പൊതു വിഭാഗം

യഥാർത്ഥ ചോക്കലേറ്റിന്റെ രുചി…

“Taking Coals to New Castle” എന്നൊരു പ്രയോഗം ഇംഗ്ളീഷിലുണ്ട്. സ്വിറ്റ്സർലണ്ടിലേക്ക് ചോക്കലേറ്റ് കൊണ്ടുപോകുന്നതും ഏതാണ്ട് അതുപോലെയാണ്.
 
മറ്റു രാജ്യങ്ങളിലെ പോലെ ജനീവ വിമാനത്താവളത്തിലും കസ്റ്റംസിന് റെഡ് ചാനലും ഗ്രീൻ ചാനലുമുണ്ട്. ഇവിടെ പക്ഷെ സ്വർണ്ണമോ കറൻസിയോ കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങളില്ല, വിമാനത്താവളത്തിൽ സ്വർണ്ണം പിടിച്ചു എന്ന വാർത്തകളുമില്ല.
പിന്നെ എന്താണ് ഇവിടുത്തെ കസ്റ്റംസുകാർ നോക്കിയിരിക്കുന്നത് എന്ന് ഞങ്ങൾ വിദേശത്ത് നിന്നുള്ളവർ ഇടക്ക് തമാശ പറയാറുണ്ട്.
അവരുടെ പ്രധാന ലക്ഷ്യം ചോക്കലേറ്റ് ആണ്. നിങ്ങൾ സ്വിറ്റ്സർലാൻഡിലേക്ക് വരുന്പോൾ കയ്യിൽ വേറെതെങ്കിലും രാജ്യത്ത് നിർമ്മിച്ച ചോക്കലേറ്റ് ഉണ്ടെങ്കിൽ അവർ പിടിക്കുമെന്നുറപ്പാണ്. നാട്ടുകാരനാണെങ്കിൽ പൗരത്വം തന്നെ പോയെന്നും വരാം!
 
കാരണം സ്വിറ്റ്സർലന്റുകാർ ചോക്കലേറ്റിനെ അത്രമാത്രം കാര്യമായി എടുക്കുന്നു. ഒരു വർഷം ശരാശരി എട്ടു കിലോ ചോക്കലേറ്റ് ആണ് ഒരു സ്വിസ്സുകാരൻ (കാരിയും) അകത്താക്കുന്നത്, ഇത് ലോകത്ത് നന്പർ വൺ ആണ്.
നൂറു വർഷത്തിൽ ഏറെയായി സ്വിസ്സുകാരും ചോക്കലേറ്റും തമ്മിലുള്ള ഈ സ്നേഹബന്ധം തുടങ്ങിയിട്ട്. ഇന്നിപ്പോൾ ടോബ്ലറോൺ മുതൽ ലിൻറ് വരെയുള്ള ലോക ബ്രാന്റുകൾ അവരുടെ സ്വന്തമാണ്.
 
അതിശയം എന്താണെന്നു വച്ചാൽ ചോക്കലേറ്റിന്റെ അടിസ്ഥാന വസ്തുവായ കൊക്കോ സ്വിറ്റ്‌സർലൻഡിൽ വളരുന്ന ഒന്നല്ല. ഐവറി കോസ്റ്റ് മുതൽ ആസ്‌ട്രേലിയ വരെയുള്ള സ്ഥലങ്ങളിൽ നിന്നും അവർ കൊക്കോ വാങ്ങുന്നു, പാലും പഞ്ചസാരയും ചേർത്ത് ചോക്കലേറ്റ് ഉണ്ടാക്കുന്നു, പകുതിയും അകത്താക്കുന്നു, ബാക്കിയുള്ളത് നന്നായി ബ്രാൻഡ് ചെയ്ത് കയറ്റിയയച്ച് ആയിരക്കണക്കിന് കോടി രൂപ സന്പാദിക്കുന്നു.
 
1980 കളിലാണ് കേരളത്തിൽ കൊക്കോ കൃഷി വ്യാപകമായത്. കുറച്ചു കാലം നല്ല വിലയുണ്ടായിരുന്നു, പിന്നെ ഒരു ഡിമാൻഡുമില്ലാതായി. മിക്കവാറും ആളുകൾ കൊക്കോ മരം വെട്ടിക്കളഞ്ഞു. ചവറിനായി തുമ്മാരുകുടിയിൽ ഉപയോഗിക്കുന്നു. കൊക്കോ കുരുവിന് പ്രത്യേകിച്ച് രുചിയൊന്നും ഇല്ലാത്തതിനാൽ അതവിടെ പഴുത്തു വീഴുന്നു.
 
