പൊതു വിഭാഗം

രാത്രി, ഹോസ്റ്റൽ, സുരക്ഷ, കർഫ്യൂ…

കേരളത്തിലെ ലേഡീസ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർ വൈകിട്ട് ഏഴോ എട്ടോ ഒന്പതോ മണിയാകുന്പോഴേക്കും തിരിച്ചെത്തണമെന്നുള്ള നിബന്ധനയിന്മേൽ ചർച്ച നടക്കുകയാണല്ലോ. ഈ വിഷയത്തിൽ വിദ്യാർത്ഥിനികളോടുള്ള വിവേചനം അവസാനിപ്പിക്കണം എന്നും പൊതുവിൽ പകലും രാത്രിയും വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷ ഉണ്ടാക്കുകയാണ് ഒരു പരിഷ്‌കൃത സമൂഹവും അധികാരികളും ചെയ്യേണ്ടത് എന്നും സുരക്ഷയെ പേടിച്ച് പെൺകുട്ടികളെ പൂട്ടിയിടുന്നത് പ്രാകൃതമാണെന്നും ഉള്ള സത്യങ്ങൾ വനിതാ കമ്മീഷനും കോടതിയും ഇന്നിപ്പോൾ മനോരമയും പറഞ്ഞിരിക്കുന്നു എന്നത് എന്നെ വളരെ സന്തോഷിപ്പിക്കുന്നുണ്ട്.

അതേസമയം ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇതൊന്നും ഇനിയും ഉൾക്കൊള്ളാത്ത ആളുകൾ ഉണ്ടെന്നത് എന്നെ അല്പമൊന്നുമല്ല അന്പരപ്പിക്കുന്നത്.

കേരളത്തിൽ വനിതകൾക്ക് രാത്രി മാത്രമല്ല പകൽ പോലും സുരക്ഷ ഇല്ല എന്നത് ഒരു വാസ്തവമാണ്. ശാരീരികമായ കടന്നു കയറ്റം മാത്രമല്ല നഗ്നതാ പ്രദർശനം മുതൽ തുറിച്ചു നോട്ടം വരെ കേരളത്തിൽ എവിടേയും പകലും രാത്രിയും ഒരു യാഥാർഥ്യമാണ്. അത് നിയന്ത്രിക്കാൻ ഒരാൾക്കും സാധിക്കുന്നുമില്ല. സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് സിവിൽ സർവീസ് കോച്ചിങ് നടത്തി നടന്നു പോയ പെൺകുട്ടികളെ ആക്രമിച്ചത് പട്ടാപ്പകൽ ആണ്. ഇതൊക്കെ നിയന്ത്രിക്കേണ്ടതിനും പൊതു രംഗത്ത് സംസ്കാരത്തോടും മാന്യതയോടും പെരുമാറാൻ നമ്മുടെ ആണുങ്ങളെ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യേണ്ടതാണ്. അത് ചെയ്യാത്തവർക്ക് തക്ക ശിക്ഷ ലഭിക്കുന്ന സംവിധാനം ആണ് ഉണ്ടാക്കേണ്ടത്. അതിനു പകരം ലേഡീസ് ഹോസ്റ്റലിൽ കൂടുതൽ സുരക്ഷയും സുരക്ഷാ കാമറയും ഉണ്ടാക്കുന്നത് സമൂഹത്തിന്റെ പരാജയമാണ്, പുരോഗമനമല്ല.

