പൊതു വിഭാഗം

‘ഹോ’ (ഞാൻ) ഒരു സംഭവം തന്നെ…

കഴിഞ്ഞ ആറു വർഷത്തിനകം ഡി സി ബുക്സിൽ നിന്ന് തന്നെ ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇതിൽ കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ ‘ചില നാട്ടുകാര്യങ്ങൾ’ മുതൽ പ്രളയകാലത്തെഴുതിയ ‘പെരുമഴ പകർന്ന പാഠങ്ങൾ’ വരെയുണ്ട്. ഏറ്റവും പുതിയ പുസ്തകമായ ‘അതിരുകളില്ലാത്ത ലോകം’ എന്ന പുസ്തകത്തെപ്പറ്റി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 
ഞാൻ എഴുതിയ പുസ്തകങ്ങളിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ ഒരു പുസ്തകമാണ് ‘ഹോ’. സ്വാതന്ത്ര്യാനന്തര കേരളത്തിൽ ഉണ്ടായിട്ടുള്ള പലവിധ ദുരന്തങ്ങൾ, അതിൻറെ കാരണങ്ങൾ, ഇനി വരാനുള്ള ദുരന്തങ്ങൾ, അവക്കുള്ള പരിഹാരങ്ങൾ എന്നിവയെല്ലാം എഴുതിയ ഒരു പുസ്തകമാണ്. 2018 ലെ പ്രളയം അതിൽ കൃത്യമായി പ്രവചിച്ചിരുന്നു.
 
എൻറെ സ്ഥിരം വായനക്കാർക്ക് എൻറെ ലേഖനങ്ങളും ആശയങ്ങളും പരിചിതമായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളോട് ഈ പുസ്തകങ്ങൾ വീണ്ടും വാങ്ങണമെന്ന് പറയുന്നതിൽ അർത്ഥമില്ല. പക്ഷെ എന്നെ വായിക്കാത്ത ആളുകളിൽ ഈ വിഷയങ്ങളും സന്ദേശങ്ങളും എത്തണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ഈ പുസ്തകങ്ങൾ വാങ്ങി സുഹൃത്തുക്കൾക്കോ ലൈബ്രറികൾക്കോ സ്‌കൂളുകൾക്കോ നൽകണം.
 
കൂടാതെ നിങ്ങൾക്ക് ചുമ്മാ ചെയ്യാവുന്ന ഒരു സഹായം കൂടിയുണ്ട്. ഡി സി ബുക്സിന്റെ കടകളിൽ പോകുന്പോൾ, അല്ലെങ്കിൽ കേരളത്തിലെ വിമാനത്താവളത്തിൽ വെറുതെ സമയം കളയുന്പോൾ ഡി ബുക്സിന്റെ ഷോപ്പിൽ പോയി “ഇവിടെ മുരളി തുമ്മാരുകുടിയുടെ പുസ്തകങ്ങൾ ഇല്ലേ?” എന്നൊന്ന് ചോദിച്ചേക്കണം. പുള്ളി ഒരു സംഭവമാണെന്നും പുസ്തകങ്ങൾക്ക് നല്ല ഡിമാൻഡ് ഉണ്ടെന്നും അവർക്ക് തോന്നിക്കോട്ടെ. അതോടെ അവർ എന്റെ പുസ്തകമെടുത്ത് മുൻനിരയിൽ വച്ചോളും !!
 
പുസ്തകങ്ങൾ ഓർഡർ ചെയ്യാനുള്ള ലിങ്ക് ഒന്നാമത്തെ കമന്റിൽ…
 
മുരളി തുമ്മാരുകുടി
 

Leave a Comment