പൊതു വിഭാഗം

കൊറോണക്കാലത്തെ പുസ്തകം…

ഒരു മാസം മുൻപ് ലോക്ക് ഡൌൺ തുടങ്ങിയപ്പോൾ കൊറോണക്കാലത്തെ വായനക്കാരുടെ രചനകൾ ഉൾപ്പെടുത്തി ഒരു പുസ്തകം ഇറക്കാം എന്ന് പറഞ്ഞിരുന്നല്ലോ. താല്പര്യമുള്ളവരോട് രചനകൾ അയക്കുവാനും പറഞ്ഞു.
 
കഴിഞ്ഞ ആഴ്ച പറഞ്ഞത് പോലെ വളരെ നല്ല പ്രതികരണമാണ് ഇതിനോട് ഉണ്ടായത്. നൂറുകണക്കിന് രചനകൾ എത്തി, പുസ്തകം പബ്ലിഷ് ചെയ്യാമെന്ന് ഡി സി ബുക്ക്‌സ് സമ്മതിക്കുകയും ചെയ്തു.
ഓരോ ആഴ്ചയും ഞാൻ ഡി സി ബുക്സുമായി ബന്ധപ്പെടുന്നുണ്ട്. രചനകളുടെ എണ്ണം കൂടിയതും പറഞ്ഞിരുന്ന അവസാന ദിവസം കഴിഞ്ഞിട്ടും ഡസൻ കണക്കിന് ആളുകൾ രചനകൾ അയച്ചതും ഡി സി ബുക്സിലെ സ്റ്റാഫ് തന്നെ വർക്ക് ഫ്രം ഹോം ആയതും ഒക്കെ കാരണം കാര്യങ്ങൾ പ്ലാൻ ചെയ്തതിലും അല്പം വേഗത കുറച്ചാണ് പോകുന്നത് (അതേ സമയം സാധാരണ ഒരു ബുക്ക് പബ്ലിഷ് ചെയ്യുന്നതിന്റെ വേഗത വച്ച് നോക്കിയാൽ വളരെ വേഗത്തിലും).
 
ലഭിച്ച എല്ലാ രചനകളുടെയും ആദ്യത്തെ പരിശോധന കഴിഞ്ഞപ്പോൾ ഉള്ള സ്ഥിതി താഴെ പറയുന്നു.\
കഥകൾ – 156
കവിത – 106
ലേഖനം/ഓർമ്മ – 164
യാത്ര – 4
കത്ത് – 5
 
ഒരാൾ ഒന്നിൽ കൂടുതൽ രചനകൾ അയച്ച സാഹചര്യം ഉണ്ട് (പതിനഞ്ചു വരെ), അവയിൽ ഏറ്റവും നല്ലത് ഒരു രചന മാത്രമേ പ്രസിദ്ധീകരിക്കൂ (പരമാവധി ആളുകൾക്ക് അവസരം നൽകുക എന്നതാണല്ലോ ഉദ്ദേശം). അൻപത് പേജിൽ കൂടുതലുള്ള രചനകൾ അയച്ചവരുണ്ട്. ഇത് ഒരു പുസ്തകത്തിന്റെ ഭാഗമാക്കാൻ പറ്റില്ലല്ലോ. അവരെ പ്രത്യേകം ബന്ധപ്പെട്ട് വേറെ എന്ത് സാദ്ധ്യതകൾ ആണ് എന്ന് ചർച്ച ചെയ്യാമെന്ന് ഡി സി സമ്മതിച്ചിട്ടുണ്ട്.
ഈ രചനകളെല്ലാം ഞാൻ വായിക്കും, അവയിൽ പ്രസിദ്ധീകരണ യോഗ്യമായവ സെലക്ട് ചെയ്യും. പരമാവധി രചനകൾ പ്രസിദ്ധീകരിക്കണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് സെലക്ഷൻ നടത്താൻ പോകുന്നത്.
 
എന്താണെങ്കിലും ഒറ്റ ബുക്കിൽ ഇത് തീരില്ല എന്നത് വ്യക്തമായതിനാൽ ഒന്നിൽ കൂടുതൽ ബുക്കുകൾ ഉണ്ടാകും. അത് ഒന്നിന് പുറകെ ഒന്നായി പബ്ലിഷ് ചെയ്യാം എന്നും ആദ്യത്തെ ബുക്ക് മെയ് മാസത്തിൽ പുറത്തിറക്കാം എന്നുമാണ് കരുതുന്നത്.
പുസ്തകം പബ്ലിഷ് ചെയ്യുന്നതിലേക്ക് എല്ലാ എഴുത്തുകാരിൽ നിന്നും അവരുടെ സമ്മതം വാങ്ങണം തുടങ്ങിയ കുറച്ചു സാങ്കേതികത്വങ്ങൾ ഉണ്ട്. ഇതിനൊക്കെയായി ഡി സി ബുക്ക്സ് നിങ്ങളെ ഔദ്യോഗികമായി ബന്ധപ്പെടും. അവരുടെ ഏതെങ്കിലും നിബന്ധനകൾ നിങ്ങൾക്ക് സ്വീകാര്യമല്ലെങ്കിൽ രചനകൾ പിൻവലിക്കാനുള്ള അവസരമുണ്ടാകും.
 
പുസ്തകത്തിന് വേണ്ടി ഇല്ലസ്ട്രേറ്റ് ചെയ്യാൻ പത്തു പേർ മുന്നോട്ട് വന്നിട്ടുണ്ട്, അവർക്ക് നന്ദി. സമയത്തിന്റെ അഭാവത്താൽ ഒന്നാമത്തെ ബുക്കിൽ ഇലസ്ട്രേഷൻ വേണ്ട എന്നും മറ്റു ബുക്കുകളിൽ ആകാം എന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. ഏത് രചനക്കാണ് ഇലസ്ട്രേഷൻ വേണ്ടത് എന്നുള്ള വിവരങ്ങളുമായി സിന്ധു Sindhu Hari നിങ്ങളെ സമീപിക്കും. വാഗ്ദാനത്തിന് നന്ദി.
പുസ്തകം റെഡി ആകുന്ന മുറക്ക് തീർച്ചയായും കൂടുതൽ വിവരങ്ങൾ നിങ്ങളെ അറിയിക്കും. ലോക്ക് ഡൌൺ മാറി നന്നായിത്തന്നെ ഒരു ബുക്ക് റിലീസ് പരിപാടി നടത്തണമെന്ന് തന്നെയാണ് പ്ലാൻ ഇട്ടിരിക്കുന്നത്. കാത്തിരുന്ന് കാണാം.
 
ഈ സംരംഭത്തിൽ പങ്കെടുത്തവർക്കും, എഴുതിയില്ലെങ്കിലും പോസ്റ്റ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിച്ചവർക്കും നന്ദി. നമ്മുടെ ചുറ്റുമുള്ള അറിയപ്പെടാത്ത എന്നാൽ കഴിവുള്ള നൂറുകണക്കിന് ആളുകളുടെ രചനകൾ കൂടുതൽ ആളുകൾ വായിക്കുന്ന ഒരു സ്ഥിതി ഉണ്ടായാൽ, അതവർക്ക് കൂടുതൽ എഴുതാൻ പ്രചോദനം ആയാൽ, ഈ കൊറോണക്കാലത്ത് ഒരൽപം പ്രത്യാശയും കുറച്ചു തമാശയും അവർക്ക് അത് നൽകിയിട്ടുണ്ടെങ്കിൽ ഈ ശ്രമം ഫലവത്തായി.
 
മുരളി തുമ്മാരുകുടി

Leave a Comment