പൊതു വിഭാഗം

ഒരു ഡ്രാഗൺ കുഞ്ഞിന്റെ കഥ

ഒരുകാലത്ത് എനിക്ക് ഒരു ചൈനീസ് സഹപ്രവർത്തക ഉണ്ടായിരുന്നു. ഒരു ദിവസം അവർ എന്റെ അടുത്തു വന്നിട്ട് പറഞ്ഞു, “മുരളി എനിക്കൊരു ഉപദേശം വേണം.”

കരിയർ വിഷയങ്ങൾ എന്തെങ്കിലും ആയിരിക്കും എന്നാണ് വിചാരിച്ചത്.

“മുരളിക്ക് ചൈനീസ് അസ്‌ട്രോളജി  അറിയാമോ?” വലിയ അറിവൊന്നുമില്ലെങ്കിലും ബ്രൂണെയിൽ ജീവിച്ചിരുന്നത് കൊണ്ട് കുറച്ചു അടിസ്ഥാനമായ കാര്യങ്ങൾ അറിയാം.

ഉദാഹരണത്തിന് ഓരോ വർഷത്തിനും ഒരു അടിസ്ഥാനമൃഗം ഉണ്ട്. ഇതിൽ കോഴിയും പന്നിയും കുരങ്ങനും ഉൾപ്പെടും. പന്ത്രണ്ട് വർഷങ്ങളിൽ മാറിമാറി വരുന്ന ഒരു സൈക്കിൾ ആണിത്. ഒരിക്കൽ പന്നിയുടെ വർഷം കഴിഞ്ഞാൽ പിന്നെ പന്ത്രണ്ട് വർഷം കഴിഞ്ഞേ പന്നിയുടെ വർഷം വീണ്ടും വരികയുള്ളൂ.

നമ്മുടെ വാസ്തു പോലെ ഫെങ്ങ് ഷുയി എന്നൊരു സംവിധാനം ഉണ്ട്. കാശുള്ള ചൈനക്കാർ ലക്ഷക്കണക്കിന് രൂപക്ക് അരോവാന മത്സ്യങ്ങളെ വാങ്ങി സിറ്റിംഗ് റൂമിൽ വക്കുന്നത് കണ്ടിട്ടുണ്ട്. “ങ്ങാ, കുറച്ചു കേട്ടിട്ടുണ്ട്”, ഞാൻ പറഞ്ഞു. അടുത്ത വർഷം “ഇയർ ഓഫ് ദി ഡ്രാഗൺ ആണ്.” “അത് ശരി, കൊള്ളാമല്ലോ.”

ബ്രൂണെയിൽ ആയിരുന്ന സമയത്ത് 1964 ൽ ജനിച്ചതിനാൽ ഞാൻ ഒരു ഡ്രാഗൺ കുഞ്ഞായിരുന്നുവെന്ന് എന്റെ ചൈനീസ് വംശജയായ സെക്രട്ടറി പറഞ്ഞു തന്നിട്ടുണ്ട്. പക്ഷെ ഇന്ത്യൻ ഉൾപ്പടെ ഒരു ജ്യോതിഷത്തിലും വിശ്വാസം ഇല്ലാത്തതിനാലും ബ്രൂണെയിലെപ്പോലെ ചൈനീസ് വംശജർ ചുറ്റും ഇല്ലാത്തതിനാലും ഞാൻ അത് ശ്രദ്ധിക്കാറില്ല.

“അതാണെന്റെ പ്രശ്നം.” “ങ്ങേ” പേര് ബാലകൃഷ്ണൻ. അതാണോ നിന്റെ പ്രശ്നം എന്ന മത്തായിച്ചേട്ടന്റെ ചോദ്യം ഓർത്തു. “എനിക്ക് ഒരു ഡ്രാഗൺ കുഞ്ഞുണ്ടാകണം എന്നാണ് എന്റെ ആഗ്രഹം.”

(വായനക്കാർ തെറ്റിദ്ധരിക്കേണ്ട, ഡ്രാഗൺ കുഞ്ഞെന്നു പറഞ്ഞാൽ ഡ്രാഗൺ വർഷത്തിൽ ജനിച്ചവരുടെ കുഞ്ഞല്ല, ഡ്രാഗൺ വർഷത്തിൽ ജനിക്കുന്ന കുഞ്ഞാണ്)

അതിലെന്താണ് പ്രശ്നം?

“എനിക്ക് എന്റെ ഇപ്പോഴത്തെ ബോയ് ഫ്രണ്ടിനെ ഒട്ടും ഇഷ്ടമല്ല. അവനെ ഉപേക്ഷിച്ചു മറ്റൊരു ബോയ് ഫ്രണ്ടിനെ കണ്ടുപിടിച്ചു വരുന്പോഴേക്കും ഡ്രാഗൺ വർഷം കഴിയും. പിന്നെ പന്ത്രണ്ട് വർഷം കഴിഞ്ഞാലേ ഡ്രാഗൺ കുഞ്ഞുണ്ടാകാനുള്ള അവസരം വരൂ. അപ്പോഴേക്കും എനിക്ക് 36 വയസ്സാകും.” (ചൈനയിൽ അന്ന് ഒരു കുഞ്ഞുമാത്രമേ ആകാവൂ എന്ന നയം ഉണ്ടെന്നും ഓർക്കുക.)

അവരുടെ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ എനിക്ക് പിടികിട്ടി. ഒന്നുകിൽ ഡ്രാഗൺ കുട്ടി ഉണ്ടാകാനുള്ള ആഗ്രഹം ഉപേക്ഷിക്കണം. അല്ലെങ്കിൽ ഇഷ്ടമില്ലാത്ത ബോയ് ഫ്രണ്ടിനെ കല്യാണം കഴിച്ചു ഡ്രാഗൺ വർഷത്തിൽ കുഞ്ഞുണ്ടാകാൻ ശ്രമിക്കണം.

