പൊതു വിഭാഗം

വന്ദേ ഭാരത് വരുന്പോൾ

വന്ദേ ഭാരത് ട്രെയിൻ വരുന്പോൾ ഗതാഗതത്തേക്കാൾ കൂടുതൽ രാഷ്ട്രീയമാണ് ചർച്ച ചെയ്യപ്പെടുന്നത്.

എനിക്ക് ഈ കാര്യത്തിൽ യാതൊരു രാഷ്ട്രീയവും ഇല്ല. ഞാൻ പുതിയ ട്രെയിനിന്റെ വരവിനെ നോക്കിയിരിക്കുന്ന ആളാണ്. നാട്ടിൽ എത്തിയാൽ അതിൽ സഞ്ചരിച്ചു നോക്കണം. കഴിഞ്ഞ ദിവസം വന്ദേ ഭാരത് കുതിച്ചു പോകുന്നത് കണ്ടിരുന്നു. (കൂട്ടത്തിൽ പറയണമല്ലോ സ്പീഡ് ട്രെയിൻ വരാൻ വേണ്ടി ഗുജറാത്തിനെ രണ്ടായി മുറിച്ച വേലിയും കണ്ടു, ചിത്രത്തിൽ ഉണ്ട്).

കേരളത്തിൽ യാത്ര എന്നത് റോഡ് വഴി ആണെങ്കിലും റെയിൽ വഴി ആണെങ്കിലും ഇപ്പോൾ ഒരു ദുരിതമാണ്.

പെരുന്പാവൂർ എന്നത് താരതമ്യേന ചെറിയ ഒരു നഗരമാണ്, ഒരു ലക്ഷം ജനസംഖ്യ പോലുമില്ല. ആലുവ – മൂന്നാർ റോഡും എം.സി. റോഡും ഇത് വഴി കടന്നു പോകുന്നു. ഇതിന് ചുറ്റും വികസിച്ചിരിക്കുന്ന കുറച്ചു കച്ചവട സ്ഥാപനങ്ങൾ, രണ്ടു സ്‌കൂളുകൾ, കുറച്ചു സർക്കാർ ഓഫിസുകൾ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കൂടുന്ന കാളച്ചന്തയും പച്ചക്കറി ചന്തയും. ഒരു കോളേജ് പോലും പെരുന്പാവൂർ നഗരത്തിൽ ഇതുവരെ ഇല്ല.

എന്നിട്ട് പോലും പെരുന്പാവൂർ കടന്നു പോവുക എന്നത് ദുർഘടമാണ്. അര കിലോമീറ്റർ നീളമുള്ള നഗര ഹൃദയം കടന്നു പോകാൻ ചുരുങ്ങിയത് പതിനഞ്ചു മിനുട്ട് എങ്കിലും വേണം. ചിലപ്പോൾ അതിലും കൂടിയേക്കാം.

ഇത് പെരുന്പാവൂരിന്റെ മാത്രം സ്ഥിതിയല്ല.

പെരുന്പാവൂരിൽ എന്റെ വീട്ടിൽ നിന്നും തുമ്മാരുകുടിയിലേക്ക് അഞ്ചു കിലോമീറ്റർ പോലുമില്ലെങ്കിലും അവിടെ എത്താൻ ഒരു മണിക്കൂർ എടുക്കുന്ന സമയങ്ങൾ അപൂർവ്വമല്ല.

ഈ ട്രാഫിക്ക് കുരുക്കിൽ പെട്ട് കിടക്കുന്പോൾ ആളുകൾ ജനപ്രതിനിധികളുടെയും റോഡ് ഉണ്ടാക്കുന്നവരുടെയും ഒക്കെ പിതൃസ്മരണ നടത്തുന്നത് സാധാരണമാണ്.

അപ്പോഴാണ് കഴിഞ്ഞ ദിവസം ഞാൻ ഒരു കാര്യം വായിച്ചത്

“You are never stuck in traffic, you ARE the traffic”

“നിങ്ങൾ ട്രാഫിക്ക് കുരുക്കിൽ പെട്ട് പോവുകയല്ല, നിങ്ങളാണ് ട്രാഫിക് കുരുക്ക്” എന്ന് സാരം.

