പൊതു വിഭാഗം

ആർത്തവ സമരത്തിൽ പങ്കുചേരുമ്പോൾ…

ഒക്ടോബർ ഒന്നിനാണ് കേരളത്തിലേക്ക് വന്നത്. ആദ്യമായി കേരളത്തിലേക്ക് ഔദ്യോഗിക സന്ദർശനം ആയിരുന്നു. പ്രളയവും മണ്ണിടിച്ചിലും ഉൾപ്പെട്ട ദുരന്തത്തിന്റെ നഷ്ടത്തിന്റെ കണക്കെടുക്കലും പുനർനിർമ്മാണത്തിന് നിർദ്ദേശങ്ങൾ നൽകലും ആയിരുന്നു ലക്ഷ്യം. ദുരന്താനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് സാധിക്കുന്ന നിർദ്ദേശങ്ങളൊക്കെ നൽകാൻ അവസരം കിട്ടിയതിൽ സന്തോഷമായിരുന്നു. അതിനും ഒന്നര മാസം മുൻപ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം കേരളത്തെ ഗ്രസിച്ചപ്പോൾ അതിനെ മലയാളികൾ നേരിട്ട രീതിയും അഭിമാനമുണ്ടാക്കിയിരുന്നു, അത് ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന യു എൻ ഉദ്യോഗസ്ഥരോട് പറയാനുള്ള അവസരം കൂടിയായിരുന്നു.
 
ഇന്നലെ, ഒക്ടോബർ16 ന്, ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ എല്ലാം കഴിഞ്ഞു കേരളത്തിൽ നിന്നും തിരിച്ചെത്തി. കേരളത്തിലേക്ക് വന്നപ്പോൾ ഉള്ള ആവേശം ഇപ്പോഴില്ല. കാരണം പ്രളയവും പുനർനിർമ്മാണവും ഒന്നും ഇപ്പോൾ മലയാളികളുടെ മനസിലോ മാധ്യമങ്ങളിലോ ഇല്ല. ഇപ്പോൾ കേരളത്തിലെ പ്രധാന വിഷയം ആർത്തവകാലത്ത് സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ അവകാശമുണ്ടോ എന്നതാണ്. അതിനെ ചൊല്ലിയാണ് ചർച്ചകൾ നടക്കുന്നത്. അതിനെച്ചൊല്ലിയാണ് കേരളത്തിലങ്ങോളമിങ്ങോളം റോഡുകളിൽ വിശ്വാസികൾ – അതും ബഹുഭൂരിപക്ഷം സ്ത്രീകൾ, നാമജപ ഘോഷയാത്ര നടത്തുന്നത്. അതിനെ ചൊല്ലിയാണ് നിലക്കൽ മുതൽ പമ്പ വരെ സംഘർഷങ്ങൾ അരങ്ങേറുന്നത്. ആർത്തവകാലത്തെ ശബരിമല തീർത്ഥാടന വിലക്കിനെതിരെ വന്ന സുപ്രീം കോടതി വിധിക്കെതിരെ സമരം ചെയ്യുന്ന അപൂർവ്വവും അതിശയകരവുമായ കേരളത്തിലെ സാഹചര്യങ്ങൾ വിദേശത്തെ മാധ്യമങ്ങൾ ശരിക്കും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. കേരളത്തിൽ സമ്പൂർണ്ണ സാക്ഷരത, ഉന്നത വിദ്യാഭ്യാസത്തിൽ സ്ത്രീകൾക്ക് മുൻ‌തൂക്കം എന്നൊക്കെ പുട്ടിന് പീര പോലെ ഞാനിടക്കിടക്ക് പറയാറുള്ളതാണ്. അവരോടൊക്കെ കേരളത്തിലെ സ്ത്രീകൾ സമരം ചെയ്യുന്നത് എന്തിനു വേണ്ടിയാണെന്ന് ഏതുവിധത്തിൽ വിശദീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഞാൻ.
 
