പൊതു വിഭാഗം

ഇത് ചെറുത്…

ശ്രീ ടോമിൻ തച്ചങ്കരി കണ്ടക്ടർ ലൈസൻസെടുത്ത് ബസിൽ ടിക്കറ്റ് നൽകുന്ന ചിത്രം കണ്ടപ്പോൾ എനിക്ക് ഐൻസ്റ്റൈന്റെ പേരിൽ പ്രശസ്തമായ വാക്കുകളാണ് ഓർമ്മ വന്നത്.
“The definition of insanity is doing the same thing over and over again, but expecting different results.”
 
കാരണം, നമ്മൾ ഈ പരിപാടി കാണാൻ തുടങ്ങിയിട്ട് എത്രയോ നാളായി. കുറച്ചുനാൾ മുമ്പ് ജാക്കിയുമായി ടയർ മാറ്റിയിടാൻ വന്ന രാജമാണിക്യമായിരുന്നു ട്രാൻസ്‌പോർട്ട് കോർപറേഷന്റെ രക്ഷകൻ ആകുമെന്ന് കരുതിയത്. അതിന് മുമ്പ് വണ്ടിയോടിച്ച ഗണേഷ് കുമാർ, അതിനും ഏറെ മുമ്പ് ശ്രീ ലോനപ്പൻ നമ്പാടൻ. പക്ഷെ വണ്ടി ഇപ്പോഴും തിരുനക്കരെ തന്നെ.
 
ശ്രീ രാജമാണിക്യമോ ശ്രീ തച്ചങ്കരിയോ മോശം ഓഫീസർമാരായതു കൊണ്ടോ, അവരുടെ ആത്മാർത്ഥതയുടെയോ കഠിനാധ്വാനത്തിന്റെയോ കുറവ് കൊണ്ടോ അല്ല കെ എസ് ആർ ടി സി രക്ഷപെടാത്തത്. കെ എസ് ആർ ടി സി പോലൊരു സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നവർക്ക് ആ മേഖലയിൽ അറിവിന്റെ ആവശ്യമുണ്ട്. ഈ പ്രസ്ഥാനത്തിന്റെ വളർച്ചയോ തളർച്ചയോ ആയിരിക്കും തന്റെ പ്രൊഫഷന്റെ പിൽക്കാലത്തെ ഗതി നിർണ്ണയിക്കുക എന്നൊരു വിശ്വാസവും അതിനെ നയിക്കുന്നവർക്ക് ഉണ്ടാകണം. കരിയറിന്റെ മധ്യത്തിലുള്ള ഐ എ എസ്സുകാരും കരിയറിന്റെ അവസാനഭാഗത്ത് എത്തിനിൽക്കുന്ന ഐ പി എസ്സുകാരും ഒക്കെ ആയി എത്രയോ ആളുകൾ കെ എസ് ആർ ടി സി യെ നയിക്കാൻ വന്നു. അവർക്കെല്ലാം അറിയാം, അവർ ഇവിടെ കുറച്ചു നാളത്തേക്കേ ഉള്ളൂ, അതിനുള്ളിൽ വലിയ മാറ്റം ഒന്നും ഉണ്ടാക്കാൻ പറ്റില്ല എന്ന്. പക്ഷെ ഓരോരുത്തരും വരുമ്പോൾ പത്രങ്ങൾ ഹൈപ്പ് ഉണ്ടാക്കുന്നു. ഒടുവിൽ മല പോലെ വന്നതെല്ലാം എലി പോലെ പോകുന്നു. തൊഴിലാളികളും മലയാളികളും നിരാശരാകുന്നു. എന്നിട്ടും മറവി കൂടുതൽ കൊണ്ടോ വെറുതേ മോഹിക്കുവാനുള്ള മോഹം കൊണ്ടോ പുതിയ ആൾ വരുമ്പോൾ പത്രങ്ങൾ വീണ്ടും ഹൈപ്പ് ഉണ്ടാക്കുന്നു, നമ്മൾ അത് വിശ്വസിക്കുന്നു.
 
