പൊതു വിഭാഗം

അതിരാത്രം ശാസ്ത്രമാണോ?

എന്‍റെ ചെറുപ്പത്തില്‍ ജനയുഗം വാരികയില്‍ സ്ഥിരമായി എഴുതിക്കൊണ്ടിരുന്ന ഒരു താടിക്കാരന്‍ ഉണ്ടായിരുന്നു. ഇടമറുക് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. സായി ബാബ എന്നൊരാളെ വെല്ലു വിളിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രധാന ഹോബി. ഈ ഇടമറുകിന്‍റെ ലേഖനത്തില്‍ നിന്നാണ് ഞാന്‍ ആദ്യമായി സായി ബാബയെപ്പറ്റി കേള്‍ക്കുന്നത് തന്നെ. എനിക്കന്ന് ഏഴോ എട്ടോ വയസ്സുണ്ടായിരുന്നു എന്നാണെന്‍റെ ഓര്‍മ.

പില്‍കാലത്ത് എനിക്ക് എന്ത് കൊണ്ടോ ദൈവത്തിന്‍റെ നില നില്പില്‍ സംശയം തോന്നിത്തുടങ്ങിയപ്പോള്‍ എന്‍റെ ചിന്തകള്‍ക് താങ്ങും തണലും ആയതു ഇടമറുകിന്‍റെ ലേഖനങ്ങളും പുസ്തകങ്ങളും ആയിരുന്നു. ക്ലാസ്സിലെ ശരാശരി തര്‍ക്കങ്ങളില്‍ എല്ലാം പിടിച്ചു നില്‍ക്കാനുള്ള സ്കോപ്പ് ആ ലേഖനങ്ങള്‍ എനിക്ക് തന്നു.

ഇടമറുകും സായി ബാബയും ഇപ്പോള്‍ ഇല്ല. ഞാന്‍ ഇത് ഓര്‍ക്കാന്‍ കാരണം ഈ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രത്തിന്‍റെ ശാസ്ത്രീയതയെ പറ്റി ഒരു വിവാദം ഹിന്ദുവില്‍ വായിച്ചതാണ്. കേരളത്തിലെ പ്രധാന പത്രങ്ങളോ മീഡിയയോ ഇത് കവര്‍ ചെയ്തില്ല. വേറെ എന്തൊക്കെ കിടക്കുന്നു.

ഈ വിവാദത്തെ പറ്റി നിങ്ങള്‍ ഇനിയും കേട്ടിട്ടില്ല എങ്കില്‍, താഴെ പറയുന്ന ലിങ്കുകള്‍ വായിക്കുക.

Athirathram: eco changes to be assessed

Findings from Athirathram to be revealed by May 15

‘Athirathram’ had positive impact: study

Claims of researchers challenged

എന്‍റെ ചിന്താ ധാര പൊതുവേ യുക്തിമാര്‍ഗത്തില്‍ ആണെങ്കിലും ഞാന്‍ ഒരു മൌലികവാദി അല്ല. അതുകൊണ്ട് അതിരാത്രം ശാസ്ത്രമാകണമെന്നു എനിക്ക് ഒരു നിര്‍ബന്ധവും ഇല്ല. അതൊരു ആചാരം ആണ്. അതില്‍ താല്പര്യം ഉള്ളവര്‍ കാശ് കൊടുത്തു നടത്തട്ടെ, പങ്കെടുക്കട്ടെ, ആഘോഷിക്കട്ടെ. അത് പോലെ തന്നെ അതിരാത്രം ശാസ്ത്രമല്ല എന്നൊരു മുന്‍ വിധിയും എനിക്കില്ല. ലോകത്തില്‍ ആയിരക്കണക്കിന് ശാസ്ത്രവിഷയങ്ങളും ശാഖകളും ഉള്ളതില്‍ എല്ലാം അഭിപ്രായം പറയാനുള്ള വിവരമോ വിവരക്കേടോ എനിക്കില്ല.

വാസ്തവം പറഞ്ഞാല്‍ ഒരു വിശ്വാസത്തെയും ശാസ്ത്രം വച്ച് അളക്കേണ്ട എന്നാണ് എന്‍റെ അഭിപ്രായം. ഒരു കാലത്ത് ശാസ്ത്രത്തെ വിശ്വാസം വച്ച് അളക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ കുഴപ്പങ്ങള്‍ ശാസ്ത്രം പഠിക്കുന്ന എല്ലാവര്‍ക്കും അറിയാം.

