ഏകദേശം ഇരുപത് വർഷമായി സ്വിറ്റ്‌സർലണ്ടിൽ ജീവിച്ചു തുടങ്ങിയിട്ട്. എനിക്ക് ശേഷം വന്നവർ പോലും ഇവിടെ പൗരത്വം എടുത്തു കഴിഞ്ഞു. എല്ലാ കാലവും സ്വിറ്റ്സർലണ്ടിൽ ജീവിക്കണം എന്ന ആഗ്രഹം എനിക്കില്ല. പാരീസിലും ലണ്ടനിലും വിയന്നയിലും താമസിക്കുന്നതിനേക്കാൾ എനിക്കിഷ്ടം വെങ്ങോലയിൽ ജീവിക്കാനാണ്.
എന്നാൽ മരിക്കുന്ന കാര്യത്തിൽ ചിന്തയിൽ അല്പം മാറ്റമുണ്ട്. സ്വിറ്റ്‌സർലണ്ടിലെ ശ്മശാനങ്ങൾ കണ്ടാൽ പൂന്തോട്ടങ്ങൾ പോലെയാണ്. ഉച്ചക്കൊക്കെ ആളുകൾ ചുമ്മാതെ നടക്കാൻ പോകുന്നതും ചിലപ്പോൾ ചൂട് കായുന്നതും പുൽത്തകിടിയിൽ കിടന്നു വായിക്കുന്നതും അവിടെയാണ്. അത് കാണുന്പോൾ ചത്തുകഴിഞ്ഞ് അവിടെ കിടന്നാൽ മതിയെന്ന് തോന്നും.
കൊതിപ്പിക്കാനായിട്ട് സ്വിസ്സുകാർ ഒരു പുതിയ യന്ത്രം കൂടി കണ്ടു പിടിച്ചിട്ടുണ്ട്. മരിക്കണം എന്ന് തോന്നുന്നവർക്ക് അതിൽ കയറിക്കിടന്ന് സ്വയം സ്വിച്ച് ഓൺ ചെയ്യാം, ഒറ്റ മിനുട്ടിൽ കാര്യം കഴിയും. സുഖ മൃത്യു !!
എന്നുവെച്ച് എല്ലാവർക്കും ഇതിൽ കയറിക്കിടന്നു വടിയാവാനുള്ള അവകാശം ഒന്നുമില്ല. ആർക്കാണ് സ്വയം മരണവും മരണ സമയവും തിരഞ്ഞെടുക്കാൻ അവകാശമുള്ളത് എന്നതിന് കൃത്യമായ നിയമങ്ങളുണ്ട്. ഇങ്ങനെ മരണം തിരഞ്ഞെടുക്കുന്നവർക്ക് വൈദ്യശാസ്ത്ര സഹായം നൽകാനുള്ള സംവിധാനം സ്വിറ്റ്‌സർലണ്ടിൽ ഉണ്ട്. മറ്റു പല രാജ്യങ്ങളിലും ഇത്തരം നിയമങ്ങൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഏറ്റവും ആധുനികമായ നിയമങ്ങൾ ഉള്ളത് സ്വിറ്റ്‌സർലൻഡിൽ ആണ്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ നിന്ന് മാത്രമല്ല ദൂരെ ആസ്‌ട്രേലിയയിൽ നിന്ന് പോലും മരിക്കാനായി ആളുകൾ സ്വിറ്റ്സർലാൻഡിലേക്ക് എത്തുന്നു. Death Tourism എന്ന വാക്ക് തന്നെ സ്വിറ്റ്‌സർലണ്ടിൽ നിന്നാണ് ഉണ്ടാകുന്നത്.
പ്രായമായ ആളുകളുടെ എണ്ണം കൂടുന്നതോടെ ജീവിതത്തിന്റെ ഗുണ നിലവാരം കുറയുകയും ജീവിതം മുന്നോട്ട് പോകുന്നത് മാനസികമായോ ശാരീരിയാകമായോ ഏറെ ബുദ്ധിമുട്ടുള്ളതായി തോന്നുകയും ചെയ്യുന്നവരുടെ എണ്ണവും കൂടും. അവരിൽ കുറച്ചു പേർക്കെങ്കിലും ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നും. പക്ഷെ ഇന്ന് കേരളത്തിൽ ഇതിന് യോജിച്ച നിയമങ്ങൾ ഇല്ല. ഇതിന് നിർഭാഗ്യകരമായ പ്രത്യാഘാതങ്ങളുണ്ട്. രോഗവും പ്രായവും ഏറെ തളർത്തിയ പങ്കാളികളെ സ്നേഹം കൊണ്ട് കൊന്നു കളഞ്ഞിട്ട് മരിക്കാൻ ശ്രമിക്കുകയോ മരിക്കുകയോ ചെയ്യുന്ന പങ്കാളികളുടെ കഥ നമ്മൾ ഇപ്പോൾ ഇടക്കിടക്ക് കേൾക്കുന്നു. ഇനി അത്തരം കേസുകൾ കൂടി വരും.
മരണം സംസാരിക്കാൻ ഒട്ടും സുഖമുള്ള കാര്യമല്ല. നിയമം നിർമ്മിക്കുന്നവർക്ക് മരിക്കാനുള്ള നിയമം നിർമ്മിക്കാൻ പ്രത്യേകിച്ച് സമയവും താല്പര്യവും ഉണ്ടായി എന്ന് വരില്ല. പക്ഷെ പ്രായവും രോഗവും ഒക്കെ കാരണം ജീവിതത്തിന്റെ ഗുണ നിലവാരം വല്ലാതെ കുറഞ്ഞിട്ട് ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നുന്നവർക്ക് നിയമപരമായി അത് ചെയ്യാനുള്ള സംവിധാനത്തെ പറ്റി ചിന്തിക്കാനുള്ള സമയമായി. ഇതിന് നല്ല മാതൃകകൾ പലതുണ്ട്.
നാളെ, ജനുവരി 23 ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് ക്ലബ്ബ് ഹൗസിൽ ഈ വിഷയത്തെ പറ്റി ചർച്ച ചെയ്യുന്നു. Neyyan Rasheed ആണ് മോഡറേറ്റർ,
വരൂ നമുക്ക് സംസാരിക്കാം
മുരളി തുമ്മാരുകുടി
Leave a Comment