പൊതു വിഭാഗം

കാലാവസ്ഥ പ്രവചിക്കുന്പോൾ…

കാലാവസ്ഥാ പ്രവചനം ഒട്ടും എളുപ്പമുള്ള പണിയല്ല. അതിന്റെ ശാസ്ത്രത്തിന് ഏറെ പരിമിതികൾ ഉണ്ട്. ഈ പരിമിതികൾക്കകത്ത് നിന്നുകൊണ്ട് വേണം നമുക്ക് പ്രവചിക്കാനും, കാര്യങ്ങൾ തീരുമാനിക്കാനും, ശാസ്ത്രത്തെ തന്നെ മുന്നോട്ടു കൊണ്ടുപോകാനും.
കേരളത്തിൽ (തമിഴ്‌നാട്ടിലും) ഔദ്യോഗികമായ പ്രവചനത്തെക്കാളുപരി ധാരാളം ആളുകൾ ഫോളോ ചെയ്യുന്ന ഒരാളാണ് തമിഴ്‌നാട് വെതർ മാൻ എന്ന ട്വിറ്റർ ഹാൻഡിലിൽ നിഗമനങ്ങൾ നടത്തുന്ന ആൾ. അദ്ദേഹത്തിന്റേത് ഞാൻ സ്ഥിരം ഫോളോ ചെയ്യുന്ന പോസ്റ്റ് അല്ല, വല്ലപ്പോഴും അദ്ദേഹത്തിന്റെ പ്രവചനങ്ങൾ വർത്തയാകുന്പോൾ ആണ് ശ്രദ്ധിക്കുന്നത്.
 
ഇത്തരത്തിൽ കഴിഞ്ഞ ഏപ്രിലിൽ വാർത്തയായ ഒരു ട്വീറ്റിനെ പറ്റി ഞാൻ ആഗസ്റ്റിൽ പറഞ്ഞിരുന്നു.
“Kerala has only once in last 150 years had hat-trick of great SWM > 2300 mm. Hat-trick of massive SWM rains in Kerala in 1920s — 1922 – 2318 mm 1923 – 2666 mm 1924 – 3115 mm Can there be another 2300 mm event ? — 2018 – 2517 mm 2019 – 2310 mm 2020 – ? “
ഇതായിരുന്നു പോസ്റ്റ്. 2020 ൽ പെരുമഴ വരുമെന്ന് അദ്ദേഹം പറഞ്ഞില്ല.
 
രണ്ടു വർഷം ആഗസ്തിൽ വലിയ മഴ ഉണ്ടായതുകൊണ്ട് മൂന്നാമത്തെ വർഷവും മഴ ഉണ്ടാകുമെന്നും അത് പ്രളയമാകുമെന്നും ചിന്തിക്കുന്ന ധാരാളം ആളുകൾ കേരളത്തിലുണ്ട്. അതിന് ശാസ്ത്രീയമായ ഒരു അടിത്തറയുമില്ല. ഇനി അങ്ങനെ ഉണ്ടാകുമോ എന്ന് ചോദിക്കുന്പോൾ അങ്ങനെ ഉണ്ടാകും എന്ന് വിശ്വസിച്ചിരിക്കുന്നവരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന ഒരു ചോദ്യം, അത്രയേ ഉള്ളൂ.
 
പൊതുബോധത്തോട് ചേർന്ന് നിൽക്കുന്നതിനാൽ പോപ്പുലർ ആകുന്ന ചോദ്യം.
 
അത് തന്നെ സംഭവിച്ചു.
 
“കൊറോണക്കിടയിൽ 2020 ല്‍ കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയമോ, നിഗമനങ്ങള്‍ ചര്‍ച്ചയാവുന്നു” (മാതൃഭൂമി ഏപ്രിൽ 17)
“Tamil Nadu Weatherman forecasts chances for hat trick floods for Kerala” (Deccan Chronicle April 18).
 
ആഗസ്റ്റിൽ ഈ വർഷം പ്രളയം ഒന്നുമുണ്ടായില്ലെങ്കിലും പെട്ടിമുടി ദുരന്തമുണ്ടായതുകൊണ്ട് “ആഗസ്ത് ദുരന്തകാലം” ആണെന്ന ചിന്ത ബലപ്പെട്ടിട്ടുണ്ട് താനും.
 
