പൊതു വിഭാഗം

നാളത്തെ കേരളം

നൂറുവർഷങ്ങൾക്ക് മുൻപാണ് എന്റെ അച്ചാച്ഛൻ (അമ്മയുടെ അച്ഛൻ) എന്റെ അമ്മ ഇപ്പോൾ താമസിക്കുന്ന തുമ്മാരുകുടിയിൽ വീടുവെച്ചത്. അതിനും നൂറുവർഷം മുൻപ് തന്നെ ആ സ്ഥലം ഞങ്ങളുടെ പൂർവികരുടെ പേരിലായിരുന്നു. അതിനുമുമ്പ് അത് മറ്റാരുടെയൊക്കെയോ കൈവശമായിരുന്നു. അങ്ങനെ രണ്ടായിരം വർഷങ്ങൾ മുമ്പ് വരെ അവിടെ ആളുകൾ താമസിച്ചിരുന്നതിന്റെയും കൃഷി ചെയ്തിരുന്നതിന്റെയും തെളിവുകൾ ഞങ്ങൾക്ക് തുമ്മാരുകുടിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതിനുമുമ്പും ആളുകൾ അവിടെ താമസിച്ചിരുന്നിരിക്കണം. അവർ എല്ലാം ആ സ്ഥലം അവരുടെ ആണെന്ന് ചിന്തിച്ചിരിക്കണം.

നൂറുവർഷം മുമ്പ് തുമ്മാരുകുടി തിരുവിതാംകൂറിലായിരുന്നു. അവിടെ രാജ്യം ഭരിച്ചിരുന്ന പൊന്നുതമ്പുരാനും അവരുടെ പരമ്പരയും ആചന്ദ്രതാരം രാജ്യം ഭരിക്കുമെനന്നായിരുന്നു അന്ന് അവരുടെയും നാട്ടുകാരുടേയും വിശ്വാസം. എന്നാൽ 1948-ൽ രാജാവും രാജ്യവും ചരിത്രമായി. തിരുവിതാംകൂർ നിലവിൽ വരുന്നതിനു മുമ്പ് തുമ്മാരുകുടി മറ്റേതോ നാട്ടുരാജ്യത്തിന്റെ കീഴിലായിരുന്നു. അതിനുമുമ്പ് ചേരരാജ്യം ആയിരുന്നിരിക്കണം. അതിനും മുമ്പേ എത്രയോ നാടുവാഴികളും രാജാക്കന്മാരും തുമ്മാരുകുടിയുടെ മേൽ ‘ആചന്ദ്രതാരം’ അധികാരമുണ്ടെന്ന് ചിന്തിച്ചിരുന്നിരിക്കാം.

1957-ൽ തുമ്മാരുകുടി കേരളത്തിലായി. ഇനിയൊരു നൂറുവർഷം കഴിയുമ്പോൾ തുമ്മാരുകുടിയിൽ ഞങ്ങളുടെ തലമുറ ഉണ്ടാകുമോ? തുമ്മാരുകുടി കേരളത്തിൽ തന്നെയാകുമോ? കേരളം ഇന്ത്യയിലായിരിക്കുമോ? ആർക്കറിയാം..!

ഇത് തുമ്മാരുകുടിയുടെ മാത്രം കഥയല്ല. ലോകമെമ്പാടും അതിർത്തിയും അധികാരികളും മാറിക്കൊണ്ടേയിരിക്കും. കഴിഞ്ഞ രണ്ടായിരം വർഷത്തെ ഇന്ത്യയുടെ മാപ്പ് ശ്രദ്ധിച്ചാൽ ഇക്കാര്യം മനസ്സിലാകും (https://www.youtube.com/watch?v=QN41DJLQmPk). ഇപ്പോഴും പുതിയ രാജ്യങ്ങൾ ഉണ്ടാകുന്നു, കൂടിച്ചേരലുകൾ നടക്കുന്നു. യു എന്നിൽ ജോലി കിട്ടിയതിനുശേഷം ഞാൻ സഞ്ചരിച്ച രണ്ടു പ്രദേശങ്ങൾ പോലും (മോണ്ടിനെഗ്രോ, ദക്ഷിണ സുഡാൻ) ഇപ്പോൾ പുതിയ രാജ്യങ്ങളാണ്.

