പൊതു വിഭാഗം

ഇത് മാജിക്ക് അല്ല…

സുപ്രസിദ്ധ മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്ത് നടത്തുന്ന മാജിക്ക് പ്ലാനറ്റ് നിങ്ങൾ സന്ദർശിച്ചിട്ടുണ്ടോ? മാജിക്കും, സർക്കസും, നാടകവും, കുട്ടികൾക്കുള്ള ശാസ്ത്ര ഗെയിമുകളും എല്ലാമായി കുട്ടികൾക്കും മുതിർന്നവർക്കും ഒരു മുഴുവൻ ദിനം ചെലവഴിക്കാനുള്ള വകയുണ്ട്. ഇതുവരെ പോയിട്ടില്ലെങ്കിൽ ഒരിക്കൽ പോകണം. അതിനെ പറ്റി കൂടുതൽ വിശദമായി പിന്നീടൊരിക്കൽ എഴുതാം.
 
മാജിക്ക് പ്ലാനറ്റിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഭിന്നശേഷിയുള്ള കുറച്ചു കുട്ടികളെ അദ്ദേഹം മാജിക്ക് പരിശീലിപ്പിച്ച് പ്രകടനം നടത്താൻ പ്രാപ്തരാക്കി എന്ന് മാത്രമല്ല, അവർക്ക് തൊഴിലും കൊടുത്തിരിക്കുന്നു എന്നതാണ്. അത് അവരിലുണ്ടാക്കിയിരിക്കുന്ന ആത്മവിശ്വാസം അതിശയകരമാണ്.
 
ഈ പാഠങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഭിന്നശേഷിയുള്ള കുട്ടികൾക്ക് പാട്ടും നൃത്തവും മറ്റു കലകളും പഠിപ്പിക്കുകയും അതിലൂടെ അവർക്ക് ഒരു തൊഴിൽ സന്പാദിച്ചു ജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന വിശാലമായ പദ്ധതിക്ക് മാജിക്ക് പ്ലാനറ്റ് തുടക്കമിട്ടിട്ടുണ്ട്. അതിൽ നാടകത്തിനും പാട്ടിനും ഡാൻസിനുമുള്ള കളരികൾ ഉൽഘാടനം ചെയ്തു കഴിഞ്ഞു.
 
ഭിന്നശേഷിയുള്ള കുട്ടികളുടെ വരയ്‌ക്കാനുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന കളരിയും അവരുടെ പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കാനുള്ള ചെറിയ ഗാലറിയും അടുത്ത ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്ക് മാജിക്ക് പ്ലാനറ്റിൽ ഉൽഘാടനം ചെയ്യപ്പെടുകയാണ്. പ്രശസ്ത ശില്പി ശ്രീ. കാനായി കുഞ്ഞുരാമൻ, യൂണിസെഫ് ഉദ്യോഗസ്ഥനും പ്രളയനാന്തര പുനർ നിർമ്മാണത്തിന് കേരളത്തിലെ യു എൻ പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്ന ഓഫിസ് തലവനുമായ ജോബ് സക്കറിയ എന്നിവരോടൊപ്പം ഞാനും ഉണ്ടാകും.
 
എല്ലാവർക്കും സ്വാഗതം. ശ്രീ ഗോപിനാഥ് മുതുകാടിനും അദ്ദേഹത്തിൻറെ ടീമിനും നന്ദി, ആശംസകൾ..!
 
Venue: Magic Planet, Kinfra Video and Film Park, Kazhakkoottam
 
മുരളി തുമ്മാരുകുടി

Leave a Comment