പൊതു വിഭാഗം

ഡോളർ തല കുനിക്കുന്പോൾ…

പല ആളുകളും പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്

ഏതാണ് ഏറ്റവും ശക്തിയുള്ള കറൻസി?

പലപ്പോഴും ആളുകൾ ഉത്തരം പറയുന്നത് കുവൈറ്റി ദിനാർ എന്നാണ്.

ഒരു കുവൈറ്റി ദിനാർ കൊടുത്താൽ ഏകദേശം മൂന്നു ഡോളർ മുപ്പത് സെന്റ് കിട്ടും.

അപ്പോൾ തീർച്ചയായും കുവൈറ്റി ദിനാർ ആണല്ലോ ശക്തം?

ഡോളർ തലകുനിക്കുന്നു എന്ന് പറയുന്നത് ചുമ്മാതല്ല.

ചുമ്മാതാണ് !

ഗൾഫിലെ മിക്കവാറും കറൻസികൾ ഡോളറിന്റെ വിലയുമായി ഔദ്യോഗികമായി ശക്തമായി ബന്ധിപ്പിക്കപ്പെട്ട ഒന്നാണ്. യൂറോപ്പിൽ യൂറോ വന്നത് പോലെ ഗൾഫിൽ എല്ലാം ഒറ്റ കറൻസി ആക്കണം എന്നൊരു ചർച്ച ഒരിക്കൽ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി എല്ലാ കറൻസികളും തന്നെ ഡോളറും ആയി നേരിട്ട് പെഗ് ചെയ്യുകയും ചെയ്തു (എന്ന് വച്ചാൽ ഡോളറും ആ കറൻസിയും തമ്മിൽ കൃത്യമായ ഒരു എക്സ്ചേഞ്ച് റേഞ്ച് വച്ചു, ഡോളറിന്റെ വില കൂടിയാൽ അവിടുത്തെ കറൻസി കൂടും, വില കുറഞ്ഞാൽ അവിടുത്തെ കറൻസിയുടെ വില കുറയും). പിൽക്കാലത്ത് ഈ ഒറ്റ കറൻസി ആശയം തൽക്കാലം മുന്നോട്ടു കൊണ്ടുപോകേണ്ട എന്ന് തീരുമാനിച്ചപ്പോൾ ഡോളറുമായിട്ടുള്ള നേരിട്ടുള്ള പെഗ് മാറ്റി ഒരു കൂട്ടം കറൻസികളും ആയിട്ടായി പെഗ് ചെയ്തിരിക്കുന്നത്, അതിൽ പ്രധാനം ഡോളർ തന്നെ. അതുകൊണ്ടാണ് ഗൾഫ് രാജ്യങ്ങളിലെ കറൻസികളുടെ വില ഡോളറുമായി അധികം ചാഞ്ചാടാത്തത്. ഗൾഫിലെ പല രാജ്യങ്ങളുടെയും പ്രധാന വരുമാനം എണ്ണ ആയതും എണ്ണയുടെ വ്യാപാരം നടക്കുന്നത് ഡോളറിൽ ആയതും ഇത്തരം പെഗ് എളുപ്പമാക്കുന്നു.

ഡോളറിനെ പെഗ് ചെയ്യുന്നത് പോലെ മറ്റു കറൻസികളെ പെഗ് ചെയ്യുന്നവരും ഉണ്ട്. ബ്രൂണൈ ഡോളർ സിംഗപ്പൂർ ഡോളറുമായിട്ടാണ് പെഗ് ചെയ്തിരിക്കുന്നത്. ഒന്നിന് ഒന്ന് എന്ന രീതിയിൽ. ബ്രൂണൈയിൽ വേണമെങ്കിൽ സിംഗപ്പൂർ ഡോളർ ഉപയോഗിക്കാം. സ്വിസ്സിന് സമീപം കിടക്കുന്ന ലിച്ചെൻസ്റ്റണിൽ സ്വിസ്സ് ഫ്രാങ്ക് ആണ് മൊത്തമായി ഉപയോഗിക്കുന്നത്. അമേരിക്കക്ക് പുറമെ മറ്റു പല രാജ്യങ്ങളും യു.എസ്. ഡോളർ അവരുടെ കറൻസിയായി ഉപയോഗിക്കാറുണ്ട്. അതവരുടെ സന്പദ്‌വ്യവസ്ഥ അമേരിക്കയുമായി സമമായത് കൊണ്ടല്ല. പലപ്പോഴും സിംബാബ്‌വെയെ പോലെ അവിടുത്തെ കറൻസി മൊത്തം കൂപ്പു കുത്തി വിലയില്ലാതാകുന്പോൾ ആണ് ഇത്തരം പദ്ധതികൾ വരുന്നത്.

