പൊതു വിഭാഗം

രണ്ടു നക്ഷത്രങ്ങൾ കണ്ടു മുട്ടുന്പോൾ…

നഗരങ്ങളിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം (urban floods) ഇപ്പോൾ ഒരു ആഗോള പ്രശ്നമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ മഴയുടെ തീവ്രത കൂടുന്നതും, പണ്ട് മഴക്ക് ഒഴുകിപ്പോകാനും മഴവെള്ളം ശേഖരിക്കാനും നഗരങ്ങളിലും നഗരതിർത്തിയിലും ഉണ്ടായിരുന്ന തുറസ്സായ പ്രദേശങ്ങളും ചെറിയ തോടുകളും തണ്ണീർത്തടങ്ങളും ആവാസ കേന്ദ്രങ്ങൾ ആയിമാറിയതും ഇതിന് കാരണമാണ്. കാലാവസ്ഥ വ്യതിയാനം സമുദ്രനിരപ്പിൽ വർദ്ധനവ് ഉണ്ടാക്കുന്നതോടെ തീരദേശ നഗരങ്ങളിൽ ഇത് കൂടുതൽ പതിവാകും.
 
നഗരങ്ങളിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളുടെ മാത്തമറ്റിക്കൽ മോഡലിങ്ങിൽ വിദഗ്ദ്ധയായ Twinkle Tom കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും എഞ്ചിനീയറിങ്ങ് പഠിച്ചതിന് ശേഷം സിംഗപ്പൂരിലെ Nanyang Technological University, Singapore നാൻ യാങ്ങ് ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയും അമേരിക്കയിലെ Stanford University സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയും യോജിച്ച് നടത്തുന്ന മാസ്റ്റേഴ്സ് ബിരുദവും കരസ്ഥമാക്കിയതിന് ശേഷം അവർ സിംഗപ്പൂർ നഗരത്തിലെ വെള്ളപ്പൊക്കം മോഡൽ ചെയ്യുന്ന ടീമിൽ ജോലി ചെയ്യുകയായിരുന്നു. കേരളവുമായി പല തരത്തിലും സാമ്യമുള്ള പ്രദേശമാണ് സിംഗപ്പൂർ, അതിനാൽ അവരുടെ അറിവും പരിചയവും നമുക്ക് ഏറെ വിലപ്പെട്ടതാണ്.
 
വിവാഹത്തിന് ശേഷം അവർ തിരിച്ച് കേരളത്തിൽ എത്തി. അങ്ങനെയാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. ഈ വിഷയത്തിൽ കേരളത്തിൽ ഒരു മാർഗ്ഗ നിർദ്ദേശം ഉണ്ടാക്കാനും ലോകത്തെ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരെ ഈ വിഷയം പഠിപ്പിക്കാനുമായി ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയോട് ചേർന്ന് അവർ പ്രവർത്തിച്ചിട്ടുണ്ട്.
 
സിംഗപ്പൂരിൽ ആയിരുന്ന സമയത്ത് അവർ മറ്റൊരു കാര്യം കൂടി പഠിച്ചു. വെസ്റ്റേൺ സ്റ്റൈലിൽ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന രീതി. ഒരു ഹോബിയായി തുടങ്ങിയതാണെങ്കിലും ഇപ്പോൾ കേരളത്തിൽ ഈ മേഖലയിൽ അറിയപ്പെടുന്ന ആളാണ്. നാട്ടിലെ ആളുകളുടെ താല്പര്യം അനുസരിച്ച്, അളവുകൾ എടുത്ത് ഡിസൈൻ ചെയ്യും. പിന്നെ ലോകത്തെ ഏറ്റവും മേന്മയേറിയ തുണിത്തരങ്ങൾ സംഘടിപ്പിച്ച് കൃത്യതയോടെ തുന്നിക്കൊടുക്കും. ഓൺലൈൻ ആയതോടെ കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തുള്ളവർക്കു വേണ്ടിയും ഇപ്പോൾ ട്വിങ്കിൾ ഡിസൈൻ ചെയ്യുന്നുണ്ട്. D’Aisle Bridals എന്നാണ് കന്പനിയുടെ പേര്.
 
ഈ വീഡിയോ അവർ പുതിയതായി ചെയ്ത വിവാഹ വസ്ത്രങ്ങളുടേതാണ്. അല്പം പ്രത്യേകതയുള്ള ഈ വിവാഹത്തിൽ ആസ്സാമിൽ നിന്നുള്ളവരാണ് ദന്പതികൾ, രണ്ടുപേരും സ്ത്രീകളാണ്. Humans of Bombay ഹ്യൂമൻസ് ഓഫ് മുംബൈ സീരീസിൽ വന്നിട്ടുള്ള പേരുകേട്ട ഇവരുടെ വിവാഹത്തിന് വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു കൊടുത്തത് ട്വിങ്കിൾ ആണ്. എത്ര മനോഹരമായ വിവാഹവും വിവാഹ വസ്ത്രങ്ങളും ആണെന്ന് നോക്കൂ. കൈപിടിക്കുന്പോൾ ആ മുഖത്തെ സ്നേഹഭാവം ഒന്ന് കാണേണ്ടത് തന്നെയാണ്.
 
പുതിയ ലോകത്ത് തൊഴിൽ രംഗത്തെ കരിയർ ട്രാൻസിഷൻ എന്നുള്ള വിഷയത്തെ പറ്റി ഞാൻ പറയാറുണ്ടല്ലോ. ഒരു തൊഴിലിൽ നിന്നും മറ്റൊരു തൊഴിലിലേക്ക് മാറുന്നതിന്റെ നല്ലൊരു മാതൃകയാണ് ഇത്.
 
ഈ വിഷയത്തിൽ താല്പര്യമുള്ളവർ ഫോളോ ചെയ്യാൻ മടിക്കേണ്ട. എപ്പോഴാണ് ആവശ്യം വരിക എന്ന് പറയാൻ പറ്റില്ലല്ലോ !!
 
മുരളി തുമ്മാരുകുടി

Leave a Comment