പൊതു വിഭാഗം

അപ്രിയമായ സത്യങ്ങൾ!

ഒരു ഡിഗ്രി എടുത്തിട്ട് വല്ല കാര്യവും ഉണ്ടോ എന്ന ചോദ്യം വികസിത രാജ്യങ്ങളിൽ കുട്ടികൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു.

കിട്ടുന്ന ഉത്തരം സുഖകരമല്ല.

കൂടുതൽ തൊഴിൽ സാധ്യത, ഉയർന്ന ശന്പളം ഇതൊക്കെയാണ് സാധാരണ ഗതിയിൽ ഡിഗ്രി എടുത്താൽ ലഭിക്കുമായിരുന്നത്.

“പണത്തിനും ജോലിക്കും വേണ്ടി മാത്രമാണോ ഉന്നത വിദ്യാഭ്യാസം” എന്നുള്ള താത്വികമായ ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകും.

എന്നാൽ ഡിഗ്രി എടുക്കാൻ യൂണിവേഴ്സിറ്റിയിൽ എത്തുന്ന ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങളും ഉയർന്ന ശന്പളവും തന്നെയാണ് ഉന്നത വിദ്യാഭാസം തിരഞ്ഞെടുക്കാൻ കാരണം.

അതുകൊണ്ടാണ് 1980 കൾ മുതൽ പാശ്ചാത്യ രാജ്യങ്ങളിൽ ഡിഗ്രിക്ക് വരുന്നവരുടെ എണ്ണം കൂടിയത്.

ഡിഗ്രി എടുത്തവർക്ക് ഡിഗ്രി എടുക്കാത്തവരെ അപേക്ഷിച്ച് ആയുഷ്കാലത്ത് ഏതാണ്ട് 900,000 ഡോളർ കൂടുതൽ വരുമാനം ഉണ്ടാകുമെന്നാണ് അമേരിക്കയിലെ ഒരു പഠനം കണ്ടെത്തിയത്.

നാലു വർഷം പഠിക്കുന്നത് അപ്പോൾ നഷ്ടക്കച്ചവടം ആയിരുന്നില്ല.

പക്ഷെ കാര്യങ്ങൾ മാറുകയാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഈ ആഴ്ചത്തെ എക്കോണമിസ്റ്റിലെ ലേഖനം പറയുന്നു.

ഉന്നത വിദ്യാഭ്യാസം ചെയ്തത് കൊണ്ട് വരുമാനം കൂടുന്നില്ല എന്ന് മാത്രമല്ല, ചില ഡിഗ്രികൾ ചെയ്യുന്നത് കൊണ്ട് വരുമാനം കുറയും എന്ന് വരെയാണ് കണ്ടെത്തൽ.

ചരിത്രം, ഭാഷ ഒക്കെ ഈ വകുപ്പിൽ പെടും. ഏറെ നാളായി ഞാനും പറയാറുള്ള കാര്യമാണ്.

എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയമാണ് ചരിത്രം. പക്ഷെ അത് ഞാൻ ഡിഗ്രിക്ക് തിരഞ്ഞെടുത്തില്ല.

കാരണം ഹിസ്റ്ററി പഠിച്ചിട്ട് പ്രത്യേകിച്ച് തൊഴിൽ സാധ്യത ഒന്നുമില്ല എന്ന് ഞാൻ നാലു പതിറ്റാണ്ട് മുൻപ് തന്നെ മനസിലാക്കിയിരുന്നു.

അങ്ങനെയാണ് ഞാൻ എൻജിനീയർ ആയത്.

എന്തിനാണ് കേരളത്തിലെ എല്ലാ ആർട്സ് കോളേജുകളിലും ഇപ്പോഴും ചരിത്രം ഒരു ഡിഗ്രിയായി പഠിപ്പിക്കുന്നത്? ഇവിടെ ചരിത്രം പഠിച്ചവർ ചരിത്രവുമായി ബന്ധപ്പെട്ട എന്ത് ജോലിയാണ് ചെയ്യുന്നത് ?

വേണമെങ്കിൽ ഒരു ജില്ലയിൽ ഒരു കോളേജിൽ മാത്രം ചരിത്രം ഒരു ഡിഗ്രി ആയി നിലനിർത്തണം. ബാക്കിയുള്ള ചരിത്ര അധ്യാപകരെ, മറ്റെല്ലാ വിഷയങ്ങളും പഠിക്കുന്നവരെ (എഞ്ചിനീയറിങ്ങ് മുതൽ മെഡിസിൻ വരെ) ഒന്നോ രണ്ടോ ഇലക്ടീവ് കൊടുത്ത് ചരിത്രബോധം ഉള്ളവരാക്കാൻ നിയോഗിക്കാം.

ഇത് ചരിത്രത്തിന്റെ മാത്രം കാര്യമല്ല. ജന്തുശാസ്ത്രം മുതൽ സാന്പത്തിക ശാസ്ത്രം വരെ നമ്മുടെ തൊഴിൽ കന്പോളത്തിൽ ഒട്ടും ഡിമാൻഡ് ഇല്ലാത്ത അനവധി ഡിഗ്രികൾ നമ്മുടെ കോളേജുകൾ നടത്തുന്നുണ്ട്.

വിദേശത്തേക്കുള്ള കുട്ടികളുടെ ഒഴുക്കിന്റെ ഫലമായി നമ്മുടെ കോളേജുകളിൽ കുട്ടികൾ ഏറെ കുറയുകയാണ്. നമ്മുടെ തൊഴിൽ കന്പോളത്തിലും ഇനി ഡിഗ്രിയെക്കാൾ തൊഴിലിലുള്ള അറിവിന് കൂടുതൽ പ്രാധാന്യം വരും.

അതുകൊണ്ട് തന്നെ നമ്മൾ പഠിപ്പിക്കുന്ന ഡിഗ്രികളും തൊഴിൽ കന്പോളത്തിൽ അതിന്റെ ആവശ്യകതയും ചേർത്ത ഒരു പഠനത്തിന് സമയമായി. മുൻപ് ഉണ്ടായിരുന്നു എന്നത് കൊണ്ട് മാത്രം കാലാകാലം കോളേജുകളും ഡിഗ്രികളും തുടരേണ്ട ഒരു ആവശ്യവുമില്ല.

മുരളി തുമ്മാരുകുടി

May be an image of text that says "Success is a science United States, degrees awarded per academic year, % change 2011-21 3 -50 0 50 100 Computer science Engineering Medicine 150 Business Philosophy English* History Religion *Language and literature Source: National Centre for Education Statistics The Economist"

Leave a Comment