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് കയറാൻ അവകാശമുണ്ടെന്ന് വിധിച്ച സുപ്രീം കോടതിയുടെ തീരുമാനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് യോജിച്ചതായിരുന്നുവെന്നും പുരോഗമനപരമായിരുന്നുവെന്നുമുള്ള കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല. അതിനെതിരെ യാഥാസ്ഥിതികരായ പുരുഷന്മാർ സമരം ചെയ്യുന്നത് എനിക്ക് മനസിലാക്കാം. പക്ഷെ നാമജപഘോഷയാത്രയിൽ ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയിലുള്ള സ്ത്രീകൾ ഉണ്ടെന്നുള്ളത് എന്നെ ശരിക്കും ആശയക്കുഴപ്പത്തിലാക്കുന്നു. കേരളത്തിലെ എന്റെ ഏറ്റവും വലിയ പ്രതീക്ഷ നമ്മുടെ യുവജനങ്ങളും സ്ത്രീകളും ആണെന്ന് ഞാൻ പറയാറുണ്ടല്ലോ. അവരും അവരുടെ മുൻ തലമുറയെ പോലെ വിശ്വാസം കൊണ്ടോ രാഷ്ട്രീയം കൊണ്ടോ കണ്ടീഷൻ ചെയ്തുപോയിട്ടുണ്ടെങ്കിൽ പിന്നെ ആരാണ് നവകേരളം നിർമ്മിക്കാൻ പോകുന്നത്? ആർക്ക് വേണ്ടിയാണ് നവകേരളം നിർമ്മിക്കേണ്ടത്?.
 
കേരളത്തിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ ശബരിമലയിൽ ആണെന്നത് എന്നെ പലതരത്തിൽ ആശങ്കപ്പെടുത്തുന്നുണ്ട്. ദുരന്തം സംഭവിച്ച സ്ഥലങ്ങളുടെ പുനർനിർമ്മാണം ആഴ്ചകളും മാസങ്ങളും അല്ല വർഷങ്ങൾ നീളുന്ന ഒരു പ്രക്രിയയാണെന്ന് എനിക്കറിയാം. ടി വി കാമറകളും പൊതുജനശ്രദ്ധയും മാറിക്കഴിഞ്ഞാലും ദുരന്തത്തിൽ അകപ്പെട്ടവരുടെ ദുരിതം മാറുന്നില്ല. അപ്പോൾ ദുരന്തമുണ്ടായി രണ്ടു മാസത്തിനകം മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ ഈ പ്രധാന വിഷയത്തിൽ നിന്ന് മാറുന്പോൾ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധ പുനർനിർമ്മാണത്തിൽ നിന്നും ക്രമസമാധാന പാലനത്തിലേക്ക് തിരിയുമ്പോൾ, ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ട നാട്ടിലേയും മറുനാട്ടിലേയും മലയാളികൾ ആർത്തവത്തിന്റെ പേരു പറഞ്ഞു തമ്മിലടിക്കുമ്പോൾ നഷ്ടം സംഭവിക്കുന്നത് ദുരിതബാധിതർക്കാണ്.
 
ദുരന്തവിഷയം ഒഴിവാക്കിയാൽ പോലും കേരളസമൂഹം നേരിടുന്ന പത്ത് പ്രധാന പ്രശ്നങ്ങളിൽ ഒന്നു പോലുമല്ല ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം. ഖരമാലിന്യ സംസ്ക്കരണം മുതൽ വർദ്ധിച്ചു വരുന്ന ചികിത്സാ ചിലവുകൾ വരെ, കേരളത്തിൽ നിന്നും പുറത്തു പോകുന്ന പ്രവാസികളുടെ പ്രശ്നം മുതൽ കേരളത്തിൽ എത്തിയിരിക്കുന്ന ദശലക്ഷക്കണക്കിന് മറുനാടൻ തൊഴിലാളികളുടെ പ്രശ്നം വരെ, കേരളത്തിലങ്ങോളമിങ്ങോളം ഉള്ള പ്രകൃതി നശീകരണം മുതൽ കാലാവസ്ഥ വ്യതിയാനം വരെ, ഇപ്പോൾ ഇന്ത്യയിൽ അലയടിക്കുന്ന
#metoo വിഷയം തൊട്ട് പ്രായമായവരുടെ സംരക്ഷണം വരെയുള്ള എത്രയോ ഗുരുതര പ്രശ്നങ്ങൾ കേരളസമൂഹം അഭിമുഖീകരിക്കുന്നു.
 
ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ കേരളം അഭിമുഖീകരിക്കുന്ന മുകളിൽ പറഞ്ഞതുൾപ്പടെയുള്ള ഒരു പ്രശ്നത്തിനും ശബരിമലയിലെ പ്രശ്നങ്ങൾ ഒരു പരിഹാരമല്ല. ശബരിമലക്കെന്നല്ല കേരളത്തിലെ ഒരു ആരാധനാലയത്തിനും, ഒരു മതത്തിനും ഈ നൂറ്റാണ്ടിൽ നമ്മൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരവും ഇല്ല. അതേ സമയം മുൻപ് പറഞ്ഞ പ്രശ്നങ്ങൾ ഒന്നിനെതിരെ പോലും നമ്മൾ ഒരു സമരവും നടത്തുന്നില്ല. ഒരു പത്തു പേരെയെങ്കിലും സംഘടിപ്പിച്ച് ഒരു മീറ്റിങ് നടത്താൻ ശ്രമിച്ചിട്ടുള്ളവർക്കറിയാം അതിൻറെ ബുദ്ധിമുട്ട്. അപ്പോൾ ഒരു വശത്ത് പ്രധാന പ്രശ്നങ്ങളെ പറ്റി സംസാരിക്കാനോ സമരം ചെയ്യാനോ ആരെയും കിട്ടുന്നില്ല. മറു വശത്ത് നമ്മുടെ പ്രധാന പ്രശ്നമല്ലാത്ത, പ്രശ്നങ്ങൾക്ക് പരിഹാരമല്ലാത്ത വിഷയത്തിന് വേണ്ടി ആളുകൾ തെരുവിൽ ഇറങ്ങുന്നു. നമ്മൾ എങ്ങോട്ടാണ് പോകുന്നത് ?
 
അതേ സമയം തന്നെ ഒരു കാര്യം നാം ശ്രദ്ധിച്ചേ പറ്റൂ. മുകളിൽ പറഞ്ഞ പോലെ ആയിരക്കണക്കിന് ആളുകൾ, അതും സാധാരണഗതിയിൽ ഒരു വിഷയത്തിലും പ്രതികരിക്കാത്തവർ മൊത്തമായി തെരുവിലിറങ്ങുകയാണ്. എന്തൊക്കെയോ അവരെ അതിന് പ്രേരിപ്പിക്കുന്നുണ്ട്. ഇവരിൽ ഭൂരിപക്ഷവും തീവ്ര ഹിന്ദുത്വത്തിന്റെ ആളുകളോ എന്തിന് ബി ജെ പി ക്ക് വോട്ട് ചെയ്യുന്നവരോ ഒന്നും അല്ല. അവരെ ‘പിന്തിരിപ്പന്മാർ’ ആണെന്ന് കളിയാക്കിയിട്ട് കാര്യമില്ല. അവരുടെ ചിന്തകൾ മനസ്സിലാക്കി അവരെ കൈകാര്യം ചെയ്തില്ലെങ്കിൽ കൂടുതൽ തീവ്രമായ നിലപാടുള്ളവർക്ക് ‘വിളവെടുക്കാൻ’ നമ്മൾ കളമൊരുക്കി കൊടുക്കുകയാവും ഫലം. അതുകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ ഭാവിക്കോ ഞാൻ മുൻപ് പറഞ്ഞ യഥാർത്ഥ വിഷയങ്ങളുടെ പരിഹാരത്തിനോ ഒരു ഗുണവും ഉണ്ടാവുകയും ഇല്ല.
 
