പൊതു വിഭാഗം

Mentor മാരുടെ ഒരു സംഘം ഉണ്ടാക്കാൻ സഹായം വേണം..

കഴിഞ്ഞ വർഷമാണ് കരിയർ കൗൺസലിംഗ് രംഗത്തേക്ക് ഞാൻ പബ്ലിക്ക് ആയി കടന്നുവന്നത്. രണ്ടായിരത്തി പതിനേഴ് ജാനുവരിയിലും ഫെബ്രുവരിയിലും എഴുതിയ ലേഖനങ്ങളിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് കരിയർ വിഷയത്തിൽ പുതിയൊരു ഉൾക്കാഴ്ച ഉണ്ടാക്കി. അതിന് ശേഷം മനോരമയിലും വനിതയിലും മറ്റനവധി തൊഴിൽ മാസികകളിലും ലേഖനങ്ങൾ എഴുതി.
 
ഇപ്പോൾ ഓരോ ദിവസവും എന്നോട് കരിയർ രംഗത്ത് ഉപദേശം തേടി അനവധി ആളുകൾ വരുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞാൽ എന്ത് ചെയ്യണമെന്നറിയാൻ ആഗ്രഹിക്കുന്ന കുട്ടികൾ, കേരളത്തിന് പുറത്തുള്ള നല്ല സ്ഥാപനങ്ങൾ ഏതെന്ന് അറിയാത്തവർ, വിദേശത്ത് പഠിക്കാൻ താല്പര്യമുള്ളവർ ഒക്കെ ഒരു വശത്ത്, കരിയർ വിഷയങ്ങളെ പറ്റി ലേഖനങ്ങൾ എഴുതി കൊടുക്കാൻ ആവശ്യപ്പെട്ട് മാധ്യമങ്ങളും ഇന്റർവ്യൂ ചോദിച്ച് ടി വി ചാനലുകളും വേറൊരു വശത്ത്, ഇത് കൂടാതെ കേരളത്തിലും പുറത്തും മീറ്റിംഗുകൾക്കും സെമിനാറുകൾക്കും കരിയർ സെഷൻ നടത്താൻ ക്ഷണിച്ച് വേറെ ഏറെ പേർ.
 
ആവശ്യക്കാരെല്ലാം വേണ്ടപ്പെട്ടവർ തന്നെയാണ്. എല്ലാവരെയും സഹയായിക്കണമെന്നുമുണ്ട്. സാധിക്കുന്ന കാര്യം അല്ലല്ലോ. എല്ലായിടത്തും ഓടിയെത്താൻ പറ്റില്ല എന്നത് ഒന്ന്, എല്ലാ കാര്യത്തേയും പറ്റി എനിക്ക് അറിവില്ല എന്നത് രണ്ട്. അതുകൊണ്ടു തന്നെ ഞാൻ അറിയുന്ന പലരുടേയും സഹായം ചോദിക്കാറുണ്ട്, അവർ ചെയ്യാറുമുണ്ട്.
 
കേരളത്തിൽ കരിയർ രംഗത്ത് മെന്ററിങ് കൊടുക്കാനുള്ള അവസരങ്ങൾ എൻറെ വ്യക്തിപരമായ കഴിവിനും കോൺടാക്ട് ലിസ്റ്റിനും അധികമാണ്. എൻജിനീയറിങ് കോളേജുകൾ തന്നെ നൂറ്റി അൻപതിൽ പരം, മെഡിക്കൽ പാരാമെഡിക്കൽ സ്ഥാപനങ്ങളും അത്ര തന്നെ, കോളേജുകൾ എടുത്താൽ ആയിരങ്ങൾ, സ്‌കൂൾ എടുത്താൽ പതിനായിരവും. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും വർഷത്തിൽ ഒരു ക്‌ളാസ് എന്ന് വച്ചാൽ തന്നെ എത്രമാത്രം ആവശ്യമുണ്ട് എന്ന് ചിന്തിക്കാമല്ലോ. ഇതിനും പുറമെയാണ് പഠിച്ചവരും ജോലി ചെയ്യുന്നവരും ആയവരുടെ സംശയങ്ങൾ.
 
ഇവിടെയാണ് നിങ്ങളുടെ സഹായം വേണ്ടത്. നിങ്ങൾ കേരളത്തിനകത്തോ പുറത്തോ ഉള്ള ഏത് തൊഴിൽ ചെയ്യുന്ന ആളോ വിദ്യാർത്ഥിയോ ഉദ്യോഗാർഥിയോ കൺസൾട്ടന്റോ, സ്വയം തൊഴിൽ ചെയ്യുന്ന ആളോ ആകട്ടെ. നമ്മുടെ പുതിയ തലമുറക്ക് നിങ്ങളാൽ ആകുന്ന ഉപദേശം നൽകാൻ തയ്യാറാണോ ?. എന്നാൽ ഞാൻ ഇപ്പോൾ ഉണ്ടാക്കുന്ന ഒരു മെൻറ്റർ ഡാറ്റാബേസിൽ നിങ്ങൾക്ക് അംഗമാകാം.
 
