പൊതു വിഭാഗം

ദുരന്തകാലത്തെ ഇൻഷുറൻസ്

എന്റെയൊക്കെ ചെറുപ്പകാലത്ത് ഇന്ത്യയിൽ ഇൻഷുറൻസ് എന്നത് മൂന്നിലെയോ നാലിലെയോ പാഠപുസ്തകത്തിൽ പഠിച്ച ഒരു വിഷയം മാത്രമായിരുന്നു. വീട്ടിൽ അച്ഛനോ അമ്മയോ എനിക്കറിയാവുന്ന ബന്ധുക്കളോ ആരും ഇൻഷുറൻസ് എടുത്തിരുന്നില്ല.
 
ജോലി കിട്ടി നാട്ടിൽ തിരിച്ചുവന്ന കാലത്ത് ഇൻഷുറൻസുകാർ എന്നാൽ നാട്ടുകാർക്ക് കോമിക് കഥാപാത്രങ്ങൾ ആയിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ തൊഴുകൈയോടെ നടക്കുന്ന ലൈഫ് ഇൻഷുറൻസ് കമ്പനിക്കാർ, എൻ ആർ ഐക്കാർ വന്നാൽ ചാക്കിടാൻ നോക്കിയിരിക്കുന്ന പുതിയ ജനറേഷൻ ഇൻഷുറൻസ് കമ്പനിക്കാർ എന്നിങ്ങനെ. പൊതുവെ നമുക്ക് ആവശ്യമില്ലാത്ത എന്തോ നമ്മെ കെട്ടി ഏൽപ്പിക്കാൻ ശ്രമിക്കുന്നവർ ആയിട്ടാണ് നാം അവരെ കണ്ടിരുന്നത്. പക്ഷെ റോഡപകടം ഒക്കെ കൂടിയതോടെ ലൈഫ് ഇൻഷുറൻസ് കൂടുതൽ പ്രചാരത്തിലായി. ആരോഗ്യ ഇൻഷുറൻസ് തന്നെ ഇപ്പോഴാണ് കുറച്ചെങ്കിലും പ്രചാരത്തിൽ വരുന്നത്. എന്നാൽപ്പോലും മൊത്തം ജനസംഖ്യയിൽ പത്തുശതമാനത്തിനു പോലും ഇൻഷുറൻസ് പരിരക്ഷ ഇല്ല. വേണ്ടത്ര ഇൻഷുറൻസ് പരിരക്ഷ ഒരു ശതമാനത്തിനു പോലുമില്ല. ദുരന്തങ്ങൾ മറ്റുള്ളവർക്കു മാത്രമുണ്ടാകുന്നതാണെന്ന തെറ്റായ വിശ്വാസം, ഇൻഷുറൻസിനെ സംബന്ധിച്ച വേണ്ടത്ര അറിവില്ലായ്മ, ഇൻഷുറൻസ് ക്ലെയിം കൊടുക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്ന തരത്തിലുള്ള ഇൻഷുറൻസ് കമ്പനിക്കാരുടെ പെരുമാറ്റം ഇതൊക്കെ ഇന്ത്യയിൽ ഇൻഷുറൻസിന്റെ പ്രചാരം കുറക്കാൻ കരണമായിട്ടുണ്ട്.
 