എൻറെ തൊട്ടു ചുറ്റുമുള്ള ഏറെ ആളുകൾ, പ്രത്യേകിച്ചും സ്ത്രീകൾ, ഈ വിഷയത്തിൽ കോടതി വിധിക്കെതിരാണ്. അതിൽ എൺപത് കഴിഞ്ഞ വല്യമ്മമാർ തൊട്ട് ഇരുപതുകളിൽ ഉള്ള മരുമക്കൾ വരെയുണ്ട്. പത്താം ക്ലാസ്സ് പാസ്സാവാത്തവർ മുതൽ പി എച്ച് ഡി ക്കാർ വരെയുണ്ട്. സ്ഥിരം അമ്പലത്തിൽ പോകുന്നവർ തൊട്ട് അമ്പലത്തിൽ പോകാത്തവർ വരെയുണ്ട്. മുൻപ് പറഞ്ഞത് പോലെ അവരൊന്നും തീവ്ര ഹിന്ദുത്വ വാദികൾ ഒന്നുമല്ല. എന്തിന് ‘അരിവാളിനല്ലാതെ’ ആയുസ്സിൽ വോട്ട് ചെയ്യില്ല എന്ന് ഉറപ്പിച്ചവർ ഉണ്ട്. അവരോടൊക്കെ ഈ വിഷയത്തെ പറ്റി ഞാൻ സംസാരിച്ചു. അതിൽ നിന്നും എനിക്ക് കിട്ടിയ ഫീഡ്ബാക്ക് ഞാൻ പറയാം.
ഈ വിധിയെ എതിർക്കുന്നവർ പൊതുവിൽ മൂന്നു തരത്തിൽ ഉണ്ട്.
ഒന്നാമത് ഇതൊരു ആചാരമായി കാണുന്നവർ, അതുകൊണ്ട് തന്നെ അത് ഒറ്റയടിക്ക് മാറ്റാൻ മടിയുള്ളവർ. ആർത്തവ സമയത്ത് സാധാരണ ക്ഷേത്രങ്ങളിൽ പോലും ഇവർ പോകാറില്ല, അവിടെ ഒന്നും ആരെയും പരിശോധിക്കുന്നില്ല, എന്നാലും ചെറുപ്പത്തിലേ പരിശീലിച്ചത് കൊണ്ട് അതൊരു തെറ്റാണെന്ന് തോന്നുന്നു, സ്വയം അത് ആചരിക്കുന്നു. നമ്മൾ എല്ലാം തന്നെ ഈ തരത്തിൽ പല ആചാരങ്ങളുടെയും വക്താക്കളാണ്. അതിൻറെ ശരിയും തെറ്റും നോക്കിയല്ല നമ്മൾ അത് ആചരിക്കുന്നത്. നമുക്ക് മുൻപ് ഉണ്ടായിരുന്നവരും നമുക്ക് ചുറ്റും ഉള്ളവരും അത് ചെയ്യുന്നു, അതുകൊണ്ട് നമ്മളും. ഇതിൽ ചിലതൊക്കെ വ്യക്തിപരമായും സാമൂഹികമായും ഹാനികരമാണ്, മറ്റുള്ളവ അങ്ങനെ അല്ല. എന്നാൽ പോലും ആചാരങ്ങളിൽ നിന്നും മാറാൻ എല്ലാവർക്കും മടിയാണ്. ഉദാഹരണത്തിന് വിവാഹ ശേഷം സ്ത്രീ പുരുഷന്റെ വീട്ടിലേക്കാണ് പൊതുവിൽ പോകുന്നത്. അതിന് പ്രത്യേകിച്ച് ഒരു ലോജിക്കും ഇല്ല, ആരും തന്നെ അതിനെ ചോദ്യം ചെയ്യാറും ഇല്ല. എന്നാലും ഒരു ദിവസം പെട്ടെന്ന് അത് മാറ്റാൻ പറഞ്ഞാൽ ഭൂരിഭാഗത്തിനും അത് ബുദ്ധിമുട്ടായി തോന്നും. ചിലർ എതിർക്കുകയും ചെയ്യും. സമൂഹം നമ്മിലേക്ക് അറിയാതെ അടിച്ചേൽപ്പിച്ച ഒരു വികാരം ആണിത്.
 