ഇതുകൊണ്ടൊക്കെത്തന്നെ ഭൂപ്രദേശങ്ങളുടെ രാഷ്ട്രീയത്തെ ഞാൻ കാര്യമായെടുക്കാറില്ല. അതൊക്കെ വരും, പോകും. കൂടുതൽ പ്രധാനമായത് അവിടുത്തെ സംസ്കാരത്തിലും പരിസ്ഥിതിയിലും വരുന്ന മാറ്റങ്ങളാണ്.

വെങ്ങോലയിലേക്ക് മടങ്ങാം. കേരളപ്പിറവിയുടെ കാലത്ത് വെങ്ങോലയിൽ ഭൂരിപക്ഷം ആളുകളും മലയാളികളായിരുന്നു. എന്നാൽ ഇന്ന് വെങ്ങോല മറുനാടൻ തൊഴിലാളികളുടെ ഗൾഫാണ്. നൂറുകണക്കിന് പ്ലൈവുഡ് ഫാക്ടറികളിൽ ആയിരക്കണക്കിന് മറുനാടൻ തൊഴിലാളികൾ ഇപ്പോൾ വെങ്ങോലയിൽ ഉണ്ട്. കൃഷി തൊട്ട് മുടിവെട്ട് വരെ വെങ്ങോലയിൽ തൊഴിൽ ശക്തി ഇപ്പോൾ മറുനാട്ടുകാരാണ്. ഒരു കാലത്ത് മലയാളം അല്ലാതെ ഒരു ഭാഷയും ഇല്ലാതിരുന്ന കേരളത്തിൽ ഹിന്ദിയും ബംഗാളിയും ഒക്കെ അവിടുത്തെ ഓട്ടോക്കാർക്കും വീട്ടമ്മമാർക്കും വരെ അറിയാം. നാട്ടിൽ വിളയുന്ന കശുവണ്ടി തൊട്ട് എൻജിനീയർമാരെയും നേഴ്‌സുമാരെയും കയറ്റിയയച്ച് കിട്ടുന്ന വിദേശനാണ്യം കൊണ്ട് പുട്ടടിച്ചു ജീവിക്കുന്ന വികസനമാതൃകയാണ് കേരളം ഈ നൂറ്റാണ്ടിലും തുടരുന്നതെങ്കിൽ,
അടുത്ത നൂറുവർഷം കഴിയുമ്പോൾ വെങ്ങോലയുടെ ഭാഷയും സംസ്‌ക്കാരവുമൊന്നും ഇതായിരിക്കിയില്ല. അതൊരു തെറ്റായ കാര്യമല്ല. പ്രവചിക്കാവുന്ന മാറ്റം. അത്രയേയുള്ളൂ.

ഭൂപ്രകൃതിയും മാറുകയാണ്. എഴുപത് വർഷം മുൻപ് കുന്നും മലയും പാടവും ഒക്കെയായിരുന്നു വെങ്ങോലയിലെ പ്രകൃതി. ഇപ്പോൾ കുന്നുകൾ പലതും മണ്ണെടുത്തു നികന്നു, അല്ലെങ്കിൽ പാറയെടുത്ത് കുഴിയായി. പാടം കരയായി, കര കമ്പനികൾ ആയി. കൃഷി പരിമിതമായി. ഏതു കിണറിൽ നിന്നും വെള്ളം കോരിക്കുടിക്കാവുന്ന കാലം പോയി.

