പൊതു വിഭാഗം

കൊറോണ: കേരളം വീണ്ടും ഒന്നാമതെത്തുന്പോൾ…

കേരളത്തിലെ കൊറോണ കേസുകൾ വീണ്ടും കൂടുകയാണ്.
2021 മെയ് പന്ത്രണ്ടാം തിയതി 43000 എത്തിയ കേസുകൾ പതിനായിരത്തിന് താഴെ എത്തിയതിന് ശേഷം വീണ്ടും ഇരുപതിനായിരത്തിന് മുകളിൽ എത്തി.
ഇന്ത്യയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പകുതിയും കേരളത്തിൽ നിന്നാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നതും കേരളത്തിൽ നിന്നാണ്.
എന്താണ് ഇത് സൂചിപ്പിക്കുന്നത്?
കേരളത്തിന്റെ കോവിഡ് തന്ത്രം പാളുകയാണോ?
സ്വാഭാവികമായ ചോദ്യമാണ്.
അതിന് ഉത്തരം പറയുന്നതിന് മുൻപ് കുറച്ചു പഴയ കാര്യങ്ങൾ ഓർക്കാം.
ഇതാദ്യമായിട്ടല്ല കേരളം കോവിഡിന്റെ കാര്യത്തിൽ ഒന്നാമതെത്തുന്നത്.
2020 ജനുവരി മുപ്പതിന് ആദ്യമായി ഇന്ത്യയിൽ കോവിഡ് കേസുകൾ കണ്ടെത്തിയത് കേരളത്തിൽ ആയിരുന്നു.
2020 മാർച്ചിൽ ഇന്ത്യയിൽ പലഭാഗങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു കൂടിവന്നപ്പോൾ വീണ്ടും കേരളം ഒന്നാമതെത്തി. അയൽ സംസ്ഥാനം കേരളവുമായിട്ടുള്ള അതിർത്തി അടച്ചിടാൻ ശ്രമിക്കുന്നത് വരെ ആയി കാര്യങ്ങൾ
ഒക്ടോബർ 2020 ൽ വീണ്ടും കേരളം ഒന്നാമതെത്തി
ജനുവരി 2021 ൽ വീണ്ടും കേരളം ഒന്നാമതെത്തി
ഇപ്പോൾ ഇതാ ജൂലൈ 2021 ൽ വീണ്ടും
നമ്മുടെ തന്ത്രം വീണ്ടും വീണ്ടും പിഴച്ചതാണോ?
അല്ല.
അതിൻറെ കാരണം അറിയണമെങ്കിൽ എന്താണ് കൊറോണയെ നേരിടാനുള്ള തന്ത്രം എന്നറിയണം.
കൊറോണക്ക് വാക്സിൻ കണ്ടുപിടിക്കുന്നത് വരെ കൊറോണയെ നേരിടാനുള്ള തന്ത്രം കൊറോണ പകരുന്നത് പരമാവധി കുറക്കുകയും ഓരോ പ്രദേശത്തും ലഭ്യമായ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കുമുകളിൽ രോഗികളുടെ എണ്ണം എത്തുന്നത് തടയുകയും ചെയ്യുക എന്നതായിരുന്നു.
എവിടെയൊക്കെ പരിചരണം വേണ്ടി വരുന്ന രോഗികളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ മുകളിൽ പോയിട്ടുണ്ടോ അവിടെയെല്ലാം കോവിഡ് മരണ നിരക്ക് ഏറെ ഉയർന്നിട്ടുണ്ട്. ഐ. സി. യു. കിട്ടാതെ, ഓക്സിജൻ കിട്ടാതെ എന്തിന് ആശുപത്രിയിൽ ഒരു ബെഡ് പോലും കിട്ടാൻ ആളുകൾ ബുദ്ധിമുട്ടുന്നത് നാം കണ്ടു.
നാലു പ്രാവശ്യം ഒന്നാമതായിട്ടും ഒരിക്കലും ഓക്സിജൻ ഇല്ലാതെ ആളുകൾ മരിക്കുന്ന, അല്ലെങ്കിൽ ഐ. സി. യു. കിട്ടാത്ത അവസ്ഥ കേരളത്തിൽ ഉണ്ടായിട്ടില്ല.
ഇത് ഒന്നാം തരംഗത്തിൽ കോവിഡ് കൈകാര്യം ചെയ്ത തന്ത്രത്തിന്റെ വിജയം തന്നെയാണ്.
കോവിഡിനെ നമ്മൾ കൈകാര്യം ചെയ്തത് എത്രമാത്രം ശരിയായിരുന്നു എന്നറിയാൻ കണക്കുകൾ വേറെയും ഉണ്ട്.
