പൊതു വിഭാഗം

പവർഫുൾ ആകുന്പോഴും സിംപിൾ ആയിരിക്കുന്നത് എങ്ങനെ?

ഞാൻ ഒരു അര സംഘിയാണോ എന്ന സംശയം ഇന്നലത്തെ പോസ്റ്റോടെ പോയിക്കാണുമെന്ന് കരുതുന്നു. ഞാനിപ്പോൾ മുഴുത്ത കമ്മി ആണെന്ന് ആരോപണം വന്നു കഴിഞ്ഞു. ഇനിയും എന്തൊക്കെ വരാനിരിക്കുന്നു.
 
ഏറെ സംഘർഷമുള്ള, സംഘർഷത്തിന്റെ പേരിൽ ഏറെ നാൾ പോരടിച്ച, അനവധി ആയിരം ആളുകൾ മരിച്ചു വീണ പ്രദേശങ്ങളിൽ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട് (ഇത് ചെറുത്….). അവയെപ്പറ്റി എഴുതേണ്ടി വരുന്പോൾ മനസ്സിൽ സൂക്ഷിക്കുന്ന ഒരു ചിന്തയുണ്ട് ‘എല്ലാവരേയും എല്ലായ്പ്പോഴും പ്രീതിപ്പെടുത്താൻ പറ്റില്ല.’ശാസ്ത്രം കൊണ്ടും ലോജിക്ക് കൊണ്ടും ശരിയായ കാര്യം ചെയ്യുക. ചിലപ്പോൾ ഒരു വശത്തു നിന്നും, ചിലപ്പോൾ മറുവശത്തുനിന്നും മിക്കവാറും രണ്ടു വശത്തു നിന്നും എതിർപ്പ് ഉണ്ടാകും. അതാണ് അതിൻറെ രീതി.
 
അതൊക്കെ പോട്ടെ. ഇപ്പോൾ എന്നെ ശരിക്ക് ചിന്തിപ്പിക്കുന്ന പ്രശ്നം അതല്ല. ഈ ദുരന്തം കഴിഞ്ഞതോടെ രണ്ടാമന്റെ പ്രശസ്തി കൈവിട്ടു പോയി. ഡിസി ഇറക്കിയ പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റുപോകുന്നു. ഞാൻ അഞ്ചു ഡി സി ഷോപ്പുകളിൽ പോയി, ഒന്നിൽ പോലും ഒരു കോപ്പി പോലും ഇല്ല (മാതൃഭൂമി ഒക്കെ പഴയ പുസ്തകങ്ങളുടെ പുതിയ പതിപ്പ് ഇറക്കേണ്ട സമയമായി). സന്തോഷമുള്ള കാര്യമാണ്.
 
കുഴപ്പം പിടിച്ച കാര്യങ്ങളുമുണ്ട്. തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർ മുതൽ ഡൽഹിയിലെ പത്ര പ്രവർത്തകർ വരെ ഇപ്പോൾ എന്നെ വഴിയിൽ തിരിച്ചറിഞ്ഞു തുടങ്ങി. നാട്ടിലിപ്പോൾ ‘അനാശാസ്യമായ’ എന്തെങ്കിലും ചെയ്യണമെങ്കിൽ തലയിൽ മുണ്ടിടേണ്ട സ്ഥിതിയായി. തൽക്കാലം അതൊക്കെ വിദേശത്ത് ചെയ്യുന്നതിനാൽ പ്രായോഗികമായി വലിയ ബുദ്ധിമുട്ടില്ല.
പ്രശ്നം അതല്ല. പ്രസംഗിക്കാൻ വിളിക്കുന്നവരുടെ ബാഹുല്യമാണ്. ദിവസം നാലും അഞ്ചും കോളുകളാണ് വരുന്നത്, വളരെ വേണ്ടപ്പെട്ടവർ, സുഹൃത്തുക്കൾ, അധ്യാപകർ എന്നിങ്ങനെ. അല്ലെങ്കിൽ അവരുടെ റെക്കമെൻഡേഷനിൽ. കേരളത്തിലെ ഗ്രാമങ്ങളിൽ തൊട്ട് യൂറോപ്പിലെയും അമേരിക്കയിലേയും നഗരങ്ങളിൽ വരെ ക്ഷണമുണ്ട്.
 
