പൊതു വിഭാഗം

വീണ്ടും വിവാദങ്ങളുടെ അണ തുറക്കുന്പോൾ…

കേരളത്തിലെ അണക്കെട്ടുകളാണോ പ്രളയമുണ്ടാക്കിയത് എന്ന ചോദ്യം ഇന്ന് വീണ്ടും ചോദിക്കപ്പെടുകയാണ്. ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് ഈ ചോദ്യം വരുന്നത്.
ഒന്നാമത് പ്രളയം കഴിഞ്ഞ ഉടൻ, രണ്ടാമത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യുട്ടിന്റെ റിപ്പോർട്ട് വന്നപ്പോൾ, മൂന്നാമത് ഇപ്പോൾ.
വിഷയത്തെക്കുറിച്ച് എൻറെ അഭിപ്രായം പലരും ചോദിച്ചിട്ടുണ്ട്. ഒറ്റ വാക്കിൽ ഉത്തരം പറയാവുന്നതോ പറയേണ്ടതോ ആയ ഒന്നല്ല ഇത്. ഇക്കാര്യങ്ങൾ അല്പം സങ്കീർണ്ണമാണെന്ന് ഞാൻ ആദ്യമേ പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യുട്ടിന്റെ റിപ്പോർട്ട് വന്നപ്പോൾ അത് പഠിച്ചിട്ട് പറയാം എന്ന് പറഞ്ഞു.
 
മിക്കവാറും പേർക്ക് ഇതൊന്നും ഇഷ്ടപ്പെട്ടില്ല. കാരണം, എളുപ്പ വഴിയിൽ ക്രിയ ചെയ്യാനാണ് എല്ലാവർക്കും ഇഷ്ടം. ദുരന്തമുണ്ടായാൽ ആരെങ്കിലും ഒരാളെ ഉത്തരവാദി ആയി കണ്ടുപിടിച്ച് അയാളെ ചീത്ത പറയുകയോ രാജിവെയ്പ്പിക്കുകയോ ചെയ്താൽ, അതോടെ ആളുകൾക്ക് സന്തോഷമായി. അങ്ങനെ പറഞ്ഞില്ലെങ്കിൽ പറയാത്തവരെ സ്ഥാപിത താൽപര്യക്കാർ ആക്കി. അടുത്ത ദുരന്തം വരെ പിന്നെ വിഷയത്തിൽ ചിന്തയില്ല, ചർച്ചയും.
ആഗസ്റ്റിൽ നടന്ന ദുരന്തത്തെപ്പറ്റി ഞാൻ നവംബറിലാണ് വിശദമായി ‘ഡാമുകളും ദുരന്തവും’ എന്ന പേരിൽ പോസ്റ്റിട്ടത്. അപ്പോഴേക്കും ആളുകൾക്ക് വിഷയത്തിലെ താല്പര്യം പോയിരുന്നു. ലക്ഷം ഫോളോവേഴ്സും അതിലധികം വായനക്കാരുമുള്ള പോസ്റ്റിന് കിട്ടിയത് 962 ലൈക്ക് ആണ്. ആറു മത്തിയുടെ പടം ഇട്ടതിന് ആയിരത്തി അഞ്ഞൂറ് ലൈക് കിട്ടിയ പ്രൊഫൈൽ ആണെന്ന് ഓർക്കണം.
 
ഇന്നിപ്പോൾ വീണ്ടും വിഷയം ചർച്ചയാവുന്നു. മിക്കവാറും അന്തിച്ചർച്ചയും ആകും. ഇതിനെ കളിയാക്കിയോ, ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്ന മട്ടിലോ പോസ്റ്റിടുന്നവർ ലൈക്കുകൾ തൂത്തു വാരുന്നു. വേണമെങ്കിൽ ഓളത്തിന്റെ മുന്നിൽ എനിക്കും കയറി നിൽക്കാം. അത് വേണ്ട. ദുരന്തം എന്നത് ഗുരുതരവും സങ്കീർണ്ണവുമായ വിഷയമാണ്. അതിനെ ലഘൂകരിച്ച് ഒരു കാരണത്തിലേക്കോ ഒരാളിലേക്കോ എത്തിക്കുന്നതിൽ നിന്നും സമൂഹത്തിന് ഒരു ഗുണവുമില്ല.
 
എൻറെ അഭിപ്രായം പലരും ചോദിക്കുന്നുണ്ട്. ഞാൻ ഒന്നും പറയില്ല എന്ന് ഉറപ്പിക്കുന്നവരുണ്ട്. രണ്ടു കൂട്ടർക്കും വേണ്ടി ഒരിക്കൽക്കൂടി പറയാം.
 
ഡാമുകളും ദുരന്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും പഠിച്ചതിന് ശേഷം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു നവംബറിൽ (15). അധികം ആളുകളൊന്നും അത് ശ്രദ്ധിച്ചില്ല. ഇന്നിപ്പോൾ താല്പര്യമുണ്ടെങ്കിൽ അവർക്ക് അവിടെ പോയി വായിക്കാം.
 
അതല്ലേ ഹീറോയിസം.
 
മുരളി തുമ്മാരുകുടി
 

Leave a Comment