എന്നാലും കുവൈറ്റിലെ ദിനാർ ഒരു ഡോളറിൽ കൂടുതൽ അല്ലേ, അപ്പോൾ അതല്ലേ കൂടുതൽ ശക്തം?

അല്ല.

യു.എ.ഇ. യി ലെ കറൻസിയുടെ വില കുവൈറ്റിലെ ദിനാറിനെക്കാൾ പത്തിലൊന്നിലും കുറവാണ്. പക്ഷെ അതും ഡോളറുമായി ശക്തമായി ബന്ധിപ്പിച്ചിരിക്കയാണ്. അതുകൊണ്ടാണ് ദിർഹവും ഡോളറുമായി ചാഞ്ചാട്ടം ഇല്ലാത്തത്. യു.എ.ഇ. ദിർഹവും കുവൈറ്റി ദിനാറും തമ്മിലുള്ള എക്സ്ചേഞ്ച് നോക്കിയാൽ ഇക്കാര്യം മനസ്സിലാകും. ഇവയിൽ ഒന്ന് മറ്റേതിനേക്കാളും ശക്തം എന്ന് പറയാൻ പറ്റില്ല.

യു.എ.ഇ.ക്ക് വേണമെങ്കിൽ പുതിയൊരു കറൻസി ഇറക്കി അതിന് അഞ്ചു ഡോളർ വില ആക്കാം, എന്നിട്ട് ഇതുപോലെ തന്നെ പെഗ് ചെയ്യാം. ആളുകളുടെ ശന്പളവും ചിലവും പഴയത് പോലെ ഇരിക്കും, ഇപ്പോൾ പതിനായിരം ദിർഹം ശന്പളം ഉള്ള ആളുടെ ശന്പളം അഞ്ഞൂറ് (പുതിയ) ദിർഹം ആകും. ഒരു ചാക്ക് അരിയുടെ വില ഇരുന്നൂറ് ദിർഹത്തിൽ നിന്നും പത്തു ദിർഹം ആകും. അത്രേ ഉള്ളൂ കാര്യം.

പിന്നെന്താണ് കുവൈറ്റ് കറൻസി വില കൂട്ടി വച്ചത്?

ജി.സി.സി. യിലെ കുറച്ചു രാജ്യങ്ങളിൽ (കുവൈറ്റ്, ഒമാൻ, ബഹറിൻ) അവിടുത്തെ കറൻസി ആയിരമായി വീതിക്കുന്ന രീതിയിലും കുറച്ചു രാജ്യങ്ങൾ (സൗദി, യു.എ.ഇ.) അവിടുത്തെ കറൻസി നൂറായി വീതിക്കുന്ന രീതിയിലും ആണ് തുടങ്ങിയത്. ഒമാനിലൊക്കെ ഒരു റിയാലിന്റെ പത്തിലൊന്നിന് നാണയമല്ല കറൻസി ആയിരുന്നു (കുവൈറ്റിലും ബഹ്‌റൈനിലും ഇങ്ങനെ ആയിരുന്നോ എന്നറിയില്ല). അപ്പോൾ ആയിരം ആയി വീതിക്കുന്ന ഒരു കറൻസിയെ ഡോളറിലും താഴെ വച്ചാൽ ചെറിയ നാണയങ്ങൾക്ക് ഒരു വിലയും ഉണ്ടാകില്ല. അതുകൊണ്ടാണ് അത് ഡോളറിലും ഉയർത്തി വച്ചത്. അത്രേ ഉള്ളൂ കാര്യം.

അപ്പോൾ കുവൈറ്റിലെ കറൻസി ശക്തമല്ലേ?

അതിശക്തമാണ്.

