പൊതു വിഭാഗം

റോഡിൽ കുഞ്ഞുങ്ങളുടെ ചോര വീഴരുത്!

കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു.

സ്‌കൂൾ ബസ് വിട്ടിറങ്ങുന്ന ഒരു കുട്ടി ബസിന് പുറകിലൂടെ ഓടി റോഡ് ക്രോസ്സ് ചെയ്യുന്നു. എതിർ വശത്തു നിന്നും വന്ന പെട്ടി ഓട്ടോറിക്ഷ കുട്ടിയുടെ മേൽ ഇടിക്കുന്നു. കുട്ടി ബസിന് പുറകിലൂടെ റോഡ് ക്രോസ്സ് ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ ഓട്ടോ ഡ്രൈവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ബ്രേക്ക് ഇട്ടിട്ടും കുറച്ചു മാറിയാണ് ഓട്ടോ നിൽക്കുന്നത്. കുട്ടി മരിച്ചു എന്നായിരുന്നു വാർത്ത.

കുട്ടികൾ സ്‌കൂളിൽ പോകുന്ന ദിവസം മുതൽ ഓരോ മാതാപിതാക്കളുടേയും ഏറ്റവും വലിയ ദുഃസ്വപ്നമാണ് ഇത്തരം സംഭവങ്ങൾ. എന്നിട്ടും ഓരോ വർഷവും ഇത് വീണ്ടും വീണ്ടും സംഭവിക്കുന്നു. ചിലപ്പോൾ മാതാപിതാക്കളുടെ മുന്നിൽ വച്ച്, ചിലപ്പോൾ അവർ വന്നിറങ്ങിയ ബസ് മുന്നോട്ടെടുക്കുന്പോൾ തന്നെ. എത്ര സങ്കടകരമാണ്.

തികച്ചും ഒഴിവാക്കാവുന്ന തരത്തിലുള്ള അപകടമാണ്. താഴെ പറയുന്ന കാര്യങ്ങൾ ആണ് ചെയ്യേണ്ടത്.

