പൊതു വിഭാഗം

പെൻഷൻ പ്രായം കൂട്ടുമ്പോൾ

കേരളത്തിൽ ഇടക്കിക്കിടക്ക് ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് പെൻഷൻ പ്രായം കൂട്ടൽ. പൊതുവെ സമൂഹവും, യുവാക്കൾ പ്രത്യേകിച്ചും വളരെ നെഗറ്റീവ് ആയിട്ടാണ് ഈ വിഷയത്തോട് പ്രതികരിക്കുന്നത്, ഇതെന്നെ ഏറെ അതിശയപ്പെടുത്തുന്നുണ്ട്.

ഒന്നാമത് കേരളത്തിലെ ഇപ്പോഴത്തെ പെൻഷൻ പ്രായം (അൻപത്തി ആറ് വയസ്സ്), ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഒന്നാണ്. വികസിതരാജ്യങ്ങളെ പോലെയാണ് കേരളത്തിലെ പൊതുജനാരോഗ്യ മാനകങ്ങൾ ഉയർന്നു വരുന്നതെന്ന് നാം എപ്പോഴും മേനി പറയാറുണ്ട്. അപ്പോൾ അവിടെയൊക്കെ നിലവിലുള്ള പെൻഷൻ പ്രായവും നാം ശ്രദ്ധിക്കേണ്ടേ? വികസിത രാജ്യങ്ങളിൽ എല്ലായിടത്തും തന്നെ റിട്ടയർമെന്റ് പ്രായം അറുപത്തിന് മുകളിലാണ്. അറുപത്തിയഞ്ചു മുതൽ അറുപത്തിഏഴു വയസ്സ് വരെയാണ് വികസിത രാജ്യങ്ങളിൽ നിലനിൽക്കുന്ന ശരാശരി പെൻഷൻ പ്രായം.

ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മിക്കവാറും ഓരോ പത്തു വർഷത്തിലും പെൻഷൻ പ്രായം ഉയർത്തും. ഞാൻ ജോലിക്ക് ചേർന്നപ്പോൾ അറുപത്തി രണ്ടായിരുന്നത് ഈ വർഷം മുതൽ അറുപത്തിയഞ്ചായി. ഇപ്പോഴത്തെ കണക്കനുസരിച്ച് ഞാൻ റിട്ടയർ ചെയ്യേണ്ട പ്രായം ആകുമ്പോഴേക്കും അത് എഴുപത് കഴിയുമെന്ന് തോന്നുന്നു. ഒരു കാര്യം കൂടി പറയട്ടെ, ഇവിടെ ഒക്കെ പെൻഷൻ പ്രായം കൂട്ടുമ്പോൾ പ്രശ്നം ഉണ്ടാക്കുന്നത് യുവാക്കൾ അല്ല, വയസ്സായവരാണ്. കാരണം, റിട്ടയർ ചെയ്ത്, കാശെല്ലാം വാങ്ങി അടിപൊളിയായി ജീവിതം ആഘോഷിക്കണമെന്നാണ് ആളുകളുടെ ചിന്ത.

കേരളത്തിലെ കാര്യം നേരെ തിരിച്ചാണ്. അൻപത്തിയാറു വയസ്സിലോ അറുപത് വയസ്സിലോ റിട്ടയറാകണമെന്ന് ആർക്കും ആഗ്രഹമില്ല. അവസരം കിട്ടിയാൽ അഞ്ചോ പത്തോ വർഷം ജോലി ചെയ്യാൻ അവർ തയ്യാറാണ്. ഏറെ ആളുകൾ ഇപ്പോൾ തന്നെ റിട്ടയർ ചെയ്തു കഴിഞ്ഞു വീണ്ടും ജോലിക്ക് പോകുന്നു. ഇങ്ങനെ ഉള്ളവർക്ക് വലിയ ഡിമാൻഡ് ആണ് താനും.

ലോകത്തിലെ ഒരു രാജ്യത്തിനും സ്ഥാപനത്തിനും ശരാശരി ഇരുപത് വർഷത്തിന് മുകളിൽ നല്ല പെൻഷൻ പദ്ധതി നടത്തിക്കൊണ്ടു പോകാൻ പറ്റില്ല. പ്രത്യേകിച്ചും ജനസംഖ്യ വലുതായി വർധിക്കാതെയും, സർക്കാർ ജോലിക്കാരുടെ എണ്ണം കുറഞ്ഞു വരികയും ചെയ്യുന്ന ലോകത്ത്. അപ്പോൾ നിർബന്ധമായും അറുപതിന് താഴെ റിട്ടയർ ആക്കി വിട്ടാൽ കുറച്ചു നാൾ കഴിയുമ്പോൾ പെൻഷൻ കൊടുക്കാൻ പണമില്ലാതാകും. അതുകൊണ്ട് തന്നെ നമ്മുടെ റിട്ടയർമെന്റ് പ്രായം കൂട്ടിയേ തീരൂ.

ഇതുകൊണ്ട് കേരളത്തിലെ ചെറുപ്പക്കാർക്ക് നഷ്ടമുണ്ടാകും എന്നൊക്കെ ഇപ്പോൾ തോന്നും. അതിൽ കുറച്ചു കാര്യവുമുണ്ട്. എന്നാൽ നമ്മുടെ യുവജനങ്ങളിൽ അഞ്ചു ശതാമാനം പോലും, പെൻഷൻ ഉള്ള സർക്കാർ ജോലികളിൽ ഇനി എത്താൻ പോകുന്നില്ല. രണ്ടായിരത്തി പതിനെട്ടിൽ ജോലിക്കു കയറുന്നവർക്ക് റിട്ടയർമെന്റ് എന്ന സൗകര്യം ഉണ്ടാകും എന്നെനിക്ക് പ്രതീക്ഷയില്ല. പോരാത്തതിന് റിട്ടയർ ചെയ്ത, പരിചയസമ്പന്നരായ ആളുകൾ ഇപ്പോൾ നിങ്ങളുമായി മത്സരിക്കാൻ തൊഴിൽ കമ്പോളത്തിലുണ്ട്. ആളുകൾ റിട്ടയർ ആയത് കൊണ്ട് അവസരങ്ങൾ കൂടുന്നു എന്നത് ഒരു ഇനിയുള്ള കാലത്ത് ഒരു തെറ്റിദ്ധാരണ മാത്രമാണ്.

എന്റെ അഭിപ്രായത്തിൽ ഇപ്പോഴത്തെ റിട്ടയർമെന്റ് അറുപത്തി രണ്ടെങ്കിലും ആക്കണം, പിന്നെ ഓരോ പത്തു വർഷം കൂടുമ്പോഴും അത് പുനഃപരിശോധിക്കുകയും വേണം. പുറം ലോകവുമായി ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥ ഒക്കെ ഉണ്ടാകണമെന്ന് നമ്മൾ ആഗ്രഹിക്കുമ്പോൾ അവിടെ വരുന്ന മാറ്റങ്ങളും നമ്മൾ അംഗീകരിക്കണം.

https://en.wikipedia.org/wiki/Retirement_age

മുരളി തുമ്മാരുകുടി

Leave a Comment