പൊതു വിഭാഗം

നന്പർ വണ്ണിന്റെ അഭിമാനം!

കോവിഡ് കാലത്ത് നമ്മുടെ ആരോഗ്യ സംവിധാനം കൈകാര്യം ചെയ്തത് ലോകോത്തരമായി തന്നെയാണെന്ന് ആ കാലത്ത് പലപ്പോഴും ഞാൻ എഴുതിയിരുന്നു. പതിവ് പോലെ അതൊക്കെ ഭരിക്കുന്നവരെ സ്തുതിക്കുന്നതായിട്ടാണ് ഏറെപ്പേർ വിലയിരുത്തിയത്.

ഇന്നിപ്പോൾ നീതി ആയോഗിന്റെ പഠനം അത് ശരിവെക്കുന്നു. സന്തോഷം.

ഇന്ത്യയിൽ ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാർട്ട് അപ്പും ഉൾപ്പെടെയുള്ള പല വിഷയങ്ങളിൽ ഇന്ത്യൻ സ്ഥാപനങ്ങളും വിദേശ സ്ഥാപനങ്ങളും പഠനം നടത്തുന്പോൾ കേരളം നന്പർ വൺ ആയി വരാറുണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

നമുക്കൊക്കെ അഭിമാനിക്കാവുന്ന കാര്യങ്ങളാണ്, പക്ഷെ പലപ്പോഴും കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കുന്നതിൽ സന്തോഷം കാണുന്ന ധാരാളം ആളുകൾ ചുറ്റുമുണ്ടെന്നത് എന്നെ അതിശയിപ്പിക്കാറുണ്ട്.

നമ്മൾ കുറച്ചു കാലമായി പല കാര്യങ്ങളിലും ഇന്ത്യയിലെ നന്പർ വൺ ആയത് കൊണ്ട് നമ്മുടെ നേട്ടത്തിൽ അഭിമാനിച്ചു റിലാക്സ് ചെയ്യുകയാണെന്നും മറിച്ച് ആരോഗ്യം, വിദ്യാഭ്യാസം പരിസ്ഥിതി, സുരക്ഷ പോലുള്ള വിഷയങ്ങളിൽ ലോകത്തെ ഏറ്റവും നല്ല പ്രദേശങ്ങളുമായി മത്സരബുദ്ധിയോടെ താരതമ്യപ്പെടുത്തി മുന്നേറുകയാണ് വേണ്ടതെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ വിശ്വസിക്കുന്പോഴും കേരളത്തിന്റെ ഏറ്റവും ചെറിയ നേട്ടങ്ങളിൽ പോലും ഏറെ സന്തോഷിക്കുകയും ചെയ്യുന്നു.

അതുകൊണ്ടാണ് കോവിഡ് കാലത്തെ ആരോഗ്യ സംവിധാനത്തിന്റെ പ്രകടനങ്ങളുടെ സൂചികയിൽ കേരളം ഒന്നാമതായത് കൂടുതൽ സന്തോഷിപ്പിക്കുന്നത്.

പറയാൻ വിട്ടു. കഴിഞ്ഞ ഏപ്രിൽ അവസാന ആഴ്ചയിൽ ആണ് കോവിഡ് ആദ്യമായി എന്നെ പിടി കൂടിയത്. നന്നായി ഒന്ന് കുടഞ്ഞു. വാക്സിൻ ഒന്നും ഇല്ലാത്ത കാലത്തായിരുന്നുവെങ്കിൽ പടമായേനെ എന്ന് തോന്നിപ്പോയി.

മുൻപ് പലപ്പോഴും പറഞ്ഞത് പോലെ ഒഴിവായിപ്പോയ ലക്ഷക്കണക്കിന് മരണങ്ങൾ കൂടിയാണ് നമ്മുടെ കോവിഡ് കാലത്തെ ആരോഗ്യ രംഗത്തെ സേവനങ്ങളുടെ മികവിന്റെ മൂല്യം. അതിന്റെ ഗുണഭോക്താക്കൾ പോലും അത് തിരിച്ചറിയുന്നില്ല എന്നത് ആണ് നമ്മുടെ ദുര്യോഗം.

എന്താണെങ്കിലും കോവിഡ് കാലത്തെ ആരോഗ്യ സംവിധാനം നയിച്ചവർക്കും ആരോഗ്യ പ്രവർത്തകർക്കും ഒരിക്കൽ കൂടി നന്ദി.

മുരളി തുമ്മാരുകുടി

May be an image of slow loris and text that says "ജ്യോതിഷം തൊഴിൽ ഫോട്ടോ ഗാലറി വാർത്ത ലോട്ടറി ഗൾഫ് കേരളവാർത്ത വൈറൽ കേരള നമ്പർ 1: നീതി ആയോഗിൻ്റെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത് By Ajmal Mk f Published: Friday, May 26, 2023, 22:27 [IST] 090 YouTube 1M FOLLOWO G= Google തിരുവനന്തപുരം: നീതി ആയോഗിൻ്റെ 2020- 21 കോവിഡ് വർഷത്തെ വാർഷിക ആരോഗ്യ സൂചികയിൽ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനവും തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ചെറിയ സംസ്ഥാനങ്ങള വിഭാഗത്തിൽ ത്രിപുര ഒന്നാമതെത്തിയപ്പോൾ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഡൽഹി ഏറ്റവും അവസാനത്തേക്ക് വീണുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു."

Leave a Comment