ആയിരക്കണക്കിനു ആളുകള്‍ അതിരാത്രം കാണാന്‍ വന്നു. എന്‍റെ രണ്ടു ബന്ധുക്കള്‍, അനി ചേച്ചിയും ബാബുവും, അത് കാണാന്‍ പോയി. അനി ചേച്ചി ഒരു ബുക്കും ബാബു ഒരു വീഡിയോയും എനിക്കായി കൊണ്ട് വന്നു. ഇവര്‍ രണ്ടു പേരും ഇത് ശാസ്ത്രം ആണോ എന്ന് അന്വേഷിച്ചു പോയതല്ല. ശാസ്ത്ര നിരീക്ഷണത്തിന്‍റെ ഫലം എന്തായാലും ഇവര്‍ അടുത്ത തവണ അത് കാണാന്‍ പോവുകയും ചെയ്യും. സമയം ഉണ്ടായിരുന്നെങ്കില്‍ ഞാനും അതിരാത്രം കാണാന്‍ പോയേനെ. ആചാരങ്ങളില്‍ എനിക്ക് താല്പര്യം ഉണ്ട്. ചൈനയിലെ എക്സ്പോ തൊട്ടു വനിതയുടെ ഹോം ഫെയര്‍ വരെ ആള് കൂടുന്ന എവിടെയും ഞാന്‍ പോകാറും ഉണ്ട്.

ഇനി വിശ്വസിക്കത്തവരുടെ കാര്യം എടുത്താല്‍ അവിടെയും ഈ ശാസ്ത്രം ചിലവാകില്ല. ഇത്രയും കാശ് കൊടുത്തു ഈ പരിപാടി നടത്തിയിട്ടെന്തു കാര്യം എന്നാണ് അവരുടെ ചോദ്യം. യാഗശാലയിലെ ഇഷിട്ക നാല്‍പതു കൊല്ലത്തിനു ശേഷവും ബാക്ടീരിയ തൊടാതെ ഇരിക്കുന്നു എന്നൊരു കണ്ടുപിടുത്തം ഉണ്ട്. ഇത് ശരിയാണെങ്കില്‍ തന്നെ ഒരു ഇഷ്ടിക കേടു കൂടാതെ ഇരുത്താന്‍ ഇതിലും എളുപ്പവും ചെലവ് കുറഞ്ഞതും ആയ എത്രയോ മാര്‍ഗങ്ങള്‍ ഉണ്ടെന്നെ ഒരു അവിശ്വാസിക്കു തോന്നൂ. ബോര്‍ഡോ മിക്സ്ച്ചറില്‍ ഇട്ടു കുറച്ചു നേരം കഴിഞ്ഞു എടുത്തു വച്ചാലും പോരേ? ഇഷ്ടിക ഉണ്ടാക്കുമ്പോള്‍ കുറച്ചു കുമ്മായവും കൂടി ചേര്‍ത്താലോ? എന്നിങ്ങനെ പലതും അവര്‍ ആലോചിക്കും. കൊച്ചിയിലെ കൊതുകുശല്യം കുറക്കാന്‍ ഒരു യാഗം വഴി മലിന ജലം ശുദ്ധമാക്കുന്നതിനെപറ്റി അവര്‍ ആലോചിക്കാന്‍ സാധ്യത കുറവാണ്.

എന്ന് വച്ച് വിശ്വാസത്തെ ശാസ്ത്രം വച്ച് അളക്കുന്നത് ഒരു നിരുപദ്രവമോ നിഷ്കളങ്കമോ ആയ കാര്യം അല്ല. യുക്തിയുടെയും ഭക്തിയുടെയും ഇടയ്ക്കു നില്‍ക്കുന്ന ആളുകളെ ആണ് ഇത് ഏറ്റവും സ്വാധീനിക്കുന്നത്. പ്രത്യേകിച്ച് കുട്ടികളെ. ലോകത്തിന്‍റെ ഇപ്പോഴത്തെ നിലയില്‍ ശാസ്ത്രത്തെപ്പറ്റി അറിയുന്നതിനും എത്രയോ മുന്‍പ് കുട്ടികള്‍ വിശ്വാസത്തെയും ആചാരത്തെയും പറ്റി അറിയുന്നു ആചരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഒരു പരിധി വരെ വിശ്വാസത്തിലേക്ക് കുട്ടികള്‍ ബ്രെയിന്‍ വാഷ്‌ ചെയ്യപ്പെടുകയാണ്.

