പൊതു വിഭാഗം

ഓ മൈ… അല്ലെങ്കിൽ വേണ്ട School of Hair

കോതമംഗലത്ത് എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന കാലത്ത് ശ്രീ. ഏലിയാസ് വർഗീസ് ആയിരുന്നു അവിടുത്തെ സിവിൽ എഞ്ചിനീയറിങ്ങ് വിഭാഗം മേധാവി. തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും ബിരുദവും, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ അധ്യാപകനാണ്. പോരാത്തതിന് അക്കാലത്ത് കേരളത്തിലെ തന്നെ നന്പർ വൺ സ്‌ട്രക്ച്ചറൽ എൻജിനീയറും. അക്കാലത്ത് സാറിന്റെ കഴിവുകൾ ഉപയോഗിക്കേണ്ടി വന്നിരുന്ന വലിയ കെട്ടിടങ്ങൾ കേരളത്തിൽ കുറവായിരുന്നുവെങ്കിലും, കേരളത്തിലെ വലുതും പ്രശസ്തവുമായ കെട്ടിടങ്ങളുടെ ഡിസൈൻ ചെയ്യുകയോ, ഉപദേശം നൽകുകയോ ചെയ്തിട്ടുണ്ട് അദ്ദേഹം. കാലത്തിന് മുൻപേ നടന്ന ഒരാൾ എന്ന് നിസ്സംശയം പറയാം. ബാംഗ്ലൂരിലെ പഠനം കഴിഞ്ഞ് അവിടെ വല്ല എഞ്ചിനീയറിങ്ങ് കൺസൾട്ടൻസിയിലും ജോലി ചെയ്യാൻ പോകാതിരുന്നത് ഞങ്ങളുടെ ഭാഗ്യം. അല്ലെങ്കിൽ സാർ ദുബായിലോ ലണ്ടനിലോ അംബരചുംബികൾ ഡിസൈൻ ചെയ്തു ഷൈൻ ചെയ്തേനെ. ഫീൽഡിൽ യാതൊരു പരിചയവുമില്ലാതെ അപ്പോൾ പഠിച്ചു പാസ്സായ ആരെങ്കിലും ഞങ്ങളെ എൻജിനീയറിങ് പഠിപ്പിച്ചു കുളമാക്കുകയും ചെയ്തേനെ.
 
ഇക്കാര്യം ഒരിക്കൽ സാർ ഞങ്ങളോട് സംസാരിച്ചു. എഞ്ചിനീയറിങ്ങ് കോളേജിൽ അധ്യാപകനായി ജോലി ചെയ്തതിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിന് പോകണോ എന്ന് ഒരിക്കൽ സാർ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ ആയിരുന്ന മുതിർന്ന അധ്യാപകനോട് അഭിപ്രായം ചോദിച്ചു.
 
“എടോ, ചെരക്കാൻ ഇറങ്ങുന്പോൾ നല്ല മൂർച്ചയുള്ള കത്തിയുമായി ഇറങ്ങണം, അല്ലെങ്കിൽ രണ്ടു കൂട്ടർക്കും ബുദ്ധിമുട്ടാണ്.”
ചെരക്കുക എന്നത് ക്ഷൗരം ചെയ്യുക എന്നതിന്റെ നാടൻ പേരാണ്. ഈ ഉപമയും നാടനാണ്. പക്ഷെ എനിക്കത് പെട്ടെന്ന് മനസ്സിലായി.
 
കാരണം, മുടി വെട്ടുന്നതിനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ്മ കണ്ണുനീരിന്റേതാണ്. വീട്ടിൽ മുടിവെട്ടാനായി നല്ല പ്രായമുള്ള ഒരാൾ വരും. ആളുടെ മടിശീലയിൽ മുടിവെട്ടാനുള്ള ചീപ്പും, കത്രികയും, ബ്രഷും, റേസറും അടങ്ങിയ എല്ലാ ഉപകരണങ്ങളുമുണ്ട്. അമ്മ പറഞ്ഞുകേട്ടിട്ടുള്ളത് അച്ചാച്ചന്റെ (അമ്മയുടെ അച്ഛന്റെ) കാലം തൊട്ടേ വീട്ടിൽ വരുന്ന ആളാണ് അത് എന്നാണ്. വയസ്സായി, സാന്പത്തിക പരാധീനതകൾ ഉണ്ട്, സ്വന്തമായി ബാർബർ ഷോപ്പ് തുടങ്ങാനുള്ള ശേഷിയുമില്ല. അതുകൊണ്ട് പഴയ കക്ഷികളുടെ വീടുകൾ ഇടക്ക് സന്ദർശിക്കുന്പോൾ എന്തെങ്കിലും ‘പണി കൊടുക്കണം’ എന്ന് അമ്മാവന് നിർബന്ധമാണ്. നിർഭാഗ്യവശാൽ അമ്മാവന്റെ തലയിൽ വെട്ടാൻ ഒറ്റ മുടി പോലുമില്ല, അപ്പോൾപ്പിന്നെ ചെയ്യാവുന്നത് മരുമക്കളുടെ തല വാഗ്ദാനം ചെയ്യുക എന്നതാണ്.
 
