പൊതു വിഭാഗം

ഈ കാലവും കടന്നു പോകും…

ഈ കാലവും കടന്നു പോകും, പക്ഷെ അക്കാലത്ത് നമ്മൾ ഉണ്ടാകുമോ?
മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കാണുകയായിരുന്നു.
അടുത്തിടെയായി അരമണിക്കൂർ ആണ് പത്രസമ്മേളനം നടത്താറുള്ളതെങ്കിൽ ഇന്ന് ഒരു മണിക്കൂറോളം ഉണ്ടായിരുന്നു. അതിൽ തന്നെ അന്പത് മിനുട്ടും മുഖ്യമന്ത്രിയാണ് സംസാരിച്ചത്. സർവ്വ കക്ഷി സമ്മേളനത്തിന്റെ തീരുമാനങ്ങളും കോവിഡ് ടാസ്ക് ഫോഴ്‌സിന്റെ തീരുമാനങ്ങളും വിശദീകരിക്കാൻ ഉള്ളതുകൊണ്ടാകും.
എല്ലാം കൃത്യമായി അദ്ദേഹം വിശദീകരിച്ചു. എന്തൊക്കെ നിയന്ത്രണങ്ങളാണ് പുതിയതായി കൊണ്ടുവരുന്നത്, തിരഞ്ഞെടുപ്പ് ദിവസം ഏതൊക്കെ ആളുകളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉണ്ടാകേണ്ടത്, അവരുടെ കോവിഡ് വാക്‌സിനേഷൻ, ടെസ്റ്റിംഗ്, ഡബിൾ മ്യൂട്ടേഷൻ, ഡബിൾ മാസ്ക് എല്ലാം ഇന്ന് പ്രത്യേക വിഷയമായി.
“സത്യത്തിൽ വരുന്ന ജി. ഓ. ഒന്നും ഞാൻ മുഴുവൻ വായിക്കാറില്ല, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടായിരുന്നതിനാൽ അറിയേണ്ടതെല്ലാം അതിൽ കാണും”, കേരളത്തിലെ ഒരു ആരോഗ്യ പ്രവർത്തകൻ കഴിഞ്ഞ ആഴ്ച എന്നോട് പറഞ്ഞ കാര്യമാണ്.
അന്ന് മുഖ്യമന്ത്രി പത്ര സമ്മേളനങ്ങൾ നടത്തുന്നില്ലായിരുന്നു. “മുഖ്യമന്ത്രിയോട് ഏറ്റവും വേഗത്തിൽ പത്ര സമ്മേളനം തുടങ്ങണമെന്ന് പറയണം” എന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്താണെങ്കിലും മുഖ്യമന്ത്രി വീണ്ടും പത്ര സമ്മേളനങ്ങൾ തുടങ്ങി കൃത്യമായി വിവരങ്ങൾ നൽകുന്നു. തീർച്ചയായും ഇത് ആരോഗ്യ പ്രവർത്തകരുടെ ഉൾപ്പെടെ എല്ലാ ആളുകളുടെയും ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.
കാര്യങ്ങൾ തീർച്ചയായും ഗുരുതരമാണ്. മുഖ്യമന്ത്രിയുടെ ഭാവവും വാക്കുകളും അത് പറഞ്ഞു. കോവിഡ് കേസുകൾ അധികം കൂടാതെ നോക്കണം, എന്നാൽ മാത്രമേ ആശുപത്രിയുടെ പരിധിക്കുള്ളിൽ നമുക്ക് ഗുരുതരമായ സാഹചര്യമുള്ള രോഗികളെ കൈകാര്യം ചെയ്യാൻ കഴിയൂ. മരണ നിരക്ക് ഉയരാതിരിക്കാൻ അതാണ് നാം ചെയ്യേണ്ടത്.
സാധിക്കുന്ന ഇളവുകളുടെ പരമാവധി ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കൊറോണയുടെ രണ്ടാം തരംഗ സാഹചര്യത്തിൽ സ്വിറ്റ്‌സർലണ്ടിൽ അടച്ചിട്ട മുറികൾക്കകത്ത് ഒരു പരിപാടി പോലും സമ്മതിച്ചിരുന്നില്ല. ഒരു റെസ്റ്റോറന്റിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിച്ചിരുന്നില്ല, ഒരു വീട്ടിൽ അഞ്ചിൽ കൂടുതൽ അതിഥികൾ വരുന്നതിന് പോലും വിലക്കുണ്ടായിരുന്നു. നമ്മുടെ സാമൂഹ്യ സാഹചര്യം കണക്കിലെടുത്താണ് വിവാഹത്തിന് അന്പത് പേരെ ഹാളിനുള്ളിൽ അനുവദിച്ചിരിക്കുന്നത്. നമ്മുടെ സാന്പത്തിക സാഹചര്യം കണക്കിലെടുത്താണ് പല പ്രസ്ഥാനങ്ങളും നടത്തിക്കൊണ്ടു പോകാൻ സമ്മതം നൽകിയിരിക്കുന്നത്. ഇതൊന്നും റിസ്ക് ഇല്ലാത്ത കാര്യമല്ല. അതുകൊണ്ട് തന്നെ സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിൽ പോലും ഇതൊക്കെ ഒഴിവാക്കുന്നതും ഒഴിവാക്കാൻ പറ്റിയില്ലെങ്കിൽ പരമാവധി കുറക്കേണ്ടതും അത്യാവശ്യമാണ്.
അതിന് എല്ലാവരും സഹകരിക്കണം.
ഇത്രയൊക്കെയായിട്ടും 15015 പേരെ ഇന്ന് മാസ്കില്ലാതെ പോലീസ് പിടികൂടി കേസ് ചാർജ്ജ് ചെയ്തു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പോലീസിന്റെ കണ്മുൻപിൽ പെടാത്തതും പോലീസ് കണ്ണടച്ചതുമായ എത്ര ആയിരം കേസുകൾ വേറെയുമുണ്ടാകാം?
അതായത് കാര്യങ്ങളുടെ തീവ്രത പൊതുവെ ആളുകൾ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും പൂർണ്ണമായി ഉൾക്കൊണ്ടിട്ടില്ല എന്ന് വ്യക്തം.
എത്ര നന്നായി നമ്മൾ സ്വയം നിയന്ത്രിക്കുന്നുവോ അത്രയും വേഗത്തിൽ നമ്മൾ ഈ തരംഗത്തിൽ നിന്നും പുറത്തു വരും. കൂടുതൽ അലംഭാവം കാണിച്ചാൽ കൂടുതൽ സമയം എടുക്കും, ചിലപ്പോൾ കൂടുതൽ ആളുകൾ മരിക്കുകയും ചെയ്യും.
ഈ കാലവും കടന്നു പോകും എന്നൊക്കെ ആലങ്കാരികമായി പറയാം. കാലം തീർച്ചയായും കടന്നു പോകും, അത് കഴിയുന്പോൾ നമ്മളും നമ്മൾ ഇഷ്ടപ്പെടുന്ന എല്ലാവരും ബാക്കി ഉണ്ടാകണമെന്നില്ല. അത് വേണമെന്നുണ്ടെങ്കിൽ പരമാവധി നിയന്ത്രണങ്ങൾ സ്വയം പാലിക്കുക.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
May be an image of Vijay Dasan

Leave a Comment