പൊതു വിഭാഗം

എങ്ങനെയാണ് ‘നല്ല’ ജോലികൾ ഉണ്ടാക്കുന്നത്?

ഒരു കരീബിയൻ രാജ്യത്ത് ദുരന്തത്തിന് ശേഷം നിരീക്ഷണം നടത്താൻ എത്തിയതാണ് ഞാൻ. ഹോട്ടലിൽ “ഐ ആം എ ക്വാളിഫൈഡ് ഡ്രോൺ പൈലറ്റ്” എന്നുപറഞ്ഞ് ഒരാൾ പരിചയപ്പെട്ടു.

പൈലറ്റുമാരെ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഒരു ഡ്രോൺ പൈലറ്റിനെ ആദ്യമായിട്ടാണ് പരിചയപ്പെടുന്നത്. ഞാൻ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു. ആൾ അമേരിക്കയിൽ നിന്ന് ദുരന്തസ്ഥലത്തെ ആകാശഫോട്ടോ എടുക്കാൻ ഡ്രോണുമായി വന്നിരിക്കയാണ്. ഓരോ ദുരന്തം ഉണ്ടാകുമ്പോളും പ്രധാനമന്ത്രിമാർക്ക് നിരീക്ഷണം നടത്തുന്നത്തിനും, ദുരന്തത്തെക്കുറിച്ച് പഠിക്കാനും, ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനും ഹെലികോപ്ടറുകൾ ഉപയോഗിക്കാറുണ്ട്. ഹെലികോപ്ടർ എല്ലായിടത്തും എളുപ്പത്തിൽ ലഭ്യമല്ല. കിട്ടിയാൽ തന്നെ മണിക്കൂറിന് പത്തു ലക്ഷം രൂപ വരെ വാടകയുണ്ട്. അവിടെയാണ് ഡ്രോണുകളുടെ പ്രസക്തി. മടക്കി സ്യുട്ട് കേസിലാക്കി എവിടെയും കൊണ്ടുപോകാം, ഏറ്റവും മുന്തിയ ഡ്രോണിനിപ്പോൾ പത്തുലക്ഷം രൂപ വിലയില്ല, എത്ര പ്രാവശ്യം വേണമെങ്കിലും ഉപയോഗിക്കാം.

ദുരന്തസ്ഥലത്ത് മാത്രമല്ല, ഡ്രോൺ എന്ന പറക്കും യന്ത്രം ലോകത്തെങ്ങും സർവ്വ സാധാരണമാവുകയാണ്. അമേരിക്കൻ സൈന്യം അഫ്‌ഗാനിസ്ഥാനിൽ യുദ്ധം നടത്താനും നമ്മുടെ നാട്ടിലെ ഫോട്ടോഗ്രാഫർമാർ കല്യാണത്തിന്റെ ഏരിയൽ ഷോട്ട് എടുക്കാനും വരെ ഡ്രോണിനെ ഉപയോഗിക്കുന്നു. പിസ ഡെലിവറി ചെയ്യാനും ഫസ്റ്റ് എയ്‌ഡ്‌ ബോക്സ് ദുരന്ത സ്ഥലത്ത് എത്തിക്കാനും വരെ ഡ്രോൺ ഉപയോഗപ്പെടുത്തുന്നതിൽ പരീക്ഷണങ്ങൾ നടക്കുന്നു.

സാധനം ‘കുഞ്ഞൻ’ ആണെങ്കിലും ആകാശത്തിലൂടെ പറക്കുമ്പോൾ പല സാങ്കേതിക, നിയമ, സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഉദാഹരണത്തിന് ഡ്രോണുകൾ വിമാനങ്ങൾക്ക് ഭീഷണിയാകാം, വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാം, ആരുടെയെങ്കിലും തലയിൽ വീണ് അപകടമുണ്ടാകാം. ഡ്രോൺ ഉപയോഗിക്കുന്നവർ അതിന്റെ സാങ്കേതിക വശങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ, നിയമലംഘന സാധ്യതകൾ എല്ലാം അറിഞ്ഞിരിക്കണം. ഡ്രോൺ ഉപയോഗിക്കുന്നതിന് മുൻപ് മിനിമം പരിശീലനം വേണമെന്ന് നിഷ്‌ക്കർഷിക്കുന്നതിൽ ഒരു തെറ്റുമില്ല.

കേരളത്തിലിപ്പോൾ പ്രധാനമായും ഫോട്ടോഗ്രാഫർമാർ മാത്രമാണ് ഡ്രോൺ ഉപയോഗിക്കുന്നത്. അതൊക്കെ മാറാൻ പോവുകയാണ്. മസാലദോശ വീട്ടിലെത്തിക്കാനും ആശുപത്രിയിൽ നിന്നും ഹൃദയം മറ്റൊരിടത്ത് എത്തിക്കാനും വരെ ഡ്രോണുകൾ ഉപയോഗിക്കുന്ന കാലം വിദൂരമല്ല.

നമ്മുടെ സർക്കാർ ശ്രമിച്ചാൽ ഡ്രോൺ പൈലറ്റ് എന്ന, മലയാളി യുവാക്കൾ ഇഷ്ടപ്പെടുന്ന, ന്യായമായ ശമ്പളം കിട്ടുന്ന ഒരു തൊഴിൽ മേഖല ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ആദ്യമായി ഡ്രോൺ എടുക്കുന്നവരെല്ലാം പൈലറ്റ് ആകുന്ന രീതി നിരോധിക്കണം. ഡ്രോൺ പൈലറ്റ് എന്ന ജോലിക്ക് മിനിമം പരിശീലനം നിർബന്ധമാക്കണം, എല്ലാ ഡ്രോണുകളും രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമാക്കണം, പൈലറ്റ് ലൈസൻസ് സമ്പ്രദായം നിലവിൽ വരണം. അതിൽ അമച്വറും പ്രൊഫഷണൽ ലെവലും ആകാം. അതോടെ പരിശീലനം ലഭിച്ചവർക്ക് ഡിമാൻഡ് ഉണ്ടാകും. കേരളം ഇന്ന് തുടങ്ങിവെച്ചാൽ, നാളെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ലോകത്ത് മറ്റു രാജ്യങ്ങളിലും ഡ്രോൺ പൈലറ്റിന് ഡിമാൻഡുണ്ടാകുന്ന കാലത്തേക്ക് നാം റെഡി ആയിരിക്കും. ഈ രംഗത്ത് എത്രയോ ആയിരം ജോലികൾ നമുക്ക് സൃഷ്ടിക്കാം. വീഡിയോ ഗെയിം കളിച്ചു വളർന്ന നമ്മുടെ പുതിയ തലമുറ ഈ പണിയെല്ലാം നിസ്സാരമായി, സന്തോഷത്തോടെ ചെയ്തോളും.

അമേരിക്കയിൽ ഡ്രോൺ പൈലറ്റുമാർക്ക് പരിശീലനവും ലൈസൻസും ഇപ്പോൾ തന്നെയുണ്ട്. താഴത്തെ ലിങ്കിൽ കാര്യങ്ങളുണ്ട്. നമ്മളും ഒന്ന് ശ്രമിച്ചു നോക്കിയാൽ മതി.

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ആകാശത്തുമുണ്ട്…

https://www.faa.gov/…/getting_s…/part_107/remote_pilot_cert/

മുരളി തുമ്മാരുകുടി.

Leave a Comment