പൊതു വിഭാഗം

അഫ്ഘാനിസ്ഥാനിലെ പാറ്റൻ ടാങ്കുകൾ…

“ചേട്ടൻ ഇതുവരെ എത്ര രാജ്യങ്ങളിൽ പോയിട്ടുണ്ട്?”
“കൃത്യമായ നന്പർ ഓർമ്മയില്ല, നൂറെണ്ണം വരെ ഞാൻ എണ്ണിയിട്ടുണ്ട്.”
“ഇതിൽ ഏറ്റവും നല്ല രാജ്യം ഏതാണ്?”
ഏറ്റവും കുഴപ്പം പിടിച്ച ചോദ്യമാണ്. വാസ്തവത്തിൽ എങ്ങനെയാണ് ഏറ്റവും നല്ല രാജ്യം കണ്ടുപിടിക്കുന്നത്? നല്ല ഭൗതിക പുരോഗതി ഉള്ളത്?, നല്ല പ്രകൃതി ഭംഗി ഉള്ളത്?, നന്നായി ആളുകൾ പെരുമാറുന്നത്?, നല്ല കാലാവസ്ഥയുള്ളത്?.
 
സാധാരണ ഗതിയിൽ ഞാൻ ‘സാരേ ജഹാൻ സേ അച്ചാ…. എന്ന് പറയും. ബാക്കി ആളുകൾ പൂരിപ്പിച്ചു കൊള്ളും.
ഞാൻ പോയിട്ടുള്ള രാജ്യങ്ങളിൽ എനിക്ക് ഏറ്റവും കൂടുതൽ അറ്റാച്ച്മെന്റ് ഉള്ള കുറച്ചു രാജ്യങ്ങളുണ്ട്. അതിൽ ഒന്നാമതാണ് അഫ്ഘാനിസ്ഥാൻ.
 
പ്രധാന കാരണം അവിടുത്തെ ആളുകൾക്ക് ഇന്ത്യയോടുള്ള സ്നേഹമാണ്. ഞാൻ കണ്ടിട്ടുള്ള മിക്കവാറും അഫ്ഘാൻ സ്വദേശികൾ ഇന്ത്യയിൽ വന്നിട്ടുണ്ട്, ചിലർ ഇവിടെ പഠിച്ചിട്ടുണ്ട്, ചിലർ ആശുപത്രി ആവശ്യങ്ങൾക്കായാണ്‌ എത്തിയത്. ഇന്ത്യൻ ചലച്ചിത്രങ്ങളും പാട്ടുകളും അവർക്ക് ഇഷ്ടവും മനഃപാഠവും ആണ്.
അഫ്ഘാസ്ഥാനിൽ ഇന്ത്യ ധാരാളം വികസനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ആശുപത്രികളും റോഡുകളുമായി നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യ അവിടെ നടത്തുന്നത്.
പതിറ്റാണ്ടുകളായി യുദ്ധങ്ങളിലും ആഭ്യന്തരകലാപങ്ങളിലും തകർന്നു കിടക്കുന്ന അഫ്ഘാനിസ്താനാണ് ഞാൻ 2003 ൽ അവിടെ ആദ്യമായി എത്തുന്പോൾ കാണുന്നത്.
 
കഠിനാധ്വാനികളാണ് അഫ്ഘാനികൾ, അഭിമാനികളും. ഓരോ തവണയും ഞാൻ അവിടെപ്പോയി തിരിച്ചുവരുന്പോൾ ഉണക്കമുന്തിരിയും മാതളനാരങ്ങയും ഒക്കെയായി സമ്മാനങ്ങൾ തരാതെ അവിടുത്തെ സഹപ്രവർത്തകർ എന്നെ യാത്രയാക്കാറില്ല.
 
അഫ്ഘാനിസ്ഥാനിൽ ഞാൻ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. എല്ലാ ദിവസവും തന്നെ ബോംബുകൾ പൊട്ടുന്ന കാബൂൾ ജലാലാബാദ് റോഡിൽ, ലോകത്തെ ഏറ്റവും മനോഹരമായ പ്രദേശമാണെന്ന് ഞാൻ കരുതുന്ന ബന്ദ്-എ-എമീരിൽ, ലോകപ്രശസ്തമായ ബാമിയാനിൽ, ലോകത്ത് അധികം വിദേശികൾ യാത്ര ചെയ്തിട്ടില്ലാത്ത അഫ്ഘാനിസ്ഥാനെ ചൈനയുമായി ബന്ധിപ്പിക്കുന്ന വഖാൻ ഇടനാഴിയിൽ എല്ലാം ഞാൻ പോയിട്ടുണ്ട്. വഖാൻ ഇടനാഴിക്ക് മുന്നൂറ്റി അന്പത് കിലോമീറ്റർ നീളമുണ്ട്‌, പക്ഷെ ഇരുപത് കിലോമീറ്റർ വീതിയേ ഉള്ളൂ. ഒരു വശത്ത് പാക്കിസ്ഥാൻ, മറുവശത്ത് താജിക്കിസ്ഥാൻ. നടുവിലൂടെയാണ് യാത്ര, മറക്കാനാവാത്ത അനുഭവമാണ്.
 
