പൊതു വിഭാഗം

മഞ്ഞ ചുരത്തിലെ ചായക്കട…

ചുരം എന്ന വാക്ക് ആദ്യമായി കേട്ടത് എട്ടാം ക്ലാസ്സിലെ ഭൂമിശാസ്ത്ര ക്ലാസിലാണ്. എന്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട അധ്യാപകരിൽ ഒരാളായ ശ്രീ പി ഓ തോമസ് സാർ ആണ് ഈ വാക്ക് ആദ്യമായിപറഞ്ഞത്.
 
പാലക്കാട് ചുരത്തിലൂടെ തമിഴ്‌നാട്ടിൽ നിന്നുമുള്ള ചൂട് കാറ്റ് കേരളത്തിലേക്ക് അടിക്കുന്നത് കൊണ്ട് അവിടെ അതിർത്തി പ്രദേശങ്ങളിൽ ചൂട് കൂടുതൽ ഉണ്ടെന്നോ മറ്റോ ആയിരുന്നു സന്ദർഭം.
എന്താണ് ചുരം അന്ന് എനിക്ക് മനസ്സിലായില്ല. ചുവരിൽ അടിച്ചിരിക്കുന്ന മാപ്പ് കാണിച്ച് ചുരം വിശദീകരിക്കുക എളുപ്പമല്ല. പിന്നീട് ഖയ്ബർ ചുരം ഇറങ്ങി വന്ന മുഗളന്മാരെ പറ്റി ഒന്പതാം ക്ലാസ്സിലെ ചരിത്രത്തിൽ പഠിച്ചു. അന്നും ചുരമെന്തെന്ന് മനസ്സിലായില്ല. നമ്മുടെ അധ്യാപകർ ചുരങ്ങൾ കണ്ടിട്ടുണ്ടാകുമോ, അതോ പുസ്തകങ്ങളിൽ പറയുന്ന ചുരം എന്ന വാക്ക് അവർ നമുക്ക് ആവർത്തിച്ച് തരികയാണോ?
 
വടക്കേ ഇന്ത്യയിലെ സമതല ഭൂമിയിലും ബ്രൂണൈയിലെ തീരപ്രദേശത്തും ഒമാനിലെ മരുഭൂമിയിലും ഒക്കെ പിന്നീട് പഠിക്കുകയും ജീവിക്കുകയും ചെയ്തതിനാൽ ചുരം എന്ന വാക്ക് പറയാനോ അറിയാനോ അവസരമുണ്ടായില്ല.
 
ചുരം എന്ന വാക്ക് വീണ്ടും എന്റെ ശ്രദ്ധയിൽ വരുന്നത് സ്വിറ്റ്‌സർലണ്ടിൽ വരുന്പോൾ ആണ്. നാട്ടിൽ നിന്നും ജനീവയിൽ വരുന്നവർക്ക് നിർബന്ധമായും കാണേണ്ട സ്ഥലമാണ് രണ്ടു തടാകങ്ങളുടെ നടുക്ക് കിടക്കുന്ന Interlaken. ആൽപ്സ് മലനിരകളുടെ നടുക്കുള്ള തടാകം, അതിനിടക്ക് ഒരു തുണ്ട് ഭൂമി. എവിടെ താമസിച്ചാലും നല്ല കാലാവസ്ഥ, അതി മനോഹരമായ വ്യൂ. സ്വിറ്റ്‌സർലൻഡിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്ന സ്ഥലമാണിത്.
 
അതുപോലെ തന്നെ കുട്ടികളുള്ള സുഹൃത്തുക്കളാണ് വരുന്നതെങ്കിൽ നിർബന്ധമായും പോയി കാണുന്ന സ്ഥലമാണ് ബ്രോക് എന്ന സ്ഥലത്തെ ചോക്കലേറ്റ് ഫാക്ടറി. ചാർളിയുടെ ചോക്കലേറ്റ് ഫാക്ടറി പോലെ മനോഹരം ഒന്നുമല്ലെങ്കിലും ചോക്കലേറ്റിനെ പറ്റി അറിയാനും എത്ര ചോക്കലേറ്റ് വേണമെങ്കിലും ഫ്രീ ആയി കഴിക്കാനും സൗകര്യമുള്ള ഈ ചോക്കലേറ്റ് മ്യൂസിയം എല്ലാവർക്കും ഇഷ്ടപ്പെടും.
 
