പൊതു വിഭാഗം

ലോക്‌സഭാ തിരഞ്ഞെടുപ്പും കേരളത്തിലെ സ്ഥാനാർത്ഥികളും..

2024 ലെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഏതാണ്ട് പൂർണ്ണമായി എത്തി. എന്റെ പേരോ ചിത്രമോ ഒന്നിലും ഇല്ല എന്നതാണ് ആദ്യമേ ശ്രദ്ധിച്ചത്. തിരഞ്ഞെടുപ്പ് ഡേറ്റ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാർട്ടികൾ തീരുമാനങ്ങൾ എടുത്തതിനാൽ “ചാലക്കുടിയിൽ മുരളി തുമ്മാരുകുടിയെ പരിഗണിക്കുന്നുണ്ടത്രേ” എന്നൊരു വാർത്ത പത്രത്തിൽ വരുത്താൻ പോലും സാധിച്ചില്ല. പോട്ടേ, ഇനി 2026  നിയമസഭാ തിരഞ്ഞെടുപ്പിലോ കാവിലെ പാട്ടു മത്സരത്തിനോ കാണാം.

ഇന്ത്യയുടെ രാഷ്ട്രീയ ഭാവിക്ക് ഏറെ പ്രധാനമായ ഒരു തിരഞ്ഞെടുപ്പാണ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ഏത് കക്ഷി ജയിക്കും ഏത് മന്ത്രിസഭ വരും എന്നതിൽ സർപ്രൈസ് ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല, ഞാനും.

കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു മുന്നണികളും കേന്ദ്രത്തിൽ ഒറ്റ മുന്നണിയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ഓരോ സീറ്റിലും വൻ പോരാട്ടം നടത്താതെ ലോക്‌സഭയിൽ ഏറ്റവും നന്നായി സംസാരിക്കാനും പ്രവർത്തിക്കാനും കഴിവും സാധ്യതയും ഉള്ള കുറച്ചു പേരെ അവിടെ എത്തിക്കാൻ തന്ത്രപൂർവ്വം ഒരുമിച്ചു ശ്രമിക്കും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.

ഇപ്പോഴത്തെ ലോക്‌സഭയിൽ ശ്രീ. ശശി തരൂരും  ശ്രീ. പ്രേമചന്ദ്രനും ഒക്കെയാണ് ലോക്‌സഭയിൽ ശ്രദ്ധ നേടിയത്. കാര്യം പാർലമെൻറിൽ ഏത് ഭാഷയിലും സംസാരിക്കാമെങ്കിലും ഹിന്ദിയിലും ഇംഗ്ളീഷിലും നന്നായി സംസാരിക്കാനുള്ള കഴിവ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ പ്രധാനമാണ്. ഇപ്പോഴത്തെ സ്ഥാനാർത്ഥി പട്ടിക നോക്കുന്പോൾ അത്തരത്തിൽ ലോക്‌സഭയിൽ ശോഭിക്കാൻ കഴിയുന്ന അനവധി പേരുകൾ കാണുന്നില്ല. ഇനി ജയിച്ചു വരുന്നവർക്ക് ഹിന്ദിയിലും ഇംഗ്ളീഷിലും ഒക്കെ നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള ട്രാൻസ്‌ലേഷനിൽ ട്യൂഷൻ കൊടുക്കുകയേ മാർഗ്ഗമുള്ളൂ.

സ്ത്രീ പ്രാതിനിധ്യ ബിൽ പാസാക്കിയ സ്ഥിതിക്ക് അതിന്റെ ട്രയൽ റൺ ആയി കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുമെന്ന് കരുതി. ഒരു മുന്നണിയിലും പകുതിയോ, മൂന്നിലൊന്നോ പോലും സ്ത്രീകൾ ഇല്ല. ഏറെ നിരാശാജനകമാണ്. നിയമം കൊണ്ടല്ലാതെ അടുത്തയിടക്കൊന്നും പാർട്ടികൾ മാറില്ല എന്നത് ഉറപ്പായി.

കേന്ദ്രത്തിൽ ഭരണം കിട്ടാനോ മന്ത്രിയാവാനോ സാധ്യത ഏറെ കുറവായതിനാൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ പാർട്ടികളിൽ നിന്നും കൂടുതൽ ചെറുപ്പക്കാരെ കേന്ദ്രത്തിൽ അയക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. ഇക്കാര്യത്തിലും കാര്യമായ മാറ്റം ഉണ്ടായില്ല. വീണ്ടും നിരാശ തന്നെ.