ആളെ ദൂരെ കാണുന്പോൾ തന്നെ ചേട്ടന്മാർ സ്കൂട്ട് ആകും. ഞാൻ എപ്പോഴും അമ്മാവന്റെ അടുത്തായിരിക്കുമെന്നതിനാൽ എപ്പോഴും പിടി വീഴുന്നത് എന്റെ തലക്കാണ്.
 
മുടി വെട്ടുന്ന അപ്പൂപ്പനെ നമുക്ക് വാസുച്ചേട്ടൻ എന്ന് വിളിക്കാം. ആൾക്ക് നല്ല പ്രായമുണ്ടെന്ന് പറഞ്ഞല്ലോ. പുള്ളിയുടെ പണിയായുധങ്ങൾക്കും വരും ഏതാണ്ട് അതേ പ്രായം. എന്നെ പിടിച്ച് ഒരു കസേരയിലിരുത്തും, എന്നിട്ട് മടിക്കുത്ത് തുറന്ന് പണിയായുധങ്ങൾ പുറത്തെടുക്കും. ശേഷം ചീപ്പ് തലയിൽ വെക്കുന്നു, കത്രിക ചീപ്പിനടുത്തു വെക്കുന്നു. മുടി കണ്ടിക്കലും വലിക്കലും ചേർന്ന ഒരു ആക്ഷനാണ് പിന്നെ. എന്റെ സാറേ… പിന്നൊന്നും കണ്ണിൽ കാണില്ല. കണ്ണ് നിറയും, പൊന്നീച്ച പറക്കും.
 
കുറച്ചു നാൾ കഴിഞ്ഞപ്പോൾ വാസുച്ചേട്ടനെ കാണുന്പോഴേ ഓടിയൊളിക്കുന്ന ടെക്നിക്ക് ഞാനും പഠിച്ചു. മൂർച്ഛയില്ലാത്ത ആയുധവുമായി പണിക്കിറങ്ങിയാൽ ഒരിക്കലും ക്ലയന്റിനെ കിട്ടില്ല എന്ന പാഠം അപ്പോഴേക്കും ഞാൻ പഠിച്ചിരുന്നു. (ഒരുകാലത്ത് നമ്മളെ രസിപ്പിച്ചിരുന്ന പല സിനിമാ സംവിധായകരുടേയും ഇപ്പോഴത്തെ സിനിമകൾ കാണുന്പോൾ ഞാൻ വാസുച്ചേട്ടനെ ഓർക്കും, ഏലിയാസ് സാറിനെയും).
 
വാസ്തവത്തിൽ അല്പം സീരിയസ് ആയി ചെയ്യേണ്ട ഒരു തൊഴിലാണ് ക്ഷൗരം. പണ്ടൊക്കെ പരന്പരാഗതമായി ചെയ്തിരുന്ന തൊഴിലായിരുന്നു, അതുകൊണ്ട് തന്നെ സ്വന്തം പിതാവിന്റെയോ അമ്മാവന്റെയോ ചേട്ടന്റെയോ ശിക്ഷണത്തിൽ ആ തൊഴിൽ പഠിക്കാനുള്ള സാഹചര്യം ആളുകൾക്കുണ്ടായിരുന്നു. ഇപ്പോൾ ഇതൊരു പാരന്പര്യ തൊഴിലല്ല (നല്ല കാര്യമാണ്). പക്ഷെ, രണ്ടു കുഴപ്പങ്ങൾ അതുകൊണ്ടുണ്ട്.
 