കോവിഡിന്റെ തരംഗങ്ങൾ ഒന്നും രണ്ടും വന്നിട്ടും ഇപ്പോഴും മരണ നിരക്ക് കേരളത്തിൽ ഒരു ശതമാനത്തിലും കുറവാണ്.
കോവിഡ് മൂലം സംഭവിച്ച എല്ലാ മരണങ്ങളും കണക്കിൽ പെടുത്തിയിട്ടില്ല എന്ന ആരോപണം നിലനിൽക്കുന്പോൾ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു മരണക്കണക്ക് ഉണ്ട്.
കോവിഡ് കാലത്തുണ്ടാകുന്ന മരണങ്ങൾ കോവിഡ് മൂലമാണോ അല്ലയോ എന്ന് വേർതിരിക്കുന്നതിൽ ശാസ്ത്രീയവും പ്രയോഗികവുമായ പല പ്രശ്നങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ ഈ കോവിഡ് കാലത്ത് മൊത്തം എത്ര മരണം ഉണ്ടായി (കോവിഡ് മൂലവും അല്ലാതേയും). അത് മുൻ വർഷങ്ങളെ അപേക്ഷിച്ച് എത്ര കൂടുതൽ (അല്ലെങ്കിൽ കുറവ്) ആയിരുന്നു എന്നതാണ് രാജ്യങ്ങൾ കോവിഡ് പ്രതിരോധം എത്രമാത്രം ഫലപ്രദമായിരുന്നു എന്നതിനെ അളക്കാൻ ഉപയോഗിക്കുന്ന ഒരു ഉപാധി.
2020 ൽ 2019 നെ അപേക്ഷിച്ച് കേരളത്തിൽ മൊത്തം മരണങ്ങളുടെ എണ്ണം 23000 കുറവായിരുന്നു !.
കഴിഞ്ഞ വർഷം മാർച്ച് മുതൽ ഈ വർഷം മെയ് വരെയുള്ള മൊത്തം മരണ സംഖ്യ അതിനു മുൻപുള്ള വർഷവുമായി താരതമ്യപ്പെടുത്തിയ കണക്കുകൾ വന്നിട്ടുണ്ട്.
ഇവിടെയും കേരളത്തിൽ മൊത്തം മരണം അതിനു മുൻപുള്ള കാലത്തേ പോലെ തന്നെ നിൽക്കുന്നു. അതായത് കോവിഡ് മൂലം അധിക മരണങ്ങൾ ഉണ്ടായപ്പോഴും മറ്റു കാരണങ്ങൾ കൊണ്ടുള്ള മരണസംഖ്യ കുറഞ്ഞതിനാൽ മൊത്തം മരണ നിരക്ക് കൂടിയിട്ടില്ല. ഇതല്ല മറ്റു പ്രദേശങ്ങളിലെ സ്ഥിതി.
ഇതും വരും കാലത്ത് ചർച്ച ചെയ്യപ്പെടും.
കോവിഡ് വാക്സിൻ കണ്ടു പിടിച്ചതിന് ശേഷം ലോകത്തെവിടെയും കോവിഡ് സ്ട്രാറ്റജിയിൽ ഒരു മാറ്റം കൂടി വരുത്തിയിട്ടുണ്ട്.
പുതിയതായി ഉണ്ടാകുന്ന പരിചരണം ആവശ്യമായ കേസുകളുടെ എണ്ണം കുറച്ചു നിർത്തി ആരോഗ്യ സംവിധാനങ്ങളുടെ പരിധിയിൽ നിർത്തുന്നതിനോടൊപ്പം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുക എന്നതാണ് അത്.
അതിൽ തന്നെ ആരോഗ്യ പ്രവർത്തകരെ, മുന്നണി പോരാളികളെ, പ്രായമായവരെ, മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ ഒക്കെ ഏറ്റവും വേഗത്തിൽ വാക്സിനേറ്റ് ചെയ്യുക എന്നതാണ്.
ഇതാണ് നമ്മൾ പിന്തുടരുന്നതും, വിജയകരമായി പ്രവർത്തികമാക്കുന്നതും.
ഇനി ബാക്കിയുള്ളത് ഏറ്റവും വേഗത്തിൽ ജനസംഖ്യയിൽ പരമാവധി ആളുകൾക്ക് വാക്സിൻ ലഭ്യമാക്കുക എന്നതാണ്. ഇതാണ് സർക്കാർ ചെയ്യാൻ ശ്രമിക്കുന്നത്. വാക്സിനുകൾ ലഭ്യമാകുന്ന മുറക്ക് നമ്മുടെ ആരോഗ്യ പ്രവർത്തകർ ഏറ്റവും വേഗത്തിൽ അത് ജനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്.