പണ്ടൊക്കെ എവിടെ ക്ഷണിച്ചാലും പോകാൻ ശ്രമിക്കാറുണ്ട്, പ്രസംഗിക്കുന്നതിന് മാത്രമല്ല വണ്ടിക്കൂലിക്ക് പോലും പണം വാങ്ങാറില്ല. (പൊന്നാട നിർബന്ധം). പക്ഷെ ഡിമാൻഡ് കൂടി വരുന്പോൾ എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യുന്നത് ?
പ്രസംഗിക്കാൻ കാശുമേടിക്കുക എന്നതാണ് ഒരു പരിഹാരം. ഡിമാൻഡ് കൂടി വരുന്നതനുസരിച്ച് കാശും കൂട്ടുക, അപ്പോൾ കൂടുതൽ പണമുള്ളവർക്കേ ക്ഷണിക്കാൻ പറ്റൂ. നല്ല ഐഡിയ ആണ്, വിദേശങ്ങളിൽ സർവ്വ സാധാരണവും. ബിൽ ക്ലിന്റൺ മുതൽ ടോണി ബ്ലെയർ വരെ റിട്ടയർ ചെയ്തതിനു ശേഷം പണം വാരിക്കൂട്ടുകയാണ്. ഒരു കോടി രൂപക്ക് മുകളിലാണ് അവരുടെ ഒരു ദിവസത്തേ റേറ്റ്. ഇന്ത്യയിലും ഇതൊക്കെ വന്നു തുടങ്ങി, പക്ഷെ ലക്ഷത്തിന് മുകളിൽ റേറ്റ് ഉള്ളവർ ഇപ്പോഴും വിരലിൽ എണ്ണാവുന്നവരേ ഉള്ളൂ. ആ വിരലിൽ ഞാൻ എത്തിയിട്ടില്ല.
പക്ഷെ എനിക്ക് ഇക്കാര്യത്തിന് ചില ഔദ്യോഗിക പരിമിതികളുള്ളതിനാൽ അത് നടക്കില്ല. പിന്നെന്ത് ചെയ്യും? തൽക്കാലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ട് വിളിച്ചാൽ മതി എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷെ അതിൻറെ തെളിവ് ചോദിയ്ക്കാൻ മടിയാണ്. കാരണം ഞാൻ ‘സിംപിൾ’ ആണ്, ഒരു നിർബന്ധ ബുദ്ധിയുമില്ല എന്നത് എൻറെ ബ്രാൻഡിന്റെ ഭാഗമാണ്.
 
സത്യത്തിൽ എനിക്ക് നിർബന്ധബുദ്ധി ഉണ്ട്. ഞാൻ പോകുന്ന മീറ്റിങ്ങുകൾ സമയത്തിന് തുടങ്ങണം, വേദിയിൽ സ്ത്രീ സാന്നിധ്യം ഉണ്ടാകണം എന്നൊക്കെ സംഘാടകരോട് പറയാറുമുണ്ട്. പക്ഷെ അപൂർവ്വമായേ സമയത്തിന് തുടങ്ങാറുള്ളൂ, വേദിയിൽ സ്ത്രീ സാന്നിധ്യം ശാസ്ത്ര സദസ്സുകളിൽ പോലുമില്ല. അവിടെ ചെന്ന് കഴിഞ്ഞു വഴക്കുണ്ടാക്കാൻ പറ്റുമോ, സമയം വൈകുന്പോൾ തിരിച്ചു വരാൻ പറ്റുമോ. പെൺകുട്ടികളെ പൂവും കൊടുത്തു സ്വീകരിക്കാൻ വിടുന്പോൾ മുഖം കറുപ്പിക്കാമോ? വേദിയിൽ സ്ത്രീ സാന്നിധ്യം ഇല്ലെന്നു കണ്ടാൽ അതപ്പോൾ തന്നെ വിളിച്ചു പറഞ്ഞു സംഘാടകരെ നാണം കെടുത്താമോ?
 
സിംപിൾ ആയിരിക്കുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കും? ഞാൻ നോക്കിയിട്ട് ഒറ്റ വഴിയേ ഉള്ളൂ. എഴുത്തിലേക്ക് കൂടുതൽ ശ്രദ്ധിക്കുക, അപ്പോൾ പിന്നെ എത്ര ആയിരം ആളുകളെ വേണമെങ്കിലും കയ്യിൽ എടുക്കാം, എല്ലാവരുടെ മുന്നിലും സിംപിൾ ആയി ഇരിക്കുകയും ചെയ്യാം.
 
അതുകൊണ്ട് സദസ്സുകൾ പരമാവധി കുറക്കാൻ പോവുകയാണ്. സഹകരിക്കണം.
 
മുരളി തുമ്മാരുകുടി
 

Leave a Comment