ബ്രിട്ടനിൽ സ്ത്രീകൾക്ക് വോട്ടവകാശം വേണമെന്ന് പറഞ്ഞതിനെതിരെ എത്രയോ സ്ത്രീകൾ സമരം ചെയ്തിരിക്കുന്നു. അതൊക്കെ തലമുറകളായി കണ്ടീഷൻ ചെയ്തതിന്റെ ഭാഗമാണ്. അതേ സമയം ആചാരങ്ങൾ ഒക്കെ (ദൈവദത്തം എന്ന് ചിന്തിക്കുന്നവ ഉൾപ്പടെ) മനുഷ്യ നിർമ്മിതം ആയതുകൊണ്ട് അവയൊക്കെ മാറ്റാവുന്നതാണ്, എത്രയോ മാറ്റിയിരിക്കുന്നു. ഇക്കാര്യം ഈ ‘ആചാര വാദികളെ’ മനസ്സിലാക്കിക്കണം എന്ന് മാത്രം. ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രസംഗം അത്തരത്തിൽ ഒന്നായിരുന്നു. മാറിയ ആചാരങ്ങളെയും അനാചാരങ്ങളേയും പറ്റി, ആചാരങ്ങൾ മാറ്റേണ്ടതിനെപ്പറ്റി ഒക്കെ മുഖ്യമന്ത്രി ദീർഘമായി സംസാരിച്ചു. ഇത്തരം ശ്രമങ്ങൾ തുടരണം. വളർന്ന സാഹചര്യം കൊണ്ട് ആചാരത്തെ കെട്ടിപ്പിടിച്ച് ഇരിക്കുന്നവരെ കളിയാക്കിയോ അപമാനിച്ചോ മറുകണ്ടം ചാടിക്കരുത്.
 
രണ്ടാമത്തെ കൂട്ടരുടെ പ്രശ്നം നിയമമാണ്. ഇതൊരു വിശ്വാസത്തിന്റെ പ്രശ്നമാണെന്നും വിശ്വാസത്തിന്റെ കാര്യത്തിൽ കോടതികൾ ഇടപെടേണ്ട എന്നുമാണ് വാദം. ഇത് വളരെ കുഴപ്പം പിടിച്ചതാണെന്ന് അവർ അറിയുന്നില്ല. ഇംഗ്ളീഷിൽ സ്ലിപ്പറി സ്ലോപ്പ് എന്നാണ് ഇത്തരം പ്രശ്നങ്ങൾക്ക് പറയുക. ‘വിശ്വാസത്തിന്റെ കാര്യത്തിൽ ഭരണഘടന ഇടപെടേണ്ട’ എന്നൊരു തത്വം നാം അംഗീകരിച്ചു കഴിഞ്ഞാൽ നാളെ അത് ഏതൊക്കെ കാര്യത്തിൽ എവിടെ വരെ എത്തുമെന്ന് പറയാൻ പറ്റില്ല. ഒരാളുടെ വിശ്വാസം ആകില്ല മറ്റൊരാളുടേത്, ഒരു മതത്തിന്റെ വിശ്വാസം മറ്റൊരു മതത്തിന്റേതിന് എതിരാകാം, അപ്പോൾ ആരുടെ വിശ്വാസത്തിനാണ് മുൻഗണന കൊടുക്കേണ്ടത്? ഭരണഘടനയിൽ അധിഷ്ഠിതമായ രാജ്യത്ത് നിന്നും മതാധിഷ്ഠിതമായ രാജ്യത്തിലേക്കായിരിക്കും ആ സ്ലോപ്പ് നമ്മെ എത്തിക്കുക. ഇതൊന്നും ചിന്തിക്കാതെയാണ് താൽക്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി പലരും ഈ ‘വിശ്വാസ സംരക്ഷണ’ സമരങ്ങളെ പിന്തുണക്കുന്നത്. ശ്രീ തോമസ് ഐസക്ക് ഈ വിഷയത്തിൽ നല്ലൊരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ത്യയിലെ നിയമത്തിലെ അവസാന വാക്ക് നമ്മുടെ ഭരണഘടന ആണ്. അതിനെ വ്യാഖ്യാനിക്കുന്ന അവസാന വാക്കാണ് സുപ്രീം കോടതി. അങ്ങനെ ആയിരിക്കുന്നിടത്തോളം കാലമേ നമുക്ക് സുപ്രീം കോടതി വിധിക്കെതിരെ പോലും അഭിപ്രായം പറയാനുള്ള സാമൂഹ്യ സാഹചര്യം ഉണ്ടാകൂ. കോടതി വിധി വന്നാൽ, അതിഷ്ടപ്പെട്ടില്ലെങ്കിൽ, അതിനെ നേരിടാൻ നിയമപരമായ മാർഗ്ഗങ്ങൾ തേടുകയാണ് വേണ്ടത്. അപ്പോൾ ഭരണഘടനക്ക് മുകളിൽ വിശ്വാസം കയറ്റിവെക്കണം എന്ന് പറഞ്ഞു തെരുവിൽ ഇറങ്ങുന്നത് നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ കടയിൽ കത്തിവെക്കുന്നതാണ്. ‘ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല’, നന്നായി പറഞ്ഞു കൊടുക്കണം !
 