ഇവിടെയും തന്ത്രത്തിൽ മാറ്റത്തിന്റെ ആവശ്യമൊന്നുമില്ല. ഓരോ തവണയും കേസുകൾ കൂടുകയും മറ്റിടങ്ങളിൽ കുറയുകയും ചെയ്യുന്പോഴും കേരളം ഒന്നാമതായി എന്നുള്ള വാർത്തകളും തന്ത്രം പാളി എന്ന മുറവിളികളും ഉയരുന്പോഴും നമ്മുടെ കോവിഡ് പ്രതിരോധപ്രവർത്തനം ശാസ്ത്രത്തിലൂന്നി മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ചെയ്യേണ്ടത്. സംശയത്തിന്റെ കാര്യം ഒന്നുമില്ല.
പിന്നെ എന്തുകൊണ്ടാണ് കേരളത്തിൽ കേസുകളുടെ എണ്ണം കുറയാത്തത്?
കൊറോണ കേസുകൾ അമിതമായി വർധിക്കാതെ സൂക്ഷിച്ച നമ്മുടെ പ്രതിരോധത്തിന്റെ വിജയമാണ് അതിന് കാരണം.
ഐ. സി. എം. ആറിന്റെ ഏറ്റവും പുതിയ സിറോ സർവ്വേ അനുസരിച്ചും ഇന്ത്യയിൽ കൊറോണയുടെ ആന്റിബോഡി കേരളത്തിൽ പകുതി ആളുകളിലും ഇല്ല. അതായത് 2020 ജനുവരി മുപ്പതിന് കേരളത്തിൽ എത്തിയ കൊറോണ വൈറസ് ഇപ്പോഴും നമ്മുടെ ജനസംഖ്യയുടെ പകുതിയിലും എത്താതെ നോക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇതൊരു നിസ്സാര കാര്യമല്ല.
പക്ഷെ ഇത്തരത്തിൽ ഒന്നര കോടി ആളുകളോളം രോഗം ബാധിക്കാത്തവർ ആയി ബാക്കി നിൽക്കുകയും വാക്‌സിനേഷൻ എല്ലാവരിലും എത്താതിരിക്കുകയും ചെയ്യുന്പോൾ സ്വാഭാവികമായും രോഗികളുടെ എണ്ണം കൂടും. മൂന്നാമത്തെ തരംഗം ഉണ്ടാകും. കേരളത്തെ പോലെ തന്നെ കേസുകൾ അടിച്ചൊതുക്കുന്നതിൽ ഏറെ വിജയം വരിച്ച ദക്ഷിണ കൊറിയയിൽ അഞ്ചാമത്തെ തരംഗവും എത്തി എന്ന് ഓർക്കുക.
അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് കേസുകൾ കൂടുന്നോ, അടുത്ത തരംഗം ഉണ്ടാകുന്നോ എന്നതല്ല. ആശുപത്രി സംവിധാനങ്ങളുടെ പരിധിക്ക് താഴെ കേസുകൾ നിറുത്തുക, പരമാവധി വേഗത്തിൽ വാക്സിനേഷൻ ആളുകളിൽ എത്തിക്കുക, ജനസംഖ്യയുടെ ഭൂരിഭാഗത്തിനും പ്രതിരോധ ശേഷി ഉണ്ടാക്കുക എന്നതാണ്.
വാക്‌സിനേഷൻ ഏറെ എത്തിയിട്ടുള്ള സ്ഥലങ്ങളിലും (ഉദാഹരണം യു. കെ.) കേസുകൾ വർദ്ധിക്കുന്നുണ്ട്, പക്ഷെ മരണ നിരക്ക് വളരെ കുറഞ്ഞു. ജനജീവിതം ഏറെക്കുറെ പഴയത് പോലെ ആക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു, നിയന്ത്രണങ്ങൾ മിക്കതും നീക്കി. വിദ്യാഭ്യാസം സ്‌കൂളുകളിലേക്ക് എത്തി. ആളുകൾ യാത്രകൾ ആരംഭിച്ചു.
ഇതായിരിക്കണം ഇനി നമ്മുടെ ലക്‌ഷ്യം.