സ്വിറ്റ്‌സർലാൻഡിൽ പക്ഷെ കാര്യങ്ങൾ മറ്റേ അറ്റത്താണ്. ഇവിടെ എത്ര ഇൻഷുറൻസ് ഉണ്ടെന്നോ എത്രയായാൽ മതിയെന്നോ ആർക്കും വ്യക്തമല്ല. ആരോഗ്യകാരണങ്ങൾക്ക് മാത്രമായി ഒരു ഇൻഷുറൻസ് നിർബന്ധമാണ്. ഒരു മാസം ഒരാൾക്ക് ശരാശരി മുപ്പതിനായിരം രൂപയോളം വരും അത്. നമുക്ക് വീട് വാടകക്കുണ്ടെങ്കിൽ അഥവാ വീടിന്റെ ലോൺ അടച്ചുതീർത്തിട്ടില്ലെങ്കിൽ അതിന് ഫയർ ഇൻഷുറൻസും ഫ്ളഡ് ഇൻഷുറൻസും നിർബന്ധമാണ്. (ഫ്ളാറ്റിലെ വെള്ളം ലീക്കായി ഫ്ളോറിങ് കേടാകാതിരിക്കാനാണ് പ്രധാനമായും ഫ്ലഡ് ഇൻഷുറൻസ് ഉപയോഗിക്കുന്നത്). വീട്ടിൽ വിരുന്ന് വരുന്നവർക്ക് വീട്ടിൽ നിന്ന് എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിനെതിരെ തേർഡ് പാർട്ടി ഇൻഷുറൻസ് വേണം. വീട്ടിൽ പട്ടിയുണ്ടെങ്കിൽ അത് ആരെയെങ്കിലും കടിച്ചാൽ കൊടുക്കേണ്ടി വരുന്ന നഷ്ടപരിഹാരത്തിനും വേറെ ഇൻഷുറൻസ് വേണം. കാറിനുള്ള തേർഡ് പാർട്ടി ഇൻഷുറൻസും നിർബന്ധമാണ്. മിക്കവാറും പേർക്കും സമഗ്ര ഇൻഷുറൻസ് എടുക്കാമെങ്കിലും ആലിപ്പഴം വീണ് ചില്ല് പൊട്ടുന്നതിന് കവറേജില്ല. അത് വേറെ എടുക്കണം.
തീർന്നില്ല. നമുക്കെതിരെ ഏതെങ്കിലും കാരണവശാൽ ആരെങ്കിലും കേസ് കൊടുത്താൽ (ഉദാഹരണത്തിന് നമ്മുടെ അടുത്ത വീട്ടിലെ ആൾ നമ്മുടെ വീട്ടിലെ പൈപ്പ് പൊട്ടി അയാളുടെ ഫ്ലോറിംഗ് പോയെന്നു പറഞ്ഞ് കേസ് കൊടുത്താൽ) അതിന് നമ്മളെ പ്രതിരോധിക്കാനുള്ള വക്കീൽ ചെലവിനും നഷ്ടപരിഹാരത്തിനുമായി ജുഡീഷ്യൽ പ്രൊട്ടക്ഷൻ എന്നൊരു ഇൻഷുറൻസ് ഉണ്ട്. ലോകത്തിൽ തട്ടിക്കൊണ്ടുപോകൽ പോലുള്ള കുറ്റകൃത്യങ്ങളുള്ള സ്ഥലത്തേക്ക് പോകുന്നതിനു മുന്പ് കിഡ്‌നാപ്പിംഗ് ഇൻഷുറൻസും എടുക്കാവുന്നതാണ്.
 
ഒറ്റനോട്ടത്തിൽ ഇത്രയൊക്കെ ഇൻഷുറൻസിന്റെ ആവശ്യമുണ്ടോ എന്ന് തോന്നാം. ദുരന്തലഘൂകരണത്തിന്റെ ഒരു രീതിയാണ് ഇൻഷുറൻസ്. വാസ്തവത്തിൽ ഇൻഷുറൻസ് ഒരു ദുരന്തം വരുന്നത് തടയില്ലെങ്കിലും ദുരന്തം വന്നാലുണ്ടാകുന്ന സാമ്പത്തികനഷ്ടം കുറയ്ക്കും. അതുകൊണ്ടുതന്നെ ആവശ്യത്തിനുള്ള ഇൻഷുറൻസ് നമ്മൾ എല്ലാവരും എടുക്കേണ്ടതാണ്. കഴിഞ്ഞ ദുരന്തകാലത്ത് അത് ഏറെ വ്യക്തമായതുമാണ്. നമ്മുടെ വീടിനും വീട്ടു സാധനങ്ങൾക്കും ഒരു ശതമാനം പോലും ഇൻഷുറൻസ് ഇല്ല. പോയവർക്ക് എല്ലാം പോയി. രണ്ടാമത് ഉണ്ടാക്കാൻ മധ്യവർഗ്ഗ കുടുംബത്തിലുള്ളവർ പോലും കഷ്ടപ്പെടുന്നു.
കേരളത്തിലുള്ളവർ താഴെ പറയുന്ന ഇൻഷുറൻസുകൾ വാങ്ങേണ്ടതാണെന്നാണ് എന്റെ അഭിപ്രായം.
 
