പൊതു വിഭാഗം

സ്ഫടിക മച്ചിൽ മുട്ടി വേദനിക്കുന്ന മൊട്ടത്തലകൾ…

മൂന്നു മുന്നണികളുടേയും സ്ഥാനാർത്ഥി ലിസ്റ്റ് വന്നു. വ്യത്യസ്‌തകൾ പലതുണ്ടെങ്കിലും ഒരു കാര്യത്തിൽ മാത്രം എല്ലാവരും ഒറ്റ ടീം ആണ് ദാസാ ! അത് സ്ത്രീ പ്രതിനിധ്യത്തിന്റെ കാര്യത്തിലാണ്.
 
140 മണ്ഡലങ്ങളുള്ള കേരളത്തിൽ അന്പതു ശതമാനത്തിലേറെ സ്ത്രീ വോട്ടർമാരുള്ള കേരളത്തിൽ, ഇരുപത് ശതമാനം സ്ത്രീ പ്രാതിനിധ്യം സ്ഥാനാർത്ഥി ലിസ്റ്റിൽ പോലും ഇല്ല.
 
2021 ലെ നിയമസഭയിൽ പോലും സ്ത്രീ പ്രാതിനിധ്യം 1957 ലെ നിയമസഭയിലേതിനേക്കാൾ കൂടുതൽ ആകില്ല എന്നും പത്തു ശതമാനം കടക്കില്ല എന്നും ഇപ്പോഴേ ഉറപ്പിക്കാം !!
 
തിരഞ്ഞെടുക്കപ്പെടുന്ന പാർലിമെന്റ് ഉള്ള ലോക രാജ്യങ്ങളിൽ നൂറ്റി അൻപതെണ്ണത്തിലും പത്തു ശതമാനത്തിൽ കൂടുതൽ സ്ത്രീകളുണ്ട്. ആറ് പതിറ്റാണ്ടായിട്ടും നമ്മുടെ നിയമസഭയിൽ സ്ത്രീ പ്രാതിനിധ്യം പത്തു ശതമാനം കടന്നിട്ടില്ല. ഇത്തവണയും കടക്കുന്ന മട്ടില്ല.
എന്തൊരു കഷ്ടമാണിത്.
 
2015 ൽ കാനഡയുടെ കാബിനറ്റിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും എണ്ണം തുല്യമായിരുന്നു. ഇക്കാര്യത്തെ പറ്റി ചോദിച്ച പത്ര ലേഖകരോട് പ്രധാനമന്ത്രി ഇത്രയേ പറഞ്ഞുള്ളൂ, “because it 2015.”
 
കാനഡ മാത്രമല്ല മറ്റനവധി രാജ്യങ്ങളിൽ അവരുടെ പാർലമെന്റിലും മന്ത്രിസഭയിലും സ്ത്രീ പ്രാതിനിധ്യം കൂടി വരുന്നുണ്ട്. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ പാർലിമെന്റിൽ അറുപത് ശതമാനത്തിൽ ഏറെ സ്ത്രീകളാണ്. ക്യൂബയിൽ, നോർഡിക് രാജ്യങ്ങളിൽ നാല്പത് ശതമാനത്തിന് മുകളിലാണ് സ്ത്രീ പ്രാതിനിധ്യം.
അതാണ് ലോകം. അതാകണം ലോകം.
 
എന്തുകൊണ്ടാണ് കൂടുതൽ സ്ത്രീകൾ നേതൃത്വ സ്ഥാനത്തേക്ക് വരേണ്ടത്?
ലോകത്ത് ശരാശരി സ്ത്രീകളുടെയും പുരുഷൻമാരുടെയും എണ്ണം തുല്യമായത് കൊണ്ടാണോ?
അല്ല, മറിച്ച് നേതൃത്വ ഗുണം ഉള്ളവർ പുരുഷന്മാരിലും സ്ത്രീകളിലും ഒരു പോലെയുണ്ട്. അപ്പോൾ തൊണ്ണൂറു ശതമാനം നേതൃത്വവും അൻപത് ശതമാനം ആണുങ്ങളിൽ നിന്ന് മാത്രം തിരഞ്ഞെടുക്കുന്പോൾ സമൂഹത്തിന് ലഭ്യമായ ടാലന്റ് പൂളിന്റെ നാല്പത് ശതമാനം നാം ഉപയോഗിക്കാതിരിക്കുകയാണ്. അപ്പോൾ ലഭ്യമായതിൽ ഏറ്റവും കഴിവുള്ളവരല്ല എം എൽ എ മാരും മന്ത്രിമാരും ആയി നമ്മെ നയിക്കുന്നത്. അത്തരത്തിൽ ഏറ്റവും നല്ല നേതൃത്വം സമൂഹത്തെ നയിക്കാതിരുന്നാൽ നഷ്ടം നേതൃത്വ സ്ഥാനങ്ങൾ കിട്ടാത്ത സ്ത്രീകൾക്ക് മാത്രമല്ല, സമൂഹത്തിന് മൊത്തമാണ്.
 
ഇതാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. ഇത് രാഷ്ട്രീയത്തിന്റെ കാര്യത്തിൽ മാത്രമല്ല എങ്കിലും തൽക്കാലം അതാണല്ലോ വിഷയം.
എന്തുകൊണ്ടാണ് നമ്മുടെ സ്ഥാനാർത്ഥി ലിസ്റ്റിൽ പത്തു ശതമാനം പോലും സ്ത്രീകൾ ഇല്ലാത്തത്?
 
രാഷ്ട്രീയ രംഗത്ത് ആവശ്യത്തിന് സ്ത്രീകൾ ഇല്ലാത്തതു കൊണ്ടാണോ?
അല്ലേ അല്ല. കേരളത്തിൽ ത്രിതല പഞ്ചായത്തിൽ തിരഞ്ഞെടുക്കപ്പെട്ട് പഞ്ചായത്ത് അംഗങ്ങൾ മുതൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വരെ ആയി പ്രവർത്തിച്ചവർ ആയിരക്കണക്കിന് ഉണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ തിളങ്ങുന്നവർ, സിവിൽ സർവീസ് മുതൽ വൈസ് ചാൻസലർമാർ വരെ ഉള്ള പദവികളിൽ ജോലി ചെയ്തവർ എത്രയോ ഉണ്ട്. അപ്പോൾ പൊതുരംഗത്ത് ഉള്ളവരും പരിചയം ഉള്ളവരും ഇല്ലാത്തതല്ല പ്രശ്നം.
 
കഴിവ് കുറവുള്ളതാണോ പ്രശ്നം?
ഒട്ടുമല്ല. മുൻപ് പറഞ്ഞ ഓരോ രംഗത്തും കഴിവ് തെളിയിച്ചവർ എത്രയോ ഉണ്ട്. പോരാത്തതിന് ഇപ്പോൾ സ്ഥാനാർത്ഥി ലിസ്റ്റിൽ ഉള്ള പുതുമുഖങ്ങൾ ഉൾപ്പടെ അനവധി പേർ പ്രത്യേകിച്ച് കഴിവ് തെളിയിച്ചവർ ഒന്നുമല്ല. കഴിവുണ്ടാകാം, പക്ഷെ സ്ത്രീകളെ അപേക്ഷിച്ച് പ്രത്യേകിച്ച് പൊതു രംഗത്ത് തിളങ്ങിയവരോ പ്രവർത്തന പരിചയമോ ഉള്ളവർ ഒന്നുമല്ല.
 
പിന്നെന്താണ് നമ്മുടെ സ്ഥാനാർത്ഥി പട്ടികയിൽ അന്പത് ശതമാനം സ്ത്രീകൾ ഇല്ലാത്തത് ?
ഉത്തരം ലളിതം.
രാഷ്ട്രീയം ഉൾപ്പടെ ഏതൊരു രംഗത്തും മുന്നോട്ട് നീങ്ങണമെങ്കിൽ രണ്ടു കാര്യങ്ങൾ ആണ് വേണ്ടത്.
 
