഓരോ റൂട്ടിലും ഓടുന്ന വണ്ടികളിൽ നിന്നും ഓരോ ദിവസവും എന്തൊക്കെ ഡേറ്റ ആണ് കെ.എസ്.ആർ.ടി.സി. ക്ക് ലഭിക്കുന്നത്. ഓരോ ട്രിപ്പിലും ആളുകളുടെ എണ്ണം മാത്രം എടുത്ത് ബിഗ് ഡേറ്റ അനലൈസ് ചെയ്താൽ കേരളത്തിലെ പൊതുഗതാഗത സംസ്കാരം മാറ്റിമറിക്കാൻ ഉപകരിക്കുന്ന വിവരങ്ങൾ കിട്ടും. അത് വേണ്ടതു പോലെ ഉപയോഗിച്ചാൽ മതി.
  5. കേരളത്തിൽ വരുന്ന ടൂറിസ്റ്റുകൾക്ക് കേരളത്തിൽ എവിടെയും ഉപയോഗിക്കാൻ പാകത്തിനുള്ള സ്മാർട്ട് കാർഡ് കൊടുക്കാം (മെട്രോ, വാട്ടർ മെട്രോ, വാട്ടർ ട്രാൻസ്‌പോർട്ട്, റോഡ് ട്രാൻസ്‌പോർട്ട് ഇതൊക്കെ ഒരുമിച്ച് കൂട്ടി). ഒരു മാസത്തേക്ക് നൂറു ഡോളറും ഒരാഴ്ചത്തേക്ക് അന്പത് ഡോളറും എന്നത് പോലെ ഒരു കണക്കുണ്ടാക്കിയാൽ മതി.
  6. കേരളത്തിൽ താമസിക്കുന്നവർക്കും ഇത്തരത്തിൽ ഉള്ള വാർഷിക, പ്രതിമാസ കാർഡുകൾ പ്രഖ്യാപിക്കാം. ഇത് കേരളത്തിൽ എവിടേയും കേരള സർക്കാർ അധീനതയിൽ ഉള്ള എല്ലാ പൊതുഗതാഗതത്തിലും ഉപയോഗിക്കാൻ പറ്റുന്നതാക്കണം.
  7. ബസ് യാത്രയുടെ കാര്യത്തിൽ കേരളത്തിൽ ധാരാളം  “കൺസ്യൂമർ സർപ്ലസ്” ഉണ്ടെങ്കിലും അതിനെ ശരിയായി പ്രയോജനപ്പെടുത്താൻ നമ്മുടെ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല. ഇത് പല തരത്തിൽ ചെയ്യാം. ഓരോ സ്റ്റോപ്പിനും ഓരോ റേറ്റ് എന്നുള്ളതിൽ നിന്നും മാറി സമയദൈർഘ്യത്തിന് എന്ന രീതിയിലേക്ക് ടിക്കറ്റ് സംവിധാനം മാറ്റാം. ഒരു മണിക്കൂറിന്, എട്ടു മണിക്കൂറിന്, ഒരു ദിവസത്തേക്ക് എന്നിങ്ങനെ. കൂടുതൽ തിരക്കുള്ള സമയത്തിനും തിരക്ക് കുറഞ്ഞ സമയത്തിനും വെവ്വേറെ റേറ്റ് ആകാം. അപ്പോൾ സമയത്തിന്റെ വില അനുസരിച്ച് ആളുകൾക്ക് യാത്ര പ്ലാൻ ചെയ്യാം. രണ്ടാമത് കൂടുതൽ സൗകര്യങ്ങൾ ഉള്ള, കുറച്ചു സ്റ്റോപ്പുകൾ ഉള്ള എ.സി ലോ ഫ്ലോർ പോലുള്ള ബസുകൾ കൊണ്ടുവന്ന് അതിന് ഉയർന്ന ചാർജ്ജ് ഈടാക്കാം. കല്യാണത്തിനും കുട്ടികൾക്ക് ടൂർ പോകാനും ഓൺ ഡിമാൻഡ് ബസുകൾ ഉണ്ടാക്കാം. ടെക്‌നോപാർക്കിലേക്കൊക്കെ മാത്രമായി സർവ്വീസുകൾ നടത്താം. ബസുകളുടെ കെട്ടും മട്ടും ജീവനക്കാരുടെ രീതികളും അല്പം മാറ്റേണ്ടി വരും എന്നിരുന്നാലും സംഗതി സാധ്യമാണ്.
  8. കേരളത്തിലെ മധ്യവർഗ്ഗം പൊതുഗതാഗതം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഇത് മാറ്റിയെടുക്കാനുള്ള സംഘടിതവും ക്രിയാത്മകവും ആയ ശ്രമങ്ങൾ വേണം. പോയിന്റ് റ്റു പോയിന്റ് കണക്ടിവിറ്റി ആണ് ഇതിലെ വലിയൊരു വിഷയം. കൊച്ചിൻ മെട്രോ വിഭാവനം ചെയ്ത കാലത്ത് മെട്രോ സ്റ്റേഷനുകളിൽ ഉള്ള ഓട്ടോ റിക്ഷകളും ആയി ചേർന്ന് ഒരു ഷെയർ ഓട്ടോ സംവിധാനം വഴി മെട്രോ ഇറങ്ങുന്നവരെ വീട്ടിൽ എത്തിക്കുന്ന ഒരു സംവിധാനം ശ്രീ. ഏലിയാസ് ജോർജ്ജ് പ്ലാൻ ചെയ്തത് ഓർക്കുന്നു (അതെവിടെ എത്തിയോ ആവോ). അത്തരത്തിൽ ഉള്ള ഒരു സംവിധാനം വന്നാൽ കൂടുതൽ ആളുകളെ തിരിച്ച് ആന വണ്ടിയിൽ കയറ്റാം.