1. ഒരു ദിവസം പത്തിലേറെപ്പേരെ കൊല്ലുന്ന നമ്മുടെ തെരുവിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ലൈഫ് ഇൻഷുറൻസ് നിർബന്ധമായും വേണം.
2. അപകടം മൂലമോ കാൻസർ, കിഡ്‌നി, ലിവർ എന്നിവയുടെ രോഗം മൂലമോ ചികിത്സ ആവശ്യമായി വന്നാൽ മധ്യവർഗ്ഗങ്ങളിലുള്ളവർ പോലും പട്ടിണിയാകുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളത്. അതുകൊണ്ട് ക്രിട്ടിക്കൽ ഡിസീസ് കവർ ഉൾപ്പെടെയുള്ള ആരോഗ്യ ഇൻഷുറൻസ് എങ്ങനെയും ഉണ്ടായിരിക്കണം.
3. വെള്ളപ്പൊക്കം കണ്ട സാഹചര്യത്തിൽ വീട്ടിലെ വസ്തുക്കൾ നശിച്ചു പോകുകയോ കളവു പോകുകയോ ചെയ്താൽ നഷ്ടപരിഹാരം കിട്ടാൻ ഇൻഷുറൻസ് എടുക്കണം.
4. കൃഷിനാശത്തിനെതിരെ കർഷകർ കാർഷിക ഇൻഷുറൻസ് എടുക്കണം.
5. വാഹനങ്ങൾക്ക് ആവശ്യമായ ഇൻഷുറൻസ് ഉണ്ടാകണമെന്നത് നിർബന്ധമാണ്.
6. കേരളത്തിൽ നിന്ന് വിദേശയാത്ര പുറപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. വിദേശയാത്രയുടെ സമയത്ത് അവിടെവെച്ച് രോഗമോ അപകടമോ ഉണ്ടായാൽ ചികിത്സാ ചെലവ് വളരെ കൂടുതലാണ്. അമേരിക്കയിലും യൂറോപ്പിലും ഒരു പ്രാവശ്യം നല്ലൊരു പനി വന്ന് ഒരാഴ്ച ആശുപത്രിയിൽ കയറിയിറങ്ങിയാൽ പത്തോ പതിനഞ്ചോ ലക്ഷം ചെലവാകുന്നത് സാധാരണമാണ്. റോഡപകടം സംഭവിച്ചാൽ ചെലവ് കോടിയിലേക്ക് കടക്കും. ഐ ടി കമ്പനികളിൽ ഉന്നത ഉദ്യോഗമുള്ളവരുടെ കുടുംബങ്ങൾ പോലും ഹെൽത്ത് ഇൻഷുറൻസ് ഇല്ലാതെ വിസിറ്റിങ്ങിന് വന്ന് അപകടത്തിൽപ്പെട്ട് സാന്പത്തികമായി പാപ്പരാകുകയും നാട്ടുകാരോട് പിരിവ് നടത്തേണ്ടി വരികയും ചെയ്ത എത്രയോ സന്ദർഭങ്ങൾ നാം കണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിന് പുറത്ത് യാത്ര ചെയ്യുന്നവർ നിർബന്ധമായും ട്രാവൽ ഇൻഷുറൻസ് എടുക്കണം. ആവശ്യത്തിന് ആരോഗ്യ സംവിധാനങ്ങളില്ലാത്ത ഇടങ്ങളിൽ നിന്നും എയർ ആംബുലൻസ് വഴി ചികിത്സയുള്ള നാട്ടിലെത്തിക്കാനുള്ള മെഡിക്കൽ ഇൻഷുറൻസും പട്ടികയിൽ ചേർക്കണം.
 
