പൊതു വിഭാഗം

ദുബായ് – എക്സ്പോ, സാങ്കേതിക വിദ്യ, കൊറോണ, സൗഹൃദം…

കഴിഞ്ഞ നാലു ദിവസമായി യു. എ. ഇ. യിൽ ആയിരുന്നു. സാധാരണ മൂന്ന് മാസത്തിൽ ഒരിക്കൽ പോകാറുള്ളതാണെങ്കിലും കൊറോണക്കാലത്ത് ഇത് ആദ്യമാണ്.
 
അബുദാബിയിൽ പുതിയതായി തുടങ്ങിയ നിർമ്മിത ബുദ്ധിയുടെ സർവ്വകലാശാല സന്ദർശിക്കുക, എങ്ങനെയാണ് അവരോട് ചേർന്ന് പ്രവർത്തിക്കുക ഇതായിരുന്നു പ്രധാന ലക്ഷ്യം. പോയ സ്ഥിതിക്ക് എക്സ്പോ കണ്ടു, സുഹൃത്തുക്കളെ നേരിൽ കണ്ടു. ചർച്ചകൾ നടത്തി. ഓരോന്നിനെയും പറ്റി പ്രത്യേകം എഴുതാം.
 
ആദ്യമേ എഴുതേണ്ടത് എങ്ങനെയാണ് എക്സ്പോ പോലുള്ള ഒരു വൻ സംഭവം നടത്തുന്പോഴും ദുബായ് കൊറോണക്കേസുകളിൽ കുതിച്ചു കയറ്റമുണ്ടാകാതെ നോക്കുന്നത് എന്നതാണ്. എത്ര നന്നായിട്ടാണ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് എന്നതാണ്. മാതൃകയാക്കി പഠിക്കേണ്ടതാണ്.
 
ഏതാണ്ട് ഒളിന്പിക്സ് പോലെ തന്നെ ഒരു പതിറ്റാണ്ടിലേറെ തയ്യാറെടുത്ത് വേണം എക്സ്പോ നടത്താൻ. കഴിഞ്ഞ വർഷമാണ് നടത്തേണ്ടിയിരുന്നത്, കൊറോണ കാരണം അല്പം നീട്ടി വെക്കേണ്ടി വന്നു. ഒളിന്പിക്സ് പോലെ ഒരു മത്സരം അല്ലാത്തതുകൊണ്ട് ആളുകൾ വരാതെ എക്സ്പോ നടത്തുന്നതിൽ കാര്യമില്ല. സാധ്യമായതിൽ ഏറ്റവും വേഗത്തിൽ എക്സ്പോ തുടങ്ങി. തൽക്കാലത്തെ നിലയനുസരിച്ച് മാർച്ച് അവസാനം വരെ കാണും.
 
ഓരോ ദിവസവും ഏകദേശം ഒരു ലക്ഷം ആളുകളാണ് എക്സ്പോക്ക് എത്തുന്നത്. കൊറോണക്കാലത്ത് ലോകത്ത് നടക്കുന്ന ഏറ്റവും വലിയ ആൾക്കൂട്ടം ആയിരിക്കണം ഇപ്പോൾ എക്സ്പോ. എന്നാൽ ഇതൊരു സൂപ്പർ സ്പ്രെഡർ ഇവന്റ് ഒന്നും ആയിട്ടില്ല. വാക്സിനേഷൻ അല്ലെങ്കിൽ ആർ. ടി. പി. സി. ആർ. ടെസ്റ്റ് വേണം എന്നത് ഒഴിച്ചാൽ മറ്റു നിബന്ധനകൾ ഒന്നുമില്ല. കൊച്ചു കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനമുണ്ട്. എല്ലാവരും വരുന്നുമുണ്ട്.
 
എങ്ങനെയാണ് എക്സ്പോ അധികാരികൾ ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്?
 
ആദ്യമായി ഇത് എക്സ്പോ അധികാരികൾ മാത്രമായി കൈകാര്യം ചെയ്യുന്ന ഒന്നല്ല. യു. എ. ഇ. യിലെ എല്ലാ എമിറേറ്റുകളും വകുപ്പുകളും ഒരുമിച്ചാണ് കോവിഡ് നിയന്ത്രണ സംവിധാനം കൈകാര്യം ചെയ്യുന്നത്.
 
ദുബായിലേക്ക് ഇപ്പോൾ വിസ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല, പഴയത് പോലെ തന്നെ അപേക്ഷിച്ചാൽ ഒറ്റ ദിവസത്തിനകം കിട്ടും. ഒരുപക്ഷെ പഴയതിനേക്കാൾ എളുപ്പത്തിൽ.
 
വരുന്നതിന് മുൻപ് വാക്സിനേഷൻ അല്ലെങ്കിൽ ആർ. ടി. പി. സി. ആർ. വേണമെന്നുള്ള നിബന്ധനകൾ ഉണ്ട്. ഇന്ത്യ ഉൾപ്പടെ ചില രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ദുബായിലേക്ക് വരുന്നതിന് 48 മണിക്കൂർ മുൻപ് ആർ. ടി. പി. സി. ആർ. ചെയ്യണം. കൂടാതെ ടേക് ഓഫിന് ആറു മണിക്കൂർ മുൻപ് എയർപോർട്ടിൽ വച്ചു തന്നെ റാപിഡ് ആർ. ടി. പി. സി. ആറും ചെയ്യണം. എങ്കിലേ വിമാനത്തിൽ കയറാൻ പറ്റൂ.
 