  9. മറുനാട്ടിൽ നിന്നുള്ള തൊഴിലാളികൾ ആണ് ഇപ്പോൾ പല സ്ഥലത്തും ആനവണ്ടിയിലെ പ്രധാന യാത്രക്കാർ. ഇവരുടെ യാത്രരീതികളും ആവശ്യങ്ങളും അറിഞ്ഞ് വേണ്ട സംവിധാനങ്ങൾ ഉണ്ടാക്കിയാൽ ഇവരുടെ യാത്ര കൂടും, ആനവണ്ടിയുടെ ഒക്കുപേൻസിയും.
  10. സ്ത്രീകളുടെ നേരെയുള്ള നഗ്നത പ്രദർശനം തൊട്ട് കയറിപ്പിടിക്കൽ വരെയുള്ള ആഭാസത്തരങ്ങൾ ആണ് പൊതുഗതാഗതത്തിൽ നിന്നും പരമാവധി സ്ത്രീകളെ മാറ്റി വിടുന്നത്. ഇത്തരത്തിൽ ഉള്ള വർത്തയില്ലാത്ത ഒരാഴ്ച പോലും ഇല്ല. ഇതിനെതിരെ ചില കെ.എസ്.ആർ.ടി.സി. കണ്ടക്ടർമാർ ശരിയായ നിലപാടെടുക്കുന്പോൾ കണ്ടക്ടർ തന്നെ മോശമായി പെരുമാറിയ വാർത്തയും വരുന്നു. ഇക്കാര്യത്തിൽ എല്ലാ ബസ് ജീവനക്കാർക്കും ശരിയായ പരിശീലനം നൽകണം. സീറോ ടോളറൻസ് ഉണ്ടാകണം. ഓരോ ബസിലും ഓരോ സീറ്റിനടുത്തും ഒരു എമർജൻസി ബട്ടൺ ഉണ്ടാക്കണം. ഇത്തരത്തിൽ മോശമായി പെരുമാറിയിട്ടുള്ളവരെ വിമാന യാത്രയിൽ നിന്നൊക്കെ വിലക്കുന്ന പോലെ ബസിൽ കയറ്റാതെ ആക്കണം.
  11. യാത്രക്കാരോട് ലൈംഗികമായോ അല്ലാതെയോ മോശമായി പെരുമാറുന്നവർ കെ.എസ്.ആർ.ടി.സി. യിൽ ജോലി ചെയ്യാൻ ഉള്ള അവകാശം ഉപേക്ഷിച്ചു എന്നത് നയമാക്കണം.
  12. കേരളത്തിൽ ഏറ്റവും അത്യാവശ്യമായ കാര്യം പ്രൊഫഷണൽ ആയ ഡ്രൈവിങ്ങ് പരിശീലനം ആണ്. ആധുനികമായ സിമുലേറ്റർ വച്ച് നമ്മുടെ ആളുകളെ, ഇപ്പോഴത്തെ ഡ്രൈവർമാരെ ഉൾപ്പടെ, പരിശീലിപ്പിക്കുന്ന ഒരു സംവിധാനം കെ.എസ്.ആർ.ടി.സി. തുടങ്ങണം. ഇപ്പോൾ പൂട്ടിപ്പോകുന്ന കുറച്ചു എഞ്ചിനീയറിങ്ങ് കോളേജുകൾ വാങ്ങി അവിടെ ആസ്ഥാനമാക്കി തുടങ്ങിയാൽ മതി.
  13. കേരളത്തിൽ ഇല്ലാത്ത മറ്റൊരു സംവിധാനം “ബ്രേക്ക് ഡൌൺ സർവ്വീസ്” ആണ്. വിദേശങ്ങളിൽ നമ്മുടെ വണ്ടി എവിടെയെങ്കിലും വച്ച് ബ്രേക്ക് ഡൌൺ ആയിക്കഴിഞ്ഞാൽ ഒരു നന്പറിൽ വിളിച്ചാൽ അവർ ബ്രേക്ക് ഡൌൺ വാഹനവുമായി വന്നു നമ്മുടെ പ്രശ്നം പരിഹരിക്കും അല്ലെങ്കിൽ നമ്മുടെ വണ്ടി അടുത്ത ഗാരേജിൽ എത്തിച്ചു തരും. ഓരോ വർഷവും അതിന് സബ്സ്ക്രിബ്ഷൻ ഉണ്ട്. നാട്ടിലെ ഗാരേജുകളെ കോർത്തിണക്കിയാണ് ഇത് നടത്തുന്നത്. ദശ ലക്ഷക്കണക്കിന് വാഹനങ്ങൾ ഉള്ള കേരളത്തിൽ ഇത്തരത്തിൽ ഒരു ബ്രേക്ക് ഡൌൺ സർവ്വീസ് ഉണ്ടാക്കാനുള്ള ഫ്രെയിംവർക്ക് കെ.എസ്.ആർ.ടി.സി. ക്ക് ഉണ്ട്.

