പൊതു വിഭാഗം

അൻപത്തി അഞ്ചാമത്തെ ആഗസ്റ്റ് എട്ട്…

അൻപത്തിനാലു വർഷം മുൻപ് 1964 ആഗസ്റ്റ് എട്ടിനാണ് ഞാൻ ജനിച്ചത്. കർക്കിടകത്തിൽ വലിയ മഴയുള്ള ഒരു രാത്രിയിലാണ് എന്നെ പ്രസവിച്ചതെന്നേ അമ്മ ഓർക്കുന്നുള്ളൂ. ഈ അഗസ്റ്റും എട്ടും ഒക്കെ ഞാൻ പിന്നീട് കണ്ടുപിടിച്ചതാണ്.
 
കുടുംബത്ത് ഭൂസ്വത്ത് ഉണ്ടായിരുന്നെങ്കിലും മൂന്നു നേരം ഭക്ഷണം എന്നത് ഇന്നത്തേ പോലെ ഉറപ്പില്ലാത്ത ഒരു കാലമായിരുന്നു അത്. ചുറ്റുമുള്ള മറ്റുള്ളവർക്ക് രണ്ടു നേരം പോയിട്ട് ഒരു നേരം പോലും ആഹാരമില്ലാത്തതിനാൽ അതിലും അമ്മക്ക് പരാതിയില്ലായിരുന്നു.
 
സുന്ദരമായ ഓർമ്മകൾ മാത്രമേ എനിക്ക് ബാല്യത്തെക്കുറിച്ചുള്ളൂ. അമ്മാവൻ പ്ലാവില കൊണ്ട് ചെറിയ പോത്തുകളെ ഉണ്ടാക്കിത്തരും. അതിനെ ഞാൻ അമ്മാവനും പണിക്കാരും പാടത്ത് ഉഴുന്നതു പോലെ മുൻപോട്ട് നീക്കാൻ നോക്കും. പോത്തുകൾ അനങ്ങില്ല. എനിക്ക് ദേഷ്യം വരും. ഞാൻ അതിനെ തല്ലും. അവസാനം അത് ചത്തുപോയി എന്ന് തീരുമാനിക്കും.
 
“ഇനി ഇതിനൊരു ജീവിതമില്ല”,
 
എന്ന് പറഞ്ഞു പ്ലാവിലപ്പോത്തുകളെ ഉപേക്ഷിച്ചു നടന്നു പോകുന്ന എന്നെയാണ് അമ്മ കഴിഞ്ഞാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സരോജനി ചിറ്റമ്മ ഇന്നും ഓർക്കുന്നത്.
 
പ്ലാവില കൊണ്ടും തെങ്ങിന്റെ ഓല കൊണ്ടും ഉണ്ടാക്കിയ കളിപ്പാട്ടമല്ലാതെ മരം കൊണ്ടുള്ള ഒരു കളിപ്പാട്ടം പോലും എനിക്കുണ്ടായിരുന്നതായി ഓർമ്മയില്ല. ഇതെന്റെ മാത്രം കാര്യമല്ല, എൻറെ തലമുറയുടെ കഥയാണ്.
 
ഇതൊക്കെ എനിക്ക് ഓർമ്മയായതിനു ശേഷമുള്ള കാര്യമാണ്. നന്നായി ഓർമ്മയുള്ള ഒരു ചെറുപ്പകാലം ഉണ്ടായത് എൻറെ ഭാഗ്യമാണ്.
 