മൂന്നാമത്തെ കൂട്ടർ നമുക്ക് പരിചിതരാണ്. ഇവർക്ക് ആചാരവും വിശ്വാസവും ഒന്നുമല്ല പ്രശ്നം. ‘ഹിന്ദുക്കളുടെ കാര്യത്തിൽ മാത്രമേ കോടതി ഇടപെടുന്നുള്ളു, മറ്റുള്ളവരുടെ കാര്യത്തിൽ ഇല്ല’ എന്നതാണ് ഇവരുടെ പ്രധാന പ്രശ്നം. ഏതെങ്കിലുമൊക്കെ കാര്യങ്ങളിൽ ഇന്ത്യയിൽ ഒരു തീരുമാനം ഉണ്ടാകുമ്പോൾ “പാകിസ്ഥാനിൽ ഇത് നടക്കുമോ, സൗദിയിൽ നടക്കുമോ” എന്നൊക്കെ നമ്മൾ കേൾക്കാറുണ്ടല്ലോ, അതേ ലൈൻ. ഈ ആർത്തവ സമര കാലത്ത് സ്ത്രീകൾ തന്നെ ഈ ലോജിക്കുമായി വരുമ്പോൾ സത്യത്തിൽ എനിക്ക് ചിരി വരും. അടുത്തടുത്ത വീട്ടിൽ രണ്ടു കള്ളുകുടിയന്മാർ ഉണ്ടെന്നും രണ്ടുപേരും കള്ളു കുടിച്ചുവന്നാൽ ഭാര്യമാരെ പിടിച്ച് തല്ലുന്നവരും ആണെന്ന് കരുതുക. അതിൽ ഒരാളോട് ഭാര്യയെ തല്ലരുതെന്ന് കോടതി പറഞ്ഞാൽ അക്കാര്യം അടുത്ത വീട്ടിലും പറയണമെന്ന് ഒന്നാമത്തെ വീട്ടിലെ ചേട്ടൻ പറയുന്നത് നമുക്ക് മനസ്സിലാക്കാം. അതേസമയം ഒന്നാമത്തെ വീട്ടിലെ തല്ലുകൊള്ളുന്ന ചേച്ചിയും “അടുത്ത വീട്ടിലെ ചേട്ടനോട് ഭാര്യയെ തല്ലുന്നത് നിർത്താൻ വിധി ഉണ്ടാകുന്നത് വരെ എന്നെ തല്ലുന്നത് നിർത്താൻ പറയുന്നത് വിവേചനം ആണെന്ന്” പറയാൻ തുടങ്ങിയാൽ നമ്മൾ എന്ത് ചെയ്യും?.
 