സുരക്ഷ കാര്യത്തിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത ചില പുരോഗമനക്കാർ, രാത്രിയിൽ കുട്ടികൾ ഉറങ്ങിയില്ലെങ്കിൽ പഠനം ശരിയാവില്ല എന്നൊക്കെ പറയുന്നതു കേൾക്കുന്പോൾ ചിരി വരുന്നു. ഓരോരുത്തരും പഠിക്കുന്നത് ഓരോ സമയത്താണ്. ഐ.ഐ.ടി.യിൽ ഞങ്ങൾ ലാബിൽ നിന്നും വന്നിരുന്നത് രാത്രി പന്ത്രണ്ട് മണിക്കാണ്, പിന്നെ ഹോസ്റ്റലിലെ പുൽത്തകിടിയിൽ ഇരുന്നു രാവിലെ രണ്ടു മണി വരെ ചർച്ച. ഇത്തവണ ഐ.ഐ.ടി. ഡൽഹിയിൽ പോയപ്പോൾ അവിടെ ഇരുപത്തി നാലു മണിക്കൂറും തുറന്നിട്ടിരിക്കുന്ന കഫേകളും വിദ്യാർത്ഥികൾക്ക് ഒരുമിച്ചിരുന്നു സംസാരിച്ചിരിക്കാനുള്ള സംവിധാനവും കണ്ടു. ഇവിടെ നിന്നും പഠിച്ചിറങ്ങുന്നവർ ഒക്കെയാണ് നമ്മുടെ രാജ്യത്തെ മുൻകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്, അവിടെ നിന്നും പഠിച്ചിറങ്ങുന്നവരെയാണ് ലോകത്തെവിടെയും ഉള്ള സ്ഥാപങ്ങൾ റിക്രൂട്ട് ചെയ്യുന്നത്. വൈകീട്ട് ഏഴുമണിക്ക് ഗേറ്റും അടച്ച് പത്തു മണിക്ക് ലൈറ്റും ഓഫ് ചെയ്ത് ഒരു ചിക്കൻ ഫാമിൽ എന്ന പോലെ കുട്ടികളെ അടവെച്ചു വിരിയിക്കുന്ന സ്ഥാപങ്ങൾ എവിടെ നിൽക്കുന്നു?, അവിടെ നിന്ന് പോകുന്ന കുട്ടികൾ എവിടെ പോകുന്നു. ഇന്ത്യയിലെ ടോപ് റാങ്കുള്ള എത്ര സ്ഥാപനങ്ങളിൽ ഇത്തരത്തിൽ വിലക്കുണ്ട് എന്നൊക്കെ ഒന്നന്വേഷിച്ചു നോക്കുന്നത് നല്ലതാണ്.

ലോകത്ത് അക്കാദമിക് മികവിന് പേര് കേട്ട സ്ഥാപങ്ങളിൽ ഒന്നും ഇത്തരത്തിലുള്ള കർഫ്യൂ ഇല്ല എന്ന് മാത്രമല്ല ഹോസ്റ്റലുകൾ, വാർഡൻ എന്നൊക്കെയുള്ള സംവിധാനം തന്നെ ഇല്ലാതായി വരികയാണ്. പതിനേഴു വയസ്സാകുന്പോൾ കുട്ടികൾ വീട്ടിൽ നിന്നും മാറി ഒറ്റക്ക് ജീവിക്കുന്ന, സാധിക്കുന്പോൾ സ്വന്തമായി എന്തെങ്കിലും പണിയെടുത്ത് കുറച്ചു കാശൊക്കെ ഉണ്ടാക്കുന്ന, ആത്മവിശ്വാസമുള്ള, സ്വന്തം പങ്കാളികളെ സ്വയം കണ്ടുപിടിക്കുന്ന ഒരു ലോകത്ത് പതിനെട്ട് വയസ്സുള്ള കുട്ടികളെ ഹോസ്റ്റലിൽ കർശന നിയന്ത്രണങ്ങളോടെ താമസിപ്പിക്കാം എന്ന് ആരും സ്വപ്നം കാണുക പോലുമില്ല. അവിടെ ഒന്നും പഠിക്കുന്ന കുട്ടികൾ രാത്രി പത്തുമണിക്ക് ഉറങ്ങാത്തത് കൊണ്ട് പഠനത്തിൽ പിന്നോക്കം പോകുന്നുമില്ല.