ഞാൻ നന്നേ കുഞ്ഞായിരിക്കുമ്പോൾ വയറിന്റെ ഇടതു ഭാഗത്ത് വലിയ ഒരു നീരുണ്ടായി. അന്ന് വെങ്ങോലയിൽ ആശുപത്രി ഒന്നുമില്ല, പെരുമ്പാവൂരിൽ തന്നെ ഒരു കുറുപ്പ് ഡോക്ടർ മാത്രമാണുള്ളത്. വെങ്ങോലയിൽ ആരെങ്കിലും മരണാസന്നരാകുമ്പോഴല്ലാതെ കുറുപ്പ് ഡോക്ടറെ വെങ്ങോലയിൽ കാണാറില്ല. കുട്ടികളുടെ അസുഖം ചികിൽസിക്കാനൊന്നും ആരും പെരുമ്പാവൂർക്ക് പോകില്ല. അമ്മക്ക് കുറച്ചു പച്ചമരുന്നുകൾ അറിയാം, അമ്മയുടെ കൈ വിട്ടാൽ സരോജനി ചിറ്റമ്മ, ചിറ്റമ്മക്കും പറ്റിയില്ലെങ്കിൽ കുഞ്ഞൻ വൈദ്യൻ, അതും കഴിഞ്ഞാൽ ഇരിങ്ങോൾ വൈദ്യൻ. അവിടെയൊക്കെ പോകും മുൻപുതന്നെ മിക്ക കുട്ടികളും അസുഖങ്ങളില്ലാത്ത ലോകത്തെത്തും. അന്നതൊന്നും വലിയ സംഭവവും അല്ല.
 
പറഞ്ഞു വന്നത് വയറ്റിൽ ഉണ്ടായ വലിയ കുരുവിനെപ്പറ്റി പറഞ്ഞു കേട്ട കഥയാണ്. കുരു വളർന്നു ചുവന്നു പഴുത്തു, വേദന സഹിക്കാനാവാതെ ഞാൻ കിടന്നു കരയുന്നു. അമ്മക്ക് അറിയാവുന്ന മരുന്നുകളെല്ലാം അമ്മ ചെയ്യുന്നുണ്ട്. മൂന്നു ദിവസമായി ഞാൻ ഭക്ഷണം കഴിക്കുന്നില്ല, നീര് വളർന്നു വലുതാവുന്നു, കടുത്ത പനിയും. എന്നെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും നീരു കീറി മരുന്ന് വെക്കണമെന്നും അമ്മക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷെ വീട്ടിൽ അച്ഛനില്ല. അച്ഛൻ കമ്പനിയിൽ ജോലിക്കുപോയാൽ, രണ്ടുദിവസം കഴിയുമ്പോൾ വരുമോ, രണ്ടാഴ്ച കഴിയുമ്പോൾ വരുമോ എന്ന കാര്യത്തിൽ കൃത്യതയില്ല. ഇന്നത്തെ പോലെ സെൽഫോൺ പോയിട്ട് ലാൻഡ് ഫോൺ പോലുമില്ലാത്തതിനാൽ അച്ഛനെ വിവരമറിയിക്കാൻ മാർഗ്ഗവുമില്ല. അമ്മക്ക് ഉള്ളിൽ വലിയ വിഷമമുണ്ടെങ്കിലും മറ്റുള്ള അഞ്ചാറു മക്കളുടെ കാര്യവും, പാടത്തെ പണിക്കാരുടെ കാര്യവും നോക്കണം. ആ പരിതസ്ഥിതിയിൽ ചികിൽസിക്കാൻ പോയിട്ട് എൻറെ അടുത്തിരിക്കാൻ പോലും അമ്മക്ക് സമയമില്ല. രാത്രിയാകുമ്പോൾ കുറച്ച് മുറിവൈദ്യവും കൂടുതൽ പ്രാർത്ഥനയുമായി അമ്മ അടുത്തുവരും.
 
അടുത്ത ദിവസം കാര്യങ്ങളാകെ കൈവിട്ടുപോയി. സാധാരണയായി ഒരിക്കലും കരയാത്ത – ‘ഈ വീട്ടിൽ ഇങ്ങനെ ഒരു കുട്ടി ഉണ്ടെന്ന് പോലും ആരും അറിയില്ല’ എന്ന് ആളുകൾ പറയുന്ന കുട്ടിയായ ഞാൻ – അന്ന് വാവിട്ട് നിലവിളിച്ചു. അതെന്റെ ഭാഗ്യമായി. പകലത്തെ പണിയെല്ലാം കഴിഞ്ഞു ഷാപ്പിൽ പോയി കള്ളുംകുടിച്ച് രാത്രിയിൽ പാടത്തുകൂടെ പാട്ടുംപാടി വന്ന പാലമൂപ്പൻ എന്ന ഞങ്ങളുടെ മൂത്ത പണിക്കാരൻ എൻറെ കരച്ചിൽ കേട്ടു വീട്ടിലേക്ക് കയറിവന്നു. കരയുന്ന എന്നെ ഒറ്റ പ്രാവശ്യമേ നോക്കിയുള്ളൂ. പിന്നെ വാരിയെടുത്തു.
 