കൊറോണ കേരളത്തിന്റെ ജീവിതത്തെ ബാധിച്ചിട്ട് പതിനെട്ട് മാസത്തോളം ആയി. വിദ്യാർത്ഥികളുടെ പഠനവും പരീക്ഷയും ഒരുവിധം നടത്തുന്നുണ്ടെങ്കിലും വിദ്യ അഭ്യസിക്കുന്നതിനപ്പുറത്ത് വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടതൊന്നും അവർക്ക് ലഭിക്കുന്നില്ല. പുതിയതായി സ്‌കൂളിൽ എത്തുന്നവർ എന്താണ് വിദ്യാലയം എന്ന് അറിയുന്നുപോലുമില്ല. ഒരു തലമുറയുടെ മുഴുവൻ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുന്നുണ്ട്, പതിറ്റാണ്ടുകളോളം ഇതിന്റെ പ്രത്യാഘാതം നമുക്ക് ചുറ്റുമുണ്ടാകും.
ഇത് നമുക്ക് മാറ്റിയെടുക്കണം. ആഴ്ചയിൽ ഒരിക്കലെങ്കിലും വിദ്യാർഥികളും അദ്ധ്യാപകരും സ്‌കൂളിൽ വരുന്ന ഒരു സംവിധാനം നമുക്ക് ഉണ്ടാക്കിയെടുക്കണം. ഏറ്റവും വേഗത്തിൽ സാധ്യമായത്ര സുരക്ഷിതമായി നമ്മുടെ വിദ്യാർത്ഥികളെ തിരിച്ചു വിദ്യാലയങ്ങളിൽ എത്തിക്കണം.
സാന്പത്തികമായ വെല്ലുവിളി ചുറ്റിലും ഉണ്ട്. തിരുച്ചു വരുന്ന പ്രവാസികൾ ലക്ഷക്കണക്കിന്, തിരിച്ചു പോകാൻ പറ്റാത്തവരും അതുപോലെ തന്നെ, ടൂറിസം രംഗം മരവിച്ചു കിടക്കുന്നു, അതിനെ ആശ്രയിച്ചു ജീവിക്കുന്നവർ, ഓട്ടോ ഡ്രൈവർ മുതൽ റിസോർട്ട് ഉടമസ്ഥർ വരെ, അവരുടെ പിടിച്ചു നിൽക്കാനുള്ള കഴിവിന്റെ അവസാനത്തിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും വ്യാപാരികൾ പൊട്ടിക്കരയുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. കോട്ടയത്തെ ടൂറിസ്റ്റ് ബസ് ഉടമയെപ്പോലെ ചിലരെങ്കിലും ആത്മഹത്യ വരെ ചെയ്യുന്നു.
കൊറോണമൂലം അനേകം ആളുകൾ മരിക്കുന്നത് ഒഴിവാക്കുന്നതോടൊപ്പം നമ്മുടെ സാന്പത്തിക രംഗം മരിച്ചു പോകാതെ നോക്കേണ്ടതും ആവശ്യമുണ്ട്. ഇതിനെ ഒരു പോലീസ് പ്രശ്നമായി മാത്രം കാണരുത്. ഓരോ മാസവും കൃത്യമായി ശന്പളം മേടിക്കുന്നവർ മാത്രം ഈ വിഷയത്തിൽ തീരുമാനം എടുത്താൽ സ്ഥിരവരുമാനം ഇല്ലാത്തവരുടെ പ്രശ്നങ്ങളോ വികാരങ്ങളോ ശരിയായ തരത്തിൽ മനസ്സിലാക്കപ്പെടില്ല. സമൂഹത്തിലെ എക്കണോമിക് എൻജിൻ പതുക്കെയെങ്കിലും ചലിപ്പിക്കാനും സമൂഹത്തിലെ എല്ലാ തുറയിൽ ഉള്ളവർക്കും അവരുടെ ജീവിത വൃത്തി മിനിമം ലെവലിൽ എങ്കിലും കൊണ്ടുപോകാൻ തരത്തിൽ എങ്ങനെയാണ് നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതെന്നും സമൂഹത്തിലെ വിവിധ തലങ്ങളിൽ ഉള്ളവരെ വിശ്വാസത്തിലെടുത്ത് തീരുമാനിക്കേണ്ട സമയം ആയി.
