പൊതു വിഭാഗം

എന്നെ ദേശാഭിമാനിയിലും എടുത്തു…

ദുരന്തമുഖത്തേക്ക് മന്ത്രിമാർ ഓടി എത്തുന്നതല്ല നല്ല ദുരന്തനിവാരണ മാതൃക എന്ന് ഞാൻ വീണ്ടും വീണ്ടും പറയും. എല്ലാവർക്കും അത് ഇഷ്ടമായി എന്ന് വരില്ല, കാരണം ദുരന്തമുഖത്ത് ഓടി എത്തുകയും ഉദ്യോഗസ്ഥരെ വിരട്ടുകയും ഹെലികോപ്റ്റർ സന്ദർശനം നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയെയും മന്ത്രിമാരെയും കണ്ടാണ് നാം വളർന്നത്. അവിടേക്ക് വാർഡ് മെമ്പർമാരോ മറ്റു ജനപ്രതിനിധികളോ ഓടി എത്തുന്നതാണ് ശരി.
 
രേഖപ്പെട്ട ചരിത്രത്തിൽ ഒരിക്കലും വൻ ദുരന്തങ്ങൾ (മരണ സംഖ്യ പതിനായിരത്തിലധികം ഉള്ളത്) ഉണ്ടായിട്ടുള്ള നാടല്ല കേരളം. പക്ഷെ അടുത്തയിടയായി നമുക്ക് പരിചയമില്ലാത്ത ദുരന്തങ്ങൾ (ചുഴലി മുതൽ നിപ്പ വരെ) ഇടക്കിക്കിടക്ക് വരുന്നുണ്ട്. നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിക്ക് പത്തു വർഷം പോലും പ്രായമായിട്ടില്ല. എന്നിട്ടും ഓരോ ദുരന്തങ്ങളും അവർ പ്രൊഫഷണലിസത്തോടെ തന്നെയാണ് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്. ഉണ്ടായ കാലം മുതൽ ഞാൻ അതിലെ സാങ്കേതിക വിദഗ്ദ്ധരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. അന്ന് തൊട്ടുള്ള എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിമാരും അവർക്ക് ശക്തമായ നേതൃത്വവും പിന്തുണയും നൽകുന്നുണ്ട്. വിവിധ വകുപ്പുകൾ ഒരുമിച്ചു പ്രവർത്തിക്കാൻ പഠിച്ചു വരുന്നുണ്ട്.
 
നമ്മുടെ ദുരന്തനിവാരണ രംഗത്ത് ഇനിയും ഏറെ കാര്യങ്ങൾ ശരിയാക്കാനുണ്ട്. ദുരന്തസാധ്യതകളെ പറ്റിയുള്ള ഉപയോഗപ്രദമായ വിവരങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമല്ല. (ഉദാഹരണത്തിന് നമ്മൾ ഒരു വീടോ ഫ്ലാറ്റോ സ്ഥലമോ വാങ്ങുമ്പോൾ അവിടെ വെളളം പൊങ്ങുമോ, വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകുമോ, കാട്ടുതീ ഒരു പ്രശ്നമാകുമോ, കടലാക്രമണം ഉണ്ടാകുമോ, കാലാവസ്ഥ വ്യതിയാനം എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടാക്കും എന്നിങ്ങനെ). നമ്മുടെ ഭൂവിനിയോഗം ഇപ്പോഴും ദുരന്ത സാധ്യതകൾ കണക്കിലെടുത്തല്ല നടപ്പിലാക്കുന്നത്. ദുരന്തങ്ങൾക്കെതിരെ ഉള്ള ഇൻഷുറൻസ് സമൂഹത്തിൽ ഒരു ശതമാനത്തിന് പോലുമില്ല, കാലാവസ്ഥ വ്യതിയാനം എങ്ങനെയാണ് ദുരന്തങ്ങളെയും വികസനത്തേയും ബാധിക്കുന്നത് എന്നൊന്നും നാം വേണ്ട തരത്തിൽ മനസ്സിലാക്കിയിട്ടില്ല. ദുരന്തത്തിന്റെ കണക്കെടുപ്പൊക്കെ ഇപ്പോഴും ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിൽ ബ്രിട്ടീഷ് സർക്കാർ ഉണ്ടാക്കിയ സംവിധാനത്തിന്റെ ചുവട് പറ്റിയാണ്. അതുകൊണ്ടാണ് ഏതൊരു ദുരന്തം ഉണ്ടാകുമ്പോഴും അയ്യായിരം കോടിയുടെ കണക്കുമായി നാം കേന്ദ്രത്തിലേക്ക് ഓടുന്നതും അൻപത് കോടിയുമായി തിരിച്ചു വരുന്നതും. ഇക്കാര്യം ഞാൻ സമയം കിട്ടുമ്പോൾ ഒക്കെ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാറുണ്ട്.
 
ഇപ്പോൾ ജീവിച്ചിരിക്കുന്ന തലമുറ കണ്ടിട്ടുളളതിൽ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇത്തവണ കുട്ടനാടും ആലപ്പുഴയും കണ്ടത്. കാലാവസ്ഥ വ്യതിയാനം മഴയുടെ സാന്ദ്രത കൂട്ടുകയും കടൽ നിരപ്പ് ഉയർത്തുകയും ചെയ്യുമ്പോൾ ആലപ്പുഴയുടെ ഭാവി എന്താകും. ഒരു ബോട്ടിൽ കയറി ദുരന്തമുഖത്ത് പോകുന്നതു പോലെ എളുപ്പമുള്ള തീരുമാനങ്ങളല്ല ഇവ. ഇത്തരം തീരുമാനങ്ങൾ എടുക്കാനും, അത് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനും ഒക്കെയാണ് നമുക്ക് ദീർഘവീക്ഷണമുള്ള നേതൃത്വം വേണ്ടത്. ഇതാണ് ഇനി നമ്മൾ ചിന്തിക്കേണ്ട പ്രധാന വിഷയം. ഇതിനെ ചൊല്ലി ആകട്ടെ ചർച്ചകൾ.
 
മുരളി തുമ്മാരുകുടി..
 
http://www.deshabhimani.com/articles/news-articles-07-08-2018/742588

Leave a Comment