ഹോസ്റ്റലിൽ കുട്ടികൾക്ക് നിയന്ത്രണം വേണം എന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത് എന്നാണ് ഒരു കൂട്ടർ പറയുന്നത്. ഇപ്പോഴത്തെ ഹോസ്റ്റൽ സമയം കേസിൽ മാതാപിതാക്കളെ കക്ഷി ആക്കണം അത്രേ. ഇതിൽ വളരെ ശരിയുണ്ടെന്ന് തോന്നാം. നമ്മുടെ നാട്ടിൽ കുട്ടികൾ എന്ത് പഠിക്കണം എന്ന് മാത്രമല്ല ആരെ കല്യാണം കഴിക്കണം എന്നു വരെ മാതാപിതാക്കൾ ആണല്ലോ തീരുമാനിക്കുന്നത്. ഇതൊന്നും ഈ നൂറ്റാണ്ടിലെ കാര്യമല്ല എന്ന് ഈ മാതാപിതാക്കളും അവരെ പിന്തുണക്കുന്നവരും അറിയുന്നില്ല, പക്ഷെ കുട്ടികൾ അത് മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടാണ് അവർ സാധിക്കുന്പോൾ നാട് വിടുന്നത്. അതേ കാരണം കൊണ്ടാണ് അവർ നാട്ടിലേക്ക് ഇനി തിരിച്ചു വരാതിരിക്കുന്നത്. പുറത്തു പോയി സ്വതന്ത്രമായി ചിന്തിച്ചും പ്രവർത്തിച്ചും ജീവിക്കുന്നവർ എന്നും, നാട്ടിൽ വീട്ടുകാരും നാട്ടുകാരും സദാചാരക്കാരും പറയുന്നതൊക്കെ കേട്ട് അടങ്ങി ഒതുങ്ങി ജീവിക്കുന്നവർ എന്നും രണ്ടു തരം ആളുകളാണ് ഇനി ബാക്കി നാട്ടിൽ ഉണ്ടാകാൻ പോകുന്നത്. ഇതാണോ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്, അതോ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു തലമുറയാണോ?

നമ്മുടെ നാട്ടിൽ സുരക്ഷ ഉണ്ടാക്കുകയാണ് അധികാരികൾ ചെയ്യേണ്ടത്. പിന്നെ കുട്ടികൾ പ്രായപൂർത്തിയായാൽ മാതാപിതാക്കൾ അവരുടെ കാര്യത്തിൽ അധികം ഇടപെടാതെ ഇരിക്കുന്നതാണ് നല്ലത്. പതിനെട്ട് വയസ്സ് വരെ കുട്ടികളെ ആത്മവിശ്വാസത്തോടെ വളർത്തിയിട്ടുണ്ടെങ്കിൽ സദാചാരം പറഞ്ഞുവരുന്ന ആങ്ങളമാരെയും അമ്മാവന്മാരേയും അവർ കൈകാര്യം ചെയ്തുകൊള്ളും. അവരെ ആക്രമിക്കാൻ വരുന്ന ക്രിമിനലുകളെ ജയിലിൽ അടച്ചു സമയബന്ധിതമായി മാതൃകാപരമായി ശിക്ഷിക്കുകയാണ് പോലീസ് സംവിധാനം ചെയ്യേണ്ടത്. ഒരു അക്രമ സംഭവം ഉണ്ടായാൽ രാത്രി പുറത്തിറങ്ങിയാൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് പറയുന്നവർ കാലത്തിനൊപ്പം വളരാത്തവർ ആണ്. ഇതൊക്കെ ഇങ്ങനെ ഇടക്കിടക്ക് പറയേണ്ടി വരുന്നത് തന്നെ കഷ്ടമാണ്.

നമ്മുടെ പുതിയ തലമുറയെ സ്വതന്ത്രമായി വളരാൻ കോടതി അനുവദിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം

മുരളി തുമ്മാരുകുടി

Leave a Comment