സാധാരണഗതിയിൽ വീട്ടിൽ ജോലിക്ക് നിൽക്കുന്നവർ രാത്രി വീട്ടിൽ വരാറില്ല, രാത്രിയോ പകലോ കുട്ടികളെ എടുക്കാറുമില്ല. ഇതൊരു സാധാരണ രാത്രിയല്ല, ഞാൻ സാധാരണ കുട്ടിയും..!
 
“ഈ പിള്ള ചത്ത് പോകും, അതിന് ഞാൻ സമ്മതിക്കില്ല” എന്ന് പറഞ്ഞു പാലമൂപ്പൻ എന്നെ എടുത്ത് പുറത്തേക്ക് ഓടി (അക്ഷരാർത്ഥത്തിൽ കണ്ടം വഴി ഓടി !). അമ്മ പുറകേയും.
 
ഞങ്ങളുടെ നാട്ടിൽ അത്യാവശ്യം ഇംഗ്ളീഷ് മരുന്നുകൾ അറിയാവുന്ന ഒരാളുണ്ട്. അദ്ദേഹത്തിൻറെ വീട്ടിൽ എത്തിയിട്ടേ പാലമൂപ്പൻ ഓട്ടം നിർത്തിയുള്ളൂ. എൻറെ കരച്ചിൽ കേട്ട് രാത്രി അദ്ദേഹം പുറത്തിറങ്ങി വന്നു. കള്ളു കുടിച്ചു പൂസായി നിൽക്കുന്ന പാല മൂപ്പൻ, ഒരു മേൽമുണ്ട് പോലുമെടുക്കാൻ സമയം കിട്ടാതിരുന്ന അമ്മ (അക്കാലത്ത് വൈദ്യതി പോലും ഇല്ല എന്നോർക്കണം).
 
ഒരു ബ്ലേഡ് എടുത്ത് അദ്ദേഹം എൻറെ വയറ്റിലെ നീരു കീറിക്കളഞ്ഞു. മരുന്ന് പുരട്ടി. ഞാൻ കരച്ചിൽ നിർത്തി. ഫീസ് കൊടുക്കാൻ അമ്മയുടെ കൈയിൽ അഞ്ചു പൈസയില്ല. അദ്ദേഹം അത് ചോദിച്ചുമില്ല.
 
എന്നെ തോളത്തിട്ട് തിരികെ വന്നത് അമ്മയാണ്. കൂടെ ധൈര്യത്തിന് പാലമൂപ്പനും.
 
പാലമൂപ്പൻ അന്ന് എടുത്തുകൊണ്ടോടിയില്ലായിരുന്നുവെങ്കിൽ ഇന്ന് തുമ്മാരുകുടിക്കഥകൾ പറയുവാൻ ഞാൻ ബാക്കി ഉണ്ടാകുമായിരുന്നോ? ഉറപ്പില്ല. ഉണ്ടായില്ലെങ്കിലും അതൊരു വലിയ സംഭവം ആകുമായിരുന്നില്ല. പത്തു മക്കളെ പ്രസവിച്ച എൻറെ അമ്മയുടെ എട്ടു മക്കളേ അഞ്ചു വയസ്സ് തികച്ചുള്ളു. എനിക്ക് ഓർമ്മവെച്ചപ്പോൾ വയറിൽ രണ്ടിഞ്ച് വ്യാസത്തിലുള്ള ഒരു അടയാളം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ (ഇപ്പോഴും ഉണ്ട്, യുദ്ധ രംഗത്ത് പോയി വെടിയേറ്റതാണെന്നൊക്ക ഞാൻ കുട്ടികളോട് പുളു പറയും). അതും ഈ കഥയും കേട്ടതിൽ നിന്നും പാലമൂപ്പനാണ് എൻറെ ജീവൻ രക്ഷിച്ചതെന്നാണ് ഞാൻ എക്കാലവും വിശ്വസിക്കുന്നത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്തോളം, എന്ന് അവധിക്കു പോയാലും വേറെ ആരെ കണ്ടില്ലെങ്കിലും പാലമൂപ്പനെ കണ്ടിട്ടേ ഞാൻ തിരിച്ചു പോരാറുള്ളൂ.
 