1. സമൂഹത്തെ സംബന്ധിച്ചിടത്തോളം ക്ഷൗരം അത്ര ഗ്ലാമറുള്ള ജോലിയല്ല. പുതിയ തലമുറയിലെ മലയാളികൾ അധികം ഈ ജോലിയിലേക്ക് എത്തുന്നുമില്ല.
 
2. എങ്ങനെയാണ് ക്ഷൗരം ചെയ്യേണ്ടത് എന്ന് പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അധികമില്ല. സ്ത്രീകളുടെ കാര്യത്തിൽ ബ്യൂട്ടീഷ്യൻ കോഴ്‌സുകളിൽ ഒരുപക്ഷെ ഇതൊക്കെ പഠിപ്പിക്കുന്നുണ്ടാകാം.
 
ക്ഷൗരം മോശമായി കാണുന്നതിന്റെയും, പഠിപ്പിക്കാൻ സ്‌കൂളുകൾ ഇല്ലാത്തതിന്റെയും പ്രത്യാഘാതം വലുതാണ്. ആലുവയിൽ ട്രെയിൻ ഇറങ്ങുന്ന ഒരു മറുനാടൻ തൊഴിലന്വേഷകനെ ആദ്യം കാണുന്ന ഏജന്റ്റ് അന്വേഷിക്കുന്നത് ബാർബർ ഷോപ്പിലേക്ക് ഒരു തൊഴിലാളിയെ ആണെങ്കിൽ അയാൾ അതോടെ ബാർബർ ആകുന്നു. ഇനി അയാൾ അന്വേഷിക്കുന്നത് ഹോട്ടലിലേക്ക് വേണ്ട ആളിനെയാണെങ്കിൽ അയാൾ പാചകക്കാരൻ ആകുന്നു. ബാർബർ ഷോപ്പിലും റെസ്റ്റോറന്റിലും ഇതിന്റെ പ്രത്യാഘാതം നമ്മൾ അനുഭവിക്കുന്നുണ്ട്.
 
ഈ സ്ഥിതി മാറണം. മുടി വെട്ടുന്നതും താടി വടിക്കുന്നതും മറ്റു തൊഴിലുകൾ പോലെ തന്നെ നല്ല തൊഴിലുകളായി സമൂഹം മനസ്സിലാക്കണം, അതിന് വേണ്ടി ആളുകളെ പരിശീലിപ്പിക്കുകയും വേണം.
 
യൂറോപ്പിൽ ഞാൻ മുടി വെട്ടിക്കാൻ പോകുന്ന കടയിൽ ഒരാഴ്ച മുൻപെങ്കിലും ബുക്ക് ചെയ്താൽ മാത്രമേ കാര്യം നടക്കൂ. അവിടെ ജോലി ചെയ്യുന്നവർ മുടിവെട്ട് കോളേജിൽ വർഷങ്ങളോളം പഠിച്ചു ഡിപ്ലോമ നേടിയവരാണ്. മുടി വെട്ടാൻ മാത്രമല്ല, സലൂൺ നടത്താനുള്ള അടിസ്ഥാന പരിശീലനം, ഫാഷൻ ട്രെൻഡ്, ഉപയോഗിക്കുന്ന രാസവസ്തുക്കൾ, ഹൈജീൻ, വേസ്റ്റ് മാനേജ്‌മെന്റ്, ലീഗൽ ലയബിലിറ്റീസ്, പണി പാളിയാൽ എടുക്കേണ്ട ഇൻഷുറൻസ്, എന്നിങ്ങനെ ഒരു മുടിവെട്ട് സ്ഥാപനത്തിൽ അറിയേണ്ടതെല്ലാം അവർ അറിഞ്ഞിരിക്കും. അതുകൊണ്ടു തന്നെ മുടിവെട്ടാൻ അവിടേക്ക് കയറിച്ചെല്ലുന്ന നിമിഷം മുതൽ പുറത്തിറങ്ങുന്നത് വരെ പ്രൊഫഷണൽ ആയിട്ടാണ് കാര്യങ്ങൾ നീങ്ങുന്നത്. വൃത്തി പരമ പ്രധാനമാണ്, ഒരാളുടെ ഊഴം കഴിഞ്ഞാൽ ഇരിക്കുന്ന സീറ്റ് പോലും സാനിറ്റൈസ് ചെയ്തിട്ടേ അടുത്ത ആളെ ഇരിക്കാൻ അനുവദിക്കൂ. മുടി വെട്ടുന്ന സമയത്ത് കണ്ണിൽ നിന്നും പൊന്നീച്ച പറക്കുകയില്ല. പക്ഷെ, കേരളത്തിൽ നിന്നും ചെന്ന കാലത്ത് ബില്ല് കാണുന്പോൾ കണ്ണിൽ നിന്നും ഒരുതരം ജലം വരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.
 