ഞാൻ മുൻപ് പറഞ്ഞത് പോലെ, സുപ്രീം കോടതി വിധി പുരോഗമനപരവും ചരിത്ര പ്രധാനമായതും ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനെതിരെ നടക്കുന്ന സമരങ്ങളുടെ ശക്തി കണ്ടിട്ടോ അക്രമങ്ങൾ ഒഴിവാക്കണം എന്ന് തോന്നിയിട്ടോ ഈ വിധി നടപ്പിലാക്കാതെ പോയാൽ അത് നമ്മുടെ സമൂഹത്തെ പിന്നോട്ടടിക്കും എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല. ലോകത്തെവിടെയും കോടതി വിധികൾ നടപ്പിലാക്കുക എന്നത് ജനാധിപത്യ സർക്കാരുകളുടെ ഭരണഘടനാ ബാധ്യതയാണ്. അത് നിറവേറ്റും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നതും. ഇന്ന് കണ്ടത് പോലെ മലയിലേക്ക് വരുന്ന സ്ത്രീകളെ, വിശ്വാസികൾ ആണെങ്കിലും, മാധ്യമ പ്രവർത്തകർ ആണെങ്കിലും, വഴിയിൽ തടയുന്നതും ആക്രമിക്കുന്നതും ഒന്നും നിയമവാഴ്ചയിൽ വിശ്വസിക്കുന്ന ഒരു ജനാധിപത്യ സമൂഹത്തിൽ അനുവദിച്ചുകൂടാ. മലയിൽ പോകാൻ താല്പര്യമുള്ള സ്ത്രീകളോട് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ പറയുകയാണെങ്കിൽ എത്ര പേർക്ക് ഈ മണ്ഡലക്കാലത്ത് താല്പര്യം ഉണ്ടെന്ന് അറിയാമല്ലോ. അവർക്ക് വേണ്ടി വേണ്ട സമയമെടുത്ത് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാമല്ലോ.
 
കേരളത്തിൽ ആർത്തവത്തെ ചൊല്ലി നാമജപ ഘോഷയാത്ര നടക്കുമ്പോൾ ആർത്തവത്തെപ്പറ്റി ജനീവയിൽ നടന്ന ഒരു പ്രകടനത്തെപ്പറ്റി കൂടി എഴുതി ഈ ലേഖനം അവസാനിപ്പിക്കാം. കഴിഞ്ഞ വർഷം മാർച്ചിൽ ഞാൻ ജനീവയിൽ കൂടി നടക്കുമ്പോൾ നൂറുകണക്കിന് സ്ത്രീകൾ പ്ലക്കാർഡുമായി ജാഥ നടത്തുന്നതു കണ്ടു. സാധാരണനിലയിൽ ജനീവയിൽ ജാഥകൾ പതിവില്ല. പ്ലക്കാർഡുകൾ ഫ്രഞ്ചിലായതിനാൽ അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ, ഏതു വിഷയത്തിലാണ് സ്ത്രീകൾ തെരുവിലിറങ്ങിയതെന്ന ആകാംക്ഷ മൂലം ഞാൻ അവരുടെ കൂടെച്ചേർന്നു. ജാഥയിൽ ഇംഗ്ലീഷ് അറിയാവുന്നവരെ കണ്ടെത്തി വിവരമന്വേഷിച്ചു. ‘എൻഡോമെട്രിയോസിസ്’ (Endometriosis) എന്ന ആർത്തവനാളുകൾ വേദനാജനകമാക്കുന്ന അവസ്ഥയെ പറ്റി ഗവേഷണം നടത്താൻ സർക്കാർ കൂടുതൽ പണം ലഭ്യമാക്കണമെന്നും, ഇതിന്റെ ചികിത്സയിൽ സ്‌പെഷലൈസ് ചെയ്ത കൂടുതൽ ഡോക്ടർമാരെ ജനീവയിൽ നിയമിക്കണം എന്നതുമായിരുന്നു അവരുടെ ആവശ്യം. ഇതിനാണ് പ്ലക്കാർഡുമായി അവർ തെരുവിലിറങ്ങിയത്. പത്തിലൊരു സ്ത്രീകളെ ബാധിക്കുന്നുവെന്നും ഇപ്പോൾ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗനിർണയത്തിന് തന്നെ വർഷങ്ങൾ എടുക്കുന്നുവെന്നും ആയിരുന്നു അവരുടെ പരാതി.
 