പൊതുവെ മനോഹരമാണ് അഫ്ഘാനിസ്ഥാൻ, ഏറെ വ്യത്യസ്തമായ ഭൂപ്രകൃതികളും. നദീതീര വനങ്ങളും കൃഷി ചെയ്യാവുന്ന സമതലങ്ങളും ഒരു വശത്ത്, ചന്ദ്ര സമാനമായ കുന്നുകൾ മറുവശത്ത്, മഞ്ഞുമൂടിക്കിടക്കുന്ന ഹിന്ദുക്കുഷ് പർവതം ചിലയിടത്ത്, മരുഭൂമിയിലെ പോലുള്ള പ്രദേശം വേറെ ചിലയിടങ്ങളിൽ. നമുക്ക് പരിചയമില്ലാത്ത, ഭൂമിശാസ്ത്രത്തിൽ പറഞ്ഞുമാത്രം കേട്ടിട്ടുള്ള സ്റ്റെപ്പിസ് പുൽമേടുകൾ ബാമിയാനിൽ നിന്നും പടിഞ്ഞാറോട്ടുള്ള വഴികളിൽ കാണാം. സമാധാനമുള്ള ഒരു കാലം അഫ്ഘാനിസ്ഥാനിൽ എത്തിയാൽ ടൂറിസം മാത്രം മതി അഫ്ഘാനിസ്ഥാന്റെ സന്പദ്‌വ്യവസ്ഥയെ കരകയറ്റാൻ.
 
ഇപ്പോൾ അഫ്ഘാനിസ്ഥാനിലേക്ക് ടൂറിസ്റ്റായി പോകുന്നത് ഇന്ത്യക്കാർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. പക്ഷെ എല്ലാക്കാലത്തും കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശുമൊക്കെ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്ന കാലത്ത് തന്നെ സ്വതന്ത്ര രാജ്യമായിരുന്നു അഫ്ഘാനിസ്ഥാൻ. പ്രശസ്തമായ യൂണിവേഴ്സിറ്റികളും, നല്ല നിലവാരത്തിലുള്ള ആശുപത്രികളും അവിടെ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നും കാബൂളിൽ പോയി ജോലി ചെയ്തിരുന്ന പ്രൊഫസർമാരും ഡോക്ടർമാരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
 
1970 കളിലാണ് അഫ്ഘാനിസ്ഥാന്റെ ചരിത്രം മാറിമറിയുന്നത്. 1973 മുതൽ 2002 വരെ അട്ടിമറികളുടെ, ആഭ്യന്തര യുദ്ധങ്ങളുടെ, പലായനങ്ങളുടെ, കൂട്ടക്കുരുതികളുടെ നാടായിരുന്നു അഫ്ഘാനിസ്ഥാൻ. 2003 ൽ ജനാധിപത്യ സർക്കാർ അവിടെ ഉണ്ടായി. ഇപ്പോഴും സാഹചര്യങ്ങൾ ഉത്തമമല്ലെങ്കിലും കഠിനാധ്വാനത്തോടും ആത്മവിശ്വാസത്തോടും കൂടി അഫ്ഘാൻ ജനത ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
 