ദുബായ് എയർപോർട്ടിൽ ഇറങ്ങിയാൽ ഉടൻ അവിടെ ആർ. ടി. പി. സി. ആർ. ചെയ്യണം, ഇത് സൗജന്യമാണ്.
 
ഇന്ത്യക്ക് ആരോഗ്യസേതു പോലെ അവിടെ അൽ ഹൊസൻ എന്നൊരു ആപ്പ് ഉണ്ട്. അബു ദാബിക്ക് പോകണമെങ്കിൽ ഇത് നമ്മൾ നിർബന്ധമായി ഡൌൺലോഡ് ചെയ്യണം. അവിടെ മാളുകളിൽ ഉൾപ്പടെ പ്രവേശിക്കണമെങ്കിൽ അത് നിർബന്ധമാണ്, ദുബായിൽ മാളുകളിൽ ഇത്തരം പരിശോധന ഇല്ല.
 
എന്നെ അതിശയിപ്പിച്ചത് അതല്ല. അൽ ഹൊസൻ ആപ്പ് ഡൌൺലോഡ് ചെയ്തു കഴിഞ്ഞപ്പോൾ എയർപോർട്ടിൽ ചെയ്ത ആർ. ടി. പി. സി. ആറിന്റെ റിസൾട്ട് അവിടെ നേരിട്ട് വന്നു. പോരാത്തതിന് എക്സ്പോയിൽ പോകാനുള്ള കോവിഡ് ഗ്രീൻ പാസ്സ് റെഡി. അതിന് പ്രത്യേകിച്ച് ആപ്പില്ല, ലിങ്കിംഗ് ഇല്ല, പ്രിന്റ് ഔട്ട് ഇല്ല.
 
രണ്ടു ദിവസം കഴിഞ്ഞപ്പോൾ തിരിച്ചു യാത്ര ചെയ്യാനായി ഒരു ആർ. ടി. പി. സി. ആർ. എടുത്തു. അതിന്റെ റിസൾട്ട് ഫോണിൽ വന്ന അതേ സമയം ആപ്പിലും അപ്ഡേറ്റ് ആയി. വിമാനത്താവളം തൊട്ട് രാജ്യത്ത് എവിടെയും ഉള്ള ലാബുകൾ ഒറ്റ സംവിധാനവും ആയി ലിങ്ക്ഡ് ആണ്.
 
കോവിഡ് ഏതാണ്ട് പോകാറായി എന്നൊക്കെ ആശ്വസിച്ചിരുന്ന ലോകത്തെ ബഹുഭൂരിപക്ഷം ആളുകൾക്കും ഒമൈക്രോണിന്റെ വരവ് ആശങ്കയും നിരാശയും ഉണ്ടാക്കിയിട്ടുണ്ട്. ഇനി “പഴയ ജീവിതം” ഉണ്ടാകില്ല എന്നൊരു തോന്നലാണ്, അത് ശരിയുമാണ്. ഈ വൈറസിന്റെ വകഭേദം നമുക്ക് ചുറ്റുമൊക്കെ കാണുമെന്നും യൂറോപ്പിൽ ഉള്ളത് പോലെ എല്ലാ വർഷവും ഒരു ഫ്ലൂ ഷോട്ട് പോലെ കോവിഡ് ബൂസ്റ്ററും എടുക്കേണ്ടി വന്നേക്കാം എന്നുമാണ് വാക്സിൻ കന്പനിയായ ഫൈസറിന്റെ സി. ഇ. ഒ. പറയുന്നത്. അപ്പോൾ കോവിഡിനോടൊപ്പം ജീവിതം കൊണ്ടുപോകാനുള്ള സംവിധാനം ഉണ്ടാക്കിയെടുക്കുക മാത്രമേ സാധ്യമായതുള്ളൂ. ഡിജിറ്റൽ സംവിധാനങ്ങൾ അതിൻറെ പ്രധാന ഭാഗമാണ്.
 
ദുബായിൽ നിന്നും തിരിച്ചു വരുന്പോൾ അവിടെ സ്ഥിര താമസക്കാർ അല്ലാത്തവർക്കും ഇപ്പോൾ ഇമിഗ്രെഷൻ ഓഫീസറുടെ മുന്നിൽ പോകേണ്ട കാര്യമില്ല. പാസ്സ്‌പോർട്ട് സ്കാൻ ചെയ്യുന്നു, ഒന്നാമത്തെ ഗേറ്റ് തുറക്കുന്നു, അവിടെ ഒരു സ്ക്രീനിലേക്ക് നോക്കുന്നു, നമ്മുടെ കൃഷ്ണമണി സ്കാൻ ചെയ്യുന്നു, അടുത്ത ഗേറ്റ് തുറക്കുന്നു. മുപ്പത് സെക്കൻഡ് പോലും വേണ്ട, ചെക്കിങ്ങ് കഴിഞ്ഞു. വർഷങ്ങളായി ഈ സംവിധാനം നിലവിൽ വന്നിട്ട്.
 
സാങ്കേതിക വിദ്യകൾ മനുഷ്യന്റെ ജീവിതം എളുപ്പവും ലളിതവും ആക്കുന്ന ലോകമാണ് ദുബായിൽ കാണുന്നത്.
മുരളി തുമ്മാരുകുടി 

Leave a Comment