ഇനി ലോകത്ത് ഞാൻ കണ്ടിട്ടില്ലാത്ത – എന്നാൽ കേരളത്തിനാവശ്യമായ ചില ഇൻഷുറൻസുകളെപ്പറ്റി പറയാം.
വിദ്യാഭ്യാസ വായ്പ്പയെടുത്ത ശേഷം ജോലി കിട്ടാതെ വരികയോ പഠനം പൂർത്തിയാക്കാൻ പറ്റാതെ വരികയോ ചെയ്യുന്നത് കേരളത്തിൽ അപൂർവ്വമല്ല. അതിനെ ചൊല്ലി ആത്മഹത്യ വരെ ഉണ്ടാകുന്നു. ഇങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ വിദ്യാഭ്യാസ വായ്പ്പയുടെ കൂടെ ഒരു ഇൻഷുറൻസ് പദ്ധതികൂടി നടപ്പിലാക്കണം.
ഗൾഫിൽ പോയി ഏതെങ്കിലും കാരണവശാൽ കേസിൽപ്പെട്ട് ജയിലിലായി പണമില്ലാത്തതിനാൽ ആളുകൾക്ക് തിരിച്ചുവരാൻ പറ്റാത്ത കേസുകളുണ്ട്. ഇതിനുവേണ്ടിയും ഒരു ഇൻഷുറൻസ് സംവിധാനമുണ്ടാക്കണം.
 
കേരളത്തിൽ സർക്കാർ നേതൃത്വത്തിൽ ചെയ്യേണ്ട ഒരു ഇൻഷുറൻസ് കൂടിയുണ്ടെന്നാണ് എന്റെ അഭിപ്രായം. കേരളത്തിലെ എല്ലാ വീടുകളും നിർബന്ധമായും ഒരു ഇൻഷുറൻസിന്റെ പരിധിയിലാക്കണം. ഒരു സ്‌ക്വയർ ഫീറ്റിന് രണ്ടു രൂപ പ്രീമിയം വാങ്ങി ദുരന്തമുണ്ടായാൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരം കിട്ടുന്ന തരത്തിൽ.
 
അതുപോലെതന്നെ എല്ലാ ആളുകളെയും ഒരു ലൈഫ് ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരണം. ദിവസം ഒരു രൂപ പ്രീമിയം നിരക്കിൽ അപകടം സംഭവിച്ചാൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ കൊടുക്കുന്ന രീതിയിൽ. ഇപ്പോൾ തന്നെ ആളുകൾക്ക് യാതൊരു ഇൻഷുറൻസും എടുക്കാതെതന്നെ അപകടം സംഭവിച്ചാൽ സർക്കാർ നഷ്ടപരിഹാരം നൽകും എന്നൊരു ചിന്തയുണ്ട്. പലപ്പോഴും സർക്കാർ നൽകുന്ന നഷ്ടപരിഹാരം പലർക്കും പലതാണ്. രാഷ്ട്രീയനേതാക്കൾക്ക് പത്തുലക്ഷത്തിന് മുകളിൽ, രാഷ്ട്രീയ കൊലപാതകങ്ങളിൽ പെടുന്നവർക്ക് പത്തുലക്ഷം, , അപകടത്തിൽ മരിക്കുന്നവർക്ക് അവരുടെ നാടും കുലവും നോക്കി അഞ്ചുലക്ഷം മുതൽ അൻപതിനായിരം വരെ എന്നിങ്ങനെ. ഈ രീതി ശരിയല്ല. ഒരു പ്രീമിയം വാങ്ങിയാൽ സർക്കാരിന് വരുമാനമാകും. ദുരിത ലഘൂകരണത്തിന് പണമാകും. എല്ലാവർക്കും മിനിമം ഗ്യാരന്റി തുക കിട്ടുകയും കിട്ടും.
 
മുരളി തുമ്മാരുകുടി

Leave a Comment