മുൻപ് പറഞ്ഞതു പോലെ ഓർമ്മവെച്ച കാലം മുതൽ സന്തോഷങ്ങളുടെ, സുരക്ഷിതത്വത്തിന്റെ ബാല്യമായിരുന്നു എനിക്കുണ്ടായിരുന്നത്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുകയും നാട്ടുകാരെല്ലാം ബഹുമാനിക്കുകയും ചെയ്തിരുന്ന അമ്മാവൻ, വീട്ടിൽ ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാത്തതിനാൽ മക്കളെ കെട്ടിപ്പിടിച്ചും കഥ പറഞ്ഞും ജോലിക്ക് പോകാതെ മടിപിടിച്ചു വീട്ടിലിരിക്കുന്ന അച്ഛൻ !! ആനന്ദ ലബ്ധിക്ക് ഇനിയെന്ത് വേണം..!
 
അൻപത്തി അഞ്ചാമത്തെ ആഗസ്റ്റിൽ എത്തി നിൽക്കുമ്പോൾ കടന്നുപോന്ന കാലത്തെപ്പറ്റി സന്തോഷമേ ഉള്ളൂ. ഫേസ്ബുക്കിലുള്ള എൻറെ സുഹൃത്തുക്കൾക്ക് അറിയാവുന്നതു പോലെ സ്വപ്നതുല്യമായ ജീവിതമാണ് എന്റേത്. അടുത്ത സ്‌കൂളിലെ ആനിവേഴ്സറിക്ക് പോകാൻ പോലും അനുവാദമില്ലാതിരുന്ന ബാല്യത്തിൽ നിന്നും യുദ്ധം നടക്കുന്ന സിറിയയിൽ വരെ എത്തിയ യാത്ര, എറണാകുളത്തിനപ്പുറം പോകാതിരുന്ന ഒരു കാലത്തു നിന്നും നൂറോളം രാജ്യങ്ങളിൽ എത്തിയ സഞ്ചാരം, ഒരു സ്‌കൂൾ ടീച്ചർ ജോലിയോ സഹകരണ ബാങ്കിലെ ജോലിയോ പോലും സ്വപ്നത്തിനപ്പുറത്തായിരുന്ന കാലത്തു നിന്നും അന്താരാഷ്ട്ര കമ്പനികളിലേയും ഐക്യരാഷ്ട്ര
സഭയിലേയും ജോലി, നാട്ടിൽ ഒരു പഞ്ചായത്ത് മെമ്പർ പോലും അറിയാതിരുന്നിടത്തു നിന്നും രാഷ്ട്രത്തലവന്മാരുമായി പോലും സൗഹൃദം, ഒരാളോട് പോലും സംസാരിക്കാതിരുന്ന ഒറ്റപ്പെട്ട ഒരു കുട്ടിയിൽ നിന്നും ലോകത്തെവിടേയും സുഹൃത്തുക്കളുള്ള ഒരു കാലത്തേക്കുള്ള യാത്ര, പെൺകുട്ടികളോട് സംസാരിക്കാൻ
നാണിച്ചിരുന്ന ഒരു കൗമാരക്കാരനിൽ നിന്നും സ്ത്രീകളാണ് എൻറെ ഏറ്റവും വലിയ കൂട്ടുകാർ എന്ന് ഉറക്കെ പറയാനുള്ള ധൈര്യത്തിലേക്കുള്ള യാത്ര. അഭിമാനിക്കാൻ ഏറെയുണ്ട്, പ്രതീക്ഷിച്ചതിലും ഏറെ..!
 