അപ്പോള്‍ വിശ്വാസം അടിയുറക്കാത്തതും എന്നാല്‍ യുക്തിചിന്ത വളരുന്നതുമായ പ്രായത്തില്‍ ഒരു ഏഴ് വയസ്സുകാരന് വിശ്വാസികളുടെ പിടിയില്‍ നിന്നും രക്ഷപെടുക അത്ര എളുപ്പം ഉള്ള കാര്യം അല്ല. നമ്മുടെ ചുറ്റും വേണ്ടപ്പെട്ടവരും ഉത്തരവാദപ്പെട്ടവരും സ്നേഹിക്കുന്നവരും എല്ലാം പൊതുവേ വിശ്വാസികളാണ്. അവരോടു എതിര്‍ത്ത് നില്‍ക്കുക എളുപ്പമല്ല. ന്യായം കൊണ്ടും പ്രായം കൊണ്ടും അവര്‍ നമ്മെ നേരിടും എന്നത് എന്‍റെ വ്യക്തിപരമായ അനുഭവം ആണ്. നമ്മോടു യുക്തി വാദിച്ചു തോല്കുമ്പോള്‍ അവര്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്. “അപ്പൊ ഈ അറിവുള്ള ശാസ്ത്രഞ്ജന്മാര്‍ ഒക്കെ വിശ്വസിക്കുന്നതോ?”

ഈ ചോദ്യത്തിന് എനിക്ക് വ്യക്തമായ ഉത്തരം കിട്ടിയത് പത്താം ക്ലാസ്സിലെ വിശ്വ വിഖ്യാതമായ മൂക്ക് എന്ന കഥയില്‍ നിന്നാണ്. മൂക്ക് നീണ്ടു എന്നത് കൊണ്ട് മാത്രം ഒരാളുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ട ഒരു കാര്യവും ഇല്ല. ഗുരുവായൂരപ്പനെ പറ്റി മാധവന്‍ നായര്‍ക്കുള്ള അഭിപ്രായത്തിനു റോക്കറ്റ് വിക്ഷേപണത്തെ പറ്റി കാവ്യ മാധവന്‍റെ അഭിപ്രായത്തിന്‍റെ വിലയേ നമ്മള്‍ കൊടുക്കേണ്ട കാര്യം ഉള്ളൂ. പക്ഷെ ഒരു എഴാം ക്ലാസ്സുകാരന് ഇത് അറിയില്ലല്ലോ. (രണ്ടുപേരോടും അവരുടെ ഫീല്‍ഡില്‍ ബഹുമാനം ഉള്ള ആള്‍ ആണ് ഞാന്‍).

വാസ്തവത്തില്‍ നമ്മുടെ ചുറ്റും തീവ്ര വിശ്വസികളോ അവിശ്വസികളോ ഇല്ല എന്നതാണ് എന്‍റെ അനുഭവം. ഇതും നമ്മുടെ ജീവിത സാഹചര്യങ്ങളുടെ ഭാഗം ആണ്. നമ്മള്‍ കാണുന്ന കൂടുതല്‍ ശാസ്ത്രഞ്ജന്മാരും (ശാസ്ത്ര അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി ശാസ്ത്രം കൊണ്ട് ജീവിക്കുന്ന മറ്റുള്ളവര്‍ ഉള്‍പ്പെടെ) വിശ്വാസികള്‍ ആണ്. അതുപോലെ സത്യം പറഞ്ഞാല്‍ കൂടുതല്‍ പുരോഹിതന്മാരും (ജ്യോത്സ്യന്മാര്‍, മന്ത്രവാദികള്‍ എന്നിങ്ങനെ വിശ്വാസം കൊണ്ട് ജീവിക്കുന്നവര്‍ ഉള്‍പടെ) ആവശ്യം വരുമ്പോള്‍ വിശ്വാസം വിട്ടു ശാസ്ത്രത്തിന്‍റെ പിന്തുണ തേടുന്നവരും ആണ്. പേരുകേട്ട ശാസ്ത്രഞ്ജന്‍മാര്‍ കൊല്ലത്തില്‍ ‍ ഒരിക്കല്‍ അമ്പലത്തില്‍ പോകുന്നത് പലപ്പോഴും വാര്‍ത്ത ആകാറുണ്ട് എങ്കിലും അതിലും പേരുകേട്ട ആള്‍ ദൈവങ്ങള്‍ മാസങ്ങളോളം ആശുപത്രിയില്‍ കിടക്കുന്നത് വാര്‍ത്ത ആകാറില്ല എന്നത് എന്നെ അതിശയിപ്പിക്കാറുണ്ട്. വചനം കൊണ്ട് വേരികൊസ് വെയിനിലെ തടിപ്പ് മുതല്‍ കാന്‍സര്‍ വരെ ചികിത്സിക്കുന്ന ഒരു മാന്യദ്ദേഹം പല്ല് വേദന വരുമ്പോള്‍ ആരും അറിയാത് ബംഗ്ലൂരിലെ ആശുപത്രിയില്‍ പോകുന്ന കാര്യം എനിക്കറിയാം. ഇത് ശരിയല്ലെന്ന് അദ്ദേഹത്തിനു എങ്കിലും തോന്നുന്നുണ്ട്. എനിക്കും.

