പൊതു വിഭാഗം

മാറുന്ന കാലാവസ്ഥയും നമ്മുടെ എം എൽ എ മാരും

അടുത്ത ആഴ്ച്ച നാട്ടിലുണ്ടെന്ന് പറഞ്ഞിരുന്നല്ലോ. ഇത്തവണത്തെ വരവിലെ ഒരു പ്രധാന ലക്ഷ്യം കേരളത്തിലെ എം എൽ എമാർക്ക് വേണ്ടി “കാലാവസ്ഥ വ്യതിയാനം: തന്മൂലം ഉണ്ടാകുന്ന ആഘാതങ്ങൾ, അവയെ നേരിടാനുള്ള മാർഗ്ഗങ്ങൾ” എന്ന വിഷയത്തെപ്പറ്റി നടത്തുന്ന ഒരു ഓറിയന്റേഷൻ പ്രോഗ്രാമിലെ മുഖ്യ പ്രഭാഷണം ആണ്.

കാലാവസ്ഥാ വ്യതിയാന പഠനത്തിനുള്ള ഇൻസ്റ്റിറ്റ്യുട്ടിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഈ മാസം ഇരുപത്തി രണ്ടാം തിയതി വൈകീട്ട് ആറ് മണിക്ക് നിയമസഭാ മന്ദിരത്തിലെ മെംബേഴ്‌സ് ലൗഞ്ചിലാണ് പ്രോഗ്രാം. ബഹുമാനപ്പെട്ട സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒക്കെ പങ്കെടുക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകൾ ഇപ്പോഴേ കേരളത്തിൽ കണ്ടു തുടങ്ങിയിട്ടുണ്ട്. ഭാവിയിൽ അതൊരു പ്രധാന പ്രശ്നം ആയേക്കാമെന്നതിനാൽ ആ വിഷയത്തെപ്പറ്റി ഇങ്ങനൊരു പ്രോഗ്രാം നടത്താനുള്ള ഗവണ്മെന്റിന്റെ തീരുമാനം വളരെ സ്വാഗതാർഹമാണ്. കേരളത്തിലെ നിയമനിർമ്മാണവും ഭരണ നിർവഹണവും നയിക്കുന്നവരോട് ഈ വിഷയത്തെപ്പറ്റി സംസാരിക്കാൻ ഒരവസരം ലഭിക്കുന്നതിൽ എനിക്ക് വലിയ അഭിമാനവും സന്തോഷവും ഉണ്ട്.

പതിവ് പോലെ വായനക്കാരുടെ രണ്ടു സഹായം വേണം.

1. പരമാവധി എം എൽ എ മാർ ഈ പ്രോഗ്രാമിൽ എത്തുക എന്നതാണ് പ്രധാനം. എല്ലാ എം എൽ എ മാർക്കും ഔദ്യോഗികമായ ക്ഷണം കിട്ടിക്കാണുമെങ്കിലും എന്നെ കേരളത്തിലെ എം എൽ എ മാരിൽ ഭൂരിപക്ഷവും അറിയാൻ വഴിയില്ല. അതുകൊണ്ട് നിങ്ങളുടെ മണ്ഡലത്തിലെ എം എൽ യോടും നിങ്ങൾക്കറിയാവുന്ന എം എൽ എ മാരോടും ഈ പരിപാടിയിൽ പങ്കെടുക്കാൻ പറയണം. ഔദ്യോഗികമായ അറിയിപ്പിനേക്കാൾ വോട്ടർമാർക്ക് ഈ വിഷയത്തിൽ താല്പര്യം ഉണ്ടെന്ന് അറിയുന്നതായിരിക്കും ജനപ്രതിനിധികൾക്ക് ഈ വിഷയത്തെപ്പറ്റി അറിയാനും വിഷയത്തിൽ ഇടപെടാനും താല്പര്യം ഉണ്ടാക്കുന്ന പ്രധാന ഘടകം.

2. കേരളത്തിന് പുറത്ത് കാലാവസ്ഥാ വ്യതിയാനം എന്ന രംഗത്ത് ശാസ്ത്രം, സാങ്കേതിക വിദ്യ, സാമൂഹ്യ പ്രശ്നങ്ങൾ, നയങ്ങൾ എന്നിവയിൽ ഗവേഷണം ചെയ്യുന്നവർ ഉണ്ടെങ്കിൽ ഒന്ന് കൈ പൊക്കണം. മറുനാടൻ മലയാളികളുടെ അറിവും ബന്ധങ്ങളും ഉപയോഗിച്ച് നമ്മുടെ കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിട്യൂട്ടിനെ എങ്ങനെ ഒരു മാതൃകാ കേന്ദ്രം ആക്കാം എന്നതായിരിക്കും ഞാൻ പറയാൻ പോകുന്ന ഒരു പ്രധാന നിർദേശം. ഈ വിഷയത്തിൽ അറിവുള്ള കുറച്ചു പേരെ പേരെടുത്ത് പറയാൻ സാധിച്ചാൽ വളരെ നന്നാകും.

Leave a Comment