ഫേസ്ബുക്കിന് പുറത്തുള്ള എൻറെ ജീവിതം സന്തോഷത്തിന്റേത് മാത്രമല്ല. ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒന്നിന് പുറകെ ഒന്നായി വെല്ലുവിളികളാണ്. ഒന്നിൽ നിന്നും പുറത്തു വരുമ്പോൾ മറ്റൊന്ന്, എത്ര ശക്തിയായി തുഴഞ്ഞാലും പുറത്തുകടക്കാൻ പറ്റാത്ത ക്വിക്ക് സാൻഡിന്റെ ഉള്ളിലാണെന്ന് ചിലപ്പോൾ തോന്നും. എൻറെ ആത്മകഥയുടെ പേര് ‘എൻറെ ജീവിതവും മറ്റു ദുരന്തങ്ങളും’ എന്നാണെന്ന് ഞാൻ പറയുന്നത് തമാശ മാത്രമല്ല.
 
എങ്കിലും എനിക്ക് വിഷമമില്ല. ജീവിതം ഒരു ക്രിക്കറ്റ് പിച്ചിൽ ബാറ്റ് ചെയ്യുന്ന ഒരാളുടേതു പോലെയാണ് ഞാൻ കാണുന്നത്. ചിലർ നമുക്ക് കളിക്കാൻ സൗകര്യത്തിന് നേരെ പന്തെറിയും, ചിലർ ബൗൺസർ, ചിലർ ഗൂഗ്ലിയും. ഇവിടെ ഏതു പന്തെറിയണം എന്നതിന് നിയമങ്ങളില്ല. വരുന്ന ഓരോ ബോളും നാം കളിച്ചേ പറ്റൂ. ജീവിതം നമ്മുടെ നേരെ ബൗൺസറോ ഗൂഗ്ലിയോ എറിയുന്നതിനെ തെറ്റെന്ന് വിളിക്കാൻ മൂന്നാമതൊരു അമ്പയർ ഇല്ല.
 
എങ്ങനെയാണ് ജീവിതത്തിലെ ദുഖങ്ങളുടെ നടുക്ക് നിന്ന് ചിരിക്കാൻ, പോസിറ്റിവ് ആയി ചിന്തിക്കാൻ, മറ്റുള്ളവരുടെ കാര്യങ്ങൾ ആലോചിക്കാൻ കഴിയുന്നത് എന്നൊക്കെ എന്നെ അടുത്തറിയുന്നവർ ചോദിക്കാറുണ്ട്. സംഗതി ലളിതമാണ്. എൻറെ പെരുമ്പാവൂരിലെ വീടിന് ചുറ്റും നിറയെ മരങ്ങളാണ്. കൊന്നയും, വാകയും, ഇലഞ്ഞിയും, മാവും, ചാമ്പയും, പ്ലാവും, ഓറഞ്ചും. ഇതോരോന്നും ഞാൻ തന്നെ നട്ടതാണ്. സത്യത്തിൽ ഒരു മടിയനായ ഞാൻ, ജീവിതത്തിൽ ഏറ്റവും ദുഃഖമുള്ള ദിവസങ്ങളിൽ അശമന്നൂരും ഒക്കലിലും നഴ്സറികളിൽ പോയി മരങ്ങളുടെ തൈ വാങ്ങിവരും. അവ പറമ്പിൽ ഓരോ സ്ഥലത്ത് നടും. ഓരോ മരത്തിന് പിന്നിലും എന്റെയൊരു സങ്കടത്തിൻറെ കഥയുണ്ട്,
എനിക്ക് മാത്രം അറിയാവുന്ന കഥ..! ഇപ്പോൾ വീട്ടിൽ വരുന്ന നിങ്ങൾ കാണുന്നത് മനോഹരമായ മരങ്ങളും, പൂവും, പഴങ്ങളും മാത്രം. ഞാനില്ലെങ്കിലും അതൊക്കെ അവിടെത്തന്നെ കാണും.
 
