പൊതു വിഭാഗം

കൊറോണക്കണക്കുകൾ..

കൊറോണക്കാലം കണക്കുകളുടെ കാലം കൂടിയാണ്. ആദ്യകാലങ്ങളിൽ കൊറോണയുടെ മോഡലിംഗ് ആയിരുന്നു പ്രധാനം. ശത ലക്ഷങ്ങൾക്ക് കോവിഡ് വരും, ദശ ലക്ഷങ്ങൾ ഇപ്പോൾ വരും എന്നൊക്കെ കമ്പ്യൂട്ടറും ഗ്രാഫിക്‌സും ഒക്കെ ഉപയോഗിച്ച് നമ്മളെ പേടിപ്പിച്ചു വശമാക്കി. ഇപ്പോൾ പിന്നെ ഇത്തരക്കാരെ കാണാനില്ല. ആഗസ്റ്റിൽ പീക്ക് വരും, സെപ്റ്റംബറിൽ വരും എന്നൊക്കെ പറയുന്നതല്ലാതെ എത്രയായിരിക്കും പീക്ക് എന്ന് ആരും പറയുന്നില്ല. ശാസ്ത്രത്തിന്റെയോ കമ്മ്യൂണിക്കേഷന്റെയോ അടിസ്ഥാനം മനസ്സിലാക്കാതെ കമ്പ്യൂട്ടർ മോഡലിംഗിന് പോയതിന്റെ കുഴപ്പമായിരുന്നു അത്. കമ്പ്യൂട്ടർ മോഡലിംഗ് പഠിപ്പിക്കുമ്പോൾ ആദ്യം ഞങ്ങളെ പഠിപ്പിക്കുന്നത് “ചവർ അകത്തേക്കിട്ടാൽ ചവർ ആണ് പുറത്തു വരുന്നത്” (garbage in garbage out).
 
ഇപ്പോൾ മോഡലിംഗ് ഒക്കെ കഴിഞ്ഞു, കേസുകളുടെ എണ്ണം പല ദശലക്ഷങ്ങൾ ആയി, മരണം പല ലക്ഷങ്ങൾ കടന്നു. ലക്ഷത്തിലധികം കേസുള്ള രാജ്യങ്ങൾ തന്നെ പലതായി. അപ്പോൾ പുതിയ കണക്കുകൾ ആണ് ചർച്ചയാകുന്നത്
 
കേസ് ലോഡ്
മോർട്ടാലിറ്റി റേറ്റ്
റിക്കവറി റേറ്റ്
കേസ് പെർ മില്യൺ പോപുലേഷൻ
ഡെത്ത് പേര് മില്യൺ പോപ്പുലേഷൻ
ടെസ്റ്റ് പേര് മില്യൺ പോപ്പുലേഷൻ
 
എന്നിങ്ങനെ
 
ഓരോ രാജ്യവും (സംസ്ഥാനങ്ങളും) അവരെ ഏറ്റവും നന്നായി കാണിക്കുന്ന നമ്പറുകൾ എടുത്ത് പറയുന്നു. കൂടുതൽ ആളുകൾ മരിച്ചവർ റിക്കവറി റേറ്റ് പറയുന്നു, കേസുകളുടെ എണ്ണം കൂടിയാൽ ടെസ്റ്റുകളുടെ എണ്ണം പറയുന്നു, എണ്ണം കൂടി വരുന്നവർ വളർച്ച നിരക്കിലെ കുറവിനെ പറ്റി പറയുന്നു. കണക്കുകൾ ഏറെ ഉള്ളതിനാൽ ഏതെങ്കിലും ഒക്കെ കാര്യത്തിൽ എല്ലാവർക്കും എടുത്തുകാണിക്കാൻ എന്തെങ്കിലും ഒക്കെ കാണും.
 
പക്ഷെ ഈ കൊറോണക്കാലത്ത് കണക്കുകളുടെ കളികൊണ്ടൊന്നും ഇനി ഒരു കാര്യവുമില്ല. വ്യക്തിപരമായി എടുത്താൽ രണ്ടു കണക്കുകൾ മാത്രമാണ് പ്രസക്തമായിട്ടുള്ളത്.
 
1. നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ ആക്റ്റീവ് ആയിട്ടുള്ള കേസുകളുടെ എണ്ണം
2. നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ ആരോഗ്യ സംവിധാനങ്ങളുടെ എണ്ണം (കൊറോണ ചികിത്സക്കുള്ള ഹോസ്പിറ്റൽ കിടക്കകൾ, വെന്റിലേറ്റർ, ഐ സി യു)
 
നിങ്ങൾ താമസിക്കുന്ന പ്രദേശം എന്ന് പറയുമ്പോൾ നിങ്ങളുടെ നഗരമോ അടുത്ത നഗരമോ ഉൾപ്പെട്ട പൊതുവിൽ നിങ്ങൾക്ക് ഒരു രോഗം വന്നാൽ ചികിൽസിക്കാൻ സാധ്യതയുള്ള പ്രദേശം എന്ന് എടുത്താൽ മതി.
 
നിങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് കേസുകളുടെ എണ്ണം ആവശ്യമായ ആശുപത്രി സംവിധാനങ്ങളുടെ എണ്ണത്തിന്റെ മുകളിൽ പോയാൽ പിന്നെ കാര്യങ്ങൾ ഡോക്ടർമാരുടെ കയ്യിൽ നിന്നും പോകും, മരണ നിരക്ക് കുത്തനെ കൂടും. ഒരു നഗരത്തിൽ രോഗികളുടെ എണ്ണം കൂടുമ്പോൾ ആ മൊത്തം സംസ്ഥാനത്തോ രാജ്യത്തോ സ്പെയർ കിടക്കകൾ ഉണ്ടെന്നത് ഒട്ടും ആശ്വാസം ഉള്ള കാര്യമല്ല. ഡൽഹിയിൽ രോഗികളുടെ എണ്ണം കൂടുമ്പോൾ മണിപ്പൂരിൽ സ്പെയർ ബെഡ് ഉണ്ടായിട്ട് എന്ത് കാര്യം. ലൊമ്പാർഡി മുതൽ ന്യൂ യോർക്ക് വരെയുള്ള അനുഭവങ്ങളിൽ നിന്നും നാം അതാണ് പഠിക്കേണ്ടത്.
 
നാം താമസിക്കുന്ന പ്രദേശത്ത് കേസുകളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ എണ്ണത്തിന് മുകളിൽ പോയാൽ പിന്നെ ഒരു തരം കണക്കുകളും നമ്മെ സഹായിക്കില്ല. ദശലക്ഷത്തിൽ പത്തു മരണമേ രാജ്യത്തുള്ളൂ, ടെസ്റ്റുകളുടെ എണ്ണം കൂടുതലാണ് എന്നതൊന്നും നമുക്ക് ഒരു ഗുണവും ഉള്ള കാര്യമല്ല.
 
ഈ പറഞ്ഞ പ്രധാനമായ കാര്യങ്ങളിൽ മൊത്തം ആരോഗ്യ സംവിധാനങ്ങളുടെ എണ്ണം വ്യക്തിപരമായി നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ല. ഉടൻ പോയി ഒരു വെന്റിലേറ്റർ മേടിച്ചു വക്കുക തൽക്കാലം സാധ്യവുമല്ല ( പണമുളളവർ വീടുകളിൽ തന്നെ ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഉണ്ടാക്കുന്ന കാലം വലിയ താമസമില്ലാതെ വരും). ലോക്ക് ഡൌൺ ചെയ്ത സാഹചര്യത്തിൽ അനവധി പ്രദേശങ്ങൾ ചെയ്തത് അവിടുത്തെ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതായിരുന്നു. പക്ഷെ ഇതങ്ങനെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യമല്ല. എഴുപത് വർഷം ഇക്കാര്യത്തിൽ വലിയ താല്പര്യം എടുക്കാതെ എഴുപത് ദിവസം കൊണ്ട് ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുക സാധ്യമല്ല.
 
പിന്നെ ഉള്ളത് കേസ് ലോഡ് കുറക്കുക എന്നതാണ്. ഇവിടെയാണ് നമുക്ക് എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റുന്നത്. ടെസ്റ്റിംഗ്, ട്രേസിങ് ക്വാറന്റൈൻ റിവേഴ്‌സ് ക്വാറന്റൈൻ, ഹാൻഡ് വാഷ്, മാസ്ക് സാമൂഹിക അകലം ഇതൊക്കെ എല്ലാവരും എല്ലായിപ്പോഴും പാലിച്ചു കൊണ്ടിരുന്നാൽ കേസ് ലോഡ് ഒരു പരിധിവരെ ഒക്കെ പിടിച്ചു നിർത്താം. ഇതാണ് തൽക്കാലം കേരളം ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിൽ ടെസ്റ്റിംഗും ട്രേസിങ്ങും ഒക്കെ സർക്കാർ ആണ് ചെയ്യുന്നത്, ക്വാറന്റൈൻ തൊട്ട് ഹാൻഡ് വാഷ് വരെ ജനങ്ങളും. രണ്ടു പേരും അവരുടെ റോൾ ഭംഗിയായി നിർവഹിച്ചാൽ നമ്മുടെ കാര്യം ഇതുപോലെ ഒക്കെ കൊണ്ടുപോകാം. ഇല്ലെങ്കിൽ നമ്മുടെ കേസ് ലോഡ് കൂടും, ആരോഗ്യ സംവിധാനത്തിന്റെ പരിധിക്ക് പുറത്തു പോകും, മരണ നിരക്കൊക്കെ പതിന്മടങ്ങാകും.
 
