പൊതു വിഭാഗം

അയ്യായിരം രൂപയുടെ കൈക്കൂലി ടൂറിസത്തോട് ചെയ്യുന്നത്

ഹോം സ്റ്റേ നടത്താനുള്ള അനുമതിക്ക് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയപ്പോൾ പിടിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ വീഡിയോ കണ്ടു. എന്തൊരു കഷ്ടമാണ്. വളരെ നല്ല ശന്പളം ആണ് ഇപ്പോൾ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഉള്ളത്. അതും കൃത്യ സമയത്ത് കൊടുക്കുന്നുമുണ്ട് (അങ്ങനെ അല്ലാതിരുന്ന കാലങ്ങൾ ഉണ്ടായിരുന്നു). എന്നിട്ടും ശീലിച്ചത് പാലിച്ചു കൊണ്ടിരിക്കയാണ്.

ഒരു ഹോംസ്റ്റേ നടത്താൻ എത്ര മാത്രം പേപ്പർ വർക്ക് ഉണ്ട് എന്ന് കേട്ടാൽ തന്നെ പകുതി ആളുകൾ അത് വേണ്ട എന്ന് വെക്കും. എന്നിട്ടും അതിന് ഇറങ്ങി പുറപ്പെടുന്നവർക്ക് കാര്യങ്ങൾ വേഗത്തിൽ ചെയ്ത് കൊടുക്കുന്നില്ല എന്നത് പോകട്ടെ, അവരോട് പണം മേടിക്കുന്നു എന്ന് കൂടി വന്നാൽ എങ്ങനെയാണ് ആളുകൾ ഈ പ്രസ്ഥാനത്തിന് ഇറങ്ങി പുറപ്പെടുന്നത്. സംരംഭത്തിൽ നിന്ന് അഞ്ചു പൈസ വരുമാനം വരുന്നതിന് മുൻപാണ് ഈ പിരിവ് എന്ന് ഓർക്കണം.

അത്തരം ചിന്തയൊന്നും ഈ ഉദ്യോഗസ്ഥർക്ക് ഇല്ല എന്ന് തോന്നുന്നു. ഹോം സ്റ്റേ മഹാശ്ചര്യം, നമ്മുടെ വീതം കിട്ടണം എന്നതാണ്. ! വ്യവസായത്തെ കൊല്ലാൻ വേറെന്താണ് വേണ്ടത്?

വാസ്തവത്തിൽ ഹോം സ്റ്റേ നടത്താൻ വരുന്നവർക്ക് സർക്കാർ അങ്ങോട്ട് പണം കൊടുക്കുകയാണ് വേണ്ടത്. ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് നൂറ് ഹോം സ്റ്റേ എങ്കിലും ഉണ്ടാക്കണം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അപ്പോൾ തന്നെ ഒരു ലക്ഷം ഹോം സ്റ്റേ ആയി. പുതിയതായി ഹോം സ്റ്റേ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എന്തൊക്കെ സഹായങ്ങൾ ആണ് വേണ്ടതെന്ന് മനസ്സിലാക്കി അത് പരിശീലനമോ, പണമോ, ഓൺലൈൻ സാന്നിധ്യമോ എല്ലാം കൊടുക്കുക എന്നതായിരിക്കണം ഉദ്യോഗസ്ഥരുടെ ജോലി. പരമാവധി ഹോം സ്റ്റേ കൊണ്ടുവരുന്ന പഞ്ചായത്തിന് കൂടുതൽ ഇൻസെന്റീവ് കൊടുക്കണം.

എന്നാൽ മാത്രമേ നമ്മുടെ നാടിൻറെ ടൂറിസം സാദ്ധ്യതകൾ പരമാവധി ഉപയോഗിക്കാൻ പറ്റൂ. എന്നാൽ മാത്രമേ നമ്മുടെ സന്പദ് വ്യവസ്ഥ വളരൂ. എന്നാൽ മാത്രമേ ഇപ്പോൾ ജോലിയിൽ ഇരിക്കുന്നവർക്ക് പെൻഷൻ സമയത്തിന് കിട്ടൂ. അല്ലെങ്കിൽ സർക്കാർ പെൻഷനും ട്രാൻസ്‌പോർട്ട് വകുപ്പിലെ പെൻഷൻ പോലെ ആകും. അന്ന് ഒരാൾക്ക് പോലും സഹതാപം ഉണ്ടാകില്ല.

മുരളി തുമ്മാരുകുടി

Leave a Comment