ഇന്നിപ്പോൾ വേറൊരു വാർത്ത മാതൃഭൂമിയിൽ കണ്ടു.
“കേരളത്തിൽ 150 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സെപ്റ്റംബറാകും ഇത്- തമിഴ്‌നാട് വെതര്‍മാന്‍”
പുതിയ എന്തെങ്കിലും പ്രവചനമാണോ എന്നറിയാൻ ഞാൻ അദ്ദേഹത്തിന്റെ ട്വിറ്റർ ഹാന്ഡിലിൽ പോയി നോക്കി.
ഇതാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
 
“4hTamilNadu Weatherman@praddy06·Meanwhile Kerala is moving towards wettest ever September in 150 years. If rains continue daily like this. Kerala as a state is all set to cross 2000 mm for the monsoon in a day or two. With 15 more days to go, there is chance for our rare event of hatrick of 2300 mm in Kerala.
ഇതിന്റെ മാതൃഭൂമി പരിഭാഷ ഇതാണ്.
ചെന്നൈ: കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം വർഷവും 2300 മില്ലീമീറ്റര്‍ മഴയെന്ന സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ തമിഴ്‌നാട് വെതര്‍മാന്‍ എന്ന പ്രദീപ് ജോണ്‍. എന്നാൽ 150 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സെപ്റ്റംബര്‍ മാസത്തിലേക്കാണ് കേരളം നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 
ഈ നിലയില്‍ മഴ തുടര്‍ന്നാൽ ഒന്നോ രണ്ടോ ദിവസത്തിനകം കേരളത്തില്‍ 2000 മില്ലീമീറ്ററിലധികം മഴ ലഭിക്കും. 15 ദിവസംകൂടി ബാക്കിയുണ്ടെങ്കിലും 2300 മില്ലീമീറ്റര്‍ മഴയെന്ന ഹാട്രിക്ക് നേടാനുള്ള സാധ്യത കുറവാണെന്നും വെതര്‍മാന്‍ പ്രവചിക്കുന്നു.
ഈ “പ്രവചനത്തിലും” അതിനെ കുറിച്ചുള്ള വാർത്തയിലും പിഴവുകളുണ്ട്.
 
ഉദാഹരണത്തിന്,
 
“With 15 more days to go, there is chance for our rare event of hatrick of 2300 mm in Kerala.”
എന്ന് വെതർ മാൻ പറയുന്നു.
 
“15 ദിവസംകൂടി ബാക്കിയുണ്ടെങ്കിലും 2300 മില്ലീമീറ്റര്‍ മഴയെന്ന ഹാട്രിക്ക് നേടാനുള്ള സാധ്യത കുറവാണെന്നും വെതര്‍മാന്‍ പ്രവചിക്കുന്നു. “
എന്ന് മാതൃഭൂമി.
 
കൃത്യമായ പരിഭാഷ
“പതിനഞ്ചു ദിവസം കൂടി ഉള്ളതിനാൽ രണ്ടായിരത്തി മുന്നൂറ് മില്ലിമീറ്റർ മഴ മൂന്നാം വർഷവും വരിക എന്ന അപൂർവ്വ സംഭവത്തിന് സാധ്യതയുണ്ട്”
എന്നാണ്.
 
പക്ഷെ പ്രശ്നം പരിഭാഷയിൽ മാത്രമല്ല.
 
എവിടെനിന്നാണ് ഈ പതിനഞ്ചു ദിവസം കൂടി ബാക്കിയുണ്ട് എന്ന പ്രയോഗം വരുന്നത് ?. സെപ്റ്റംബറിൽ ? (പതിനേഴ് ദിവസം ബാക്കിയുണ്ട്), ഈ വർഷം (അതിന് നൂറു ദിവസത്തിൽ കൂടുതൽ ബാക്കിയുണ്ട്), മഴ ദിവസങ്ങൾ?
 
