പൊതു വിഭാഗം

ഹാഫ് എ കൊറോണയുടെ ഓർമ്മ!

ഏതു പ്രായത്തിലാണ് കോട്ടയം പുഷ്പനാഥിനെ വായിച്ചു തുടങ്ങിയതെന്ന് ഓർമ്മയില്ല. എന്നാൽ വായനാശീലം വളർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസാരമല്ല. സ്‌കൂൾ ലൈബ്രറിയിൽ പുസ്തകം പങ്കുവെക്കുന്ന നറുക്കെടുപ്പിൽ പുഷ്പനാഥിന്റെ പുസ്തകം കിട്ടുന്ന ആളായിരുന്നു ഏറ്റവും ഭാഗ്യവാൻ.
 
ക്യൂബൻ സിഗാർ മുതൽ ഈജിപ്തിലെ പിരമിഡ് വരെയുള്ള സത്യങ്ങളും, ലേസർ രശ്മികൾ കൊണ്ടുള്ള ശബ്ദമില്ലാത്ത തോക്കും, വയർലസ് ആയി സംസാരിക്കാവുന്ന ഫോണും പോലുള്ള സങ്കൽപ്പങ്ങൾ ആദ്യമായി പരിചയപ്പെട്ടത് അദ്ദേഹത്തിൻറെ പുസ്തകത്തിൽ നിന്നാണ്. ഡിറ്റക്ടീവ് പുഷ്പരജ്, മാർക്സിൻ ഇവരും ഒരുപോലെ പ്രിയപ്പെട്ടവർ തന്നെ.
 
സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പുഷ്പനാഥിന്റെ നോവലിൽ ആകൃഷ്ടനായി എൻറെ സഹോദരൻ ഒരു ഡിറ്റക്ടീവ് നോവൽ എഴുതാൻ തുടങ്ങി. ചേട്ടൻ കിടന്നുറങ്ങിയ സമയത്ത് ഞാൻ അതെടുത്ത് വായിച്ചു, എന്നിട്ട് അടുത്ത ചാപ്റ്റർ എഴുതി വച്ചു. അത് വായിച്ചതോടെ പുള്ളി എഴുത്തു നിർത്തി (അത് നന്നായി, അതുകൊണ്ട് ഇന്നദ്ദേഹം സിലിക്കോൺ വാലിയിൽ ഒരു കമ്പനി നടത്തുന്നു). എൻറെ കാര്യം എന്തായി എന്ന് നിങ്ങൾക്ക് അറിയാമല്ലോ.
 
ഇങ്ങനെ എത്രയോ ബാല്യങ്ങളെ ത്രസിപ്പിച്ച, ചിന്തകളെ വികസിപ്പിച്ച, ആശയങ്ങൾക്ക് തീ പിടിപ്പിച്ച ഒരാളായിരുന്നു അദ്ദേഹം.
 
സാർത്ഥകമായ ജന്മമായിരുന്നു… ആദരാഞ്ജലികൾ…!
മുരളി തുമ്മാരുകുടി

Leave a Comment