പൊതു വിഭാഗം

നയാ പൈസ ഇല്ലാത്ത നവ കേരളം?

എന്നാണ് ഞാൻ “കേരളത്തിന്റെ ഖജനാവ് കാലി” എന്ന് ആദ്യം കേട്ടത്?

1980 ൽ ആയിരിക്കണം.

എൻറെ ഓർമ്മയിൽ അന്നാണ് ഒരു മുന്നണി മാറി മറ്റൊരു മുന്നണിക്ക് ഭരണം കിട്ടുന്നത്.

പിന്നെ അതൊരു ശീലമായി. ഓരോ ഭരണവും മാറുന്പോൾ പുതിയതായി വരുന്ന മുന്നണി പറയും, ‘ഖജനാവ് കാലി !’

ഇപ്പോൾ ഞാൻ അത് ശ്രദ്ധിക്കാറില്ല.

എന്നാണ് “കേരളം കടം കേറി മുടിഞ്ഞു” എന്ന് ആദ്യമായി കേട്ടത്?

1973 ൽ ആയിരിക്കണം. അക്കാലത്താണ് പത്രം കാര്യമായി വായിക്കാൻ തുടങ്ങിയത്.

ഖജനാവ് കാലി എന്ന് പറയുന്നത് ഭരണം കിട്ടുന്നവർ ആണെങ്കിൽ, കടമെടുത്തു മുടിഞ്ഞു എന്ന് പറയുന്നത് പ്രതിപക്ഷമാണ്.

എത്ര വട്ടം കേട്ടിരിക്കുന്നു. അതും ഞാൻ ഇപ്പോൾ ശ്രദ്ധിക്കാറില്ല.

ഒരു കാലത്ത് വരവിനേക്കാൾ കുറച്ച് ചിലവ് ചെയ്യുന്ന ബഡ്ജറ്റ് ഉണ്ടാക്കുന്നതല്ലേ ശരി എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. അങ്ങനെയാണല്ലോ നമ്മൾ വ്യക്തിപരമായി പണം ചിലവാക്കുന്നത്.

സർക്കാർ ആയത് കൊണ്ട് ലാഭം ഉണ്ടാക്കിയില്ലെങ്കിലും ബാലൻസ് ബഡ്ജറ്റ് എങ്കിലും വേണ്ടേ എന്നായിരുന്നു ചിന്ത.

ഇതെന്റെ കാര്യം മാത്രമല്ല. അനവധി സാന്പത്തിക വിദഗ്ദ്ധർ അങ്ങനെ ചിന്തിച്ചിട്ടുണ്ട്. ധാരാളം ധനകാര്യ മന്ത്രിമാർ ആ കണക്കിനുള്ള ബഡ്ജറ്റുകൾ ഉണ്ടാക്കിയിട്ടും ഉണ്ട്.

ഇപ്പോൾ പക്ഷേ വരവും ചിലവും തുല്യമാക്കുന്ന ബഡ്ജറ്റുകൾ ആരും ഉണ്ടാക്കാറില്ല. കടം വാങ്ങുക എന്നത് നല്ല ധനകാര്യ മാനേജ്‌മെന്റിന്റെ ഭാഗമായിട്ടാണ് എല്ലാവരും കാണുന്നത്.

വിവിധ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ തന്നെ അത്, ജി ഡി പി യുടെ എത്ര ശതമാനം കടം വാങ്ങാം, എത്ര നിരക്ക് പലിശക്ക് വാങ്ങാം, ഏത് കറൻസിയിൽ വാങ്ങാം, എവിടെ വാങ്ങി എന്ത് ചെയ്യണം എന്നൊക്കെയുള്ള വിഷയങ്ങളിലാണ്.

ഇന്ത്യയിൽ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര ഉല്പാദനത്തിന്റെ 3.5 ശതമാനം ആണ് കടം എടുക്കാൻ കഴിയുന്നത് എന്നാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ നിബന്ധന. അതൊരു നിബന്ധന മാത്രമാണ്. കേന്ദ്ര സർക്കാരിന് വേണമെങ്കിൽ അത് നാലാക്കാം, നാലരയോ അഞ്ചോ ആക്കാം.

ഒരു രാജ്യം എത്ര കടം എടുക്കാമെന്നതിനെ പറ്റി സാന്പത്തിക വിദഗ്ദ്ധന്മാരുടെ ചിന്ത പാടെ മാറിയിട്ടുണ്ട്. പണ്ടൊക്കെ കടമെടുപ്പിനെ പേടിയോടെ കണ്ടിരുന്ന പലരും ഇപ്പോൾ കടത്തെ വ്യത്യസ്തമായി കാണുന്നുണ്ട്.

ലോകത്തെ സന്പത്തുള്ള രാജ്യങ്ങളും സാന്പത്തികമായി ഉയർന്നു വരുന്ന രാജ്യങ്ങളും എടുത്തു നോക്കിയാൽ സന്പത്തുള്ള രാജ്യങ്ങളാണ് കൂടുതൽ കടം വാങ്ങുന്നത് എന്ന് കാണാം.