(ചൈനക്കാർ ഇപ്പോഴും പൊതുവിൽ വിവാഹത്തിന് ശേഷമാണ് പ്രസവിക്കാൻ ആഗ്രഹിക്കുന്നത്).

ചൈന കമ്മ്യൂണിസ്റ്റ് രാജ്യമായിട്ട് പതിറ്റാണ്ടുകൾ ആയെങ്കിലും ജ്യോത്സ്യം ഉൾപ്പടെയുള്ള പല പാരന്പര്യവും അന്ധവിശ്വാസവും ഇപ്പോഴും നിലനിൽക്കുന്നു. വളരെ വിദ്യാസന്പന്നരായ ആളുകളെ പോലും അത് ധർമ്മ സങ്കടത്തിൽ ആക്കുന്നു. എനിക്ക് അതിശയം തോന്നി.

എന്താണെങ്കിലും ഡ്രാഗൺ കുഞ്ഞിനുള്ള ആഗ്രഹം  ഉപേക്ഷിച്ച് അവർക്ക് ഇഷ്ടപ്പെട്ട പങ്കാളിയെ ലഭിക്കാൻ വേണ്ടി നോക്കിയിരിക്കാൻ പറഞ്ഞു മനസ്സിലാക്കി ഞാൻ കൗൺസലിംഗ് അവസാനിപ്പിച്ചു.

ഇത് അവരുടെ മാത്രം കഥയല്ല. ചൈനയിലെ ആളുകൾക്ക് ഡ്രാഗൺ ബേബി ഉണ്ടാകാൻ ഏറെ ആഗ്രഹമുണ്ട്. ആ ഡ്രാഗൺ വർഷം അവസാനിച്ചപ്പോഴേക്കും ചൈനയിൽ സാധാരണ വർഷത്തിൽ ഉണ്ടാകുന്നതിലും ഒന്പത് ലക്ഷം കുട്ടികൾ കൂടുതൽ ഉണ്ടായി എന്നാണ് പിൽക്കാലത്തെ കണക്കുകൾ പറഞ്ഞത്.

ചൈനയിൽ മാത്രമല്ല ചൈനീസ് വംശജർ ഉള്ള തായ്‌വാനിലും ഹോങ്കോങ്ങിലും സിംഗപ്പൂരിലും  ആ വർഷത്തിൽ പ്രസവ വാർഡുകൾ നിറഞ്ഞു കവിഞ്ഞു. തായ്‌വാനിൽ ആശുപത്രിയുടെ ഇടനാഴികളിൽ പോലും പ്രസവമെടുക്കേണ്ടി വന്നുവത്രേ !

ഡ്രാഗൺ കുട്ടികൾ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിഞ്ഞ് ഡയപ്പർ മുതൽ ബേബി മിൽക്ക് ഉണ്ടാക്കുന്ന കന്പനികൾ വരെ ഓവർ ടൈം വർക്ക് ചെയ്യാറുണ്ടത്രെ! ഡ്രാഗൺ കുഞ്ഞുങ്ങൾക്ക്  സ്‌കൂൾ പ്രായമാകുന്പോൾ നേഴ്സറി മുതൽ കോളേജ് അഡ്മിഷൻ വരെ വെല്ലുവിളിയാണ്. ഓരോ അന്ധവിശ്വാസങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ.

ഇപ്പോൾ ചൈനീസ് പുതുവർഷ കാലമാണ്. ഇനി വരുന്നത് ഡ്രാഗൺ വർഷമാണ്. പൊതുവെ കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്ന ചൈനയിൽ ഈ വർഷം ഒരു കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആളുകൾ. പത്തുലക്ഷം കുട്ടികൾ വരെ 2024 ൽ കൂടുതലായി ഉണ്ടായേക്കാം.

നാട്ടിൽ കുട്ടികൾ ആകാൻ നോക്കിയിരിക്കുന്നവർ ജാഗ്രതൈ. ചൈനയിൽ നിന്നും വരുന്ന കളിപ്പാട്ടങ്ങൾക്ക് അടുത്ത വർഷം വില കൂടും !

ഇത് ഡ്രാഗൺ വർഷത്തിൽ ജനിച്ചവർക്ക് ഭാഗ്യ വർഷമാണ് എന്നാണ് വിശ്വാസം. എനിക്കങ്ങനെ വിശ്വാസം ഒന്നുമില്ല. എന്നാലും ദുബായ് ഡ്യൂട്ടി ഫ്രീയിലെ മിലേനിയം മില്യണെയർ ടിക്കറ്റ് ഒന്നെടുക്കണം. നമ്മളെപ്പോലെ തന്നെ  പഴയ സംസ്കാരമല്ലേ ചൈനയുടേതും. അഥവാ ഇതിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിലോ. പോയാൽ ആയിരം ഡോളർ. അത്രയല്ലേ ഉള്ളൂ. കിട്ടിയാലോ…

മുരളി തുമ്മാരുകുടി

(ഏറെ നാളുകൾക്ക് ശേഷം ഞാൻ ചൈനയിൽ പോയപ്പോൾ എന്റെ സഹപ്രവർത്തകയെ പോയി കണ്ടിരുന്നു. വളരെ സ്നേഹസന്പന്നനായ ഒരാളെ ഇഷ്ടപ്പെട്ടു വിവാഹം ചെയ്ത് ഒരു കുട്ടിയുമായി ജീവിക്കുന്നു. കുതിര കുട്ടിയാണെന്നാണ് എന്റെ ഓർമ്മ, മോശമല്ലത്രേ).

No photo description available.

Leave a Comment