ബ്രോക്കിൽ നിന്നും ഇന്റർലേക്കനിലേക്ക് സാധാരണ ഗതിയിൽ ഞാൻ പോകുന്നത് ഹൈ വേ വഴിയാണ്. പക്ഷെ നാവിഗേഷൻ ജി പി എസ്സും ഗൂഗിൾ മാപ്പും ഇല്ലാത്ത കാലത്ത് ഞാൻ ഒരിക്കൽ വഴി തെറ്റി Jaun Pass (മഞ്ഞ ചുരം) ൽ എത്തി. അന്നൽപ്പം ദേഷ്യം തോന്നിയെങ്കിലും ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്രകളിൽ ഒന്നാണ് മഞ്ഞ ചുരത്തിലൂടെയുള്ള ഈ യാത്ര.
 
സ്വിറ്റ്‌സർലണ്ടിലെ രണ്ടു സംസ്ഥാനങ്ങളെ (ഫ്രിബു- ബേൺ) തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണിത്. രണ്ടു പർവതങ്ങളുടെ മധ്യത്തിൽ കൂടി കടന്ന് പോകാനുള്ള എളുപ്പ വഴിയെ ആണ് പാസ് അഥവാ ചുരം എന്ന് പറയുന്നത്. ചിലപ്പോൾ ഇത് സമതലമാകാം, ചിലപ്പോൾ ഇത് ചെറിയൊരു മലയോ മലകളോ ആകാം. മഞ്ഞ ചുരം ചെറിയ മലയാണ്. പണ്ടുകാലത്ത് ഈ മലയുടെ രണ്ടു പ്രദേശങ്ങളിലുള്ളവർ രണ്ടു രാജ്യങ്ങൾ പോലെ വേറിട്ടാണ് ജീവിച്ചിരുന്നത്. ഫ്രിബുവിലെ ആളുകൾ ഫ്രഞ്ച് സംസാരിച്ചപ്പോൾ ബേണിൽ ആളുകൾ ജർമ്മൻ ആണ് സംസാരിച്ചിരുന്നത്.
 
ഈ ചുരം എല്ലാക്കാലത്തും യാത്രാ യോഗ്യമായിരുന്നില്ല. 1878 ലാണ് മഞ്ഞ ചുരത്തിലൂടെ ഫ്രിബുവിനെയും ബെർണിനെയും ബന്ധിപ്പിച്ച് ഒരു റോഡ് ഉണ്ടാകുന്നത്. അതിനും ചരിത്രപരമായ ഒരു സാഹചര്യമുണ്ട്. ഫ്രഞ്ച് വിപ്ലവം കഴിഞ്ഞുള്ള കാലഘട്ടത്തിൽ സ്വിറ്റസർലണ്ടിനെ ഫ്രഞ്ച് സൈന്യം മൊത്തമായി കീഴടക്കി. അവസാനം വാട്ടർലൂ ഒക്കെ കഴിഞ്ഞ് യൂറോപ്പിൽ വലിയ സമാധാന ഉടന്പടികൾ ഉണ്ടായ കാലത്ത് യൂറോപ്യൻ രാജ്യങ്ങൾ സ്വിറ്റ്‌സർലണ്ടിന്റെ പരമാധികാരം പൂർണ്ണമായി അംഗീകരിച്ചു, 1815 ൽ. ഫ്രാൻസിന്റെയും ജർമ്മനിയുടെയും കയ്യിലുണ്ടായിരുന്ന സ്വിസ് പ്രദേശങ്ങൾ സ്വിറ്റ്സർലാൻഡിന് തിരികെ ലഭിച്ചു. രാജ്യം കിട്ടിയെങ്കിലും സ്വിറ്റ്‌സർലൻഡ് അന്ന് ഒരു ദരിദ്ര രാജ്യമായിരുന്നു.
1870 ൽ ഫ്രാൻസും ജർമ്മനിയും (അന്ന് പ്രഷ്യ) വീണ്ടും യുദ്ധത്തിനിറങ്ങി (യുദ്ധമായിരുന്നു സാറേ അവരുടെ മെയിൻ). യൂറോപ്പിൽ വളർന്നു വരുന്ന ജർമ്മൻ സ്വാധീനം അവസാനിപ്പിച്ച് ഫ്രാൻസിന് നെപ്പോളിയന്റെ കാലത്തുണ്ടായിരുന്ന പ്രതാപം വീണ്ടെടുക്കുക എന്നതായിരുന്നു ഫ്രാൻസിന്റെ ലക്ഷ്യം. പക്ഷെ അവർ വിചാരിച്ചത് പോലെയല്ല യുദ്ധം മുന്നോട്ട് പോയത്. മുന്നണികളിൽ എല്ലാം അവർ തോറ്റന്പി. കിഴക്കോട്ട് പോയ സൈന്യം തോറ്റോടി സ്വിറ്റ്‌സർലണ്ടിൽ അഭയം ചോദിച്ചു, പുറകെ ജർമ്മനിയും. തോക്കും കുതിരയും പോയിട്ട് ഭക്ഷണവും വസ്ത്രവും പോലുമില്ലാതെയാണ് ഫ്രഞ്ച് സൈന്യം സ്വിറ്റ്‌സർലൻഡിൽ എത്തിയത് എന്നാണ് ചരിത്രം പറയുന്നത്. ഇവർ വന്നു കയറിയതാകട്ടെ ഇന്ന് ന്യൂഷട്ടൽ എന്ന് പറയുന്ന പ്രദേശത്ത്. 1857 വരെ ആ പ്രദേശം പ്രഷ്യയുടെ കീഴിൽ ആയിരുന്നു. പ്രഷ്യ ഈ അവസരം ഉപയോഗിച്ച് വീണ്ടും അവിടേക്ക് കടന്നു കയറുമോ എന്ന് സ്വിറ്റ്സർലാൻഡിന് സംശയം ഉണ്ടായി. എങ്കിലും സ്വിറ്റ്‌സർലൻഡ് ഫ്രഞ്ച് പട്ടാളത്തിന് അഭയം കൊടുത്തു. വന്നു കയറിയ പട്ടാളക്കാരെ ഓരോ സംസ്ഥാനങ്ങളിൽ എത്തിച്ച് ഭക്ഷണവും വസ്ത്രവും കൊടുത്തു പരിപാലിച്ചു. സ്വിറ്റ്സർലാൻഡിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി ആ സംഭവം.
 