ഒന്ന് – ഒരു മെന്റർ, തലതൊട്ടപ്പൻ എന്നൊക്കെ രാഷ്ട്രീയത്തിൽ പറയും. നമ്മുടെ കഴിവ് അല്ലെങ്കിൽ പൊട്ടൻഷ്യൽ മനസ്സിലാക്കുന്ന, നമ്മെ പിടിച്ചുയർത്താൻ താല്പര്യവും കഴിവുമുള്ള ഒരാൾ മുകളിൽ വേണം. കേരളത്തിലെ സാഹചര്യത്തിൽ പുരുഷന്മാരെ മെന്റർമാരായി എടുക്കാൻ സ്ത്രീകൾക്കും സ്ത്രീകളെ മെന്റർമാരായി എടുക്കാൻ പുരുഷന്മാർക്കും പരിമിതികളുണ്ട്. തിരഞ്ഞെടുപ്പ് പോലെ അവസാന ‘ലിസ്റ്റ്’ വരുന്പോൾ ഈ തലതൊട്ടപ്പന്റെ അഭാവം ഏറ്റവും പ്രകടമാകുന്നു.
 
രണ്ട്- നെറ്റ്‌വർക്ക്. ഏതൊരു വലിയ പ്രസ്ഥാനത്തിലും നമുക്ക് വേണ്ടത്ര രീതിയിൽ സമ്മർദ്ദം ചെലുത്തി മുന്നോട്ട് പോകണമെങ്കിൽ ഒരു പരസ്പര സഹായ സഹകരണ സംഘം വേണം. പുരുഷന്മാർക്ക് കാലാകാലമായി ഉണ്ടാക്കിയ നെറ്റ്‌വർക്ക് ഉണ്ട്. സ്ത്രീകൾക്ക് അത് ഇപ്പോഴും ആയിട്ടില്ല.
ഇതിനൊരു രാഷ്ട്രീയ കാരണം കൂടിയുണ്ട്. കേരളത്തിൽ സ്ത്രീകളെ നേതൃസ്ഥാനത്തേക്ക് എത്തിച്ചില്ലെങ്കിലും, എം എൽ എ യോ എംപിയോ ആക്കിയില്ലെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് യാതൊരു പ്രത്യാഘാതവും ഇല്ല. അന്പത്തി ഒന്ന് ശതമാനം സ്ത്രീകളിൽ ബഹുഭൂരിപക്ഷവും പതിറ്റാണ്ടുകളായി പുരുഷന്മാർക്ക് തന്നെ വോട്ട് ചെയ്യുന്നു. ഒരിക്കൽ പോലും സ്ത്രീകളോ പുരുഷന്മാരോ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഇല്ലെങ്കിൽ വോട്ട് ചെയ്യില്ല എന്നു പറഞ്ഞ് പ്രശ്നം ഉണ്ടാക്കുന്നില്ല. ജനാധിപത്യത്തിൽ പ്രതികരിക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ട്, അതിൽ ഏറ്റവും പ്രധാനം വോട്ട് ആണ്. അത് സമൂഹം വേണ്ട പോലെ ഉപയോഗിക്കുന്നില്ല.
 
ഇതുകൊണ്ടാണ് ഇപ്പോഴും ഒരു സീറ്റ് കിട്ടാനായി പൊതു രംഗത്ത് നാലു പതിറ്റാണ്ട് പ്രവർത്തിച്ച, അധികാര സ്ഥാനങ്ങളിൽ ഇരുന്ന് കഴിവ് തെളിയിച്ച ഒരു വനിതക്ക് തല മൊട്ടയടിച്ച് പ്രതിഷേധിക്കേണ്ടി വരുന്നത്.
ഇതുകൊണ്ടാണ് സ്ത്രീകൾക്ക് ജില്ലാ പഞ്ചായത്ത് വരെ മതി എന്നൊരു സ്ഫടിക മച്ചുണ്ടാക്കി അതിന് മുകളിൽ കയറിയിരുന്ന് ആണുങ്ങൾ വീതം വക്കുന്നത്.
 
ഇത് മാറണം.
കേരള നിയമസഭയിലും മന്ത്രിസഭയിലും അന്പത് ശതമാനം സ്ത്രീകൾ ഉണ്ടാകണം.
അതുണ്ടാകും.
 
ഇരുപത്തി ഒന്നാം നൂറ്റാണ്ട് നമ്മുടെ നാട്ടിലും എത്തും.
അതിനിനി എത്ര തിരഞ്ഞെടുപ്പ് കൂടി കഴിയണം?
 
മുരളി തുമ്മാരുകുടി

Leave a Comment