മാറ്റങ്ങൾ പലത് വരണം. പൊതുഗതാഗതം ശക്തമാക്കണം. അതിന് സ്വകാര്യ ബസ് ഉടമകളുടെ മേലുള്ള അനാവശ്യനിയന്ത്രണങ്ങൾ എടുത്തു കളയണം.

നഗരങ്ങൾ പുനർചിന്തിക്കണം. കാളവണ്ടിയുടെ കാലത്തുണ്ടായ നഗരങ്ങൾ മാത്രമേ കേരളത്തിൽ ഉള്ളൂ. അത് മോട്ടോർ ട്രാൻസ്പോർട്ടിന്റെ കാലത്തിലേക്ക് പുനരാവിഷ്കരണം ചെയ്യണം. ഒരു നൂറ്റാണ്ട് വൈകി, കുഴപ്പമില്ല. Better late than never എന്നല്ലേ. നഗരങ്ങളിലൂടെ ട്രാഫിക്ക് വന്നാലേ കച്ചവടം നടക്കൂ എന്ന് ചിന്തിച്ചിരിക്കുന്ന വ്യാപാര പ്രസ്ഥാനങ്ങളും അവർ നിയന്ത്രിക്കുന്ന നഗരസഭാ സംവിധാനങ്ങളും ആണ് നമ്മുടെ നഗരങ്ങളെ മുരടിപ്പിക്കുന്നത്. ഇത് മാറണം.

കേരളത്തിൽ അങ്ങോളം ഇങ്ങോളം വേഗത്തിൽ ഓടുന്ന, ഓടുന്പോൾ തുറക്കാത്ത വാതിലുകൾ ഉള്ള, വൃത്തിയുള്ള, കൃത്യസമയത്തിന് ഓടുന്ന ട്രെയിനുകൾ ഉണ്ടാകണം.

കോതമംഗലത്ത് സിവിൽ എൻജിനീയറിങ്ങിൽ ട്രാൻസ്‌പോർട്ടേഷൻ എഞ്ചിനീയറിങ്ങ് പഠിച്ച കാലത്ത് കേരളത്തിലേക്ക് വരുന്ന ദീർഘദൂര ട്രെയിനുകൾ പാലക്കാട് ഒരു കൂറ്റൻ ടെർമിനലിൽ അവസാനിക്കുന്നതും അവിടെ നിന്നും ഓരോ പത്തുമിനുട്ടിലും തെക്കോട്ടും വടക്കോട്ടും ചുരുങ്ങിയത് നൂറു കിലോമീറ്റർ വേഗതയിലെങ്കിലും ഓടുന്ന ട്രെയിനുകൾ വരുന്നതുമായ ഒരു സംവിധാനം ഞാൻ ചിന്തിച്ചു നോക്കിയിട്ടുണ്ട്. അന്ന് കൊങ്കൺ റെയിൽവേ ഒന്നുമില്ല, എല്ലാ ദീർഘദൂര ട്രെയിനുകളും പാലക്കാട്/ഷൊർണ്ണൂർ വഴിയാണ് വരുന്നത്. ഇപ്പോൾ ആ പ്ലാനിൽ അല്പം മോഡിഫിക്കേഷൻ ആകാം. എന്നാലും ഒരു ഹബ് ആൻഡ് സ്പോക്ക് നെറ്റ്‌വർക്ക് വഴി കേരളത്തിൽ അങ്ങോളം ഇങ്ങോളം മുൻ‌കൂർ ബുക്കിങ്ങ് ഒന്നും ചെയ്യാതെ പകലും രാത്രിയും വേഗത്തിൽ ട്രെയിൻ യാത്ര ചെയ്യാനുള്ള ഒരു സംവിധാനം ആണ് ഞാൻ സ്വപ്നം കാണുന്നത്.

നടക്കാൻ പറ്റാത്ത സ്വപ്നം ഒന്നുമല്ല.

2026  വരികയല്ലേ, പുതിയ ആശയങ്ങൾക്ക് സമയമുണ്ട്.

മുരളി തുമ്മാരുകുടി

May be an image of 2 people and train

No photo description available.

Leave a Comment