പൊതു വിഭാഗം

എത്യോപ്യൻ വിമാനാപകടം.

ആഡിസ് അബാബയിൽ നിന്നും നൈറോബിയിലേക്ക് പറന്നുയർന്ന എത്യോപ്യൻ എയർലൈൻസ് വിമാനം ആറുമിനുട്ടിനുള്ളിൽ തകർന്നു വീണ വാർത്ത ഇതിനകം നിങ്ങൾ വായിച്ചിരിക്കുമല്ലോ.
 
വിമാനത്തിൽ 157 പേർ ഉണ്ടായിരുന്നുവെന്നും അതിൽ ആരും രക്ഷപ്പെട്ടില്ല എന്നുമാണ് ആദ്യത്തെ വാർത്തകൾ സൂചിപ്പിക്കുന്നത്.
ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ആസ്ഥാനമാണ് നൈറോബി. ഞങ്ങളുടെ രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഐക്യ രാഷ്ട്ര പരിസ്ഥിതി അസംബ്ലി നാളെ മുതൽ അവിടെ തുടങ്ങുകയാണ്. ലോകത്തെന്പാടുനിന്നും ആയിരങ്ങൾ പങ്കെടുക്കുന്ന പരിപാടിയായതു കൊണ്ട് ഈ വിമാനാപകടത്തിൽ ആ മീറ്റിങ്ങിന് വരുന്ന ആളുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. യു എൻ പാസ്സ്‌പോർട്ട് ഉള്ള നാലു പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് ബി ബി സി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആരാണത്, സുഹൃത്തുക്കൾ ഉണ്ടോ എന്നെല്ലാമുള്ള ആശങ്ക ഏറെയുണ്ട്.
 
ആളുകളുടെ പേര് പുറത്തു പറയാതെ അവരുടെ നാഷണാലിറ്റി മാത്രം പറയുന്നതാണ് അന്താരാഷ്ട്രമായി നല്ല രീതി. അപകടത്തിൽ ഉൾപ്പെട്ട ഓരോരുത്തരുടെയും വീട്ടുകാരെ അറിയിച്ച്, അവർക്ക് ആ വാർത്ത ഉൾക്കൊള്ളാനുള്ള സമയം കൊടുത്ത്, അവരുടെ സമ്മതത്തോടെ മാത്രമേ പേരുകൾ വെളിപ്പടുത്താറുള്ളൂ. നൈജീരിയയിലെ യു എൻ കെട്ടിടത്തിൽ ബോംബ് വച്ചപ്പോൾ ഒരാഴ്ച കഴിഞ്ഞാണ് ഞങ്ങൾക്ക് പോലും ആളുകളുടെ പേര് കിട്ടിയത്. അതാണ് ശരിയും.
 
കേരളത്തിലെ രീതി വ്യത്യസ്തമാണ്. ഒരു അപകടം ഉണ്ടായാൽ ഉടൻ മരിച്ച ആളുടെ പേരും പ്രായവും വീട്ടുപേരും ഫ്ലാഷിങ്ങ് ന്യൂസ് ആയി സ്ക്രോൾ ചെയ്യാൻ തുടങ്ങും. അച്ഛനും അമ്മയും ഭർത്താവും കുട്ടികളും അപകട വിവരം അറിയുന്നത് ടി വിയിൽ നിന്നായിരിക്കും. ഏറെ സങ്കടകരമായ കാര്യമാണ്. ഈ രീതി നമ്മൾ മാറ്റണം.
 
കേരളത്തിൽ നാലു വിമാനത്താവളങ്ങൾ ഉണ്ട്. നൂറു കണക്കിന് വിമാനങ്ങൾ ഓരോ ദിവസവും വന്നു പോകുന്നു. റോഡപകടത്തെക്കാൾ ഏറെ അപായ സാധ്യത കുറവാണ് വിമാനാപകടത്തിന്. എന്നാലും കേരളത്തിൽ ഒരു വിമാനാപകടം ഉണ്ടാകാനുള്ള സാധ്യത വിമാനങ്ങളുടെയും താവളങ്ങളുടെയും എണ്ണം കൂടുന്തോറും കൂടുക തന്നെയാണ്. ഒരു അപകടം ഉണ്ടായാൽ എങ്ങനെയാണ് വാർത്തകൾ കൈകാര്യം ചെയ്യേണ്ടതെന്നും മാധ്യമങ്ങളുമായി സംവദിക്കേണ്ടതെന്നും കൊച്ചി വിമാനത്താവളത്തിന് വേണ്ടി ഒരു പരിശീലനം ഞാൻ ഒരിക്കൽ വാഗ്ദാനം ചെയ്തതാണ്. വാസ്തവത്തിൽ എല്ലാ വിമാനത്താവളത്തിലെയും മേധാവികളെയും കമ്മൂണിക്കേഷൻ ഡയറക്ടർമാരെയും നമ്മുടെ തന്നെ പി ആർ ഡിയെയും കൂട്ടിയിരുത്തിയാണ് ഇത്തരം പരിശീലനങ്ങൾ നടത്തേണ്ടത്. എന്നിട്ട് അത്തരം പ്ലാനുകൾ എല്ലാം സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ ആയി ക്രോഡീകരിക്കണം. വർഷത്തിൽ ഒരിക്കൽ ഒരു കമ്മൂണിക്കേഷൻ മോക്ക് ഡ്രിൽ നടത്തണം. അങ്ങനെയാണ് അപകടങ്ങൾക്ക് തയ്യാറായിരിക്കേണ്ടത്.
 
വ്യക്തിപരമായി വിമാനയാത്രയുടെ കാര്യത്തിൽ നമുക്ക് വലിയ മാറ്റം ഒന്നും വരുത്താനില്ല. സുരക്ഷാ റെക്കോർഡുകൾ ഉള്ള വിമാന കന്പനികൾ തിരഞ്ഞെടുക്കുക, വിമാന യാത്രകൾ ചെയ്യുന്നതിന് മുൻപ് വില്ലെഴുതി വക്കുക, വിമാനത്തിന് അകത്ത് കയറുന്പോൾ തന്നെ എമർജൻസി ഡോറിൽ നിന്നും എത്രാമത്തെ സീറ്റ് ആണെന്ന് എണ്ണി മനസ്സിൽ വക്കുക, അപകടം ഉണ്ടാകുന്നതിന് മുൻപ് അല്പം എങ്കിലും മുന്നറിയിപ്പ് കിട്ടിയാൽ തലയും വലത്തേ കയ്യും സുരക്ഷിതമാക്കാൻ നോക്കുക, വിമാനം താഴെ വീണു കഴിഞ്ഞാൽ അല്പം എങ്കിലും ബോധം ബാക്കി ഉണ്ടെങ്കിൽ അച്ചാറുകുപ്പി എടുക്കാൻ നോക്കാതെ ഓടി രക്ഷപെടാൻ നോക്കുക. ഇത്രയേ ഉള്ളൂ വിമാന യാത്രയിൽ സുരക്ഷക്കായി നമ്മൾ ചെയ്യേണ്ടത്.
 
മരിച്ചവർക്ക് ആദരാഞ്ജലികൾ..!
 
കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് പറയാം. സുരക്ഷിതരായിരിക്കുക.
 
(Tweet from Smt. Sushama Swaraj, Minster of External Affairs, Government of India “My colleague Dr.Harshvardhan has confirmed that Ms.Shikha Garg is a Consultant with Ministry of Environment and Forests. She was travelling to attend UNEP meeting in Nairobi. I am trying to reach the families of other Indian nationals.”
 
മുരളി തുമ്മാരുകുടി
 

Leave a Comment