അഫ്‌ഗാനിസ്ഥാനിൽ എവിടെ പോകുന്പോഴും നമ്മെ അതിശയിപ്പിച്ചുകൊണ്ടും ഒരു പക്ഷെ നടുക്കിക്കൊണ്ടും യുദ്ധോപകരണങ്ങൾ കിടക്കുന്നത് കാണാം. പീരങ്കികൾ, റോക്കറ്റ് ഇന്ധനങ്ങൾ, ടാങ്കുകൾ എന്നിങ്ങനെ ഒരു ശരാശരി ഇന്ത്യക്കാരൻ ചിത്രങ്ങളിലും സിനിമയിലും റിപ്പബ്ലിക് ഡേ പരേഡിനും മാത്രം കാണുന്ന വസ്തുക്കളൊക്കെ അഫ്ഘാനിസ്ഥാനിലെ ഏതു വഴിയരികിലും ചിലപ്പോൾ പുഴയോരത്തും, മലമുകളിലും കടുകുപാടങ്ങളിലും കാണാം. 1978 മുതൽ 1989 വരെ അഫ്‌ഗാനിസ്ഥാനിൽ വിന്യസിച്ചിരുന്ന റഷ്യൻ സൈന്യം ഉപേക്ഷിച്ച് പോയതാണ്. ശീതയുദ്ധത്തിന്റെ കാലത്ത് അമേരിക്കയും റഷ്യയും തമ്മിലുള്ള പ്രോക്സി യുദ്ധമാണ് അഫ്‌ഗാനിസ്ഥാനിൽ നടന്നിരുന്നത്. ആയിരക്കണക്കിന് ആളുകൾ, കൂടുതലും അഫ്ഘാനികൾ മരിച്ചു. അതിന്റെ നൂറിരട്ടി ആളുകൾ സ്വന്തം നാടു വിട്ടോടി. ആ പലായനത്തിന്റെയും യുദ്ധത്തിന്റെയും കെടുതികളിൽ നിന്നും ഇന്നും അഫ്ഘാനിസ്ഥാൻ മോചിതമായിട്ടില്ല.
 
ഒരു കാലത്ത് അഫ്ഘാനിസ്ഥാനിൽ സമാധാനം ഉണ്ടാകുമെന്നും അന്ന് ലോകത്തെന്പാടുനിന്നും ആളുകൾ അവരുടെ നാടിൻറെ മനോഹാരിത കാണാനും അവരുടെ ആതിഥ്യം സ്വീകരിക്കാനുമായി അഫ്‌ഗാനിസ്ഥാനിൽ എത്തുമെന്നും ഞാൻ ആ നാട്ടുകാരോട് എപ്പോഴും പറയാറുണ്ട്. കൊറോണ പോലുള്ള സംഭവ വികാസങ്ങൾ മനുഷ്യൻ എത്ര നിസ്സാരനാണെന്നും, മനുഷ്യ കുലം എത്രയോ പരസ്പരബന്ധിതമാണെന്നും പീരങ്കികളും ടാങ്കുകളുമല്ല സ്‌കൂളുകളും ആശുപത്രികളും ഉണ്ടാക്കാനാണ് നാം പണം മുടക്കേണ്ടതെന്നും ലോകത്തെ പഠിപ്പിക്കുമെന്നാണ് എന്റെ വിശ്വാസം. അഫ്‌ഗാനിസ്ഥാനിൽ ആളുകൾ സ്വതന്ത്രമായും സുരക്ഷിതമായും സഞ്ചരിക്കുന്ന ഒരു കാലം നമ്മൾ ചിന്തിക്കുന്നതിലും നേരത്തെ ഉണ്ടാകാനും മതി.
 
#യാത്രചെയ്തിരുന്നകാലം
മുരളി തുമ്മാരുകുടി
 
(ചിത്രത്തിൽ കാണുന്നത് പാറ്റൻ ടാങ്ക് (Patton Tank) അല്ല. പിന്നെയെന്തിനാണ് തെറ്റായി പ്രയോഗിച്ചത് എന്ന് തോന്നാം, കാരണമുണ്ട്. കേരളത്തിൽ ഫേസ്ബുക്കിൽ എഴുതുന്നവരിൽ വായനക്കാരുമായി ഏറ്റവുമധികം സംവദിക്കുന്നത് ഞാനാണ്. അതുകൊണ്ടു തന്നെ എന്റെ വായനക്കാർക്ക് എന്നോട് പ്രത്യേകമായ ഒരടുപ്പം ഉണ്ട്, അവരോട് എനിക്കും. എന്റെ വായനക്കാരിൽ ബഹുഭൂരിപക്ഷവും ഞാൻ എഴുതുന്നതിനെ യാതൊരു ജഡ്ജ്‌മെന്റും ഇല്ലാതെ വായിക്കുന്നവരാണ്. എഴുത്തു നന്നായാൽ, അതിൽ നിന്നും എന്തെങ്കിലും പുതിയതായി പഠിച്ചാൽ അവർ എനിക്ക് നന്ദിപറയും. ഇല്ലെങ്കിൽ അടുത്ത ലേഖനത്തിനായി കാത്തിരിക്കും.
 