എന്തുകൊണ്ടാണ് പാലും പഞ്ചസാരയും കൊക്കോയും ഉള്ള കേരളത്തിൽ നിന്നും നല്ല ചോക്കലേറ്റ് വരാത്തത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കേരളത്തേക്കാൾ ചെറുതും കേരളത്തിന്റെ മൂന്നിലൊന്നു ജനസംഖ്യയുമുള്ള ബെൽജിയം ഒരു വർഷം ഇരുപതിനായിരം കോടി രൂപയുടെ ചോക്കലേറ്റാണ് കയറ്റിയയക്കുന്നത്. എന്തുകൊണ്ടാണ് നമുക്ക് ഈ രംഗത്ത് ഒരു പിടിപാടുമില്ലാത്തത്?
 
ഇതുകൊണ്ടൊക്കെയാണ് കോതമംഗലത്തുള്ള എൻറെ യുവ സുഹൃത്ത് Elza Baby പുതിയൊരു ചോക്കലേറ്റ് ബ്രാൻഡ് തുടങ്ങിയെന്ന വാർത്ത ഏറെ സന്തോഷത്തോടെ ഞാൻ കാണുന്നത്. എൻജിനീയർമാരാണ് എൽസയും ഭർത്താവും. ജോലി രാജിവെച്ച് നാട്ടിൽ വന്നു പുതിയ സംരംഭം തുടങ്ങിയിരിക്കുകയാണ്.
 
ഞാൻ വാങ്ങിച്ചു, കഴിച്ചു, അടിപൊളിയാണ് സാധനം. നല്ല രുചി, നല്ല പാക്കിങ്ങ്. നാട്ടിൽ അധികം പ്രചാരമില്ലാത്തതും എന്നാൽ കൂടുതൽ ആരോഗ്യകരമായതുമായ ഡാർക്ക് ചോക്കലേറ്റാണ് അവരുടെ പ്രത്യേകത. സാധാരണനിലയിൽ ജനീവയിൽ നിന്നും കൊച്ചിയിലേക്ക് വരുന്പോളാണ് ഞാൻ ചോക്കലേറ്റ് വാങ്ങാറുള്ളത്. ഇത്തവണ കൊച്ചിയിൽ നിന്നും ചോക്കലേറ്റുമായി ഞാൻ ജനീവക്ക് വന്നു, ലിൻഡും കൈലിയറും പരിചയമുള്ളവരുടെ മുന്നിൽ പാലും പഞ്ചസാരയും കൊക്കോയും ഉൾപ്പെടെ നൂറു ശതമാനവും ഇന്ത്യനായ ചോക്കലേറ്റ് പരിചയപ്പെടുത്തി.
 
പാലും, പഞ്ചസാരയും, കൊക്കോയും, കഴിക്കാൻ നൂറുകോടി ജനവുമുള്ള ഇന്ത്യയിൽ പേരുകേട്ട ചോക്കലേറ്റ് ബ്രാൻഡുകൾ ഇതുവരെ ഇല്ല എന്നതിൽ അവർക്ക് അതിശയം. എനിക്ക് പുതിയ ബ്രാൻഡിൽ അഭിമാനം.
 
അടുത്ത തവണ ചോക്കലേറ്റ് വാങ്ങുന്പോൾ നിങ്ങളും ഈ ബ്രാൻഡ് ഒന്ന് പരീക്ഷിച്ചു നോക്കണം. യഥാർത്ഥ ചോക്കലേറ്റിന്റെ രുചിയാണ്, പരിചയിച്ചു വരാൻ അല്പം സമയം എടുക്കുമെങ്കിലും ഇതാണ് ചോക്കലേറ്റിനെ ശരിക്കും അറിയുന്നവർ കൂടുതൽ ഇഷ്ടപ്പെടുന്നത്.
 
എല്ലാ വിജയാശംസകളും. കൊല്ലത്തിൽ എട്ടു കിലോ ഒന്നും വേണ്ട, നൂറു ഗ്രാം ചോക്കലേറ്റ് എങ്കിലും ശരാശരി ഇന്ത്യക്കാരൻ കഴിച്ചു തുടങ്ങിയാൽ തന്നെ ആയിരക്കണക്കിന് കോടി രൂപയുടെ മാർക്കറ്റ് ഇവിടെത്തന്നെയുണ്ട്. വിദേശ സാദ്ധ്യതകൾ വേറേയും.
 
മുരളി തുമ്മാരുകുടി

Leave a Comment