ഈ ന്യൂ ഷട്ടലിന് തൊട്ട് കിടക്കുന്ന പ്രവിശ്യകളാണ് ഫ്രിബുവും ബേണും. ബേൺ സ്വിറ്റ്സർലാൻഡിന്റെ തലസ്ഥാനവുമാണ്. ഫ്രിബുവിൽ നിന്നും ബേണിലെക്ക് സാധാരണ പോകുന്നത് ന്യൂഷട്ടൽ താഴ്‌വരയിലൂടെയാണ്. ഇനിയൊരു കാലത്ത് ഒരു യുദ്ധമുണ്ടായാൽ ആ വഴി അടയും, അപ്പോൾ സുരക്ഷാ കാരണങ്ങളാൽ മറ്റൊരു വഴി വേണം എന്നവർ ചിന്തിച്ചു, അങ്ങനെയാണ് മലയുടെ പിൻഭാഗത്ത് മഞ്ഞ ചുരത്തിലൂടെ പുതിയ പാത ഉണ്ടായത്. ഇപ്പോഴും കൊടിയ മഞ്ഞുകാലത്ത് ഈ പാത അടക്കാറുണ്ട്.
 
ഈ കൊറോണക്കാലത്ത് ഞാൻ പല പ്രാവശ്യം മഞ്ഞ ചുരത്തിലൂടെ യാത്ര ചെയ്തു. ചിലപ്പോൾ സുഹൃത്തുക്കൾ ഉണ്ടായിരിക്കും, ചിലപ്പോൾ ഒറ്റക്ക്. രണ്ടാണെങ്കിലും എനിക്ക് സന്തോഷം തന്നെ. വീട്ടിൽ നിന്നും ഏതാണ്ട് നൂറ്റി അന്പത് കിലോമീറ്റർ ഉണ്ട്, മിക്കവാറും ദൂരം ഹൈവേ ആണെങ്കിലും ഹൈവേയിൽ നിന്നും മാറി ചുരത്തിലേക്ക് കയറുന്പോൾ യാത്രയുടെ സ്പീഡ് കുറയുന്നത് കൊണ്ട് ഏതാണ്ട് രണ്ടു മണിക്കൂർ എടുക്കും ജനീവയിൽ നിന്നും മഞ്ഞ ചുരത്തിന്റെ ഉച്ചിയിൽ എത്താൻ.
അതിമനോഹരമാണ് ചുരം കയറിയുള്ള യാത്ര. മഞ്ഞുകാലം ആണെങ്കിൽ മലകൾ ആകെ മഞ്ഞുവീണു കിടക്കുകയായിരിക്കും, വസന്തകാലം ആണെങ്കിൽ എവിടെയും മലകളിൽ കാണുന്ന ചെറിയ ചെടികളും പൂക്കളും, വേനൽക്കാലത്ത് ദൂരെ പോലും കാണാവുന്ന തരത്തിൽ ശുദ്ധമായ വായു. യാത്രകൾ വീണ്ടും ചെയ്യുന്ന കാലത്ത് ജനീവയിൽ എത്തുന്നവർക്ക് ഈ യാത്രയും പാക്കേജിൽ ഉണ്ട്.
 