പക്ഷെ വേറെ ചിലരുണ്ട്, പൊതുവെ ബുദ്ധിജീവികളായവർ. അവർക്ക് ‘ഇയാളൊരു സർവ്വകലാവല്ലഭൻ’ എന്നൊരു പുച്ഛഭാവമാണ്. ഞാൻ എഴുതുന്നതോ എന്റെ വായനക്കാർ അത് വായിക്കുന്നതോ അവർക്ക് ഇഷ്ടമല്ല. പക്ഷെ ഒന്നും പറയാൻ പറ്റില്ലല്ലോ. എന്നെങ്കിലും ഒരിക്കൽ ഞാൻ എഴുതുന്നതിൽ ചെറുതെങ്കിലും ഒരു തെറ്റുണ്ടായാൽ ഇവർ എടുത്തു ചാടി വരും. ഇവിടെയും മറ്റുള്ളിടത്തും പോയി “അയാൾക്ക് ഒരു കുന്തവും അറിയില്ല, അയാൾ യൂറോപ്പിൽ പഠിച്ചിട്ടില്ല, അമേരിക്കയിൽ നിന്നും പി എച്ച് ഡി ഇല്ല, ശാസ്ത്രജ്ഞനല്ല എന്നൊക്കെ പറഞ്ഞ് എന്നെ മോശക്കാരനാക്കാൻ ശ്രമിക്കും. വാസ്തവത്തിൽ ഇത്തരക്കാർ എന്തിനാണ് ഇത്ര ബുദ്ധിമുട്ടി എന്നെ വായിക്കുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. അവർക്ക് ഞാൻ വെക്കുന്ന കെണികളാണ് ഇത്തരം മനഃപൂർവ്വമുള്ള തെറ്റുകൾ.
 
ഇതൊക്കെ ഞാൻ പി എച്ച് ഡി ചെയ്യുന്ന കാലത്ത് പഠിച്ച വിദ്യയാണ്. നമ്മൾ നാലുവർഷം ഗവേഷണം ചെയ്ത് പ്രബന്ധം സമർപ്പിക്കുന്നു. അത് പരിശോധിക്കാനായി ഇന്ത്യയിലും വിദേശത്തുമായി മൂന്നു പ്രൊഫസർമാർക്ക് അയച്ചു കൊടുക്കും. ഒരു തീസിസ് കൈയിൽ കിട്ടിയാൽ അതിൽ എന്തെങ്കിലും നാല് തെറ്റുകൾ കണ്ടുപിടിച്ചില്ലെങ്കിൽ അവരുടെ ജോലി പൂർത്തിയായില്ല എന്നാണ് ഭൂരിഭാഗം പ്രൊഫസർമാരുടെയും വിശ്വാസം. അപ്പോൾ തിസീസ് എഴുതിക്കഴിഞ്ഞാൽ അവർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ പാകത്തിന് വലിയ കുഴപ്പമില്ലത്ത മൂന്നോ നാലോ തെറ്റുകൾ അവിടെ ഇവിടെ ചിതറിയിടും. പ്രൊഫസർമാർ അതുകണ്ടുപിടിക്കും, യുറീക്ക എന്നു പറഞ്ഞ് റിപ്പോർട്ട് എഴുതും. ഗുരുതരമല്ലാത്ത പിഴവായതിനാൽ നമ്മളെ പാസ്സാക്കി വിടുകയും ചെയ്യും. ഇങ്ങനെ ഭൂതക്കണ്ണാടിയുമായി എന്റെ ലേഖനങ്ങളിൽ തെറ്റു കണ്ടുപിടിക്കുന്നവരെ പിടിച്ച് ബ്ലോക്ക് ഓഫീസിൽ ആക്കാനാണ് ഇത്തരം ചേതമില്ലത്ത ചില തെറ്റുകൾ വരുത്തുന്നത്. അഫ്‌ഗാനിസ്ഥാനിൽ ഉണ്ടായിരുന്നത് റഷ്യയാണെന്നും അമേരിക്ക അവിടെ ടാങ്ക് യുദ്ധം നടത്തിയിട്ടില്ലെന്നും അറിയാവുന്ന ബുദ്ധിജീവികൾ ഇവിടെ ഉണ്ടെന്ന് എനിക്കറിയാം. ഞാൻ പറയുന്നത് തെറ്റാണെന്ന് സ്ഥാപിക്കാൻ അവർ അവസാനം വരെ വായിക്കും. മുപ്പത് വയസ്സിൽ അമേരിക്കയിലെ പ്രൊഫസർമാരെ റെഡ് ഹെറിങ് വെച്ച് വളച്ച രണ്ടാമനോടാണ് കളിക്കുന്നത്, ഓർമ്മിച്ചാൽ നന്ന്).

Leave a Comment