  1. കുട്ടികൾ സ്‌കൂളിൽ പോകുന്നതിന് മുൻപ് തന്നെ റോഡ് സുരക്ഷയെപ്പറ്റി, പ്രത്യേകിച്ചും ബസിൽ നിന്നും ഇറങ്ങുന്നതിനെപ്പറ്റിയും റോഡ് മുറിച്ചു കടക്കുന്നതിനെ പറ്റിയും പരിശീലനം നൽകണം.
  1. കുട്ടികൾ സ്‌കൂളിൽ വരുന്ന ആദ്യത്തെ ദിവസം പ്രവേശനോത്സവത്തിൻറെ ഭാഗമായി സ്‌കൂളിലേക്കുള്ള യാത്രയിലും സ്‌കൂളിനുള്ളിലും പാലിക്കേണ്ട സുരക്ഷയെ പറ്റി കുട്ടികൾക്ക് ക്ലാസ്സ് കൊടുക്കണം. ഓരോ വർഷവും വീണ്ടും വീണ്ടും ആവർത്തിച്ച് കൊടുക്കണം.
  1. സ്‌കൂൾ ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകണം. കുട്ടികൾ ബസിറങ്ങിയാൽ ബസിനു മുൻപിലൂടെ ഓടാൻ സാധ്യതയുണ്ട്. ഇത് ഡ്രൈവറുടെ കാഴ്ച്ചയിൽ പെടില്ല. അപ്പോൾ അക്കാര്യം കുട്ടികളെ പ്രത്യേകം പറഞ്ഞു മനസ്സിലാക്കണം.
  1. യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവെ സ്‌കൂൾ ബസ് എന്നൊരു സംവിധാനം ഇല്ല. മിക്കവാറും കുട്ടികൾ അവർക്ക് നടന്നു പോകാവുന്ന ദൂരത്തുള്ള സ്‌കൂളുകളിലാണ് പോകുന്നത്. പക്ഷെ എവിടെയൊക്കെ അവർക്ക് റോഡ് മുറിച്ചു കടക്കാണോ അവിടെയൊക്ക ഒരു വളണ്ടീയർ, റിഫ്ളക്ടീവ് വെസ്റ്റുമായി കുട്ടികളെ സഹായിക്കാൻ ഉണ്ടാകും. ഡ്രൈവർമാർ അതീവ ശ്രദ്ധ കൊടുക്കുകയും ചെയ്യും. ഇതൊക്കെ നമ്മുടെ നാട്ടിലും എത്രയോ എളുപ്പത്തിൽ ചെയ്യാം.
  1. ദുബായിൽ ഒക്കെ സ്‌കൂൾ ബസിനു സൈഡിൽ ഒരു സ്റ്റോപ്പ് സൈൻ ഉണ്ട്. ബസ് നിൽക്കുന്പോൾ അത് നിവർന്ന് വരും. അത് കാണുന്നതോടെ ഡിവൈഡർ ഇല്ലാത്ത റോഡുകളിൽ രണ്ടു വശത്തേക്കും ഉള്ള ട്രാഫിക്ക് സ്‌കൂൾ ബസിന് അഞ്ചു മീറ്റർ മുന്നിൽ നിർത്തണം എന്നാണ് നിയമം. കുട്ടികൾ ഇറങ്ങി/കയറി സുരക്ഷിതമായി റോഡ് ക്രോസ്സ് ചെയ്തതിന് ശേഷമേ വാഹനങ്ങൾ പോകാവൂ. ഇത് ലംഘിക്കുന്നവർക്ക് 10,000 ദിർഹം ഫൈൻ ആണ്, ഏതാണ്ട് രണ്ടു ലക്ഷം രൂപ. നാട്ടിലെ ഡ്രൈവർമാർക്ക് അത്ര സുരക്ഷാബോധം ഒന്നുമില്ല എന്നെനിക്കറിയാം, എന്നാലും ഇതുപോലെ ഒരു സംവിധാനം ഉണ്ടായി ഇരുപത്തി അയ്യായിരം രൂപ ഫൈൻ ഇട്ടാൽ കുറച്ചൊക്കെ സാമൂഹ്യബോധവും സുരക്ഷാ ബോധവും ഉണ്ടാകും.
  1. അപകടങ്ങൾ എവിടേയും ഉണ്ടാകാം, പക്ഷെ അതൊക്കെ സാധാരണമെന്നോ വിധിയാണെന്നോ കരുതുന്നത് തെറ്റാണ്. ഒരിക്കൽ ഉണ്ടായ തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. ഇങ്ങനെ ഒരു അപകടമുണ്ടായാൽ ഈ വിവരം സംസ്ഥാനത്തെ എല്ലാ സ്‌കൂളിലേയും അടുത്ത അസംബ്ലിയിൽ വിഷയമാക്കണം, കുട്ടികളെ വീണ്ടും വീണ്ടും ബോധവൽക്കരിക്കണം.
  1. സംസ്ഥാനത്ത് വലിയൊരു റോഡ് സുരക്ഷാ ഫണ്ടും അനുബന്ധ സംവിധാനങ്ങളും ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത്തരം ഒരു അപകടം ഉണ്ടാകുന്പോൾ വീണ്ടും ഉണ്ടാകാതിരിക്കാൻ ഒരു പരസ്യം എങ്കിലും ചെയ്താൽ എത്ര നന്നായിരുന്നു.

പ്രതിവർഷം നാലായിരത്തിന് മുകളിൽ ജീവനുകളാണ് കേരളത്തിൽ റോഡപകടത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. കോവിഡ് കാലത്ത് അത് കുറഞ്ഞു, പക്ഷെ ഈ വർഷം അത് വീണ്ടും നാലായിരം കവിയും. ഓരോ ജീവനും വിലപ്പെട്ടതാണെന്ന ബോധം എന്നാണ് നമുക്ക് ഉണ്ടാകുന്നത്?

മുരളി തുമ്മാരുകുടി

Leave a Comment