ഈ യാത്രയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഒരു ചെറിയ ചായക്കടയാണ്. ജർമ്മൻ ഭാഷ മാത്രം സംസാരിക്കുന്ന ഒരു സ്ത്രീയാണ് ഈ ചായക്കട നടത്തുന്നത്. കുന്നിന്റെ ചെരുവിൽ ആണ് ചായക്കട. കടക്കകത്ത് പത്തുപേർക്കും പുറത്ത് പത്തു പേർക്കും ഇരിക്കാനുള്ള സൗകര്യം ഉണ്ട്. ചായക്കടയുടെ മുകൾ ഭാഗം ഒരു പശു തൊഴുത്താണ്. പരിമിതമായ വിഭവങ്ങൾ മാത്രമാണ് ഇവിടെ ഉള്ളത്, പോരാത്തതിന് മെനു ജർമ്മനിലും ആണ്. ഒരിക്കൽ അവിടെ ചെന്നപ്പോൾ പ്രായമായ ഒരു ജർമ്മൻകാരൻ അത് ഞങ്ങൾക്ക് ട്രാൻസ്‌ലേറ്റ് ചെയ്‌തു തന്നു. അതുകൊണ്ട് മെനു ഇപ്പോൾ എനിക്ക് മനഃപാഠം ആണ്, കൂടെ വരുന്നവരെ എന്റെ ജർമ്മൻ അറിവ് കാണിച്ച് ഞാൻ അത്ഭുതപ്പെടുത്താറുണ്ട്.
 
സമ്മർ ആണ് ഇവിടെ പോകാൻ പറ്റിയ സമയം, പുറത്തിരിക്കാം, ദൂരെ മലകളിലേക്കുള്ള മനോഹരമായ വ്യൂ പോയിന്റ് ആണ്. ഉരുളക്കിഴങ്ങ് ചീകിയിട്ടുണ്ടാക്കുന്ന ഒരു അപ്പത്തിന് മുകളിൽ വീട്ടിൽ ഉണ്ടാക്കിയ സോസേജ് ആണ് അവിടുത്തെ എന്റെ പ്രിയപ്പെട്ട വിഭവം കൂട്ടത്തിൽ ഹെർബൽ ചായയും. ഒട്ടും തിരക്കില്ലാത്ത ഹോട്ടലാണ്, അതുകൊണ്ട് എത്ര സമയം വേണമെങ്കിലും കുന്നും, മലയും, ആകാശവും നോക്കിയിരിക്കാം. ഈ കൊറോണക്കാലത്ത് എനിക്ക് അതൊരു ധ്യാനം പോലെയാണ്.
 
കൊറോണക്കാലത്ത് മാനസിക ഉല്ലാസത്തിന് വേണ്ടി വീട്ടിൽ നിന്നും പുറത്തിറങ്ങി അല്പം എങ്കിലും യാത്ര ചെയ്യേണ്ടതിന്റെ ആവശ്യം ഞാൻ പറഞ്ഞിരുന്നല്ലോ. യാത്ര ചെയ്യാൻ പ്രത്യേക ലക്ഷ്യം ഒന്നും വേണ്ട. ഒരു ചായക്കട ആണെങ്കിലും മതി എന്നതാണ് മഞ്ഞ ചുരത്തിൽ നിന്നുള്ള പാഠം.
 
#വീണ്ടുംയാത്രചെയ്യുന്നകാലം 3
 
മുരളി തുമ്മാരുകുടി

Leave a Comment