അത് പോട്ടെ, അതിരാത്രം ശാസ്ത്രം ആണെങ്കിലും അല്ലെങ്കിലും അതിരാത്രത്തെ ശാസ്ത്രം വച്ച് അളക്കേണ്ട എന്ന് പറയുന്നത് ശാസ്ത്രീയം അല്ല. നിര്‍ബന്ധമുള്ളവര്‍ അളക്കട്ടെ. അത് അളക്കുന്നവര്‍ വിശ്വാസം ഇല്ലാത്ത ശാസ്ത്രഞ്ജന്‍മാര്‍ തന്നെ ആയിരിക്കണമെന്നും ഇല്ല. ശാസ്ത്രീയമായി അളക്കുമ്പോള്‍ ശാസ്ത്രത്തിന്‍റെ രീതികള്‍ പിന്തുടരാന്‍ അളക്കുന്നവര്‍ ബാധ്യസ്ഥരാണ്. അത്രയേ ശാസ്ത്രലോകത്തിനു നിര്‍ബന്ധിക്കാവൂ.

ചുരുക്കി പറഞ്ഞാല്‍ അഞ്ചു കാര്യങ്ങളാണ് മിനിമം ആയി ഈ തരം പരീക്ഷണങ്ങളില്‍ നമ്മള്‍ പാലിക്കേണ്ടത്.

1 . കാര്യവും കാരണവും തമ്മില്‍ correlation അല്ലാതെ causality link ഉണ്ടെന്നു വ്യക്തമാകാന്‍ ഈ പരീക്ഷണ ഫലങ്ങള്‍ കൊണ്ട് സാധിക്കണം. Control experiment വ്യാപകമായി ആസൂത്രണം ചെയ്താലേ ഇത് നടക്കൂ.

2 . പരീക്ഷണ രീതികള്‍ വ്യക്തമായി പുറത്തു പറയണം. സാധിക്കുമെങ്കില്‍ മുന്‍പ് ഉപയോഗിക്കപ്പെട്ട രീതികള്‍ ആയിരിക്കണം

3. പരീക്ഷണത്തിന്‌ ഉപയോഗിക്കുന്ന വസ്തുക്കള്‍ purity ഉള്ളതും ഉപകരണങ്ങള്‍ calibrate ചെയ്തതും ആയിരിക്കണം. ഈ രണ്ടിന്‍റെയും specifications പബ്ലിക്‌ ആയി റിപ്പോര്‍ട്ട്‌ ചെയ്യണം.

4. പരീക്ഷണങ്ങള്‍ പല കുറി ആവര്‍ത്തിച്ചു കിട്ടുന്ന ഫലങ്ങളുടെ ശരാശരിയും വ്യതിയാനവും കണ്ടുപിടിക്കുകയും റിപ്പോര്‍ട്ട്‌ ചെയ്യുകയും വേണം.

5 . പരീക്ഷണ ഫലങ്ങള്‍ നിക്ഷ്പക്ഷരായ ചുരുങ്ങിയത് മൂന്നു ശാസ്ത്രഞ്ജന്മാര്‍ എങ്കിലും വായിച്ചു അംഗീകരിച്ചിരിക്കണം.

അതിരാത്ര ശാസ്ത്രത്തിന്‍റെ പൂര്‍ണമായ റിപ്പോര്‍ട്ട്‌ ഒരു സ്ഥലത്തും ലഭ്യമല്ല. അത് കൊണ്ട് മുന്‍ പറഞ്ഞ കാര്യങ്ങള്‍ എത്രമാത്രം പാലിച്ചിട്ടുണ്ട് എന്ന് എനിക്ക് പറയാന്‍ പറ്റില്ല. അങ്ങനെ ഒരു റിപ്പോര്‍ട്ട്‌ ഉണ്ടെങ്കില്‍ അത് കാണാന്‍ എനിക്ക് വളരെ താല്പര്യം ഉണ്ട്.

