പൊതു വിഭാഗം

ആചാര വെടി നോക്കിയിരിക്കുന്ന ഒരാൾ!

എൻറെ ഓരോ ഫേസ്ബുക്ക് പോസ്റ്റിനും അടിയിൽ വരുന്ന ഓരോ കമന്റും ഞാൻ ശ്രദ്ധിക്കാറുണ്ട്. യാത്ര ചെയ്യുന്പോൾ ഫേസ്ബുക്കിൽ വായിക്കുന്ന ഒരുപാട് പേർ നേരെ വന്നു പരിചയപ്പെടാറുണ്ട്.

നമ്മുടെ സമൂഹത്തിന്റെ ഒരു ക്രോസ്സ് സെക്ഷൻ ആണ് ഞാൻ അവിടെ കാണുന്നത്. തികച്ചും റെപ്രെസെന്ററ്റീവ് ഒന്നുമല്ല, പക്ഷെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും വ്യത്യസ്ത രാഷ്ട്രീയധാരകളിൽ നിന്നുമുള്ളവരെ ഫോളോ ചെയ്ത് എല്ലാ രാഷ്ട്രീയം ഉള്ളവരും എൻറെ പോസ്റ്റുകൾ കാണുന്നു എന്ന് ഞാൻ ഉറപ്പു വരുത്താറുണ്ട്.