ഫേസ്ബുക്കിലെ എൻറെ സുഹൃത്തുക്കളും ഫോളോവേഴ്സും (അങ്ങനെയൊരു വേർതിരിവ് എനിക്കില്ല) ആണ് ഇപ്പോൾ എൻറെ മനസ്സിലെ പൂന്തോട്ടം. ഏതൊരു വിഷമത്തിൻറെയും നടുക്ക് നിൽക്കുമ്പോൾ അറിയുന്നതും അറിയാവാത്തവരുമായ, നേരിട്ട് കണ്ടിട്ടുള്ളതും ഇല്ലാത്തതുമായ നിങ്ങളിലേക്കാണ് ഞാൻ ഓരോ ദിവസവും ആശയങ്ങളുടെ വിത്തെറിയുന്നത്. അതൊക്കെ എവിടെയെങ്കിലും വളർന്നു വലുതാകും, പൂക്കും, കായ്ക്കും എന്നതിൽ എനിക്ക് സംശയമില്ല. അവ വളർന്നു പൂത്തു പന്തലിച്ചു കഴിയുമ്പോൾ മനോഹരമായ ഒരു സമൂഹം നമുക്ക് ഉണ്ടാകും, അന്ന് ഞാൻ എന്ന വ്യക്തിക്ക് അത്ര പ്രാധാന്യം ഉണ്ടാവില്ല. ആശയങ്ങളാണ് എക്കാലവും നിലനിൽക്കേണ്ടത്.
 
ഇത്രയേ ഉള്ളൂ പറഞ്ഞുവന്ന കാര്യം. ലോകത്ത് എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ നമുക്ക് ലോകം നന്നാവാനോ, നമ്മുടെ പ്രശ്നങ്ങളെല്ലാം തീരാനോ കാത്തുനിൽക്കേണ്ട കാര്യമില്ല. വാസ്തവത്തിൽ നമുക്ക് ബുദ്ധിമുട്ടുള്ള കാലമാണ് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കൂടുതൽ ശ്രമിക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാകുന്നത് വ്യക്തിപരമായ സന്തോഷത്തിനോ സ്വാർത്ഥത്തിനോ വേണ്ടി കർമ്മം ചെയ്യുമ്പോൾ അല്ല. വ്യക്തിപരമായ ദുഃഖങ്ങൾ ചുറ്റുമുള്ളവരുടെ സന്തോഷത്തെ പറ്റി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള അവസരമാക്കുമ്പോൾ ആണ്.
 
കുരു പൊട്ടുന്നതും കണ്ടം വഴി ഓടുന്നതും ഉൾപ്പടെ സാധാരണ ആളുകൾ ഫേസ്ബുക്കിൽ പഠിക്കുന്ന വാക്കുകളും പാഠങ്ങളും ഞാൻ പഠിച്ചത് ജീവിതത്തിൽ നിന്നാണ്. ജാതി, മതം, പണം, പദവി, ദൈവം, സൗഹൃദം, കുടുംബം, രാഷ്ട്രം, രാഷ്ട്രീയം എന്നിങ്ങനെയുള്ള എല്ലാ വിഷയത്തിലും എന്റെ ചിന്തകൾ അനുഭവത്തിൽ നിന്നുള്ളതാണ്, പുസ്തകത്തിൽ നിന്നുള്ളതല്ല. അതുകൊണ്ടാണ് എൻറെ ആശയങ്ങൾ വായിച്ച് ആർക്ക് കുരുപൊട്ടിയാലും ഞാൻ കണ്ടം വഴി ഓടാത്തത്.
 
പറഞ്ഞു പറഞ്ഞു സെന്റിയിൽ നിന്നും ഫിലോസഫി ആയി. പോട്ടേ , വയസ്സ് അൻപത്തി നാലായി. കേരളത്തിലെ സർക്കാർ സർവീസിലുള്ള എൻറെ കൂട്ടുകാർ റിട്ടയർമെന്റ് പ്ലാനിങ്ങിലാണ്. യു എന്നിൽ ഇപ്പോൾ റിട്ടയർമെന്റ് പ്രായം അറുപത്തി അഞ്ചാണ്, അപ്പോൾ സമയം ഇനിയും ഏറെയുണ്ട്. അമ്മക്ക് എൺപത്തി അഞ്ചു വയസ്സായി, അമ്മാവന് തൊണ്ണൂറ്റി രണ്ടും, അപ്പോൾ ദീർഘായുസ്സിനുള്ള ജീനുകളാണ് കൈയിൽ ഇരിക്കുന്നത്. പിന്നെയെല്ലാം എൻറെ കയ്യിലിരിപ്പ് പോലെ !!
 
ഇന്റർവെല്ലേ ആയിട്ടുള്ളൂ, ഞാൻ ഇവിടെ ഒക്കെത്തന്നെ കാണും….
 
മുരളി തുമ്മാരുകുടി

6 Comments

Leave a Comment