പൊതു വിഭാഗം

പടക്കത്തിൽ നിന്നും ഡ്രോണിലേക്ക്

പടക്കക്കടയിൽ അപകടം, ഒരാൾ മരിച്ചു, അനവധി പേർക്ക് പരിക്കെന്ന് വാർത്ത. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു.

കേരളത്തിൽ പടക്ക ഫാക്ടറിയിലും അവ ശേഖരിക്കുന്ന സ്ഥലത്തും ഒക്കെ അപകടം ഉണ്ടാകുന്നത് ആദ്യമായിട്ടല്ല. ഇത് അവസാനവും ആകില്ല. സത്യത്തിൽ ഇങ്ങനെ ഒരു അപകടം സംഭവിച്ചാൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ തന്നെ പ്രവചിക്കാം

“ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്” എന്ന് ഏതെങ്കിലും ഒരു സർക്കാർ ഏജൻസി പറയും. പറ്റിയാൽ ആരെയെങ്കിലുമൊക്കെ അറസ്റ്റ് ചെയ്യും. കൂടുതൽ ആളുകൾ മരിച്ചാൽ ജുഡീഷ്യൽ അന്വേഷണം ഉണ്ടാകും. കുറച്ചു നാളേക്ക് നാട്ടിലുള്ള പടക്കക്കടകളിൽ  റെയ്‌ഡ്‌ നടക്കും. ശേഷം ആളുകൾ അതൊക്കെ മറക്കും. വീണ്ടും വേറെ എന്തെങ്കിലും ദുരന്തം വരും. ബോട്ടപകടമോ റോഡപകടമോ. പിന്നെ ഈ ട്രാവലിംഗ് ഷോ അങ്ങോട്ട് പോകും.

മരിച്ചവരുടെ കുടുംബങ്ങളുടെ കാര്യം മാത്രമാകും കഷ്ടത്തിലാകുക. ഗുരുതരമായി പരിക്കേറ്റവരുടെ കാര്യം അതിലും കഷ്ടമായിത്തീരും. അറസ്റ്റ് ചെയ്യപ്പെട്ടവർ കോടതി കയറി പത്തു വർഷം അങ്ങനെ പോകും. എന്നിട്ടും സംസ്ഥാനത്തെ സുരക്ഷയുടെ കാര്യത്തിൽ അടിസ്ഥാനമായ ഒരു മാറ്റവും ഉണ്ടാകില്ല.

ഒരു വർഷം ശരാശരി പതിനായിരത്തോളം ആളുകളാണ് കേരളത്തിൽ വിവിധ അപകടത്തിൽ മരിക്കുന്നത്. അത് ഓരോ വർഷവും കൂടി വരുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. ഇത്തവണ ഫയർ സർവ്വീസ് ആണ് ലൈസൻസ് ഇല്ലാത്ത കാര്യം പറഞ്ഞിരിക്കുന്നത്.

ഒരു ഹോം സ്റ്റേ ഉൾപ്പടെയുള്ള ഏതൊരു സ്ഥാപനം പ്രവർത്തിക്കണമെങ്കിലും അനവധി ലൈസൻസുകൾ വേണം. ഒരു ക്വാറി പ്രവർത്തിക്കണമെങ്കിൽ പതിനാറ് ലൈസൻസുകളെങ്കിലും വേണമെന്ന് ഒരിക്കൽ വായിച്ചു. നാട്ടിൽ പുതിയതായി എന്തെങ്കിലും പ്രസ്ഥാനം തുടങ്ങണമെങ്കിൽ ഏതൊക്കെ ലൈസൻസുകളാണ് വേണ്ടതെന്ന് പോലും അറിയാൻ കൃത്യമായ ഒരു വെബ്‌സൈറ്റ് ഇല്ല. ഓരോ ലൈസൻസും ഓരോ കാലാവധിയിലേക്കുള്ളതാണ്, ചിലത് ഒരു വർഷത്തേക്ക്, ചിലത് അതിൽ കുറവ്, ചിലത് മൂന്നു വർഷത്തേക്ക്.

പത്തുവർഷം മുൻപ് വെങ്ങോലയിലെ പ്ലൈവുഡ് കന്പനികളെ പറ്റി പഠിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റി അവിടുത്തെ 99 % ശതമാനം സ്ഥാപനങ്ങൾക്കും ഏതെങ്കിലും  ചില ലൈസൻസ് ഇല്ല എന്ന് കണ്ടെത്തിയെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പോഴത്തെ കാര്യം എന്താണോ എന്തോ.

എന്താണെങ്കിലും കൃത്യമായ കണക്കുകൾ ഇല്ലാതെ ലൈസൻസുകൾ ഉള്ളതും, മിക്കവാറും സ്ഥാപനങ്ങൾക്ക് ഏതെങ്കിലും ഒക്കെ ലൈസൻസുകൾ ഇല്ലാത്തതും സർക്കാരിന് സൗകര്യമാണ്. ഏത് അപകടം ഉണ്ടായാലും ഉടമയെ അറസ്റ്റ് ചെയ്യാനും സ്ഥാപനം പൂട്ടിക്കാനും ഒന്നും വേറെ അന്വേഷണം ഒന്നും വേണ്ട. ഇത്തരത്തിൽ നൂറു കണക്കിന് സ്ഥാപനങ്ങൾ വേറെ ഉണ്ടാകുമെന്നതോ അവിടെ  അപകടം ഉണ്ടാകാമെന്നതോ ഒന്നും വിഷയമല്ല. 