ഞാൻ ശ്രദ്ധിക്കുന്ന ചില കാര്യങ്ങൾ പറയാം

  1. എന്നെ സ്ഥിരമായി  വായിക്കുന്ന ഏറെ ആളുകൾ കേരളത്തിലും പുറത്തുമുള്ള മലയാളികളിൽ ഉണ്ട്. ഞാൻ എഴുതുന്നത് സ്ഥിരമായി ശ്രദ്ധിക്കുന്നുണ്ട്, പലപ്പോഴും എൻറെ ആശയങ്ങൾ അവരെ സ്വാധീനിക്കുന്നുണ്ട് എന്നവർ പറയാറുണ്ട്. ഇത് തന്നെയാണ് എഴുത്തു തുടരാൻ പ്രേരിപ്പിക്കുന്നതും. നന്ദി.
  2. എന്നെ ദുരന്തേട്ടൻ ആയിത്തന്നെ ആണ് ആളുകൾ കാണുന്നതെങ്കിലും സുരക്ഷാ വിഷയങ്ങളെ പറ്റി എഴുതിയാൽ ഇപ്പോൾ അതിന് ഒട്ടും തന്നെ ട്രാക്ഷൻ ഇല്ല. ഉദാഹരണത്തിന് ബേസിക് ലൈഫ് സപ്പോർട്ട് രീതിയെ പറ്റി ഞാൻ ഇന്നലെ ഇട്ട പോസ്റ്റ് വളരെ പ്രാധാന്യമുളളതാണ്. ഒരു പക്ഷെ വായനക്കാരുടെയോ കുടുംബത്തിന്റെയോ ജീവൻ വരെ രക്ഷിക്കാൻ ഇടയുള്ളതാണ്. പക്ഷെ അപകടം എന്നാൽ മറ്റുള്ളവർക്ക് മാത്രം വരുന്നതാണെന്ന ചിന്തക്ക് ഇന്നും ഒരു മാറ്റവുമില്ല. ഏറെ സങ്കടപ്പെടുത്തുന്നു.
  3. റിട്ടയർ ആയിക്കഴിയുന്പോൾ എനിക്ക് എന്തെങ്കിലും പദവി (മന്ത്രി, എം എൽ എ, എം പി, ഉപദേശകൻ) ലഭിക്കണം എന്നാണ് എൻറെ  ആഗ്രഹം എന്ന് ഇന്നും ഏറെ ആളുകൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ സർക്കാരിനെ പിന്താങ്ങിയും ചിലപ്പോഴെങ്കിലും സർക്കാരിന് പുറത്തുള്ളവരെ സുഖിപ്പിച്ചും എഴുതുന്നതെന്ന് അവർ ചിന്തിക്കുന്നു. പറയുന്നു. ഇതിൽ ഒരു കാര്യവുമില്ല. കേരളം എനിക്ക് ഏറെ നൽകിയിട്ടുണ്ട്, എനിക്ക് ചെയ്യാവുന്ന ഒരു ജോലി ഇനി കേരളത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ വർഷം അറുപത് വയസ്സാകും, ഇനി എന്ന് വേണമെങ്കിലും റിട്ടയർ ആകാം, റിട്ടയർ ആയാൽ കേരളത്തിൽ ആയിരിക്കും എന്ന് ഉറപ്പാണ്. റിട്ടയർമെന്റിന് ശേഷം എന്താണ് ചെയ്യേണ്ടത് എന്നതിന് എനിക്ക് കൃത്യമായ രൂപമുണ്ട്, അതിൽ മന്ത്രിസ്ഥാനം ഒന്നുമില്ല. ഒരു കാര്യം മാത്രമേ ഇനി കേരളത്തിൽ നിന്നും പ്രതീക്ഷയുള്ളൂ. ചത്ത് കിടക്കുന്പോൾ കുറച്ച് ആചാര വെടി വേണം. സാഹിത്യ അക്കാദമി അവാർഡ് ഉള്ളവർക്ക് അത് കൊടുത്തു കണ്ടിട്ടുണ്ട്. അക്കാദമി അവാർഡ് കിട്ടിയിട്ടുണ്ട്. അതിലാണ് പ്രതീക്ഷ.
  4. വിഷയങ്ങളെയോ വ്യക്തികളെയോ അതിൻറെ മെറിറ്റിൽ കാണാൻ ഉള്ള കഴിവ് പൊതുവെ സമൂഹത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്. എന്തും കാണുന്നത് രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെ ആണ്. അത് സ്വന്തം വളർച്ചക്കും സമൂഹത്തിന്റെ പുരോഗതിക്കും നല്ലതല്ല. വൈകുന്നേരത്തെ ചർച്ചയിൽ കേൾക്കാത്തതും ഇഷ്ടമുള്ള മാധ്യമത്തിൽ വായിക്കാത്തതും ആയ കാര്യങ്ങൾ ലോകത്ത് ഉണ്ട് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.
  5. ചുറ്റുമുള്ളവരെ വിലയിരുത്തുന്നത് വളരെ ഉയർന്ന ഒരു സ്റ്റാൻഡേർഡ് വച്ചിട്ടാണ്. ആ സ്റ്റാൻഡേർഡിന്റെ പത്തിലൊന്നു പോലും സ്വന്തം കാര്യത്തിൽ ഇല്ല. ചുറ്റിലുള്ളവർ  നമ്മളെ പോലെ മനുഷ്യരാണെന്നും ആരും പരിപൂർണ്ണർ അല്ലെന്നും ഉള്ള യാഥാർഥ്യ ബോധം പൊതുരംഗത്ത് കാണാനേ ഇല്ല. നമ്മുടെ തെറ്റുകളെപപ്പറ്റി ഒരു ബോധമോ ചിന്തയോ ഇല്ലാതെയാണ് മറ്റുള്ളവരെ പോയി വിധിക്കുന്നത്.
  6. രാഷ്ട്രീയമായ ഓർമ്മ ആളുകൾക്ക്  വളരെ കുറവാണ്. അന്പത് കൊല്ലത്തെ ചരിത്രം പോയിട്ട് ആറു മാസത്തെ ചരിത്ര സ്മരണ പോലുമില്ല. മിക്കവാറും ആളുകളുടെ ചരിത്രത്തിന്റെ ഓർമ്മ ഒരു ഭരണകാലം ആണ്. അതിന് പിന്നിൽ എല്ലാം നല്ലതായിരുന്നു അല്ലെങ്കിൽ എല്ലാം മോശമായിരുന്നു എന്ന ഉറപ്പാണ് ചിന്തകളുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനം. രാജ്യവും ഭരണവും എല്ലാം ഒരു തുടർച്ചയാണെന്ന ചിന്ത ഇല്ല.

ഫേസ്ബുക്ക് എനിക്ക് ഒരു സാമൂഹ്യ പരീക്ഷണമാണ്. അതുകൊണ്ടാണ് എപ്പോഴും പുതിയ വിഷയങ്ങൾ ഉൾപ്പടെ എന്തെങ്കിലും ഒക്കെ പരീക്ഷിച്ചുകൊണ്ടും നിരീക്ഷിച്ചുകൊണ്ടും ഇരിക്കുന്നത്. ആചാരവെടി വരുന്നത് വരെ ഇങ്ങനെ ഒക്കെ അങ്ങ് പോകും.

മുരളി തുമ്മാരുകുടി

Leave a Comment