എങ്കിലും വായിച്ചിടത്തോളം വച്ച് പറഞ്ഞാല്‍ മിക്കവാറും കാര്യത്തില്‍ ഒരു അന്താരാഷ്ട്ര ജേര്‍ണല്‍ ആവശ്യപ്പെടുന്ന കൃത്യ നിഷ്ഠ പാലിച്ചതായി തോന്നുന്നില്ല. ഉദാഹരണത്തിന് യാഗശാലയുടെ ചുറ്റും വിത്ത് കുഴിച്ചിട്ടു അത് മുളക്കാന്‍ എടുക്കുന്ന സമയം നോക്കുന്ന ഒരു പരീക്ഷണം നടത്തിയിട്ടുണ്ട്. വിത്ത് സാധാരണയുടെ 2000 ഇരട്ടി വരെ വേഗത്തില്‍ മുളച്ചു എന്നാണ് നിരീക്ഷണം. എന്നാല്‍ ഈ വിത്ത് കുഴിച്ചിട്ട സ്ഥലത്തുള്ള മറ്റുള്ള കാര്യങ്ങള്‍ (ആഴം, ചൂട്, ഈര്‍പ്പം, തണല്‍, മണ്ണിന്‍റെ സ്വഭാവം) എന്നിവ പരിശോധിച്ചിരുന്നുവോ, എത്ര വിത്ത് മുളച്ച സമയം അളന്നാണ് ശരാശാരിയെടുത്തത്, ശരാശരി സമയത്തില്‍ നിന്നും ഏതെങ്കിലും വിത്ത് വളരെ കൂടുതലോ കുറച്ചോ സമയത്ത് മുളച്ചിരുന്നുവോ, യാഗശാലയുടെ അടുത്തല്ലാതെ ഇതുപോലുള്ള സ്ഥലങ്ങളില്‍ വിത്ത് കുഴിച്ചിട്ടിരുന്നുവോ എന്നിങ്ങനെ ശാസ്ത്രത്തിനു ആവശ്യമായ ഒരു ചോദ്യത്തിനും ഉത്തരം
ഞാന്‍ കണ്ടില്ല. ഇനി ഇതെല്ലം ശരിയയിരുന്നുവെങ്കില്‍ തന്നെ അതും മന്ത്രവും തമ്മിലുള്ള ബന്ധം എങ്ങനെയാണു അളന്നതും സ്ഥാപിച്ചതും?

കെട്ടിടത്തോളവും കണ്ടിടത്തോളവും ശാസ്ത്രത്തിന്‍റെ രീതികളില്‍ പരിചയം ഉള്ള ആളുകള്‍ തന്നെ ആണ് ഈ പരീക്ഷണം നടത്തിയിട്ടിള്ളത്. അത് കൊണ്ട് ഞാന്‍ പറഞ്ഞ പോലെ പരീക്ഷണ വിവരവും ഫലങ്ങളും അവര്‍ പങ്കു വക്കും എന്ന് തന്നെ ആണ് എന്‍റെ വിശ്വാസം. സാധാരണ ഗതിയില്‍ പരീക്ഷണം കഴിഞ്ഞു ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷമേ ശാസ്ത്രത്തിന്‍റെ രീതികള്‍ പിന്തുടര്‍ന്ന് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പറ്റാറുള്ളൂ. കാത്തിരുന്നു കാണാം.

എന്നാല്‍ ഈ റിപ്പോര്‍ട്ട്‌ എനിക്ക് ഈ വര്‍ഷം കിട്ടുകയാണെങ്കില്‍, എനിക്ക് തീര്‍ത്തും ശാസ്ത്രീയമായ ഒരു ഐഡിയ ഉണ്ട്. അടുത്ത വര്‍ഷത്തെ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്‌ കേരളത്തില്‍ ആണെന്ന് കേട്ടു. ഈ പരീക്ഷണം സി പി എം സമ്മേളന വേദിക്കരികെ നടത്താന്‍ ഞാന്‍ യുക്തിവാദികളോട് ആവശ്യപ്പെടാം. അതില്‍ നിന്നും മൂന്നു കാര്യങ്ങള്‍ നമുക്ക് മനസിലാക്കാം.

1 വിത്തുകള്‍ക് മലയാളവും സംസ്കൃതവും തിരിച്ചറിയാനുള്ള കഴിവുണ്ടോ?
2 മുദ്രവാക്യമാണോ മന്ത്രമാണോ വിത്തുകളെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നത്?
3 മാര്‍ക്സിസം ശാസ്ത്രീയമാണോ?

ഇതൊരു തമാശയോ വെല്ലുവിളിയോ അല്ല. ശാസ്ത്രത്തിന്‍റെ രീതികളില്‍ പരിചയം ഉള്ള ഒരു ആളുടെ സ്വാഭാവിക ചിന്ത മാത്രം.

Leave a Comment