ഉപദേശം പല വിഷയത്തിൽ ആകാം.
 
1 . നിങ്ങളുടെ പ്രൊഫഷനെ പറ്റിയുള്ള വിവരങ്ങൾ, നല്ല സ്ഥാപങ്ങൾ, എടുക്കേണ്ട സർട്ടിഫിക്കേഷനുകൾ, തൊഴിൽ സാധ്യതകൾ, വെല്ലുവിളികൾ.
2. നിങ്ങൾ താമസിക്കുന്ന പ്രദേശം, സംസ്ഥാനം, രാജ്യം എന്നിവയെ പറ്റിയുള്ള വിവരങ്ങൾ (വിദ്യാഭ്യാസ അവസരങ്ങൾ, തൊഴിൽ നിയമങ്ങൾ എന്നിങ്ങനെ)
 
3. നിങ്ങൾ പഠിച്ച / പഠിക്കുന്ന / പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ
 
4. നിങ്ങളുടെ രാജ്യത്ത് / സ്ഥാപനത്തിൽ / തൊഴിൽ രംഗത്ത് സ്ത്രീകൾക്ക്, അംഗപരിമിതർക്ക് ഉള്ള പ്രത്യേക അവസരങ്ങളും വെല്ലുവിളികളും
 
ഉപദേശം നൽകുന്നത് പല തരത്തിലും ആകാം.
 
1. ഇ-മെയിൽ
 
2. ഇ-മെയിൽ ആയി ഒരു സെൻട്രൽ ക്ലിയറിങ്ങ് സംവിധാനം വഴി (ഞാൻ അത് ഉണ്ടാക്കിക്കൊണ്ട് ഇരിക്കുകയാണ്)
 
3. നാട്ടിൽ വരുമ്പോൾ ഏതെങ്കിലും സ്ഥാപനത്തിൽ / സ്ഥാപനങ്ങളിൽ പോയി നേരിട്ട് ലെക്ച്ചർ നടത്തി (ചിലവ് സ്ഥാപനങ്ങൾ നൽകും, വേണമെങ്കിൽ ഒരു പ്രൊഫഷണൽ ഫീയും)
 
4. മാധ്യമങ്ങൾക്ക് വേണ്ടി എഴുത്തിലൂടെ / ദൃശ്യമാധ്യമങ്ങളിൽ ഇന്റർവ്യൂ
5. അഞ്ചു മിനിറ്റ് മുതൽ പത്തു മിനുട്ട് വരെയുള്ള വീഡിയോ
 
ഇതിന് വേണ്ടി ആളുകളുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കുകയാണ്. ഈ ശ്രമവും ആയി സഹകരിക്കാൻ താല്പര്യമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന സർവേ ഒന്ന് കംപ്ലീറ്റ് ചെയ്യണം. മെൻറ്റർമാർ ആയി സ്ത്രീകൾ പൊതുവെ കുറവാണ്, അതുകൊണ്ട് എൻറെ സ്ത്രീ സുഹൃത്തുക്കൾ തീർച്ചയായും ശ്രമിക്കണം. കംപ്ലീറ്റ് ചെയ്തവരും ചെയ്യാത്തവരും ഷെയർ ചെയ്യണം. (സർവേയിൽ ഏജ് എന്ന കോളം അക്കത്തിൽ കംപ്ലീറ്റ് ചെയ്യണം, പ്രായം ഫിൽ ചെയ്തില്ലെങ്കിലും കുഴപ്പമില്ല)
 
മൂന്ന് കാര്യം ഉറപ്പ്.
 
1. നിങ്ങളുടെ വിവരങ്ങൾ ആർക്കും നിങ്ങളുടെ അനുവാദം ഇല്ലാതെ നൽകില്ല.
 
2. നിങ്ങൾ ആർക്കെങ്കിലും തൊഴിൽ നൽകുമെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.
 
3. ഇതുകൊണ്ട് എനിക്കോ മറ്റാർക്കെങ്കിലുമോ ഒരു സാമ്പത്തിക ലാഭവും ഉണ്ടാക്കാൻ ഉള്ള ശ്രമമില്ല.
 
പുതിയ ലോകത്ത് ഒരു മെൻറ്റർ ഉണ്ടാകുക എന്നതാണ് പ്രധാനം. ഒരു മെൻറ്റർ ആകുക എന്നാൽ സാമ്പത്തികമായ സഹായത്തേക്കാൾ ഉപകാര പ്രദവും ആണ്. അതുകൊണ്ട് എല്ലാ സുഹൃത്തുക്കളും സഹകരിക്കണം.
 
മുരളി തുമ്മാരുകുടി
https://www.surveymonkey.com/r/Mentor2018MT

Leave a Comment