പൊതു വിഭാഗം

പത്തു (മഴക്കാല) കല്പനകൾ..

1. ഞാനും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റിയും അല്ലാതെ അന്യ സോഴ്സുകളിൽ നിങ്ങൾ വിശ്വസിക്കരുത്. ഓരോ മഴക്കാലത്തും “കരക്കമ്പി” (rumours) ഇറക്കുന്നത് ചില ആളുകൾക്ക് ഹരമാണ്. അണക്കെട്ട് പൊട്ടിയെന്നു മുതൽ പാടത്ത് മുതല ഇറങ്ങി എന്ന് വരെ വാർത്ത വരും. ഔദ്യോഗികം അല്ലാത്ത സോഴ്സുകളിൽ വിശ്വസിക്കരുത്, പ്രചരിപ്പിക്കരുത്.

2. വെള്ളം പൊങ്ങുന്നത് കാണാൻ പോകരുത്. നമ്മൾ പ്രതീക്ഷിക്കുന്നതിലും വേഗതയിലാണ് വെള്ളം പൊങ്ങുന്നത്. അങ്ങോട്ട് പോയതു പോലെ ഇങ്ങോട്ടു വരാൻ പറ്റില്ല. പോരാത്തതിന് കേരളത്തിൽ മണ്ണിടിച്ചിൽ തൊട്ടു മരം വീഴുന്നത് വരെ ഉള്ള എല്ലാ പ്രശ്നങ്ങളും ഉണ്ടാകും. മഴ കാണാൻ പോയി പണി മേടിക്കരുത്.

3. കുട്ടികളെ സൂക്ഷിക്കുക. നാളെ കുട്ടികൾക്ക് അവധി ദിവസം ആണ്, അച്ഛനമ്മമാർക്ക് അല്ല താനും. അപ്പോൾ കുറെ വീടുകളിലെങ്കിലും സൂപ്പർവിഷൻ അറേഞ്ച്മെന്റ് തകരാറിലാകും. കുട്ടികൾ ആരും കാണാതെയോ അപ്പൂപ്പനെ മണി അടിച്ചോ വെള്ളത്തിൽ കളിക്കാൻ പോകും. വേണ്ടെന്ന് ഇന്നേ മക്കളോടും മറ്റുളളവരോടും പറഞ്ഞുവക്കണം.

4. വൈദ്യുതി സൂക്ഷിക്കുക. മഴക്കാലത്ത് നമ്മുടെ ലൈൻ പൊട്ടി വീഴുന്നതും വീടുകളിലെ തന്നെ ഇൻസുലേഷൻ ഇല്ലാത്ത സ്ഥലങ്ങളിൽ ഈർപ്പം ഇറങ്ങി ഷോക്ക് അടിക്കുന്നതും പതിവാണ്. ശ്രദ്ധിക്കുക!

5. ബൈക്ക് ഓടിക്കരുത്. സാധാരണ സമയത്തു പോലും കേരളത്തിൽ ബൈക്കുകൾ സുരക്ഷിതമല്ല. പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ ബൈക്ക് യാത്രക്കാർ മരിക്കുന്നത് മഴക്കാലത്താണ്. നിങ്ങളും മറ്റു വാഹനം ഓടിക്കുന്നവരും ചവിട്ടുന്നിടത്ത് വണ്ടി നിൽക്കില്ല. ബൈക്ക് ഓടിക്കാതിരിക്കുന്നതാണ് ബുദ്ധി. അവധി ആയതിനാൽ കുട്ടികൾ ബൈക്ക് എടുത്തു ചെത്താൻ നോക്കും. ചുമ്മാ ഉടക്കണം, ഞാൻ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ മതി. ഡിങ്ക കൃപയാൽ എനിക്ക് ബാലശാപം ഒന്നും ഏൽക്കില്ല.

7. പച്ചവെള്ളം കൊടുക്കരുത്. നമ്മുടെ നഗരത്തിലും ഗ്രാമത്തിലും മലവും ജലവും തൊട്ടു തൊട്ടാണ് ജീവിക്കുന്നത്. മഴവെള്ളം കയറുമ്പോൾ സെപ്റ്റിക്ക് ടാങ്കിലെ അണുക്കൾ കിണറിൽ എത്തും, ഓടയിലെ അണുക്കൾ പൈപ്പിലും. അത് കൊണ്ട് ഒരു കാരണവശാലും പച്ചവെള്ളം ആർക്കും കുടിക്കാൻ കൊടുക്കരുത്, കുടിക്കുകയും അരുത്. തിളപ്പിച്ചാറ്റി കുടിക്കുക.

