പൊതു വിഭാഗം

സാറേന്ന് വിളിച്ച നാവുകൊണ്ട്…

മുൻപ് പറഞ്ഞിട്ടുള്ള കാര്യമാണ്. ഈ ദുരന്തകാലത്തും ധാരാളം പുതിയ ആളുകൾ ഫോളോവേഴ്സ് ആയി എത്തിയിട്ടുള്ളത് കൊണ്ട് ഒരിക്കൽ കൂടി പറയാം.
 
കാൽ നൂറ്റാണ്ടായി ഇന്ത്യക്ക് പുറത്താണ് ജീവിക്കുന്നത്. ജീവിക്കുന്ന സാഹചര്യങ്ങളിൽ ആരെയും സർ എന്ന് വിളിക്കേണ്ട ആവശ്യമില്ല. ഷെല്ലിൽ ആയിരുന്നപ്പോൾ ബോസിനെ മാത്രമല്ല മാനേജിങ്ങ് ഡയറക്ടറേയും ഫസ്റ്റ് നെയിം തന്നെയാണ് വിളിച്ചിരുന്നത്. ഐക്യ രാഷ്ട്ര സഭയിൽ എത്തിയപ്പോൾ ബോസിനെ മുതൽ സെക്രട്ടറി ജനറലിനെ വരെ ഫസ്റ്റ് നെയിം വിളിക്കണം എന്നാണ് അവർ തന്നെ പറഞ്ഞു തന്നിരിക്കുന്നത്. എന്റെ ഓഫീസിൽ അന്ന് വരുന്ന ഇന്റേൺ മുതൽ എന്നെ മുരളി എന്ന് തന്നെയാണ് വിളിക്കുന്നത്.
 
അതുകൊണ്ട് തന്നെ എന്നെ ആരും ‘സർ’ എന്നോ ‘സാറേ’ എന്നോ വിളിക്കണമെന്ന് എനിക്ക് ലവലേശം ആഗ്രഹവുമില്ല. മുരളി എന്ന് ഏതൊരാൾ വിളിച്ചാലും, അയാളുടെ പ്രായമോ തൊഴിലോ സാന്പത്തികനിലയോ എന്തുതന്നെ ആകട്ടെ, എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. എന്റെ പേര് അച്ഛനും അമ്മയും സ്നേഹത്തോടെ ഇട്ടതാണ്, അത് വിളിക്കുന്നത് കേൾക്കുന്പോൾ എനിക്ക് ഒരു വിഷമവും ഉണ്ടാകേണ്ട കാര്യമില്ല.
 
കേരളത്തിലെ സാഹചര്യത്തിൽ പലർക്കും മൂത്തവരെ പേരുവിളിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് അവർക്ക് എന്നെ ചേട്ടാ എന്ന് വിളിക്കാം, എന്റെ മൂത്ത മരുമകനെക്കാൾ (Sreekanth Muraleedharan, 1979 മാർച്ച്) ഇളയവർക്ക് മാമാ എന്നും വിളിക്കാം. അൻപത് വയസ്സുള്ളവർ എന്നെ മാമാ എന്ന് വിളിച്ചാൽ അപ്പോഴേ ബ്ലോക്കും. (കളിയാക്കി ‘മാമാ’ എന്ന് വിളിക്കുന്നവരുടെ പിതൃ സ്മരണ ചെയ്യും).
ഒരാൾ മുറിയിലേക്ക് വരുന്പോൾ എഴുന്നേറ്റ് നിൽക്കുന്ന സ്വഭാവവും കേരളത്തിലുണ്ട്. പണ്ടത്തെ രാജഭരണത്തിന്റെ ബാക്കിപത്രമാണത്. ഇതൊക്കെ പണ്ടേ മാറ്റിക്കളയേണ്ടതാണ്. ബഹുമാനം എന്നത് പേരിലും വിളിയിലൊന്നുമല്ല, ചോദിച്ചു മേടിക്കേണ്ടതും അല്ല.
 
ഇതൊക്കെയാണെങ്കിലും ഞാൻ കേരളത്തിൽ വന്നാൽ പരമാവധി ആളുകളെയും ‘സാറേ’ എന്ന് വിളിക്കും, സംശയമുണ്ടെങ്കിൽ എഴുന്നേൽക്കുകയും ചെയ്യും. ഒരു വില്ലേജ് ഓഫീസിൽ പോയി അവിടുത്തെ സാറിനെ “ഗോപാലാ” എന്ന് വിളിച്ചാൽ നമ്മൾ രണ്ടാമനല്ല, ഒന്നാമനാണെങ്കിലും പോയ കാര്യം ‘ഗോപി’ ആകും. എന്റെ അനുഭവമോ തത്വശാത്രമോ അവർ അറിഞ്ഞിരിക്കണമെന്നില്ലല്ലോ. അപ്പോൾ മനസ്സിൽ അവരെ എന്താണ് വിളിക്കുന്നതെങ്കിലും പുറത്തേക്ക് സാർ എന്ന് വിളിക്കുന്നതാണ് ബുദ്ധി. അവർക്ക് ബുദ്ധിയുണ്ടെങ്കിൽ വേണ്ടെന്ന് പറഞ്ഞോളും…
 
വേണമെന്ന് ആഗ്രഹിക്കുന്ന മാറ്റങ്ങൾ നമ്മളിൽ നിന്നും തുടങ്ങാമല്ലോ.
 
അപ്പൊ എല്ലാം പറഞ്ഞത് പോലെ. സാർ വിളി വേണ്ട…
 
മുരളി തുമ്മാരുകുടി
 

Leave a Comment