കൊറോണക്കപ്പുറത്ത് ഒരു കാലം ഉണ്ട്. ലോകത്ത് കൊറോണയെ മറികടന്ന നാടുകളിൽ സാന്പത്തികമായി പൊതുവെ വലിയ മുന്നേറ്റം ഉണ്ടാകുന്നുണ്ട്, ധാരാളം തൊഴിൽ അവസരങ്ങൾ കൂടുന്നുമുണ്ട്. എങ്ങനെയാണ് ഇത് സാധ്യമാകുന്നത്, ഇത്തരത്തിൽ ഉള്ള അവസരങ്ങൾ നമുക്ക് ഉണ്ടാകുമോ, ഇങ്ങനെ ഉണ്ടായി വരുന്ന അവസരങ്ങൾക്ക് നമ്മൾ എങ്ങനെയാണ് തയ്യാറെടുക്കുന്നത്?. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രം ഒരു എക്സ്പെർട്ട് ഗ്രൂപ്പ് ഉണ്ടാക്കണം. മറ്റു നാടുകളിൽ നിന്നുള്ള പാഠങ്ങൾ പഠിക്കണം, നമ്മുടെ തൊഴിൽ രംഗവും സന്പദ്‌വ്യവസ്ഥയും വേണ്ടത്ര വേഗതയിൽ ഉണർന്നു വരാനുള്ള നയങ്ങൾ രൂപീകരിക്കണം.
അതിനിടക്ക് പക്ഷെ തരംഗങ്ങൾ ഇനിയും ഉണ്ടാകും, കേരളം കൊറോണ കൈകാര്യം ചെയ്യുന്നതിലും കൊറോണക്കേസുകളുടെ കാര്യത്തിലും ഇനിയും ഒന്നാമതാകും. കൊറോണയെപ്പറ്റിയുള്ള ആദ്യത്തെ ലേഖനത്തിൽ പറഞ്ഞത് പോലെ കൊറോണ ഒരു നൂറു മീറ്റർ ഓട്ടമല്ല. ഇടക്കെവിടെയെങ്കിലും നമ്മൾ ഒന്നാമതാണോ ഒന്പതാമതാണോ എന്നുള്ളതൊന്നും അത്രമാത്രം പ്രസക്തമല്ല. നമ്മൾ തീർച്ചയായും ഈ കൊറോണക്കാലത്തിന്റെ അവസാനത്തെ പാദത്തിൽ ആണ്. നമ്മുടെ എല്ലാവരുടെയും കഴിവിനെയും ക്ഷമയുടെയും പരിധികൾ ടെസ്റ്റ് ചെയ്യപ്പെടുകയാണ്. ക്ഷമയോടെ പിടിച്ചു നിൽക്കുക എന്നതാണ് വ്യക്തിപരമായി നമ്മൾ ചെയ്യേണ്ടത്. നമ്മുടെ ചുറ്റുമുള്ളവരെ സാന്പത്തികമായും മാനസികമായും വീണുപോകാതെ പിടിച്ചു നിർത്തേണ്ട സാമൂഹ്യ ഉത്തരവാദിത്തവും നമുക്കുണ്ട്.
സുരക്ഷിതരായിരിക്കുക. തുരങ്കത്തിനപ്പുറം പ്രകാശം ഉണ്ട്.
മുരളി തുമ്മാരുകുടി
May be an image of 1 person and sittingMay be an image of text that says "M മാതൃഭൂമി Mathrubhumi Thursday 29 uly 2021 Malayalam News Views Videos Latest News Kerala Movies Sports India World In-Depth Good News Money Women Crime Crime Beat Politics കോവിഡ് പ്രതിരോധശേഷി ഏറ്റവും കുറവ് കേരളത്തിൽ കൂടുതൽ മധ്യപ്രദേശിൽ (79%); സിറോ സർവേ ഫലം"May be an image of text that says "Kerala: Daily COVID19 Cases (30Jan 2020-28July 2021) 50000 45000 40000 35000 30000 25000 20000 15000 10000 5000 30-Jan 29-Feb 31-Mar 31- 30-Apr 31-May 30-Jun 31-Jul 31-Aug 30-Sep 31 31-0ct 30 31-Dec Dec 31-Jan 28-Feb 28- 31- 31-Mar Nov 30-Apr 31-May 31 lay 30-Jun"May be an image of text that says "Daily New Cases in South Korea Daily New Cases 2000 cass 1500 Cases per Day Data as 00 GMT+ 1000 500 Nover 2020 2020 2020 2020 Feb Mar Mar Apr Apr May lun Aug Sep Oct Nov Nov Daily Cases 22 moving average 2021 21, Mar Apr May May Jun Jul -day moving average"May be an image of textMay be an image of text that says "How the UK's vaccine rollout has dramatically reduced Covid-19 deaths Cases versus deaths over days 1-50 the UK's second and third Covid waves Second Wave Cases 100k population Deaths 3.3 1.5 0m population Third wave Cases per 100k population Deaths 3.4 1.3 10m population 3.3 15 0.9 25 45 30 35 7.6 10.2 Getthe Created 45 Datawranoer 12.5 154 22.2 alculations seven-day Government ONS 2.2 50 33.6 data Created 21 Datawaooer recorded from /9/20 wave"

Leave a Comment