8. കാലാവസ്ഥ പ്രവചനങ്ങൾ ശ്രദ്ധിക്കുക. പൊതുവെ നമുക്കിതിനോട് വലിയ ബഹുമാനം ഒന്നുമില്ല. അതവരുടെ കുഴപ്പം അല്ല, കാലാവസ്ഥ ശാസ്ത്രം ഇപ്പോഴും ശൈശവാവസ്ഥയിൽ ആണ്. പക്ഷെ ഇത് മാറി വരികയാണ്, ഉപഗ്രഹം ഉപയോഗിച്ചുള്ള കാലാവസ്ഥ ചിത്രങ്ങൾ കൂടുതൽ വിശ്വസനീയം ആണ്.

9. കറുത്തവാവും വെള്ളപ്പൊക്കവും. പഴയ തലമുറ പലതും തീരുമാനിച്ചിരുന്നത് ചന്ദ്രന്റെ നില നോക്കിയായിരുന്നു. കലണ്ടറിൽ എന്നാണ് കറുത്ത വാവ് വെളുത്ത വാവ് എന്നൊക്ക മാർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ തലമുറ വാവിനെ പറ്റി ശ്രദ്ധിക്കുന്നില്ല. പക്ഷെ കറുത്ത വാവിന്റെ അടുത്ത ദിവസങ്ങളിൽ ആണ് വേലിയേറ്റവും വേലിയിറക്കവും വലുതായി ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ തീരപ്രദേശങ്ങളിലെ വെള്ളക്കെട്ട് കൂട്ടാൻ ഇത് കാരണമാകും. കുട്ടികൾക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കാൻ പറ്റിയ ഒരു ചാൻസ് ആണ്, വിടരുത്.

10. റിയൽ എസ്റ്റേറ്റ് നോക്കി വക്കണം. പുഴയുടെ തീരത്തും വെള്ളം കയറുന്ന സ്ഥലത്തും ഒന്നും പോയി വീട് വക്കരുതെന്നും നെൽപ്പാടങ്ങളും കണ്ടൽക്കാടുകളും ഒക്കെ വെട്ടി നിരത്തിയും നികത്തിയും വീടും ഫാക്ടറിയും ഫ്ലാറ്റും ഒന്നും പണിയരുതെന്നും ഞാൻ എപ്പോഴും പറയാറുണ്ടല്ലോ. ഈ മഴക്ക് റോഡിലും പടിയിലും വെള്ളം കയറിയ വീടും ഫ്ലാറ്റും ഒന്ന് നോക്കി വച്ചേക്കണം. ഞാൻ പറയാറുള്ള വലിയ വെള്ളപ്പൊക്കം ഇതല്ല. ഇപ്പോൾ തന്നെ വെള്ളത്തിന്റെ ഭീഷണി ഉള്ള സ്ഥലത്ത് “അവൻ” വരുമ്പോൾ എന്താവുമെന്നറിയാമല്ലോ. പണി കാശ് കൊടുത്തു മേടിക്കരുത്, ഇനി “പണി” നിങ്ങളുടെ അടുത്താണെങ്കിൽ അടുത്ത മഴയ്ക്ക് മുൻപേ എന്റെ പോസ്റ്റ് വായിക്കാത്ത ഏതെങ്കിലും ആൾക്ക് കൈമാറിയേക്കണം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
നാളെ വലിയ അത്യാവശ്യം ഒന്നുമില്ലെങ്കിൽ കട്ടൻ ചായയും പരിപ്പുവടയും ഉണ്ടാക്കി കുട്ടികളോടൊത്ത് വർത്തമാനം പറഞ്ഞിരിക്കൂ. അതാണ് മഴ വന്നാൽ അച്ഛൻ ചെയ്യാറ്.

മുരളി തുമ്മാരുകുടി..

Leave a Comment