ഇടതുപക്ഷത്തിന് ഈ തവണ കാര്യങ്ങൾ അല്പം എളുപ്പമാണ്. കഴിഞ്ഞ തവണ ഒരു സീറ്റ് ഉണ്ടായിരുന്നത് രണ്ടായാൽ പോലും നൂറു ശതമാനം പുരോഗതിയാണ് !. ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യവും സ്ഥാനാർത്ഥികളേയും നോക്കുന്പോൾ പുരോഗതി നൂറു ശതമാനത്തിനും അപ്പുറത്ത് പോകും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

യു.ഡി.എഫിന് കൂടുതൽ ബുദ്ധിമുട്ടുള്ള കാലമാണ്. ഏറെ നാളായി കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്താണ്, അർത്ഥം കുറഞ്ഞു വരുന്ന കാലം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിലും ഏറെ മാറ്റമുണ്ട്. കഴിഞ്ഞ തവണത്തെ വന്പൻ ലീഡ് നിലനിർത്തും എന്ന് എനിക്ക് തോന്നുന്നില്ല.

ബി.ജെ.പി. യെ സംബന്ധിച്ചിടത്തോളം കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും മറ്റു സമവാക്യങ്ങളും എല്ലാം എത്രമാത്രം മാറി എന്ന് അളക്കാനുള്ള ഒരവസരമാണ്. ഈ വർഷം വോട്ടിന്റെ കാര്യത്തിൽ മുന്നേറ്റം ഉണ്ടാക്കിയാൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രീതി മൊത്തം മാറും.

തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ഉത്സവമായിട്ടാണ് ഞാൻ കാണുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കേരളത്തിൽ ഉണ്ടാകണം എന്നും പ്രചാരണ കോലാഹലവും മൈതാനപ്രസംഗങ്ങളും കേൾക്കണമെന്നും ആഗ്രഹമുണ്ട്. എന്നാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് എന്നതിനെ അനുസരിച്ച് നാട്ടിൽ വരാൻ നോക്കുന്നുണ്ട്. നിയമ സഭ തിരഞ്ഞെടുപ്പിൽ ഞാൻ പ്രത്യേകം വിജയാശംസകൾ കൊടുത്തവർ ഭൂരിഭാഗവും തോറ്റ ഒരു റെക്കോർഡ് ഉള്ളത് കൊണ്ട് ആർക്കും പ്രത്യേകം ആശംസയില്ല.

ഇന്ത്യയിൽ മാത്രമല്ല അമേരിക്ക മുതൽ സൗത്ത് സുഡാൻ വരെ നാല്പത് രാജ്യങ്ങളിലായി നാനൂറു കോടി ആളുകളാണ് 2024 ൽ ജനാധിപത്യലോകത്ത് തിരഞ്ഞെടുപ്പിക്കൽ പങ്കെടുക്കുന്നത്. ഇതൊരു സർവ്വകാല റെക്കോർഡ് ആണ്. ലോകത്തെന്പാടും ജനാധിപത്യത്തിന്റെ ഗതി താഴോട്ടാണ്, അതുകൊണ്ട് തന്നെ ജനാധിപത്യം എന്ന സംവിധാനത്തിന് തന്നെ ഏറെ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പുകൾ ആണ് ഈ വർഷം നടക്കുന്നത്.

ജനാധിപത്യത്തിന് വിജയാശംസകൾ!

മുരളി തുമ്മാരുകുടി

May be an image of 16 people and text that says "UDF സാരഥികളെ വിജയിപ്പിക്കുക തിരുവനന്തപുരം ആറ്റിങ്ങൽ കൊല്ലം പത്തനംതിട്ട മാവേല ക്കര ഡോ.ശശിതരൂർ ആലപ്പുഴ അടൂർ പ്രകാശ് കോട്ടയം N.Kപ്രേമചന്ദ്രൻ ഇടുക്കി ആൻ്റോ ആൻ്റണി കൊടിക്കുന്നിൽസുരേഷ് എറണാകുളം ചാലക്കൂടി K.ഭവേണുഗോപാൽ ഫ്രാൻസിസ് ജോർജ് ഡീൻ കുരിയാക്കോസ് ഹൈബി ഈഡൻ തൃശൂർ ആലത്തൂർ പാലക്കാട് പൊന്നാനി ബെന്നി ബെഹനാൻ മലപ്പുറം K.മുരളീധരൻ കോഴിക്കോട് രമയഹരിദാസ് വയനാട് v.kശ്രീകണ്ൻ V.K വടകര അബ്ദുസമദ് സമദാനി E.T മുഹമ്മദ് ബഷീർ കണ്ണൂർ കാസർഗോഡ് M.Kരാഘവൻ രാഹുൽഗാന്ധി ഷാഫി പറമ്പിൽ ദാളിപ്ക കെ.സുധാകരൻ രാജ്‌മോഹൻ ഉണ്ണിത്താൻ LoksabhaElection2024UDF Election2024 Keralam"May be an image of 14 people and text

Leave a Comment