അത് മാത്രമല്ല. “പ്രവചനത്തിന്റെ” ആദ്യഭാഗം നോക്കൂ.
” Meanwhile Kerala is moving towards wettest ever September in 150 years. If rains continue daily like this. Kerala as a state is all set to cross 2000 mm for the monsoon in a day or two.”
ഇതിന്റെ ഏകദേശ പരിഭാഷ
“അതെ സമയം കേവലം നൂറ്റന്പതു വർഷത്തിൽ ഏറ്റവും മഴയുണ്ടായ സെപ്റ്റംബറിലേക്ക് നീങ്ങുകയാണ്. മഴ ദിവസേന ഇതുപോലെ തുടർന്നാൽ ഒരു സംസ്ഥാനം എന്ന നിലയിൽ മൺസൂൺ കാലത്തെ മഴ ഒന്നോ രണ്ടോ ദിവസത്തിനകം രണ്ടായിരം മില്ലിമീറ്റർ കവിയും.”
ഇതിൽ “മഴ ഇതുപോലെ തുടർന്നാൽ” എന്നൊരു വാചകം വെറുതേ നിൽക്കുകയാണ്, അത് ഇല്ലെങ്കിൽ ഒന്നാമത്തേയും മൂന്നാമത്തെയും വാചകങ്ങൾ പ്രവചനം ആണ്. പക്ഷെ അത് ചേർത്തുവച്ചാൽ രണ്ടിലും പ്രവചനം ഇല്ല, മൂന്നാം ക്‌ളാസ്സിലെ കണക്കേ ഉള്ളൂ.
ഉദാഹരണത്തിന് “മഴ ഇതുപോലെ തുടർന്നാൽ നൂറ്റന്പത് വർഷത്തെ ഏറ്റവും മഴയുള്ള സെപ്റ്റംബർ ആകും ഇത്”.
ഇവിടെ മഴ ഇതുപോലെ തുടരും എന്നൊരു പ്രവചനമില്ല.
തുടർന്നില്ലെങ്കിൽ നൂറ്റന്പത് വർഷത്തെ ഏറ്റവും മഴയുള്ള സെപ്റ്റംബർ ആവുകയുമില്ല.
 
അതുപോലെ തന്നെ,
“മഴ ഇതുപോലെ തുടർന്നാൽ ഒരു സംസ്ഥാനം എന്ന നിലയിൽ മൺസൂൺ കാലത്തെ മഴ ഒന്നോ രണ്ടോ ദിവസത്തിനകം രണ്ടായിരം മില്ലിമീറ്റർ കവിയും”
മഴ തുടർന്നില്ലെങ്കിൽ ഒന്നുമില്ല. മഴ തുടരുമെന്ന് പ്രവചനവും ഇല്ല.
പക്ഷെ ആ വാചകം മുന്നോട്ടാണോ പിന്നോട്ടാണോ വായിക്കേണ്ടത് എന്നത് ട്വീറ്റിൽ വ്യക്തമല്ല.
 
ഇതൊക്കെ ട്വിറ്ററിലെ ഭാഷയുടെ പരിമിതികൾ ആകാം, അദ്ദേഹം മനഃപൂർവം ചെയ്യുന്നത് ആകണമെന്നില്ല.
 
ഏപ്രിലിൽ ആണെങ്കിലും ഇപ്പോൾ ആണെങ്കിലും അദ്ദേഹം കാലാവസ്ഥ പ്രവചനം ഒന്നും നടത്തിയതായി അദ്ദേഹത്തിന്റെ വാചകങ്ങളിൽ ഇല്ല. ചില കണക്കുകൾ പറയുന്നു, ചിലത് സ്റ്റാറ്റിസ്റ്റിക്സ് ആണ്, ചിലത് അരിത്തമാറ്റിക്‌സും. അതെടുത്ത് വർത്തയാക്കുന്നവർ അതെല്ലാം പ്രവചനങ്ങളാക്കുന്നു.
 
ഇനിയെങ്കിലും ഇത്തരം വാർത്തകൾ കൊടുക്കുന്നതിന് മുൻപ് അദ്ദേഹത്തെ വിളിച്ച് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായി ചോദിക്കണം, അതാകണം വർത്തയാകേണ്ടത്.
 
മുരളി തുമ്മാരുകുടി

Leave a Comment