ലാഭം ഉണ്ടാക്കുകയാണ് കെ എസ് ആർ ടി സി യുടെ ലക്ഷ്യമെങ്കിൽ അതിന് പല മാർഗ്ഗങ്ങൾ ഉണ്ട്. ലോകത്ത് ലോജിസ്റ്റിക്ക്സ് കമ്പനികളെ നഷ്ടത്തിൽ നിന്നും ലാഭത്തിൽ എത്തിച്ച അനവധി ചരിത്രങ്ങൾ ഉണ്ട്, അത് ചെയ്യാൻ പറ്റിയ മിടുക്കന്മാരായ മാനേജർമാരും ഉണ്ട്. അതിന് പ്രസ്ഥാനത്തിനകത്തും പുറത്തും വിപുലവും വ്യാപകവുമായ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരണം. ഇതിനെക്കുറിച്ച് മുമ്പ് എഴുതിയതായതിനാൽ വീണ്ടും എഴുതുന്നില്ല.
 
എന്നാൽ കെ എസ് ആർ ടി സി പോലുള്ള ഒരു സ്ഥാപനം ലാഭത്തിന് വേണ്ടി മാത്രം നടത്തേണ്ട ഒന്നല്ല. കേരളത്തിൽ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനങ്ങളുണ്ടാകണം എന്നത് മാത്രമാണ് പ്രധാനം. സഞ്ചാരത്തിനായി സ്വകാര്യ വാഹനങ്ങളിലേക്ക് ആളുകൾ കളം മാറുന്ന പ്രവണതക്ക് തടയിടണം. പാശ്ചാത്യ – യൂറോപ്യൻ രാജ്യങ്ങളിൽ ഇപ്പോൾത്തന്നെ സ്വന്തം വാഹനം എന്നത് ഒരു സ്റ്റാറ്റസ് സിംബൽ അല്ലാതായിക്കഴിഞ്ഞു. പൊതു ഗതാഗത സംവിധാനങ്ങൾക്ക് പ്രത്യേക ലൈനുകളുള്ള ജനീവയിൽ എത്ര ഉയർന്ന ഉദ്യോഗമുള്ളവരും ജോലിക്ക് പോകാൻ പൊതു ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. (ഇവിടെത്തെ പ്രസിഡന്റ് സ്റ്റേഷനിൽ ട്രയിൻ കാത്തുനിൽക്കുന്ന പടം ഒരിക്കൽ പോസ്റ്റ് ചെയ്തിരുന്നു).
 
നോർവേയിൽ നിന്നും കഴിഞ്ഞ ദിവസം വന്ന എന്റെ സുഹൃത്ത് പറഞ്ഞത് അവിടെ പുതിയ തലമുറയിലെ കുട്ടികൾ സ്വകാര്യ വാഹനങ്ങൾ ഒരു അലങ്കാരമോ ആവശ്യമോ ആയി കാണുന്നില്ല എന്നാണ്. അവർ പൊതു ഗതാഗതം ഉപയോഗിക്കുന്നുവെന്നു മാത്രമല്ല, ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പോലും മെനക്കെടുന്നുമില്ല. നിലവിൽ വികസന മാതൃകയിൽ ലോകത്തെ അവസാന വാക്കാണ് നോർവേ. എങ്ങനെയാണ് നാം ആ അവസ്ഥയിലേക്ക് എത്തുന്നത്? അതായിരിക്കണം നമ്മുടെ പൊതു ഗതാഗത സംവിധാനങ്ങളുടെ ലക്ഷ്യം.
 