“ധൈര്യമായിട്ട് പൊക്കോളൂ, എന്തെങ്കിലും വരുന്നത് വരെ ഞാൻ പിറകിൽ ഉണ്ട്, വന്നു കഴിഞ്ഞാൽ പിന്നെ അതുണ്ടല്ലോ” എന്ന് വായിച്ചിട്ടുണ്ട്. (കുഞ്ഞുണ്ണിക്കവിതയാണോ എന്ന് സംശയം). അത്രേ ഉള്ളൂ ലൈസൻസിന്റെ കാര്യം.

പടക്കവും വെടിമരുന്നുമായുള്ള ഓരോ അപകടവും നടക്കുന്പോൾ ഉടൻ കേൾക്കുന്ന ഒന്നാണ് “കരിമരുന്ന് പ്രയോഗങ്ങൾ നിരോധിക്കണം” എന്നുള്ളത്. ഞാൻ പക്ഷെ നിരോധനത്തിന്റെ ആളല്ല. ലോകത്ത് എത്രയോ സ്ഥലങ്ങളിൽ ആകർഷകമായ കരിമരുന്ന് പ്രയോഗങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതൊക്കെ കാലങ്ങളായി സുരക്ഷിതമായി നടത്തുന്നുമുണ്ട്.

അപ്പോൾ പടക്കവും കരിമരുന്നും ഒന്നുമല്ല പ്രശ്നം. അടിസ്ഥാനമായി സുരക്ഷയുടെ ഒരു സംസ്കാരം ഇല്ലാത്തതാണ്. അത് ബോട്ടാണെങ്കിലും ഫ്ലാറ്റ് ആണെങ്കിലും പടക്കമാണെങ്കിലും എല്ലാം ഒരുപോലെ തന്നെ.

ഞാൻ ഒരു നിർദ്ദേശം വക്കാം. കരിമരുന്ന് പ്രയോഗത്തിൽ അപകടം ഉണ്ടായാൽ ഇപ്പോൾ അന്പലക്കമ്മിറ്റിക്കാരാണ് അറസ്റ്റിലാകുന്നത്. കന്പം കാണാം വരുന്നവരെല്ലാം ഒറ്റ നിമിഷം കൊണ്ട് കളം മാറും. പരവൂരിൽ ഉണ്ടായ വൻ ദുരന്തം കഴിഞ്ഞിട്ട് വർഷം എട്ടാകുന്നു. അവിടുത്തെ കമ്മിറ്റിക്കാർ ഇപ്പോഴും കുരുക്കിലാണ്. അതുകൊണ്ട് ഇനി നമുക്ക് അല്പം ഹൈ ടെക്കാകുന്നതാണ് ബുദ്ധി.

ഈ കരിമരുന്ന് പ്രയോഗം  നിർത്തി ഒരു സിംക്രണൈസ്ഡ് ഡ്രോൺ ഷോ നടത്താം. കഴിഞ്ഞ ദിവസം ചൈനീസ് പുതുവർഷത്തിൽ സിംഗപ്പൂരിൽ നടത്തിയ ഡ്രോൺ ഷോ കണ്ടിരിക്കേണ്ടതാണ്. വീഡിയോ –  https://www.youtube.com/watch?v=W0czQQe3bDc

അതാകുന്പോൾ നമ്മുടെ പുതിയ തലമുറക്ക് ഒരു സ്റ്റാർട്ട് അപ്പ്  ബിസിനസ്സ് സാധ്യത ആകും. അപകടങ്ങൾ കുറയും, വന്നാലും ചെറിയ പ്രശ്നമേ ഉണ്ടാകൂ. അന്പലകമ്മിറ്റിക്ക്  ജയിലിൽ പോകേണ്ടി വരില്ല. നിലവിൽ പതിനാറു ലൈസൻസുകളും ആവശ്യമില്ല.

ഒന്ന് ശ്രമിച്ചു നോക്കൂ

മുരളി തുമ്മാരുകുടി

May be a graphic of 2 people and text that says "Monday, 2February 2024 ≡ Home Premium Latest News Trending Podcast Videos Movies mathrubhumi.com മാതൃഭൂമി MALAYALAM ENGLISH NEWSPAPER E-PAPER Sports Money Crime Pravasi Grihalakshmi HOME NEWS KERALA THRIPPUNITHURA.BL News Kerala Latest News India World More+ പടക്കപ്പുര പ്രവർത്തിച്ചത് അനുമതിയില്ലാതെ; തകർന്നത് 25 വീടുകൾ, നിരവധി വാഹനങ്ങൾ Video Fact Check 12February 2024 12:48PMS Readlater Share More A Adobe Schülerinnen Studierende erhalten bis aut Adobe Cr Telle deine Vision, Jetzt kaufen തൃപ്പൂണിത്തുറയിൽ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ തകർന്ന വീട് ഫോട്ടോ: ജയ്‌വിൻ സേവ്യർ ÖKo-ι advertise"May be an image of text that says "UPDATE THE LEGEND OF THE DRAGON GATE DRONE SHOW BY THE BAY"May be an image of timber yard and text that says "CEC FINDINGS ON PLYWOOD UNITS •Units violating Kerala Land Utilisation Order 276 Those operating without licence from panchayat 180 Firms not having approval from Kerala Pollution Control Board 179 Enterprises not registered under the Indian Boilers Act and Factories Act 121 •Units having no NOC from District Medical Officer 172 Companies having no permission from Fire and Safety Department 180 Wood-based units without NOC under the Kerala Forest Act 40"

Leave a Comment