നിങ്ങൾ ലോകത്ത് എവിടെയാണെങ്കിലും ചെയ്യാവുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ കോവിഡ് കൈകാര്യം ചെയ്യാനുള്ള ആരോഗ്യ സംവിധാനങ്ങളുടെ എണ്ണം മനസിലാക്കുക. കോവിഡിന്റെ വളർച്ച നിരക്ക് ശ്രദ്ധിക്കുക. ഇത് രണ്ടും ഉണ്ടെങ്കിൽ എത്ര വേഗത്തിൽ കേസ് ലോഡ് ആശുപത്രി സംവിധാനത്തിന്റെ എണ്ണത്തിന് മുകളിൽ പോകും എന്നും നമുക്ക് മനസിലാക്കാം. ഈ ഗ്യാപ്പ് എത്ര കുറയുന്നോ അത്രയും ജാഗരുഗർ ആയിരിക്കണം നമ്മൾ.
 
പിന്നെ ആളുകൾ ചെയ്യുന്ന ഒരു കാര്യമുണ്ട്. ആരോഗ്യ സംവിധാങ്ങൾ കൂടുതൽ ഉള്ളതും കേസ് ലോഡ് കുറഞ്ഞതും ആയ പ്രദേശത്തേക്ക് പോകാൻ ശ്രമിക്കുക. കേരളത്തിലേക്ക് ആളുകൾ തിരിച്ചെത്താൻ ശ്രമിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്. ഏതൊക്കെ പ്രദേശങ്ങളിൽ ആണോ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കപ്പുറം കാര്യങ്ങൾ പോകുന്നു എന്ന് ആളുകൾ സംശയിക്കുന്നത് അവിടെ നിന്നാണ് ആളുകൾ തിരിച്ചെത്താൻ തിരക്ക് കൂട്ടുന്നത് (മറ്റു കാരണങ്ങളാൽ തിരിച്ചു വരേണ്ടവർ തീർച്ചയായും ഉണ്ട്). ഈ ഒഴുക്ക് ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നും പല വിദേശ രാജ്യങ്ങളിൽ നിന്നും ഇനിയും കൂടും. അതേ സമയം ആദ്യ കാലങ്ങളിൽ കാര്യങ്ങൾ കൈ വിട്ടു പോയെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവെ കേസ് ലോഡ് കുറഞ്ഞു കാര്യങ്ങൾ ആരോഗ്യ സംവിധാനങ്ങളുടെ കൈപ്പിടിയിൽ ആയിക്കഴിഞ്ഞു, അതിനാലാണ് അവിടെ നിന്നും ഒഴുക്ക് ഇപ്പോൾ ഉണ്ടാകാത്തത്.
 
തൽക്കാലമെങ്കിലും കേരളത്തിൽ കേസ് ലോഡ് വർദ്ധിച്ചാൽ കേരളത്തിലുള്ള മലയാളികൾക്ക് പോകാനായി മറ്റു സുരക്ഷിത സ്ഥലങ്ങൾ ഒന്നുമില്ല. അതുകൊണ്ടു തന്നെ പുറത്തു നിന്ന് വരുന്നവരും ഇവിടെ ഉള്ളവരും ഒക്കെ നിയന്ത്രണങ്ങൾ പാലിച്ച് കേസ് ലോഡ് കൂട്ടാതെ നോക്കുക എന്നതാണ് ബുദ്ധി. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ സർക്കാർ എത്ര തന്നെ പിൻവലിച്ചാലും കൊറോണയുടെ റിസ്ക് കൂടിക്കൊണ്ട് തന്നെയാണ് ഇരിക്കുന്നത്. അപ്പോൾ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്.
 
റിക്കവറി റേറ്റും മോർട്ടാലിറ്റി റേറ്റും മറ്റു കണക്കിലെ കളികളും കൊണ്ട് നമ്മൾ സുരക്ഷിതരാണെന്നുള്ള മിഥ്യാ ധാരണ ഒഴിവാക്കുക. ഇന്ത്യയിൽ കാര്യങ്ങൾ ശരിയാവുന്നതിന് മുൻപ് കൂടുതൽ കുഴപ്പത്തിലാകും എന്നാണ് എല്ലാ സൂചനകളും.
 
സുരക്ഷിതരായിരിക്കുക
 
മുരളി തുമ്മാരുകുടി

Leave a Comment