മുൻപും പറഞ്ഞിട്ടുളളതാണ്. കടമെടുത്ത് എവിടെ ചിലവാക്കുന്നു എന്നതാണ് പ്രധാനം.

എന്താണ് ശരിയായ നിക്ഷേപം.

കടമെടുത്ത് അതിൻറെ പലിശയിൽ കൂടുതൽ വരവ് കിട്ടുന്ന പദ്ധതികളിൽ നിക്ഷേപിക്കുന്നതാണ് നല്ല നിക്ഷേപം എന്ന് കരുതുന്നവർ ഉണ്ട്.

ഉദാഹരണത്തിന് സർക്കാർ പണം എടുക്കുന്നു, ഒരു റോഡ് ഉണ്ടാക്കുന്നു. അതിൽ ടോൾ വക്കുന്നു. ടോളിൽ കിട്ടുന്ന പണം കൊണ്ട് പലിശ അടച്ചു തീർക്കുന്നു. ന്യായമാണ്.

പക്ഷെ സർക്കാർ പണം കടമെടുത്ത് റോഡുണ്ടാക്കി സൗജന്യമാക്കി കൊടുത്താലോ ?

എന്തിന് സർക്കാർ പണം എടുത്ത് ആരോഗ്യത്തിലോ വിദ്യാഭ്യാസ രംഗത്തോ നിക്ഷേപിച്ചാലോ? പ്രത്യേകിച്ച് വരുമാനം ഒന്നുമില്ലാതെ?

അല്ലെങ്കിൽ നഷ്ടത്തിൽ നടക്കുന്ന പൊതുഗതാഗതത്തിൽ?

ലാഭം ഉണ്ടാക്കുക എന്നത് ഒരു സർക്കാരിന്റെയും ലക്ഷ്യമല്ല. ലക്ഷ്യം ആകരുത്.

ലാഭം ഉണ്ടാകുമെന്ന് ഉറപ്പുള്ള സംവിധാനങ്ങളിൽ സ്വകാര്യ മൂലധനം വരുമല്ലോ. സർക്കാർ അവിടെ നിന്നും മാറി നിൽക്കുന്നതാണ് ഭംഗി.

എന്നാൽ സന്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് സഹായിക്കുന്ന എന്ത് സംഭവത്തിലും നിക്ഷേപിക്കുന്നത് ശരിയായ നിക്ഷേപം ആണ്.

ഉദാഹരണത്തിന് പൊതുജനാരോഗ്യത്തിൽ, നല്ല വിദ്യാഭ്യാസത്തിൽ. പതിറ്റാണ്ടുകളായി ഒരു ലാഭവും ഇല്ലാത്ത വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നിക്ഷേപിച്ചുണ്ടായതാണ് ഇന്നത്തെ കേരളം.

1960 കളിൽ ഇന്ത്യയിലെ ആളോഹരി വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം (lowest quartile). ഇപ്പോൾ അത് ഏറ്റവും ആളോഹരി വരുമാനം കൂടിയ സംസ്ഥാനങ്ങളിൽ ഒന്നായി (highest quartile). ഇതൊന്നും ഹൈവേയിലെ ടോൾ പിരിച്ചുണ്ടാക്കിയതല്ല. മാനവവിഭവ ശേഷി വർധിപ്പിച്ച് (ആ വിഭവശേഷി ലോകത്തെല്ലായിടത്തേക്കും പോയി) ഉണ്ടാക്കിയതാണ്.

അതുകൊണ്ട് തന്നെ കിഫ്‌ബി പണം കൊണ്ട് ആശുപത്രിയുണ്ടാക്കുന്പോൾ എവിടെയാണ് ലാഭം എന്ന് ചികയുന്നതിൽ കാര്യമില്ല.

കടം കൂടുന്നുണ്ടോ എന്നുള്ളതല്ല നമ്മൾ പേടിക്കേണ്ട വിഷയം. മേടിക്കുന്ന കടം എവിടെയാണ് ഉപയോഗിക്കുന്നത് എന്നാണ്. അക്കാര്യത്തിലാണ് സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ശ്രദ്ധ വേണ്ടത്

“ഖജനാവ് കാലി”യും “കടക്കെണി”യും ഇനിയുള്ള അന്പത് വർഷവും ഇവിടെത്തന്നെ കാണും.

മുരളി തുമ്മാരുകുടി

ചിത്രങ്ങൾക്ക് മനോരമയ്ക്കും എക്കണോമിസ്റ്റിനും കടപ്പാട്.

May be an image of text that says "Borrowed, time and again Gross government debt as % of GDP Advanced economies 120 United States 100 80 Nominal GDP, %change ona year earlier 10 Emerging markets 60 5 40 20 2001 05 10 Sources: IMF; Haver Analytics 0 15 Ten-year Treasury- bond yield, The Economist 20t -5 2000 05 10 -10 15 20 *Estimate Forecast"No photo description available.

Leave a Comment