മനോരാജ്യത്തിൽ എന്തിന് അർദ്ധ രാജ്യം എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ട് രണ്ടു കാര്യങ്ങൾ കൂടി പറയാം.

ഒന്നാമത് എയർ ലൈൻ ആണെങ്കിലും വിമാനം ആണെങ്കിലും സർക്കാർ നടത്തേണ്ട ഒരു പദ്ധതിയാണ് എന്ന് എനിക്ക് അഭിപ്രായം ഇല്ല. അതുപോലെ കെ.എസ്.ആർ.ടി.സി. യും സ്വകാര്യ ബസ് കന്പനികളും ശത്രുപക്ഷം ആണെന്നും. ഇവരെ രണ്ടുപേരേയും ഒരുമിച്ച് കൂട്ടി ഒരു പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പായി ലോകമാതൃകയായ ഒരു പൊതുഗതാഗത സംവിധാനം ഉണ്ടാക്കി എടുക്കാം എന്നാണ് എന്റെ വിശ്വാസം.

ഇതേ കാരണം കൊണ്ട് തന്നെ വലിയ തരത്തിൽ ലോജിസ്റ്റിക്സ് ഓപ്പറേഷനുകൾ നടത്തി പരിചയം ഇല്ലാത്ത സിവിൽ സർവ്വീസ് ഓഫീസർമാരെ കുറച്ചു കാലത്തേക്ക് മാത്രം എം.ഡി. മാരായി വച്ച് കൊണ്ട് ഈ പ്രസ്ഥാനം നടത്തുന്നിടത്തോളം കാലം ആനവണ്ടി രക്ഷപ്പെടുമെന്നുള്ള വിശ്വാസവും എനിക്കില്ല. ലോകത്തെവിടെയും പൊതുഗതാഗതം തിരിച്ചു വരവിന്റെ പാതയിലാണ്. അത് കേരളത്തിലും എത്തണം എന്ന ആഗ്രഹത്തോടെ,

മുരളി തുമ്മാരുകുടി

May be an image of train and text that says "ആനവണ്ടികോം ഭി.കോം പുസ്‌തകം പുസ്‌തകംലക്കം1 ലക്കം കെ.എസ്.ആർ.ടി.സി ന്യൂസ് ലെറ്റർ 2023 മേയ് ഹായ്... ഗാമവണ്ടി ആനവണ്ടി സ്‌മരണകൾ അശ്വതി തിരുനാൾ തമ്പുരാട്ടി KERALA STATE ടിക്കറ്റിതര വരുമാനം കുതിപ്പിൽ ൻ്റെ നഗരങ്ങൾക്ക് നിറവിൽ സിറ്റി സർക്കുലർ ഗ്രാമവണ്ടിക്കും സിറ്റി സർക്കുലറിനും കേന്ദ്ര പുരസ്‌കാരം KSRTC DEAO സ്വയംപര്യാപ്തത അരികെ നേട്ടങ്ങൾ വാർത്തകൾ ഉത്തരവുകൾ നവീന പദ്ധതികൾ കുട്ടികളുടെ സൃഷ്ടികൾ"

Leave a Comment