സന്പദ്‌വ്യവസ്ഥയുടെ പ്രതിഫലനമാണ് കറൻസി. അതിന്റെ മൂല്യം ഡോളറിന്റെ മുകളിൽ നിൽക്കുന്നോ താഴെ നിൽക്കുന്നോ എന്നത് വലിയ വിഷയമല്ല. അത് മറ്റു കറൻസിയുമായി താരതമ്യപ്പെടുത്തുന്പോൾ താഴേക്ക് പോകുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം. അത് തീരുമാനിക്കുന്നത് കറൻസിയല്ല, സന്പദ്‌വ്യവസ്ഥയാണ്. അടിസ്ഥാനമായി കുവൈറ്റിന്റെ സന്പദ്‌വ്യവസ്ഥ എണ്ണയിൽ അധിഷ്ഠിതമാണ്. എണ്ണയുടെ വില ഉയർന്നു നിൽക്കുന്ന സമയങ്ങളിൽ അവിടുത്തെ സന്പദ് വ്യവസ്ഥ ശക്തമാണ്, അതുകൊണ്ട് തന്നെ അവിടുത്തെ കറൻസിയുടെ വില പിടിച്ചു നിർത്താൻ സർക്കാരിന് ഒരു ബുദ്ധിമുട്ടും ഇല്ല. എണ്ണയുടെ വില ഇങ്ങനെ നിലനിൽക്കുന്ന കാലത്തോളം ഗൾഫിലെ കറൻസികൾ ഡോളറുമായിട്ടുള്ള ബന്ധം നിലനിർത്തും, ശക്തമായി തുടരും.

ഇന്ത്യയിലെ രൂപയിലും ഏറെ വിലക്കുറവുള്ള ചില കറൻസികൾ ഉണ്ട്.

ജപ്പാനിലെ യെൻ – നൂറു കൊടുത്താൽ നൂറ്റി അറുപത് യെൻ കിട്ടും

കൊറിയയിലെ വോൺ – ഒരു രൂപ കൊടുത്താൽ പതിനഞ്ചു കൊറിയൻ വോൺ കിട്ടും.

അതൊക്കെ അവിടുത്തെ സെൻട്രൽ ബാങ്കിന്റെ തീരുമാനമാണ്. അല്ലാതെ മറ്റൊരു കറൻസിയുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്നതല്ല.

അപ്പോൾ പാഠം ഇതാണ് – കറൻസി ഡോളറിന് മുകളിലാണോ താഴെയാണോ എന്നതല്ല കറൻസിയുടെ ശക്തി. ആ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ തീരുമാനിക്കുന്നിടത്ത് നിൽക്കുന്നുണ്ടോ എന്നതാണ്.

പിന്നൊരു പാഠം കൂടിയുണ്ട്. കറൻസിയുടെ വില ഡോളറിനെ (അല്ലെങ്കിൽ മറ്റു കറൻസികളെ) അപേക്ഷിച്ച് കൂടി വരുന്നത് എപ്പോഴും നല്ല കാര്യമല്ല. സ്വിറ്റ്‌സർലൻഡ് അവിടുത്തെ കറൻസിയുടെ വില അൽപ്പം കുറച്ചു കിട്ടാൻ പെടാപ്പാട് പെടുകയാണ്.

അത് വേറൊരു കഥയാണ്, പിന്നീടൊരിക്കൽ പറയാം.

മുരളി തുമ്മാരുകുടി

May be an image of 1 person, money and text that says "ഡോളറും തലകുനിക്കും, കരുത്തായി കുവൈത്ത് ദിനാർ; പണമൊഴുക്കുന്നതിൽ മുന്നിൽ ഇന്ത്യ PREMIUM 29/12/2022 DAILYMAILER ഡോളറും തലകുനിക്കും, കരുത്തായി കുവൈത്ത് ദിനാർ; പണമൊഴുക്കുന്നതിൽ മുന്നിൽ ഇന്ത്യ ഡോളറും പൗണ്ടും വരെ തലതാഴ്ത്തി നിൽക്കും. അത്ര കരുത്താണ് കുവൈത്തിൻ്റെ കറൻസിയായ കുവൈത്ത് ദിനാറിന്. ഡോളറിനേക്കാൾ മൂന്നിരട്ടി മൂല്യം. 270 രൂപയ്ക്കു മുകളിലാണ് ഡിസംബർ 28ലെ കണക്കനുസരിച്ച് കുവൈത്ത് ദിനാറിന് വില. അടിക്കടി അതു കൂടുകയും ചെയ്യുന്നു. മൂല്യത്തിൽ"

Leave a Comment