തൽക്കാലം സ്വകാര്യ വാഹനങ്ങളുടെ വർദ്ധന തടയാൻ നാം ഒന്നും ചെയ്യുന്നില്ല. ഉപരി മധ്യവർഗ്ഗം പൊതുവെ പൊതുഗതാഗതത്തിൽ നിന്നും പുറത്തായി കഴിഞ്ഞു. കെ എസ് ആർ ടി സി യിൽ ആധുനികമായ പരിഷ്‌കാരങ്ങൾ വരുത്താൻ എല്ലാവർക്കും മടിയാണ്. കാരണം കെ എസ് ആർ ടി സി എന്നത് ധാരാളം ആളുകൾക്ക് വലിയൊരു കളിസ്ഥലമാണ്, പലർക്കും വിളനിലവും. യാത്ര ചെയ്യാൻ, യൂണിയൻ രാഷ്ട്രീയം പഠിക്കാൻ, സ്വന്തക്കാരെ നിയമിക്കാൻ, വണ്ടി മേടിക്കാൻ, പുതിയ ബസ് റൂട്ട് ഉണ്ടാക്കാൻ, ഹർത്താൽ വരുമ്പോൾ തടഞ്ഞു നിർത്താൻ, എറിഞ്ഞു ചില്ലു പൊട്ടിക്കാൻ, ചങ്കായി സ്നേഹിക്കാൻ, അടിപൊളി ബ്ലോഗ് എഴുതാൻ, എന്നിങ്ങനെ സമൂഹത്തിലെ എല്ലാവർക്കും തന്നെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനെ കൊണ്ട് എന്തെങ്കിലുമൊക്കെ ഗുണങ്ങളുണ്ട്. പെൻഷൻകാരുടെ ശമ്പളം മുടങ്ങുന്നു എന്നതല്ലാതെ ഭൂരിഭാഗം ആളുകളെ സംബന്ധിച്ചും കോർപ്പറേഷന്റെ താൽക്കാലത്തെ സ്ഥിതികൊണ്ട് വലിയ കുഴപ്പമൊന്നുമില്ല. അതുകൊണ്ടുതന്നെ കെ എസ് ആർ ടി സി യുടെ ഘടനയിലോ പ്രവർത്തനത്തിലോ കാതലായ മാറ്റങ്ങളുണ്ടാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല.
 
എന്റെ വിഷമം ഒന്ന് മാത്രമാണ്. കാലാകാലമായി കരിയർ സിവിൽ സർവന്റ്സ് വളർത്തുന്ന കെ എസ് ആർ ടി സി യെ ഐ സി യു വിൽ കണ്ടിട്ടും എന്തുകൊണ്ടാണ് ബാലാരിഷ്ടത മറാത്ത കൊച്ചി മെട്രോയെ നമ്മൾ അതേ മാതാപിതാക്കൾക്ക് തന്നെ വളർത്താൻ കൊടുക്കുന്നത്?. ഐൻസ്റ്റൈൻ പറഞ്ഞത് ശരിയാണെങ്കിൽ ഇക്കണക്കിന് പോയാൽ പത്തു വർഷത്തിനകം മെട്രോയും ഐ സി യുവിലെത്തും. അന്ന് കാര്യങ്ങൾ ശരിയാക്കാൻ മെയ്‌തീന്റെ ചെറിയ സ്പാനർ മതിയാവില്ല.
 
ഐൻസ്റ്റീൻ പറയുന്ന കാര്യങ്ങൾ പൊതുവെ ശരിയാവാറാണ് പതിവ്. അതുകൊണ്ട് മെട്രോ എങ്കിലും നമുക്ക് ഈ രംഗത്ത് പരിചയമുള്ള, കുറെ നാളെങ്കിലും അവിടെത്തന്നെ നിൽക്കുമെന്ന് ഉറപ്പുള്ള, ആ പ്രസ്ഥാനത്തിന്റെ വളർച്ചയും സ്വന്തം കരിയറിന്റെ വളർച്ചയും തമ്മിൽ ബന്ധമുള്ള ആരെയെങ്കിലും കണ്ടുപിടിച്ച് നല്ല ശമ്പളം കൊടുത്ത് ഏൽപ്പിക്കണം.
 
മുരളി തുമ്മാരുകുടി

Leave a Comment