സ്വിട്സർലാൻഡിന്റെ മൂന്നിരട്ടി ജനസംഖ്യയുള്ള പ്രദേശമാണ് കേരളം. അപ്പോൾ ഇവിടെ എത്രയോ ലക്ഷം സ്ത്രീകൾ ആ അവസ്ഥയിൽ വേദന അനുഭവിക്കുന്നുണ്ടാകും?. ഇവിടെ ഈ അവസ്ഥക്ക് ഒരു മലയാള വാക്ക് പോലും ഇല്ല. ഒരു ഗവേഷണവും ഈ വിഷയത്തിൽ നടക്കുന്നതായി കേട്ടിട്ടില്ല. ഈ വിഷയത്തിൽ സ്‌പെഷലൈസ് ചെയ്ത ഡോക്ടർമാരെ ഞാൻ കണ്ടിട്ടില്ല. എന്തിന്, ആർത്തവകാലത്തുള്ള അമിതമായ വേദന സ്വാഭാവികമാണെന്ന ചിന്തക്കപ്പുറം അതൊരു പ്രത്യേക കണ്ടീഷൻ ആകാം എന്ന് ദശലക്ഷക്കണക്കിനുള്ള കേരളത്തിലെ സ്ത്രീകൾ അറിയുന്നു പോലുമില്ല. അവരെല്ലാം നിശബ്ദമായി സഹിക്കുകയാണ്. സ്ത്രീകളെ ബാധിക്കുന്ന ഈ വിഷയത്തെപ്പറ്റി മൗനം അവസാനിപ്പിക്കുക (“End the Silence”) എന്നതായിരുന്നു ജനീവയിലെ മാർച്ചിന്റെ ടാഗ് ലൈൻ.
ആർത്തവം വിഷയമാക്കി സ്ത്രീകൾ ഒരിക്കൽ തെരുവിലിറങ്ങിയ സ്ഥിതിക്ക് ആയിരക്കണക്കിന് മലയാളി സ്ത്രീകളെ യഥാർത്ഥത്തിൽ ബാധിക്കുന്ന ഈ വിഷയത്തിൽ എന്നാണ് കേരളത്തിൽ ഇത്തരം ഒരു സ്ത്രീകളുടെ ഒരു സർവ്വ മത (മതമില്ലാത്തവരുടേതുൾപ്പടെ) മാർച്ച് ഉണ്ടാകുന്നത്?. അതൊക്കെയാണ് നവകേരളത്തിൽ ഞാൻ സ്വപ്നം കാണുന്നത്. അങ്ങനെ ഒന്നുണ്ടായാൽ തീർച്ചയായും അതിനെ പിന്തുണക്കാൻ ഞാൻ ഉണ്ടാകും.
 
മുരളി തുമ്മാരുകുടി
(അഭിപ്രായങ്ങൾ വ്യക്തിപരമാണ്)

2 Comments

  • Actually my colleagues were teasing me by saying about kerala ‘kuleena’s.
    They were asking, you are ‘allowed’ not restricted, then why you are protesting???

  • Though I agree with your core concept of equality & supremacy of rule/law of land, I think you have missed a few crucial points here:

    1. Has the demand for entry to temple come from true believers? If not, what is the intention behind such a complaint & case?
    2. Is the Sabarimala temple a public place like a bus stand or railway station(even everyone should follow certain rules & restrictions in such places)? If yes is the answer, then this will lead to breaking rules & regulations in many private institutions which contribute directly & indirectly to the culture & economy of the country
    3. Is India matured enough to talk about
    a) secularism when every application form starting from for pre-school to govt job ask for religion & caste?
    b) Equality when there is no uniform civil code?

    There could have been detailed a social impact assessment study by experts for such cases and the committee should be proposing a direction & plan for implementation of decisions over a period of time. This could have at least avoided waste of energy, money and focus for society

Leave a Comment