ആരാണ് അവിടെ മുടിവെട്ട് പഠിക്കാൻ പോകുന്നത് ?
യൂറോപ്യൻ രാജ്യങ്ങളിലെ വിദ്യാഭ്യാസ സന്പ്രദായം നമ്മളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. സമൂഹത്തിലെ എല്ലാ തൊഴിലുകളും ആ നാട്ടുകാരെ പഠിപ്പിക്കാനുള്ള സംവിധാനങ്ങൾ അവിടെ ഉണ്ടാകും. സ്‌കൂളിൽ കുട്ടികൾ പഠിച്ചു വരുന്പോൾ അവരുടെ പഠിക്കാനുള്ള കഴിവും അഭിരുചിയും അനുസരിച്ച് കുട്ടികളെ തരം തിരിക്കും. ചിലയിടങ്ങളിൽ ഈ തീരുമാനം അധ്യാപകരാണ് എടുക്കുന്നത്. അക്കാദമിക്ക് ആയി ഉപരിപഠനത്തിന് പോകാനുള്ള കഴിവും അഭിരുചിയും ഇല്ലാത്തവരെ മുടി വെട്ടുന്നതോ പാചകം ചെയ്യുന്നതോ ആയ ട്രേഡുകൾ പഠിപ്പിക്കാൻ ഉപദേശിക്കും. അവർക്ക് വേണ്ടി പ്രത്യേകം സ്‌കൂളുകളുണ്ട്. പഠിച്ചു വരുന്നവർ മുതിർന്ന ജോലിക്കാരുടെ കൂടെ ഏറെ നാൾ അപ്രന്റീസ് ആയി ശന്പളത്തോടെ ജോലി ചെയ്യും, അതിന് ശേഷം അവർ സ്വന്തമായി ജോലി ചെയ്യാൻ പ്രാപ്തരാകും, അഭിമാനത്തോടെ അവർ ആ പണി ചെയ്യും, നല്ല വരുമാനമുണ്ടാക്കും. മറ്റുള്ളവരെ പോലെ ജീവിത നിലവാരം ഉണ്ടാകും, ലോക യാത്രകൾ ചെയ്യും, വിവാഹമോ മറ്റുള്ള ബന്ധങ്ങളോ ഉണ്ടാകും.
 
കൊറോണ കഴിഞ്ഞുള്ള കാലത്ത് കേരളം മൈഗ്രന്റ് ലേബറിലുള്ള ആശ്രയത്വം സാന്പത്തിക കാരണങ്ങളാൽ നന്നായി കുറക്കേണ്ടി വരും. വിദേശത്ത് മുടിവെട്ടും പാചകവും ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്യുന്ന അനവധി മലയാളികൾ നാട്ടിൽ തിരിച്ചെത്തും. ഈ സമയം എല്ലാ തൊഴിലും ആധുനികമായി ചെയ്യുന്ന രീതിയിലേക്ക് മാറ്റാനും, അതിന് അർഹമായ കൂലിയും അംഗീകാരവും നൽകുന്ന സാമൂഹ്യ മാറ്റത്തിനുള്ള സാഹചര്യമായി എടുക്കുകയും ചെയ്താൽ ഈ കൊറോണക്കാലം കേരളത്തിന് ഗുണകരമായി മാറും.
സ്വീഡനിലെ മാൽമോവിലെ പ്രശസ്തമായ ലീപ് സ്‌കൂൾ ഓഫ് ഹെയർ ആണ് ചിത്രത്തിൽ. നമ്മുടെ നാട്ടിലും വിദേശ സ്ഥാപനങ്ങളുമായി ബന്ധമുള്ള ആധുനികമായ ഹെയർ ഡ്രസ്സിങ്ങ് ആൻഡ് ഫാഷൻ സ്ഥാപനങ്ങൾ ഉണ്ടാകട്ടെ.
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി

Leave a Comment