പക്ഷെ വെങ്ങോലയുടെ മാറ്റങ്ങളിൽ എന്നെ ഏറ്റവും പേടിപ്പിക്കുന്നത് വിവിധ സമുദായങ്ങൾ തമ്മിൽ ഇല്ലാതായി വരുന്ന ബന്ധങ്ങളാണ്. എന്റെ ചെറുപ്പകാലത്ത് എല്ലാ വീട്ടുകാർക്കും ചുറ്റുമുള്ള മറ്റു വീടുകളുമായി സാമ്പത്തികബന്ധങ്ങൾ ഉണ്ടായിരുന്നു. വീട്ടിൽ ഒരു ബന്ധു വന്നാൽ അയൽവീട്ടിൽ ഓടിപ്പോയി പഞ്ചസാര മേടിച്ചിരുന്ന ഒരു കാലം. വീട്ടിൽ മീൻ വിൽക്കാനായി
ആലിമാപ്പിള മല കടന്നുവന്നിരുന്ന കാലം. വീട്ടിൽ പങ്കുകൃഷി ചെയ്യാൻ യാക്കോബ് മാപ്പിള വന്നിരുന്ന കാലം. ഇപ്പോൾ ഇതൊന്നുമില്ല. ഒരു വീട്ടിലും പഞ്ചസാരയ്ക്ക് കുറവില്ല. പങ്കുകൃഷി എന്നോ നിന്നുപോയി. മീൻ വാങ്ങുന്നത് വ്യക്തിബന്ധങ്ങൾ വേണ്ടാത്ത കോൾഡ് സ്റ്റോറേജിൽ നിന്നായി. അപ്പോൾപിന്നെ നമ്മുടെ അയൽക്കാർ ആരായിരുന്നാലും അവരുടെ സ്ഥിതി എന്തായിരുന്നാലും നമുക്കൊരു ചുക്കുമില്ല. അയൽ വീട്ടിൽ താമസിക്കുന്നവരുടെ വീട്ടിൽ തീ പുകഞ്ഞില്ലെങ്കിലും തീവ്രവാദം പുകഞ്ഞാലും നമ്മൾ അത് ശ്രദ്ധിക്കുന്നില്ല.

ഇതൊന്നും വെങ്ങോലയുടെ മാത്രം കഥയല്ല. കേരളത്തിലെ ഓരോ ഗ്രാമവും കഴിഞ്ഞ എഴുപത് വർഷത്തിനിടയിൽ എത്രയോ മാറി. ഇനി എഴുപത് വർഷം കഴിയുമ്പോൾ കേരളത്തിന്റെ ജനസംഖ്യയുടെ വിന്യാസം, പരിസ്ഥിതി, സാമൂഹ്യ ബന്ധങ്ങൾ ഇവ ഒന്നും ഇപ്പോഴത്തെ പോലെ ആകില്ല. പക്ഷെ ഇതങ്ങനെ മാറണം എന്നത് ദൈവ ദത്തമായതോ പ്രകൃതി നിയമമോ ഒന്നുമല്ല. എല്ലാക്കാലത്തും നമ്മുടെ കുട്ടികൾ തൊഴിൽ തേടി നാട് കടക്കേണ്ട ആവശ്യമില്ല. നമ്മുടെ കടലിൽ നിന്നും പിടിക്കുന്ന ചെമ്മീൻ നമ്മൾ കയറ്റുമതി ചെയ്യാതെ നമ്മൾ തന്നെ കഴിക്കുന്നതല്ലേ ശരിക്കും ഹീറോയിസം ?.

എഴുപത് വർഷം കഴിയുമ്പോൾ കേരളത്തിന്റെ പരിസ്ഥിതിയും സമ്പദ്‌വ്യവസ്ഥയും എവിടെ നിൽക്കും എന്നത് പ്രകൃതിദത്തമോ ദൈവദത്തമോ ആയ തീരുമാനം അല്ല. മറിച്ച് ഇന്നത്തെ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളുടെ പരിണതഫലമാണ്. ഇന്നത്തെ നേതൃത്വം ആകട്ടെ നമ്മൾ ഓരോരുത്തരും നടത്തുന്ന തിരഞ്ഞെടുപ്പുകളുടെ ആകെത്തുകയാണ്. അപ്പോൾ നാളത്തെ കേരളത്തെപ്പറ്റിയുള്ള ഒരു ബോധം നമുക്ക് വേണം, അവിടെ കേരളത്തെ എത്തിക്കാൻ പ്രാപ്തിയുള്ള നേതൃത്വം നമ്മൾ കണ്ടെത്തണം. ഇതൊന്നും ചെയ്യാതെ ബിയറോ മാമ്പഴ പുളിശ്ശേരിയോ കഴിച്ചിരിക്കുമ്പോൾ അറിയാതെ വന്നു ചേരേണ്ട ഒന്നല്ല ഭാവി.

ഇന്നത്തേക്കാൾ നല്ലൊരു കേരളമാണ് നാളെ ഉണ്ടാകാൻ പോകുന്നതെന്ന് (വെറുതേ) മോഹിച്ചു കൊണ്ട് എല്ലാവർക്കും കേരളപ്പിറവി ആശംസകൾ.

1 Comment

Leave a Comment